Image

ഒബാമയുടെ തൊഴില്‍ ബില്‍ സെനറ്റ് തള്ളി (അങ്കിള്‍സാം)

Published on 12 October, 2011
ഒബാമയുടെ തൊഴില്‍ ബില്‍ സെനറ്റ് തള്ളി (അങ്കിള്‍സാം)

വാഷിംഗ്ടണ്‍ : അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാമെന്ന പ്രതീക്ഷയോടെ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന തൊഴില്‍ ബില്‍ യു.എസ് സെനറ്റ് തള്ളി. സെനറ്റില്‍ നടന്ന മൂന്‍കൂര്‍ വോട്ടെടുപ്പില്‍ 49 നെതിരെ 50 വോട്ടുകള്‍ക്കാണ് നൂറ് അംഗ സെനറ്റ് ഒബാമയുടെ സ്വപ്ന ബില്‍ തള്ളിയത്. ബില്ല് സെനറ്റിന്റെ അന്തിമ പരിഗണയ്‌ക്കെത്തണമെങ്കില്‍ 60 വോട്ടുകള്‍ ആവശ്യമായിരുന്നു. ഈ മാസം അവസാനത്തോടെ ബില്ല് സെനറ്റിന്റെ അന്തിമ പരിഗണനയ്ക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

47 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കൊപ്പം രണ്ടു ഡമോക്രാറ്റുകളും ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തു. ഈ ഒറ്റ രാത്രി കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും ബില്ല് പാസാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും വോട്ടെടുപ്പിന് ശേഷം പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.

ബില്ലിലെ ചില നിര്‍ദേശങ്ങളെ മാത്രമേ അനുകൂലിക്കൂ എന്ന് പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന യു.എസില്‍ 9.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇതു പരിഹരിക്കാന്‍ 44,700 കോടി ഡോളറാണു ബില്ലില്‍ വകയിരുത്തിയിരുന്നത്.

കറന്‍സി ബില്‍ യുഎസ് സെനറ്റ് പാസാക്കി.

ബെയ്ജിംഗ്: മറ്റു രാജ്യങ്ങളുടെ നാണയ മൂല്യം ഉയര്‍ത്താന്‍ നിര്‍ബന്ധിക്കുന്ന കറന്‍സി ബില്‍ യു.എസ് സെനറ്റ് പാസാക്കി. 35നെതിരെ 63 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റ് പാസാക്കിയത്. ബില്‍ ഇനി യുഎസ് കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വിടും. കയറ്റുമതി രംഗത്തു മേല്‍ക്കൈ നിലനിര്‍ത്തുന്നതിനു നാണയമൂല്യം കൃത്രിമമായി കുറച്ചു കാണിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക ചുങ്കം ചുമത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് കറന്‍സി എക്‌സചേഞ്ച് റേറ്റ് ഓവര്‍സൈറ്റ് റിഫോം ആക്റ്റ്. ബില്ലിനെതിരെ ചൈന ഭീക്ഷണിയുമായി നേരത്തെ രംഗത്തുവന്നിരുന്നു.

ബില്ല് പാസാക്കിയാല്‍ വാണിജ്യ യുദ്ധമുണ്ടാവുമെന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്. നാണയ മൂല്യം സംബന്ധിച്ച തര്‍ക്കം രാഷ്ട്രീയ വല്‍ക്കരിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ചൈന ആരോപിച്ചിരുന്നു. മുന്‍കൂര്‍ വോട്ടെടുപ്പില്‍ 19 നെതിരേ 79 വോട്ടുകള്‍ക്കു ബില്‍ നേരത്തെ പാസായിരുന്നു.

ചൈന യുവാന്റെ മൂല്യം കൃത്രിമമായി കുറച്ചു കാണിക്കുന്നത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ചൈനീസ് യുവാന്റെ മൂല്യം 25 മുതല്‍ 40 ശതമാനം വരെ കുറച്ചു കാണിക്കുന്നുവെന്നാണ് യു.എസ് ആരോപണം. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കൂടുതലായി എത്തുന്നതു യുഎസില്‍ തൊഴില്‍ സാധ്യത ഇല്ലാതാക്കുന്നുമുണ്ട്. യുവാന്റെ മൂല്യം വര്‍ധിപ്പിക്കണമെന്ന് യു.എസ് നേരത്തെ ചൈനയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ , യുഎസിന്റെ അഭ്യര്‍ത്ഥന ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലാണെന്ന നിലപാടായിരുന്നു ചൈന സ്വീകരിച്ചിരുന്നത്.

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുന്നു.

ലോസ്എയ്ഞ്ചല്‍സ് : സമൂഹത്തിലെ കൂടുതല്‍ വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ യുഎസിലെ സാമ്പത്തിക അസമത്വത്തിനെതിരെയുള്ള 'ഒക്യുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം' മറ്റു നഗരങ്ങളിലേക്കും പടരുന്നു. ഇതിനിടെ രാഷ്ട്രീയ കക്ഷി നേതാക്കളും ഇരുപക്ഷത്തുമായി നിരന്നുതുടങ്ങിയതോടെ പ്രക്ഷോഭത്തിന് പുതിയ മാനങ്ങള്‍ കൈവരുകയാണ്. ലോസ്ഏയ്ഞ്ചല്‍സിനു പുറമെ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ , ഫിലഡല്‍ഫിയ, ഫ്‌ളോറിഡ, ഷിക്കാഗോ, ടാംപ, ഒറിഗണ്‍ , ബോസ്റ്റന്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലേക്കു വ്യാപിച്ച പ്രക്ഷോഭത്തില്‍ അധ്യാപകര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ പങ്കെടുത്തുത്തുടങ്ങി. ഷിക്കാഗോയില്‍ ബാങ്കര്‍മാരുടെയും അവധിക്കമ്പോള ഇടപാടുകാരുടെയും യോഗം നടക്കുന്ന മന്ദിരങ്ങള്‍ക്കു മുന്നില്‍ 'സ്റ്റാന്‍ഡ് അപ് ഷിക്കാഗോ' എന്ന പേരില്‍ ആയിരക്കണക്കിനു പ്രക്ഷോഭകര്‍ ഒത്തുകൂടി. നഷ്ടപ്പെട്ട ജോലി, വീട്, വിദ്യാഭ്യാസം എന്നിവ തിരിച്ചുപിടിക്കുകയാണു ലക്ഷ്യമെന്ന് അവര്‍ അ
ിയിച്ചു.

'ഞങ്ങളാണ് 99%' എന്ന മുദ്രാവാക്യം മുഴക്കി ഷിക്കാഗോ ബോര്‍ഡ് ഓഫ് ട്രേഡ്, ഷിക്കാഗോ, ഫെഡറല്‍ റിസര്‍വ് ബാങ്ക് എന്നിവയ്ക്ക് മുന്നിലും പ്രകടനം നടത്തി. അടുത്ത ദിവസങ്ങളിലും പ്രകടനങ്ങള്‍ തുടരാനാണു തീരുമാനം. 'ഷിക്കാഗോ കയ്യടക്കൂ, ഉണരൂ ഷിക്കാഗോ' തുടങ്ങി അനവധി ചെറുസംഘങ്ങള്‍ 'സ്റ്റാന്‍ഡ് അപ് ഷിക്കാഗോ'യോടൊത്തു പ്രവര്‍ത്തിക്കുന്നു. ബോസ്റ്റനില്‍ നൂറോളം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ തമ്പുകള്‍ സ്ഥാപിച്ച് ഇരിപ്പുറപ്പിച്ച 'ഒക്യൂപൈ ബോസ്റ്റന്‍' പ്രവര്‍ത്തകര്‍ കൂടുതല്‍ പ്രദേശത്തേക്കു കുത്തിയിരിപ്പു വ്യാപിച്ചതോടെ തമ്പുകള്‍ വലിച്ചുതാഴെയിട്ടു പോലീസ് രംഗത്തിറങ്ങി.

വന്‍കിട കമ്പനികളെ സഹായിക്കാന്‍ മാത്രം സന്നദ്ധത കാട്ടിയ സര്‍ക്കാരിനെതിരെ പ്രതിഷേഘവുമായി നൂറുകണക്കിനു പ്രക്ഷോഭകര്‍ വാഷിംഗ്ടണില്‍ കഴിഞ്ഞ ദിവസവും പ്രകടനം നടത്തി. 'ഒക്യുപൈ ഡിസി' എന്ന പേരില്‍ സംഘടിച്ച ഇവര്‍ക്കു പിന്തുണ ഏറിവരുകയാണ്. ഇതിനിടെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുള്ള ഹെര്‍മന്‍ കെയ്ന്‍ ഇത് അമേരിക്കന്‍ വിരുദ്ധ പ്രവര്‍ത്തനമാണെന്നു കുറ്റപ്പെടുത്തി. ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് നാന്‍സി പെലോസിയാകട്ടെ ജനങ്ങള്‍ നല്‍കുന്ന സന്ദേശം സ്വാഗതാര്‍ഹമാണെന്നു പറഞ്ഞു.

ഇന്ത്യ-യുഎസ് ഉന്നത വിദ്യാഭ്യാസ ഉച്ചകോടി വാഷിംഗ്ടണില്‍

വാഷിംഗ്ടണ്‍ : ഇന്ത്യ-യുഎസ് ഉന്നത വിദ്യാഭ്യാസ ഉച്ചകോടി ഇന്നും നാളെയും വാഷിംഗ്ടണില്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ നിര്‍ദേശിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളായ സാം പിത്രോദ, രാമദൊരൈ, ആസൂത്രണ കമ്മീഷന്‍ അംഗം നരേന്ദ്ര ജാദവ്, വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ , ഐഐടികളുടെ ഡയറക്ടര്‍മാര്‍ തുടങ്ങിയവരും സംഘത്തിലുണ്ട്. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജാന്‍സി ജയിംസും സംഘത്തിലുണ്ട്. യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനാണ് യുഎസ് സംഘത്തെ നയിക്കുന്നത്.
 
യുഎസിലെ സൗദി അംബാസഡറെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടെന്ന് ആരോപണം

അമേരിക്കയിലെ സൗദി അംബാസഡര്‍ അദേല്‍ അല്‍ ജുബൈറിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയതായി ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മന്‍സൂര്‍ അര്‍ബബ്‌സിയര്‍ എന്നയാളെ ന്യൂയോര്‍ക്കില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. യു.എസ്, ഇറാന്‍ പാസ്‌പോര്‍ട്ടുകളുള്ള മന്‍സൂര്‍ അര്‍ബബ്‌സിയര്‍ യുഎസ് വംശജനാണ്. അര്‍ബ്‌സിയറിനൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത ഗോലാം ഷക്കൂരി ഇപ്പോഴും ഇറാനില്‍ തന്നെയുണ്ടെന്ന് യുഎസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇവരുടെ പദ്ധതി നേരത്തെ അിറഞ്ഞതിനെ തുടര്‍ന്ന് യുഎസ് അധികൃതര്‍ അതു പരാജയപ്പെടുത്തുകയായിരുന്നു. അര്‍ബ്ബ്‌സിയറിന്റെ ടെലിഫോണ്‍ സംഭാഷണം ചോര്‍ന്നതിനെ തുടര്‍ന്നാണു പദ്ധതി പുറത്തായത്. ഇറാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി അംബാസഡറെ വധിക്കാന്‍ ശ്രമം നടത്തിയെന്നാണ് അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

അതേസമയം, ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചിരിക്കുകയാണ്. യുഎസിന്റേതു വെറും നാണം കെട്ട ആരോപണം ആണൈന്നും സംഭവത്തില്‍ പങ്കില്ലെന്നും ചൂണ്ടിക്കാട്ടി ഇറാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു.

ആക്രമണ സാധ്യത : യുഎസ് പൗരന്‍മാര്‍ക്ക് യാത്രാ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക് : യുഎസിലെ സൗദ അംബാസിഡറെ വധിക്കാനായി ഗൂഢാലോചന നടത്തിയവരെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തില്‍ യുഎസ് പൗരന്‍മാര്‍ക്ക് ലോകവ്യാപകമായി യാത്രാമുന്നറിയിപ്പ് നല്‍കി. യുഎസ് പൗരന്‍മാര്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. യുഎസ് സ്ഥാനപതിമാര്‍ക്കും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്തവര്‍ഷം ജനുവരി 11 വരെയാണ് മുന്നറിയിപ്പിന്റെ കാലാവധി.

കടലിനടിയില്‍ വന്‍നിധിയുമായി വീണ്ടുമൊരു വെള്ളിക്കപ്പല്‍

മിയാമി: ലോകമഹായുദ്ധ കാലത്ത് വെള്ളിയുമായി പോകവേ ജര്‍മ്മന്‍ നാവികസേന മുക്കിയ ബ്രിട്ടന്റെ ഒരു കപ്പല്‍ കൂടി കണ്ടെത്തി. ഒന്നാം ലോകയുദ്ധകാലത്ത് തകര്‍ക്കപ്പെട്ട 'മന്‍ടോള' എന്ന കപ്പലാണിത്. രണ്ടാം ലോകയുദ്ധകാലത്തു തകര്‍ന്ന ഗയിര്‍സോപ്പ എന്നൊരു കപ്പല്‍ കഴിഞ്ഞമാസം കണ്ടെത്തിയിരുന്നു. മന്‍ടോളയില്‍ 19 ടണ്‍ വെള്ളിയും ഗയിര്‍സോപ്പയില്‍ 196 ടണ്‍ വെള്ളിയുമാണുള്ളത്.

ഉത്തര അറ്റ്‌ലാന്റിക് കടല്‍ത്തട്ടില്‍ കിടക്കുന്ന രണ്ടു കപ്പലുകളും ആഴക്കടല്‍ പര്യവേക്ഷണം നടത്തുന്ന ഒഡീസി മറൈന്‍ എക്‌സ്‌പ്ലോറേഷന്‍ എന്ന കമ്പനിയാണ് കണ്ടെത്തിയത്. മന്‍ടോള 8250 അടി താഴെയും ഗയിര്‍സോപ്പ 15,510 അടി ആഴത്തിലുമാണ്. മന്‍ടോള 1917 ഫെബ്രുവരി ഒമ്പതിനും ഗയിര്‍സോപ്പ 1941 ഫെബ്രുവരി ഒമ്പതിനുമാണ് ജര്‍മ്മന്‍ മുങ്ങിക്കപ്പലുകളുടെ ആക്രമണത്തില്‍ തകര്‍ന്നത്.

ഇണ്ടു കപ്പലുകളും വീണ്ടെടുക്കാന്‍ ബ്രിട്ടനാണ് ഒഡീസിക്കു കരാര്‍ നല്‍കിയിരുന്നത്. വെള്ളി വീണ്ടെടുത്താല്‍ വിലയുടെ 80% ഒഡീസിക്കു ലഭിക്കും. 2012 ആദ്യം ഇതു വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം തുടങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക