Image

ഓര്‍മ്മയില്‍ ഒരു തിരുവോണം- ജോര്‍ജ് സാമുവല്‍, ബെല്‍റോസ്

ഇ-മലയാളി എക്‌സ്‌ക്ലൂസീവ് Published on 06 September, 2013
ഓര്‍മ്മയില്‍ ഒരു തിരുവോണം-  ജോര്‍ജ് സാമുവല്‍, ബെല്‍റോസ്
അമേരിക്കന്‍ പ്രവാസി ജീവിതം ഏതാണ്ട് നാലു പതിറ്റാണ്ടായിരിക്കുന്നു. എല്ലാ വര്‍ഷവും ഓണം ആഘോഷിക്കുമെങ്കിലും ഈ വര്‍ഷം അല്പം താമസിച്ചാണ് ഓണമെത്തിയിരിക്കുന്നത്. ഇത്രയും താമസിക്കുവാന്‍ എന്താണു കാരണം എന്നു ഭാര്യ ചോദിച്ചപ്പോഴാണു കലണ്ടറില്‍ നോക്കിയത്. ചിങ്ങമാസത്തിലെ അത്തംനാള്‍ കഴിഞ്ഞു വരുന്ന തിരുവോണം നാളിലാണല്ലോ ഓണം ആഘോഷിക്കുന്നത്. ഈ വര്‍ഷം ചിങ്ങമാസം ഇരുപത്തിമൂന്നാം തീയതി അത്തവും മുപ്പത്തൊന്നാം തീയതി തിരുവോണവുമായി ഭവിച്ചു. എന്നാല്‍ അമേരിക്കയില്‍ ഓണാഘോഷം പൊടിപൊടിക്കാന്‍ തുടങ്ങിയിട്ടു മാസം രണ്ടായി. അതിന്റെ കാരണം ആരാഞ്ഞപ്പോള്‍ ഒരു സുഹൃത്ത് വെളിവാക്കി, പാതാളത്തില്‍ നിന്നും മഹാബലി അമേരിക്ക സന്ദര്‍ശിച്ചതിനു ശേഷം ഇവിടെനിന്നും യൂറോപ്പു വഴിയാണത്രേ കേരളത്തിലേക്കുപോകുന്നത്. ആദ്യം അമേരിക്കയിലേക്കു കുടിയേറിപ്പാര്‍ത്ത പ്രവാസികളായ പ്രജകളെ കണ്ടു ക്ഷേമാന്വേഷണം നടത്തിയിട്ടു യാത്ര തുടങ്ങുന്നതാണ് അഭികാമ്യം എന്നദ്ദേഹത്തിനും മനസിലായിരിക്കുന്നു. കാരണം ഏതാനും വര്‍ഷങ്ങള്‍ മുമ്പ് അദ്ദേഹം അമേരിക്കയിലെത്തിയപ്പോഴാണ് ഇവിടെയുള്ള മലയാളികളുടെയെല്ലാം വീടിന്റെ പുറകിലുള്ള അല്പം സ്ഥലത്ത് പാവലും പയറും പച്ചമുളകും വെണ്ടയും വഴുതനയുമൊക്കെ നിറഞ്ഞുകായിച്ചു കിടക്കുന്നതു കണ്ടത്. ഇതു കേരളം തന്നെയാണോ എന്നുപോലും അദ്ദേഹം സംശയിച്ചു. ഇപ്പോള്‍ ഇവിടെ നിന്നും കേരളത്തിലേക്കും പോകുമ്പോള്‍ ഓണം ആഘോഷിക്കുവാനുള്ള പച്ചക്കറികൂടി കൂടെകൊണ്ടുപോകുകയാണു പതിവ്. കേരളത്തില്‍ ഈ വക സാധനങ്ങള്‍ ഇപ്പോള്‍ കാണാന്‍ സാധിക്കില്ലല്ലോ.

പെട്ടെന്നാണ് ചെറുപ്പകാലത്തിലെ ഓണസ്മരണകളിലേക്ക് മനസ്സ് ഊളിയിട്ടത്. വിടരുന്ന പൂക്കളും പറക്കുന്ന ഓണതുമ്പികളും പാടുന്ന വര്‍ണ്ണക്കിളികളും സമ്പത് സമൃദ്ധിയുടെ വിജയാഹ്‌ളാദങ്ങളും ചിങ്ങപ്പുലരികളെ പുളകം കൊള്ളിയ്ക്കുന്നു. വിളവെടുപ്പും പൂക്കളമെഴുത്തും ഓണപ്പാട്ടും തുമ്പിതുള്ളലും, പൂവിളികളും ഓണക്കളികളും എല്ലാം കൂടി ആഹ്‌ളാദത്തിന്റെ അലകള്‍ ഉയര്‍ത്തുന്ന കാലം. കേരളമാകെ ഐശ്വര്യത്തിന്റെ പൂത്തിരികള്‍ തെളിയുന്നു. 'മാനുഷ്യര്‍ എല്ലാവരും ഒന്നുപോലെ'- യാതൊരു വിവേചനവുമില്ലാത്ത് സൗഭാഗ്യകാലം! മുറ്റത്തു പൂക്കളം ഉണ്ടാക്കുവാനായി ഞങ്ങള്‍ കുറെ കുട്ടികള്‍കൂടി പൂക്കളറുത്തു കൊണ്ടുവന്നു ശ്രമിക്കും. പക്ഷേ അതു നന്നായി വരണമെങ്കില്‍ അയലത്തുള്ള ഒരു ചേച്ചി വരണം. അവരുടെ മുറ്റത്തു പൂക്കളം സൃഷ്ടിച്ചിരിക്കുന്നതു കാണേണ്ടതു തന്നെയാണ്. അതിമനോഹരം! പിന്നെ ഓണസദ്യയും ഓണക്കളികളും! ഊഞ്ഞാലാട്ടം മത്സരിച്ചാണ്. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നലെ കഴിഞ്ഞതുപോലെയാണ് ബാല്യകാലത്തിലെ ഓണത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ തെളിയുന്നത്.
ഓണം എന്നാണു തുടങ്ങിയത്? ഏഴാം നൂറ്റാണ്ടില്‍ മധ്യകേരളം ഭരിച്ചിരുന്ന ഭാസ്‌കര രവി വര്‍മ്മ എന്ന പെരുമാളിന്റെ കാലത്ത് ഓണം ആദ്യമായി കൊണ്ടാടിയത് എന്ന് ചില ചരിത്രരേഖകളില്‍ കാണുന്നുണ്ട്. ഒരു പക്ഷേ അത് എറണാകുളത്തിനടുത്ത തൃക്കാക്കര ആയിരുന്നിരിക്കാം. അതുകൊണ്ടാണല്ലോ, തൃക്കാക്കരയപ്പന്റെ വിഗ്രഹം ഓണത്തിന്റെ അലങ്കാരത്തില്‍ മുഖ്യപങ്കുവഹിക്കുന്നത്.

എന്തു തന്നെയായാലും ഇന്നത്തെ നാട്ടിലെ രാഷ്ട്രീയ സാംസ്‌കാരിക സാഹചര്യങ്ങളില്‍ മഹാബലിയുടെ ഭരണകാലത്തിന്റെ ഓര്‍മ്മ പുതുക്കുന്നത് നേതാക്കന്മാരെ ചിന്തിപ്പിക്കാന്‍ സഹായിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. അന്ന് വാമനന്‍ മഹാബലിയെ ചവുട്ടി താഴ്ത്തിയെങ്കില്‍ ഇന്നു നേതാക്കന്‍മാര്‍ കോടികളാണ് ചവുട്ടി താഴ്ത്തി ഒളിപ്പിക്കുന്നത്. കള്ളപ്പറയും ചെറുനാഴിയുമില്ലാതിരുന്നകാലത്തിന്റെ ഓര്‍മ്മകള്‍ ഇന്ന് കള്ളപ്പണവും ചെളിവാരി എറിയലും കൊണ്ടു മുങ്ങിപ്പോയിരിക്കയാണ്. അന്ന് എള്ളോളം പോലും പൊളിവചനമില്ലായിരുന്നെങ്കില്‍ ഇന്ന് എള്ളോളം സത്യമില്ലാത്ത വചനപ്രഘോഷണമാണ് നേതാക്കമാര്‍ അനുദിനം നടത്തിക്കൊണ്ടിരിക്കുന്നത്.

മലയും കടലും കായല്‍ക്കരയും പുഴയും നെല്‍പ്പാടങ്ങളും കൈകോര്‍ത്തു നിന്നിരുന്ന കേരളത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഞങ്ങളുടെ മനസ്സുകളില്‍ തിരുവോണം സമ്മാനിക്കുന്നത് ബാല്യകാലത്തിലേക്കുളള ഒരു തിരിഞ്ഞുനോട്ടമാണ്. ഇനി എന്നെങ്കിലും മഹാബലി ചക്രവര്‍ത്തി ഒരിക്കല്‍കൂടി കേരളം ഭരിക്കുമോ? ആശിക്കുന്നതില്‍ പിശുക്കുവേണ്ടല്ലോ! പ്രത്യാശയോടെ കാത്തിരിക്കാം.


ഓര്‍മ്മയില്‍ ഒരു തിരുവോണം-  ജോര്‍ജ് സാമുവല്‍, ബെല്‍റോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക