Image

ഓണമെങ്കിലും പള്ളികള്‍ ഒഴിവാക്കണം (ജോര്‍ജ്‌ മാത്യു, ഫോമാ പ്രസിഡന്റ്‌)

Published on 09 September, 2013
ഓണമെങ്കിലും പള്ളികള്‍ ഒഴിവാക്കണം (ജോര്‍ജ്‌ മാത്യു, ഫോമാ പ്രസിഡന്റ്‌)
ഓണത്തെപ്പറ്റി പറയുമ്പോള്‍ ഫോമ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവിന്‌ ചില നയങ്ങളും വ്യക്തമാക്കാനുണ്ട്‌. മിഷിഗണിലെ ഡിട്രോയിറ്റില്‍ നടന്ന ഓണാഘോഷത്തില്‍ അത്‌ പറയുകയും ചെയ്‌തു.

പള്ളികളില്‍ ഓണം ആഘോഷിക്കരുതെന്നാണ്‌ അത്‌. കാരണം നിസാരം. ഓണം എല്ലാ മലയാളികളുടേയും ഉത്സവമാണ്‌. അതിനെ മതത്തിന്റെ മതില്‍പ്പെട്ടില്‍ ഒതുക്കരുത്‌. ഓണം ആഘോഷിക്കാന്‍ എല്ലാവരേയും പ്രതിനിധീകരിക്കുന്ന സംഘടനകളുണ്ട്‌. അവര്‍ ആഘോഷിക്കട്ടെ. മതസ്ഥാപനങ്ങള്‍ അവരെ സഹായിക്കുകയും അവിടെ പോയി എല്ലാ മലയാളികളോടുമൊപ്പം ഓണം ഉണ്ണുകയും വേണം.

ഒരുപക്ഷെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഓണം ഉണ്ണുന്നവരില്‍ ഒരാള്‍ ജോര്‍ജ്‌ മാത്യുവായിരിക്കും. ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയേയും ഒഴിവാക്കുന്നില്ല. സംഘടനകള്‍ മത്സരിച്ച്‌ നടത്തുന്ന ഓണാഘോഷത്തിന്‌ ഫോമ പ്രസിഡന്റ്‌ എന്ന നിലയില്‍ വിളിക്കും. പോകും. ഓണമുണ്ണും.

പക്ഷെ ഒരേ ദിവസം തന്നെ മൂന്നും നാലും ഓണം ഉണ്ണേണ്ട അവസ്ഥയും അതുമൂലം വരും അപ്പോള്‍ പിന്നെ ഉണ്ടെന്നു വരുത്തുകതന്നെ മാര്‍ഗ്ഗം.

എന്തായാലും നാട്ടില്‍ അന്യം നിന്നുകൊണ്ടിരിക്കുകയാണെങ്കിലും ഓണം അമേരിക്കയില്‍ തഴച്ചു വളരുന്നതില്‍ ജോര്‍ജ്‌ മാത്യു സംതൃപ്‌തനാണ്‌. നമ്മുടെ പൈതൃകം അമേരിക്കന്‍ മലയാളികള്‍ എങ്കിലും മറക്കുന്നില്ലല്ലോ.

കോട്ടയത്തിനടുത്തുള്ള കുറുപ്പന്തറ സ്വദേശിയായ ജോര്‍ജ്‌ മാത്യു ചെറുപ്പത്തിലേ അമേരിക്കയില്‍ ചേക്കേറിയതാണ്‌. 1978-ല്‍. അതിനാല്‍ അക്കാലത്തെ ഓണത്തിന്റെയൊക്കെ ഓര്‍മ്മ മനസില്‍ വിടാതെ കിടക്കുന്നു. അയല്‍ വീടുകളില്‍ നിന്നു കൊണ്ടുവരുന്ന പായസത്തിന്റെ രുചി. അയലത്തെ വീടുകളില്‍ പോയി ഇലയിട്ട്‌ വിളമ്പുന്ന ഊണ്‌ കഴിക്കുന്ന സംതൃപ്‌തി. ഒക്കെ മായാതെ മനസിലുണ്ട്‌. ഓലപ്പന്ത്‌ കളിക്കുന്നതും ഊഞ്ഞാലു കെട്ടുന്നതുമൊക്കെയായിരുന്നു നാട്ടില്‍ വെച്ച്‌ കുഞ്ഞുനാളിലെ ആഘോഷങ്ങള്‍. ഒരുതവണ ഊഞ്ഞാലാട്ടം കഴിഞ്ഞപ്പോള്‍ കാലില്‍ നല്ലൊരു ഭാഗത്ത്‌ തൊലിയില്ല. അതു കരിയുന്നതുവരെയുള്ള വേദനയും മറക്കാനാവുന്നില്ല.

ഇന്നിപ്പോള്‍ ഓണം ടിവിയില്‍ ഒതുങ്ങിപ്പോയോ? പഴയ അയല്‍ക്കാരും നാടും ഒക്കെ മാറിപ്പോയോ? മാറ്റങ്ങളാണ്‌ മാറാത്തത്‌ എന്നു പറയുന്നതുപോലെയായി കാലം.

അമേരിക്കയില്‍ വീടുകളില്‍ ചെറുസംഘമായി ഓണം ആഘോഷിക്കുന്നവരുണ്ട്‌. പക്ഷെ സംഘടനകള്‍ക്കേ കലാപരിപാടിയൊക്കെ കൊണ്ടുവരാന്‍ പറ്റൂ. നമ്മുടെ ഐക്യബോധം കാട്ടാനും അതാണ്‌ നല്ലത്‌.

ഓണത്തിന്‌ വരുന്നവര്‍ പണം കൊടുത്ത്‌ ടിക്കറ്റ്‌ എടുക്കേണ്ടി വരുന്നത്‌ സുഖകരമല്ലെന്ന്‌ അറിയാം. പക്ഷെ അമേരിക്കയിലെ സംഘടനകള്‍ക്ക്‌ മിക്കവര്‍ക്കും ഫണ്ടില്ല. പരിക്കാന്‍ ആണെങ്കില്‍ ഏറെ സാധ്യതകളുമില്ല. കലാപരിപാടികള്‍ കൊണ്ടുവരലും പിരിവും എല്ലാം പള്ളികളുടെ കുത്തക പോലെയായി. അപ്പോള്‍ പിന്നെ പണം വാങ്ങുന്നവരെ കുറ്റം പറയുന്നില്ല.

ഫിലാഡല്‍ഫിയയിലെ കല പ്രവേശന ഫീസൊന്നും വെയ്‌ക്കാറില്ല. സംഭാവന തന്നാല്‍ സ്വീകരിക്കും. വീടുകളില്‍ നിന്ന്‌ ഭക്ഷണം ഉണ്ടാക്കികൊണ്ടുവരികയാണ്‌ കല ചെയ്യുന്നത്‌. അതിനാല്‍ നല്ല ഭക്ഷണം.

കലയുടെ ഓണത്തിനു പുറമെ ഹൂസ്റ്റണില്‍ വെച്ച്‌ നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ഓണം ഉണ്ടതിന്റെ സ്വാദ്‌ ഇപ്പോഴും നാവിന്‍തുമ്പത്തുണ്ട്‌. കഴിഞ്ഞവര്‍ഷം കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി നടത്തിയ ഓണത്തിലെ ഭക്ഷണവും ഏറെ സ്വാദിഷ്‌ടമായിരുന്നു.
ഓണമെങ്കിലും പള്ളികള്‍ ഒഴിവാക്കണം (ജോര്‍ജ്‌ മാത്യു, ഫോമാ പ്രസിഡന്റ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക