Image

സുകു നായരുടെ പുളിശ്ശേരിയും, അവിയലും...(ഓണം എന്റെ ഓര്‍മയില്‍ അന്നും ഇന്നും: ജോയ്‌ ജോസഫ്‌ )

ജോയ്‌ ജോസഫ്‌ , വാഷിംഗ്‌ടന്‍ Published on 08 September, 2013
സുകു നായരുടെ പുളിശ്ശേരിയും, അവിയലും...(ഓണം എന്റെ ഓര്‍മയില്‍ അന്നും ഇന്നും: ജോയ്‌ ജോസഫ്‌ )
ഉള്ളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ഓണം കൂടി...ഓണത്തെപ്പറ്റി ഓര്‍മ്മിക്കുമ്പോള്‍ കഴിഞ്ഞുപോയ ഓണങ്ങളുടെ ഓര്‍മ്മ... നിറമുള്ള ഓര്‍മ്മകള്‍..

എന്റെ കുട്ടിക്കാലത്തെ ഓണം ഇന്നത്തെക്കാള്‍ ആവേശവും സന്തോഷവും ഉണ്ടാക്കിയിരുന്നു.

പള്ളിക്കൂടത്തില്‍ പോയ കാലത്ത്‌ ഓണം എനിക്ക്‌ ഒരു കാഴ്‌ച മാത്രം ആയിരുന്നു. ആരെങ്കിലും ഇട്ടു തരുന്ന ഊഞ്ഞാലില്‍ ഇത്തിരി നേരം ആടും..വീട്ടു മുറ്റത്തെ പുല്ലു വെട്ടി മാറ്റും . മാവേലി മന്നന്‍ വരുമെന്ന്‌ ആരോ പറഞ്ഞു തന്നു.

പിന്നെ കൂട്ടുകാര്‍ കൂടി ഊഞ്ഞാല്‍ കെട്ടാന്‍ ഊഞ്ഞാല്‍ വള്ളി തേടി അച്ചന്‍ കോവിലാറിന്റെ തീരത്ത്‌ അലയുമായിരുന്നു. വീടിന്റെ അരികിലെ മാവിന്‍ കൊമ്പത്ത്‌ ഊഞ്ഞാല്‍ ഇടുന്നത്‌ ഒരു ഹരമായിരുന്നു.കൊച്ചു പെങ്ങളെ ഊഞ്ഞാലില്‍ ഇരുത്തി ആട്ടുന്നതായിരുന്നു ശരിക്കും അന്നത്തെ ഓണത്തിന്റെ ആവേശം. അച്ചായന്‍ വാങ്ങി കൊണ്ട്‌ വന്ന ഏത്തകുല, ഉപ്പേരിയും ശര്‍ക്കര പുരട്ടിയും ഉണ്ടാക്കാന്‍ അച്ചായന്‍ അമ്മയെ അടുക്കളയില്‍ സഹായിക്കുമായിരുന്നു . ഓണ നാളില്‍ അമ്മ അവിയലും ,സാമ്പാറും ,ഇഞ്ചി കറിയും ഒക്കെ ഉണ്ടാക്കി തൂശനിലയില്‍ ഓണസദ്യ തരുമായിരുന്നു. പിന്നെ വീട്ടില്‍ സഹായിച്ചിരുന്നവരുടെ കുടുംബത്തെ വിളിച്ചു അടുക്കളയുടെ അടുത്തുള്ള വരാന്തയില്‍ ഇരുത്തി ` ഓണസദ്യ'നല്‌കുന്നത്‌ ഞാന്‍ നോക്കി നിന്നിട്ടുണ്ട്‌. അവരുടെ മുഖത്തെ സന്തോഷം ..`ഓണ സന്തോഷം' ഈ ഓണ നാളില്‍ ഞാന്‍ ഓര്‌ക്കുന്നു .

കോളേജില്‍ പോയ കാലത്ത്‌ ഓണം ശരിക്കും ഒരു ലഹരിയായി , ഉത്സവമായി മാറി. വര്‍ണ്ണങ്ങളും സ്വപ്‌നങ്ങളും കൂടി കലര്‍ന്ന, ശരിക്കും നാട്ടിന്‍ പുറത്തെ ഉത്സവം. ഞാനും, എന്റെ കൂട്ടുക്കാരും മാത്രമറിയുന്ന സന്തോഷത്തിന്റെ ദിനങ്ങള്‍..പത്തനംതിട്ട രാധാസില്‍ പോയി സിനിമ കാണുക, പിന്നെ അടുത്ത കള്ള്‌ ഷാപ്പില്‍ കയറി അല്‌പം മിനുങ്ങുക .

പിന്നെ ജോലി തേടിയുള്ള ദീര്‍ഘയാത്രയില്‍ ന്യൂഡല്‍ഹിയില്‍ ആയിരന്നപ്പോള്‍ ഓണത്തിന്‌ ഒരു മോഡേണ്‍ ലഹരി വന്നു .മലയാളി അസോസിയേഷനുകള്‍ നടത്തുന്ന ഓണഉത്സവം ഒരു മേളയായി മാറി. സ്‌നേഹിതര്‍ ഒത്തു കൂടി കാര്‍ഡ്‌സ്‌ കളിക്കുക, `വിദേശ ലഹരിയില്‍' കവിതാശകലങ്ങള്‍ ചെല്ലുക .....പ്രണയ കഥകള്‍ പറയുക ....അങ്ങനെ ഓണത്തെ ഉത്സവമാക്കി മാറ്റുമായിരുന്നു.

പിന്നീടു ഓണം ചാനലുകളിലേക്കും കാസറ്റുകളിലേക്കും മാറാന്‍ തുടങ്ങി. എന്റെ നാട്ടിന്‍പുറം നഗരമായും. പക്ഷെ അപ്പോഴെല്ലാം മനസ്സില്‍ പൂപൊലി പാട്ടിന്റെണയും തുമ്പിതുള്ളലിന്റെലയും ,കടുവ കളിയുടെയും താളമുണ്ടായിരുന്നു... ഓണത്തിനായി കാത്തിരിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു.ആറന്മുള വള്ളംകളി കാണാനുള്ള മോഹമുണ്ടായിരുന്നു.

പക്ഷെ പിന്നെ, വേരു പറിച്ചെറിഞ്ഞ്‌, കടല്‍ കടന്ന്‌, അമേരിക്കന്‍ പ്രവാസം തുടങ്ങിയപ്പോള്‍ ഓണത്തിനായി കാത്തിരിക്കാത്ത, ഓണത്തെ അറിയാത്ത നാളുകള്‍, ഓണത്തെ കുറിച്ച്‌ ഓര്‍
ക്കാത്ത നാളുകകള്‍ കടന്നു പോയി.

അങ്ങനെ കാത്തിരിക്കാതെ ഓരോ ഓണം വരുമ്പോളും മലയാളി അസോസിയേഷന്‍ നടത്തുന്ന, സുകു നായരുടെ പുളിശ്ശേരിയും, അവിയലും, ഉപ്പേരിയും അടപ്രഥമനും ഉള്ള ഓണ സദ്യ ആണ്‌ ഇന്നത്തെ എന്റെ ഓണം .................
സുകു നായരുടെ പുളിശ്ശേരിയും, അവിയലും...(ഓണം എന്റെ ഓര്‍മയില്‍ അന്നും ഇന്നും: ജോയ്‌ ജോസഫ്‌ )
ജോയ്‌ ജോസഫ്‌ , വാഷിംഗ്‌ടന്‍
സുകു നായരുടെ പുളിശ്ശേരിയും, അവിയലും...(ഓണം എന്റെ ഓര്‍മയില്‍ അന്നും ഇന്നും: ജോയ്‌ ജോസഫ്‌ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക