Image

ഓണത്തിന്റെ ശരിയായ കഥ (സണ്ണി സ്റ്റീഫന്‍)

Published on 12 September, 2013
ഓണത്തിന്റെ ശരിയായ കഥ (സണ്ണി സ്റ്റീഫന്‍)
നീതിമാനായ ഒരു രാജാവിനെ മഹാവിഷ്ണു ചതിച്ച് പാതാളത്തിലേയ്ക്കു താഴ്ത്തി എന്നൊരു കള്ളക്കഥ പറഞ്ഞുകൊണ്ടാണ് മലയാളികള്‍ ഇപ്പോഴും ഓണം ആഘോഷിക്കുന്നത്.
ദേവാസുരയുദ്ധത്തില്‍ അമൃതം കിട്ടിയ ദേവന്മാര്‍, അസുരന്മാരെ വംശവിനാശം വരുത്താന്‍ തുടങ്ങിയപ്പോള്‍ നാരദ മഹര്‍ഷി വന്ന് ആ യുദ്ധം നിര്‍ത്തിച്ചു. എന്നിട്ട് അവരോടു പറഞ്ഞു: “അധികാരവും ആയുധവും കൈയ്യിലുള്ളവരാണെന്നു കരുതി അഹങ്കരിക്കരുത്. നിങ്ങള്‍ അസുരന്മാരെ വംശനാശം വരുത്തരുത്.” എന്നിട്ട് നാരദ മഹര്‍ഷി തന്നെ ശുക്രാചാര്യരെ കൊണ്ട് മരിച്ചുപോയ അസുരന്മാരെ സഞ്ജീവിനി വിദ്യയാല്‍ ജീവിപ്പിച്ചു.

അങ്ങനെ ജീവിച്ചവരിലൊരാളായിരുന്നു മഹാബലി. ഒരു ഡോക്ടര്‍, അയാള്‍ ഹൃദയം മാറ്റിവെച്ച രോഗിയോട് കൂടുതല്‍ സ്‌നേഹം കാണിക്കുന്നതുപോലെ, ഈ മഹാബലിയോട് ശുക്രാചാര്യര്‍ അല്പം സ്‌നേഹം കൂടുതല്‍ കാണിച്ചു. എന്നാല്‍ മഹാബലി ഗുരുനാഥന്‍മാരെ ആരെയും പിന്നീട് വിളിച്ചിട്ടില്ല. സേനാ നായകന്മാരെ മാത്രം വിളിച്ചു കൊണ്ട് മഹാബലി പതിന്നാലു ലോകങ്ങളും കീഴടക്കി. അങ്ങനെ കീഴടക്കിയപ്പോഴാണ് ഒരു യുദ്ധം കൂടാതെ മഹാബലിയെ ജയിക്കണമെന്ന് മഹാവിഷ്ണു തീരുമാനിച്ചത്. അല്ലെങ്കില്‍ പതിന്നാലു ലോകത്തേയും പട്ടാളക്കാരെ മുഴുവന്‍ കൊല്ലണം. അതിനു ശേഷമേ മഹാബലിയെ തോല്‍പിക്കാന്‍ കഴിയൂ.

നയസമ്പന്നനായ മഹാവിഷ്ണു അതിന് ആവിഷ്‌ക്കരിച്ച ഒരു തന്ത്രമായിരുന്നു, കൊച്ചുവേഷത്തില്‍ വന്ന്, മൂന്നടി ചോദിച്ചിട്ട്, വലുതായി വളര്‍ന്ന് മഹാബലിയെ ജയിച്ചത്.
മഹാവിഷ്ണു മഹാബലിയോടു പറഞ്ഞു: “അങ്ങ് അടുത്ത മന്വന്തരത്തില്‍ ദേവേന്ദ്രനാകേണ്ട ആളാണ്. അതുവരെ അങ്ങ് സുഖമായി ജീവിക്കണം.”

“സുദലം സ്വര്‍ഗ്ഗ വിപ്രാഭ്യം”

സ്വര്‍ഗ്ഗവാസികള്‍ പോലും കൊതിക്കുന്ന സുഖസൗകര്യങ്ങളോടു കൂടിയ സുദലം എന്ന ലോകത്ത് ഈ മന്വന്തരം കഴിയുന്നതുവരെ അങ്ങ് ജീവിക്കണം.

നാല്‍പ്പത്തിമൂന്നുലക്ഷത്തിഅന്‍പതിനായിരം വര്‍ഷമാണ് ഒരു ചതുരിക. അത്തരം എഴുപത് ചതുരികമാണ് ഒരു മന്വന്തരം. അത്രയും കാലം സുദലം എന്ന സ്വര്‍ഗ്ഗഭൂമിയില്‍ മഹാബലി താമസിക്കും. അതുകഴിഞ്ഞ് മഹാവിഷ്ണു, മഹാബലിയെ കൊണ്ടുവന്ന് ദേവേന്ദ്രനായി പ്രതിഷ്ഠിക്കും. ഇതാണ് ഓണത്തിന്റെ ശരിയായ കഥ.

കുടവയറും, കൊമ്പന്‍ മീശയുമുള്ള ഒരു കോമാളിയെ അവതരിപ്പിച്ച് നാം പറഞ്ഞു പരത്തുന്ന കള്ളക്കഥകള്‍ ഇനിയെങ്കിലും ഒഴിവാക്കണം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക