Image

ഇന്ത്യ-ഖത്തര്‍ വ്യാപാരം 1344 കോടി ഡോളറിലെത്തുമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 13 October, 2011
ഇന്ത്യ-ഖത്തര്‍ വ്യാപാരം 1344 കോടി ഡോളറിലെത്തുമെന്ന്‌ റിപ്പോര്‍ട്ട്‌
ദോഹ: 2025 ആകുമ്പോള്‍ ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 1344 കോടി ഡോളറിലെത്തുമെന്ന്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞവര്‍ഷം 412 കോടി ഡോളറായിുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. 15 വര്‍ഷത്തിനുള്ള ഖത്തറിന്‍െറ വിദേശ വ്യാപാരത്തില്‍ 160 ശതമാനം വര്‍ധനവ്‌ പ്രതീക്ഷിക്കുന്നതായും ഇതുസംബന്ധിച്ച്‌ എച്ച്‌.എസ്‌.ബി.സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2015ഓടെ ഇന്ത്യക്ക്‌ പുറമെ ബ്രിട്ടന്‍, ബ്രസീല്‍, മലേഷ്യ, മെക്‌സിക്കോ, ഇന്തോനേഷ്യ, തുര്‍ക്കി, വിയറ്റ്‌നാം, പോളണ്ട്‌ എന്നീ രാജ്യങ്ങളുമായുള്ള ഖത്തറിന്‍െറ വ്യാപാരത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌ പ്രവചിക്കുന്നത്‌. എന്നാല്‍, ഖത്തറുമായുള്ള വ്യാപാരബന്ധം അഭിവൃദ്ധിപ്പെടുന്ന ആദ്യത്തെ പത്ത്‌ രാജ്യങ്ങളില്‍ അമേരിക്കക്ക്‌ ഇടം ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. 15 വര്‍ഷം കഴിയുമ്പോള്‍ ആഗോള വ്യാപാരത്തില്‍ ഖത്തറിന്‍െറ വിഹിതം നിലവിലുള്ള 0.25 ശതമാനത്തില്‍ നിന്ന്‌ 0.42 ശതമാനമാകും. ഭാവിയില്‍ എണ്ണക്കുണ്ടാകുന്ന വര്‍ധിച്ച ആവശ്യമാണ്‌ ഖത്തറിന്‍െറ സമ്പദ്‌ വ്യവസ്ഥക്ക്‌ പ്രധാനമായും ഉണര്‍വ്‌ പകരുന്നത്‌. ഈ സാഹചര്യത്തില്‍ ആഗോള വളര്‍ച്ചാനിരക്കിനേക്കാള്‍ ഉയര്‍ന്നതായിരിക്കും ഖത്തറിന്‍േറത്‌.

ഇന്ത്യ, ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍, യു.എ.ഇ എന്നിവയാണ്‌ നിലവില്‍ ഖത്തറുമായി ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍. ഒന്നര പതിറ്റാണ്ടുകൊണ്ട്‌ ഇന്ത്യയുമായുള്ള വ്യാപാരം 1344 കോടി ഡോളറാകുമ്പോള്‍ ജപ്പാനുമായുള്ളത്‌ 4759 കോടിയും കൊറിയയുമായുള്ളത്‌ 2935 കോടിയുമാകുമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലയളവില്‍ ഇന്ത്യയിലേക്കുള്ള ഇന്ധന കയറ്റുമതിയില്‍ 177 ശതമാനവും വിയറ്റ്‌നാമിലേക്കുള്ളത്‌ 323 ശതമാനവും പോളണ്ടിലേക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ്‌ കയറ്റുമതി 450 ശതമാനവും വര്‍ധിക്കും. ഇന്ത്യ, തുര്‍ക്കി, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കുള്ള വാതക കയറ്റുമതിയില്‍ പ്രതിവര്‍ഷം യഥാക്രമം 7.56 ശതമാനവും 11.03 ശതമാനവും 10.85 ശതമാനവും വര്‍ധനവാണ്‌ നിലവില്‍ കണക്കാക്കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക