Image

ഗള്‍ഫില്‍ കനത്തമഴയും ഇടിമിന്നലും; മിന്നലേറ്റ്‌ വിദ്യാര്‍ഥിനി മരിച്ചു

Published on 13 October, 2011
ഗള്‍ഫില്‍ കനത്തമഴയും ഇടിമിന്നലും; മിന്നലേറ്റ്‌ വിദ്യാര്‍ഥിനി മരിച്ചു
ദുബായ്‌: ഫുജൈറ, അല്‍ഐന്‍ എന്നിവിടങ്ങളില്‍ ഇന്നലെ ശക്തമായഇടിമിന്നലിന്‍െറ അകമ്പടിയോടെ കനത്ത മഴ പെയ്‌തു. ഫുജൈറയില്‍ മിന്നലേറ്റ്‌ വിദ്യാര്‍ഥിനി മരിച്ചു. മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു.

ഫുജൈറ നഗരത്തില്‍ ഉച്ചയോടെ മഴ തിമിര്‍ത്തുപെയ്‌തു. കഴിഞ്ഞ നാലു ദിവസമായി എമിറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ നല്ല മഴ ലഭിച്ചിരുന്നെങ്കിലും നഗരം ഒഴിവായിരുന്നു. പല താഴ്‌ന്ന പ്രദേശങ്ങളിലും വീടുകളിലും കടകളിലും വെള്ളം കയറി. ഫുജൈറ ഹയര്‍ കോളജ്‌ ടെക്‌നോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി സജയിലെ സബ അലി സയ്യിദ്‌ (18)ആണ്‌ മിന്നലേറ്റ്‌ മരിച്ചത്‌. കോളജിന്‌ പുറത്തിറങ്ങി മഴ ആസ്വദിക്കുന്നതിനിടെയാണ്‌ ഇവര്‍ക്ക്‌ മിന്നലേറ്റതെന്നറിയുന്നു. കുട്ടികള്‍ മിന്നലേറ്റ്‌ വീഴുന്നത്‌ കണ്ട്‌ കൂട്ടുകാര്‍ ചിതറിയോടിയപ്പോള്‍ പലര്‍ക്കും പരിക്കേറ്റു. ഇവരെ ഫുജൈറ ഗവ. ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. മിന്നലില്‍ പരിക്കേറ്റ മൂന്നുപേര്‍ ചികില്‍സയിലാണ്‌. സബയുടെ മയ്യിത്ത്‌ ഇന്നലെ രാത്രി ഖബറടക്കി. സംഭവത്തെ തുടര്‍ന്ന്‌ കോളജിലെ വിദ്യാര്‍ഥികള്‍ക്ക്‌ ഇന്ന്‌ അവധി നല്‍കിയിട്ടുണ്ട്‌. ഫുജൈറയുടെ കടലോര ഗ്രാമങ്ങളായ മുറബ, ഖിദ്‌ഫ എന്നിവിടങ്ങളില്‍ രാവിലെ എട്ട്‌ മണിക്ക്‌ തുടങ്ങിയ മഴ ഒന്നര മണിക്കൂര്‍ നീണ്ടു. മലമ്പ്രദേശങ്ങളായ മുനായി, ഫര്‍ഫാര്‍, ബിത്‌ന, ദിഫ്‌ത എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നു. ഇവിടെ വാദികളില്‍ മലവെള്ളം കുത്തിയൊഴുകി. പൊടുന്നനെയെത്തിയ മഴ ആസ്വദിക്കാന്‍ ധാരാളം പേര്‍ വാഹനങ്ങളുമായി റോഡിലിറങ്ങി. ശക്തമായ കാറ്റും മഴയും വകവെക്കാതെ ഫുജൈറ കോര്‍ണിഷില്‍ മഴയില്‍ കുളിക്കാനെത്തിയ കുടുംബങ്ങളെയും കാണാമായിരുന്നു. അടുത്ത കാലത്തൊന്നും ഇത്ര ശക്തമായ മഴ ലഭിച്ചിട്ടില്‌ളെന്ന്‌ ഫുജൈറയിലുള്ളവര്‍ പറഞ്ഞു.

ഫുജൈറയില്‍ ഉദ്‌ഘാടനത്തിന്‌ തയാറെടുക്കുന്ന ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റിന്‍െറ സ്‌കഫോള്‍ഡിങ്‌ നിര്‍ത്തിയിട്ട വാഹനങ്ങളുടെ മേല്‍ തകര്‍ന്നുവീണു. ആര്‍ക്കും പരിക്കില്ല. റൗണ്ട്‌ എബൗട്ടുകളില്‍ വെള്ളം കയറിയത്‌ ഗതാഗതക്കുരുക്കിനിടയാക്കി. താഴ്‌ന്ന സ്ഥലങ്ങളിലെ കടകളിലെ വെള്ളം കച്ചവടക്കാരെ വലച്ചു. ഫുജൈറ സിവില്‍ ഡിഫന്‍സും മുനിസിപ്പാലിറ്റി ടാങ്കറുകളും എത്തി വെള്ളം നീക്കം ചെയ്‌തു.
ഫുജൈറയില്‍ നാളുകള്‍ക്കുള്ളില്‍ കനത്ത മഴയെ തുടര്‍ന്ന്‌ മരിച്ചവരുടെ എണ്ണം നാലായി. വെള്ളിയാഴ്‌ച ദിബ്ബമസാഫി റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. അതേ ദിവസം ഖോര്‍ഫുക്കാനില്‍ വാദി വുറൈഅയില്‍ അകപ്പെട്ട്‌ മറ്റൊരാളും മരിച്ചു. കഴിഞ്ഞ ദിവസം റോഡ്‌ നിര്‍മാണ പ്രവൃത്തിക്കിടെ ഒഴുക്കില്‍പ്പെട്ട ബംഗ്‌ളാദേശ്‌ സ്വദേശിയും മരണപ്പെട്ടു.
അല്‍ഐനിലും പ്രാന്തപ്രദേശങ്ങളിലും ഷാര്‍ജയുടെ ഭാഗമായ കല്‍ബയിലും ശക്തമായ മഴ ലഭിച്ചു. വാഹനഗതാഗതം തടസ്സപ്പെട്ടതൊഴിച്ചാല്‍ മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക