Image

ഓര്‍മ്മക്കൂട്ട്‌

അനിത നസ്സീം Published on 13 October, 2011
ഓര്‍മ്മക്കൂട്ട്‌
ഓര്‍മ്മകളെനിക്ക്‌
നേരുതൊട്ട സൗഹൃദങ്ങള്‍ പോലെയാണ്‌
ഒറ്റയ്‌ക്കാവുമ്പോള്‍
അരികിലണഞ്ഞ്‌ കളിച്ചും ചിരിച്ചും
കണ്ണീര്‍ പൊഴിച്ചും....

കാഴ്‌ചകള്‍ കണ്ട്‌ തളര്‍ന്ന
പുകമൂടിയ വെളുപ്പിനും
ആലസ്യത്തിന്റെ മറപാകിയ
കറുപ്പിനുമിടയിലെ
അരുണാഭയില്‍ അഭയം തേടിയുള്ള യാത്രയില്‍
അവ കൈപിടിച്ച്‌ കൂടെനില്‍ക്കും....

മെല്ലെ...മെല്ലെ...
കണ്‍ചിമിഴിലലിവ്‌ പകര്‍ന്ന്‌
കിനാവിന്‍ വീഥികളിലേക്ക്‌ നയിക്കും.

പിന്നെ....കണ്ട കിനാവുകളെ
മനസ്സില്‍നിന്നുതിരാതെ കാക്കാന്‍
ശാസനയോടെ പറഞ്ഞുതരും....
ചതിയിലെ നേരും
നേരിലെ ചതിയും കണ്ടറിയാന്‍
അകകണ്ണ്‌ ഒരായുധമാക്കാന്‍
ശക്തിയോടെ മന്ത്രിക്കും.

ചിലപ്പോള്‍ അകകാഴ്‌ചയുടെ പിന്നാമ്പുറങ്ങളില്‍
ഒതുങ്ങിനിന്നവ
കരുണയുടെ കരങ്ങള്‍ നീട്ടി
ഹൃദയത്തെ തലോടും....

ഒരിക്കലുമൊളിമങ്ങാത്ത
എന്‍ മോഹത്തിന്‍ നിറക്കൂട്ടുകള്‍
ഇന്നിന്റെ സത്യങ്ങളില്‍ ചാലിച്ച്‌
നാളെയുടെ വിരല്‍തുമ്പില്‍ മുറുകെപിടിച്ച്‌
മുന്നോട്ട്‌ പോകാനുള്ള
ചിത്രപാഠങ്ങള്‍ പകര്‍ന്നുതരും

ഈ ഓര്‍മ്മകളില്ലാതാകുമ്പോള്‍
നാളെകളുണ്ടാകില്ല....
സൗഹൃദങ്ങള്‍ വരളുമ്പോള്‍
നന്മകളും ഈ ഞാനും...
ഓര്‍മ്മക്കൂട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക