Image

മലയാളത്തിന്റെ സര്‍വ്വകലാവല്ലഭന്‌ എണ്‍പതിന്റെ നിറവ്‌

Published on 22 September, 2013
മലയാളത്തിന്റെ സര്‍വ്വകലാവല്ലഭന്‌ എണ്‍പതിന്റെ നിറവ്‌
നടനായും, സംവിധായകനായും, നിര്‍മ്മാതാവുയും, തിരകഥാകൃത്തായും, വിതരണക്കാരനായും സിനിമാ രംഗത്തു നിറഞ്ഞുനിന്ന നിത്യവസന്തം മധു എണ്‍പതിന്റെ നിറവില്‍.

എം.എ ബിരുദധാരിയായി കോളജ്‌ അധ്യാപകനായി തുടങ്ങിയ ജീവിതം പിന്നീട്‌ നാടക രംഗത്തും സജീവമായിരുന്നു. 1965-ല്‍ രാഷ്‌ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ചെമ്മീനിലെ പരീക്കുട്ടി എന്ന ഒറ്റ കഥാപാത്രം മതി എക്കാലവും മധുവിനെ ഓര്‍മ്മിക്കാന്‍. ചെമ്മീനിലെ 'കറുത്തമ്മാ... കറുത്തമ്മ പോകുകയാണോ? എന്നെ ഉപേക്ഷിച്ചിട്ട്‌ കറുത്തമ്മയ്‌ക്ക്‌ പോകാനാകുമോ...? കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്ത്‌ പാടിപ്പാടി മരിക്കും.' എന്ന ഒറ്റ ഡയലോഗ്‌ ഇന്നും ഹിറ്റ്‌. ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍പ്രേമത്തിലെ ഇക്കോരന്‍, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ്‌ എല്ലാം ഭാവതീവ്രതയോടെ മധു തകര്‍ത്താടിയ വേഷങ്ങള്‍.

സ്‌കൂള്‍ ഓഫ്‌ ഡ്രാമയിലെ പഠനം കഴിഞ്ഞ്‌ സിനിമയിലെത്തി. പി. മാധവന്‍നായര്‍ എന്ന പേര്‌ മാറ്റി മധുവായി അവരോധിക്കപ്പെട്ടു. 1963ല്‍ പ്രദര്‍ശനത്തിനെത്തിയ എന്‍. എന്‍. പിഷാരടിയുടെ 'നിണമണിഞ്ഞ കാല്‌പാടുകളി'ലെ പട്ടാളക്കാരന്‍ സ്റ്റീഫനായി തുടങ്ങിയ ആ അഭിനയ ജീവിതം അമ്പതു വര്‍ഷം പിന്നിടുമ്പോള്‍ പ്രിയദര്‍ശന്റെ പുതിയ ചിത്രമായ `ഗീതാഞ്‌ജലി'യില്‍ എത്തിനില്‌ക്കുന്നു.

മലയാളത്തിലെ ഒട്ടുമിക്ക നായികമാരുടെ സ്വപ്‌ന നായകനായിരുന്നു മധു.ഷീല, ശാരദ, ജയഭാരതി, ശ്രീവിദ്യ, കെ.ആര്‍.വിജയ, വിധുബാല, കവിയൂര്‍ പൊന്നമ്മ, ലക്ഷ്‌മി, സുകുമാരി, അംബിക, ഉഷ നന്ദിനി, കനകദുര്‍ഗ്ഗ, ശുഭ, നന്ദിതാബോസ്‌, സീമ, ശാന്തി, ദേവിക, ഉഷാകുമാരി, വിലാസിനി, വിജയശ്രീ, റീന, വിജയനിര്‍മ്മല, ജ്യോതിലക്ഷ്‌മി, കെ.പി.എ.സി.ലളിത, റാണിചന്ദ്ര, ഉണ്ണിമേരി, സുജാത, ശ്രീലത, കെ.ആര്‍.സാവിത്രി, കെ.പി.എ.സി.ലീല എന്നിവരെല്ലാം മധുവിന്റെ കൂടെ അഭിനയിച്ച പ്രതിഭകളാണ്‌.

പരീക്കുട്ടി (ചെമ്മീന്‍), സാഹിത്യകാരന്‍ (ഭാര്‍ഗ്ഗവീനിലയം,) ബാപ്പുട്ടി (ഓളവും തീരവും,) ഗോപന്‍ (പ്രിയ), ഉണ്ണി (വിത്തുകള്‍), മായന്‍ (ഉമ്മാച്ചു), ഇക്കോരന്‍ (നാടന്‍പ്രേമം), , കേശവപിള്ള (ഏണിപ്പടികള്‍), വിനോദ്‌മുതലാളി (തീക്കനല്‍), ഡോ.രമേഷ്‌ (ഹൃദയം ഒരു ക്ഷേത്രം), കേശവന്‍കുട്ടി (മുറപ്പെണ്ണ്‌), രാഘവന്‍ (നഗരമേ നന്ദി), അത്രാംകണ്ണ്‌ മുതലാളി (കള്ളിച്ചെല്ലമ്മ), വാസു (തുറക്കാത്ത വാതില്‍), രാജപ്പന്‍ (കാക്കതമ്പുരാട്ടി), കൃഷ്‌ണന്‍കുട്ടി (മാപ്പുസാക്ഷി), മാധവന്‍ (ആഭിജാത്യം), കേശവന്‍ പാപ്പാന്‍(സിന്ദൂരച്ചെപ്പ്‌), ദേവയ്യന്‍ (പുള്ളിമാന്‍), വിശ്വം (സ്വയംവരം), ഗോവിന്ദന്‍നായര്‍ (സതി), അപ്പു (ചെണ്ട), വിശ്വനാഥന്‍ (സ്വപ്‌നം), മാര്‍ത്താണ്ഡന്‍ തമ്പി (മാന്യശ്രീ വിശ്വാമിത്രന്‍), ഫെര്‍ണ്ണാണ്ടസ്‌ (അക്കല്‍ദാമ), കുഞ്ഞുരാമന്‍ (നീലക്കണ്ണുകള്‍), വിന്നി (കാമം ക്രോധം മോഹം), പ്രസാദ്‌ (യുദ്ധകാണ്ഡം), താറാവുകാരന്‍ പൈലി (ഇതാ ഇവിടെ വരെ), വാസു (വേനലില്‍ ഒരു മഴ), കുര്യാക്കോസ്‌ (മീന്‍), കേണല്‍ രാംകുമാര്‍ (കര്‍ത്തവ്യം), ദേവരാജരാജന്‍ (പടയോട്ടം), രാജന്‍ മേനോന്‍ (ജീവിതം), ആലി മുസലിയാര്‍ എന്നിവയിലെല്ലാം തന്റെ അഭിനയപാടം തെളിയിച്ചു.

എണ്‍പതാണ്ടുകള്‍ ജീവിച്ചത്‌ ജനിച്ചതുകൊണ്ടാണെന്ന്‌ പറയുന്ന മധുവിന്‌ ഒരിക്കലും ആഘോഷങ്ങളോടോ, മറ്റ്‌ ആര്‍ഭാടങ്ങളിലോ കമ്പമില്ല. പത്മശ്രീ ലഭിച്ച മധു ഒരിക്കല്‍ പോലും പേരിനു മുന്നില്‍ പത്മശ്രീ മധു എന്ന്‌ ചേര്‍ത്തിട്ടില്ല. എണ്‍പതാം പിറന്നാള്‍ ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസം മന്ത്രി ശിവകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ ആശംസകള്‍ നേരാന്‍ തറവാട്ട്‌ വീട്ടില്‍ എത്തിയിരുന്നു.

-എസ്‌.എം
മലയാളത്തിന്റെ സര്‍വ്വകലാവല്ലഭന്‌ എണ്‍പതിന്റെ നിറവ്‌
Join WhatsApp News
Sudhir Panikkaveetil 2013-09-22 06:09:24
നിലാവിന്റെ നാട്ടിൽ നിശാഗന്ധി പൂക്കുമ്പോൾ കടപ്പുറത്തിരുന്നു പാടുന്ന നിത്യ പ്രണയ നായകൻ പിറന്നാളുകൾ അദ്ദേഹത്തെ വയസ്സനാക്കുന്നില്ല. ജന്മദിന ആശംസകൾ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക