Image

ഇന്ത്യയും ജര്‍മനിയും തമ്മില്‍ സാമൂഹ്യസുരക്ഷാ കരാറില്‍ ഒപ്പുവെച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 14 October, 2011
ഇന്ത്യയും ജര്‍മനിയും തമ്മില്‍ സാമൂഹ്യസുരക്ഷാ കരാറില്‍ ഒപ്പുവെച്ചു
ബര്‍ലിന്‍: ഇന്ത്യയും ജര്‍മനിയും തമ്മില്‍ സാമൂഹിക സുരക്ഷാ കരാറില്‍ ഒപ്പുവെച്ചു. ബര്‍ലിനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, ജര്‍മന്‍ തൊഴില്‍, സാമൂഹ്യവകുപ്പ്‌ മന്ത്രി ഡോ. ഉര്‍സുല വോണ്‍ ഡെര്‍ ലയേന്‍ എന്നിവരാണ്‌ ഇരുരാജ്യങ്ങള്‍ക്കുവേണ്‌ടി കരാറില്‍ ഒപ്പിട്ടത്‌.

ഇരുരാജ്യങ്ങളും തമ്മില്‍ 2008 ഒക്‌ടോബറില്‍ തുടക്കമിട്ട കരാറിന്റെ പൂര്‍ത്തീകരണമാണ്‌ പുതിയ കരാര്‍. ഇതനുസരിച്ച്‌ ജര്‍മനിയില്‍ ഡപ്യൂട്ടേഷനില്‍ എത്തി ജോലിചെയ്യുന്ന ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക്‌ ജര്‍മന്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സാമൂഹ്യപരിരക്ഷ ഉറപ്പായി ലഭിയ്‌ക്കും. മുന്‍പ്‌ ഷോര്‍ട്ട്‌ ടേം(അഞ്ചു വര്‍ഷത്തില്‍ താഴെ) കാലാവധിയില്‍ ഇന്‍ഡ്യന്‍ കമ്പനികള്‍ മുഖേന ജര്‍മനിയില്‍ ജോലിക്കെയ്‌ത്തിയ ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക്‌ ജര്‍മന്‍ സര്‍ക്കാരിന്റെ സാമൂഹ്യ പരിരക്ഷാ കവറേജ്‌ ഉണ്‌ടായിരുന്നില്ല. എന്നാല്‍ പുതിയകരാറനുസരിച്ച്‌ മേലില്‍ ഇത്‌ ലഭ്യമാവും. ഇത്തരം ജോലിക്കാര്‍ ജര്‍മനിയില്‍ എത്തിയ ശേഷം മറ്റൊരു രാജ്യത്തേയ്‌ക്കു പകരക്കാരായി പോയാലും മേലില്‍ ഈ കവറേജിന്‌ അര്‍ഹത ഉണ്‌ടായിരിയ്‌ക്കും. ജര്‍മനിയിലെ കോണ്‍ട്രാക്‌ട്‌ കഴിഞ്ഞതിനുശേഷം തിരികെ ഇന്‍ഡ്യയില്‍ എത്തിയാലും ജര്‍മനിയില്‍ ജോലിചെയ്‌ത കാലയളവിന്റെ അടിസ്ഥാനത്തില്‍ ഈ ആനുകൂല്യം ല?ിയ്‌ക്കുമെന്നും കരാറില്‍ പറയുന്നു.

ജര്‍മനിയില്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിയ്‌ക്കുന്ന ഇന്‍ഡ്യക്കാര്‍ തിരികെ ഇന്‍ഡ്യയിലെത്തി സ്ഥിരതാമസമാക്കിയാലും ഈ ആനുകൂല്യം ലഭിയ്‌ക്കും. പെന്‍ഷന്‍ ഫണ്‌ടിലേയ്‌ക്ക്‌ അടച്ച തുകയുടെ കാലയളവ്‌ കണക്കാക്കിയായിരിയ്‌ക്കും പെന്‍ഷന്റെ മൂല്യനിര്‍ണ്ണയം നടത്തുന്നത്‌.

ഇന്‍ഡ്യയും ജര്‍മനിയും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചിട്ട്‌ 60 വര്‍ഷമായി. ഏതാണ്‌ട്‌ 68,500 ഇന്‍ഡ്യാക്കാര്‍ ജര്‍മനിയിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നുണ്‌ട്‌. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമൂഹികസുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്ന പുതിയ ഈ കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ കമ്പനികള്‍ നിരവധി ജോലിക്കാരെ ജര്‍മനിയിലേയ്‌ക്ക്‌ അയക്കുമെന്നുറപ്പാണ്‌. കാരണം കമ്പനികള്‍ നല്‍കുന്ന സാമൂഹ്യസുരക്ഷാ പാക്കേജ്‌ കൂടാതെ ഇത്തരക്കാര്‍ക്ക്‌ മേലില്‍ ജര്‍മന്‍ സര്‍ക്കാരിന്റെ സാമൂഹ്യപരിരക്ഷയും ലഭിയ്‌ക്കും. ജര്‍മനിയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്‌ത്‌ റിട്ടയര്‍ചെയ്‌ത ശേഷം നാട്ടിലേയ്‌ക്കു തിരിച്ചു പോയ ഇന്‍ഡ്യാക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്‌ നാട്ടില്‍ ജര്‍മന്‍ പെന്‍ഷന്‍ ലഭിച്ചിരുന്നെങ്കിലും സാധാരണ ലഭിയ്‌ക്കുന്നതില്‍ നിന്ന്‌ തീര്‍ത്തും കുറഞ്ഞ തുകയാണ്‌(ശതമാനം കുറച്ച്‌) പെന്‍ഷനായി ലഭിച്ചിരുന്നത്‌. എന്നാല്‍ ഈ കരാറോടുകൂടി ഇത്തരക്കാര്‍ക്ക്‌ മുഴുവന്‍ തുകയും പെന്‍ഷനായി ലഭിയ്‌ക്കും. എന്നാല്‍ ജര്‍മന്‍ പൗരത്വം നേടിയശേഷം ഇന്‍ഡ്യയില്‍ തിരികെപ്പോയാലും മുഴവന്‍ പെന്‍ഷനും ലഭിയ്‌ക്കുകയും ചെയ്യും.

ബല്‍ജിയം, ഫ്രാന്‍സ്‌, സ്വിറ്റ്‌സര്‍ലണ്‌ട്‌, നെതര്‍ലാന്‍ഡ്‌സ്‌, ലക്‌സംബര്‍ഗ്‌, ഹംഗറി, ഡെന്‍മാര്‍ക്ക്‌, ചെക്ക്‌ റിപ്പബ്‌ളിക്‌, നോര്‍വേ, കൊറിയ എന്നീ രാജ്യങ്ങളുമായി ഇന്‍ഡ്യ ഏതാണ്‌ട്‌ ഇതേതരത്തിലുള്ള കരാര്‍ ഉണ്‌ടാക്കിയിട്ടുണ്‌ട്‌. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ഇക്കഴിഞ്ഞ മെയില്‍ നടത്തിയ ഇന്‍ഡ്യാ സന്ദര്‍ശന വേളയില്‍ 20 ബില്യന്‍ ഡോളര്‍ വ്യാപാരകരാറില്‍ ഒപ്പുവെച്ചിരുന്നു.
ഇന്ത്യയും ജര്‍മനിയും തമ്മില്‍ സാമൂഹ്യസുരക്ഷാ കരാറില്‍ ഒപ്പുവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക