Image

പത്രസംസ്‌ക്കാരത്തിനും മൂല്യച്യുതിയോ? -പി.പി.ചെറിയാന്‍

ഇ-മലയാളി എക്‌സ്‌ക്ലൂസീവ് Published on 20 September, 2013
പത്രസംസ്‌ക്കാരത്തിനും മൂല്യച്യുതിയോ? -പി.പി.ചെറിയാന്‍
പത്രധര്‍മ്മത്തെക്കുറിച്ചും, പത്രപ്രവര്‍ത്തകരെ കുറിച്ചും സമൂഹത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. യഥാര്‍ത്ഥ പത്രധര്‍മ്മവും, പത്രപ്രവര്‍ത്തകരും എങ്ങനെയുള്ളവരായിരിക്കണം എന്നു വ്യക്തമായ കാഴ്ചപാടുകള്‍ ബോധപൂര്‍വ്വം വിസ്മരിച്ചു മുന്നോട്ടു പോകുന്ന ശോചനീയമായ ഒരു അവസ്ഥാ വിശേഷണമാണ് മാധ്യമരംഗത്ത് ഇന്ന് നിലനില്‍ക്കുന്നത്. ഇതില്‍ നിന്നും ഒരു തിരിച്ചുവരവ് അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു. പത്രധര്‍മ്മത്തെകുറിച്ചും, പത്രപ്രവര്‍ത്തകരെ കുറിച്ചും പൊതുജനമദ്ധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുവാന്‍ ഇതു അനിവാര്യവുമാണ്.

വാര്‍ത്താമാധ്യമങ്ങള്‍ ഒരു സംസ്‌ക്കാരത്തിന്റെ മുഖമുദ്രയാണ്; സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഒരു മാറാവ്യാധിപോലെ ദൃശ്യമായികൊണ്ടിരിക്കുന്ന മൂല്യച്യുതികളിലേക്ക് വെളിച്ചം വീശി അവയെ നേര്‍വഴിയിലേക്ക് നയിക്കേണ്ട വഴിവിളക്കുകളാണ്. പത്രധര്‍മ്മം എന്ന വാക്കിന്റെ അര്‍ത്ഥംപോലും ഇന്ന് ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. പത്രധര്‍മ്മം പാലിക്കുന്നവനായിരിക്കും യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍ എന്നായിരുന്നു ഇതുവരെയുള്ള അിറവ്. ഇതില്‍ നിന്നും വ്യതിചലിച്ചു തരം താഴ്ന്ന നിലയില്‍ നമ്മുടെ പത്രസംസ്‌ക്കാരം എത്തിനിലക്കുന്നു. പ്രാരംഭ കാലഘട്ടത്തില്‍ നാടിന്റെ സ്പന്ദനം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പത്രധര്‍മ്മം എന്ന് വിശ്വസിക്കുകയും, അതിനനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിച്ച് സത്യസന്ധതയുടെ ഒരു തരിമ്പുപോലും പ്രകടപ്പിക്കാതെ പൊടിപ്പും തൊങ്ങലും വെച്ച് തന്മയത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വാക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിന് വാര്‍ത്താമാദ്ധ്യങ്ങള്‍ പരസ്പരം മത്സരിക്കുകയാണ്. പത്രപ്രവര്‍ത്തനവും, പത്രധര്‍മ്മവും ഇന്ന് വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം. പണവും, സ്വാധീനവും ഉളളവന് എന്തും വിലകൊടുത്ത് എഴുതി പിടിപ്പിക്കാവുന്ന വെറും കടലാസ്സുകഷ്ണമായി പത്രങ്ങള്‍ അധഃപതിച്ചിരിക്കുന്നു.

സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും, ഉദ്ധരിക്കുന്നതിനും വേണ്ടി പത്രപ്രവര്‍ത്തകരില്‍ ചിലരെങ്കിലും തയ്യാറാക്കുന്ന വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കാതെ ഉള്‍പേജുകളില്‍ വലിയപ്പെടുമ്പോള്‍, സ്ത്രീപീഡനവും, കൊലപാതകവും അക്രമരാഷ്ട്രീയവും, ഗുണ്ടായിസവും ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ പത്രത്തിന്റെ മുന്‍പേജുകളില്‍ സ്ഥാനം പിടിക്കുന്ന ആസ്വാദ്യതയോടെ ഇത്തരം വാര്‍ത്തകള്‍ വായിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നത് വായനക്കാരാണോ, അതോ വാണിജ്യവല്‍ക്കരണത്തിന്റെ പേരില്‍ സാധാരണ ജനങ്ങളെ വിഡ്ഢികളാക്കുന്ന
പത്രപ്രവര്‍ത്തകരാണോ ഇതിനുത്തരവാദികള്‍!

പത്രധര്‍മ്മം പാടെ ഉപേക്ഷിച്ചു, മനുഷ്യ മനസ്സിലെ മൃദുലവികാരങ്ങളെ ചൂക്ഷണം ചെയ്യുന്ന പൊടിപ്പും, തൊങ്ങലും, വെച്ച വാര്‍ത്തകള്‍ കുത്തിനിറക്കുന്ന മാധ്യമങ്ങളും, പത്രപ്രവര്‍ത്തകരും, പത്രസംസ്‌ക്കാരത്തിന്റെ അന്തകരാണെന്ന് വിശേഷിപ്പിക്കുന്നതില്‍ യാതൊരു അപാകതവയുമില്ല. സത്യസന്ധമായ വാര്‍ത്തകള്‍ പച്ചയായി എഴുതിയാല്‍ കിട്ടുന്ന വായനക്കാര്‍ വളരെ വിരളമാണെങ്കില്‍ പോലും അതിനൊരു അന്തസ്സും, അഭിമാനവും ഉണ്ട് എന്നതില്‍ തര്‍ക്കമില്ല.

രാഷ്ട്രീയ പാര്‍ട്ടികളുടെ അമിതമായ സ്വാധീനം പത്രധര്‍മ്മത്തേയും, പത്രപ്രവര്‍ത്തകരേയും തെറ്റായ ദിശയിലേക്ക് നയിക്കുന്നു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. പൊതുജനങ്ങളില്‍ പ്രചുര പ്രചാരം ലഭിച്ച പല പത്രങ്ങളും ഇന്ന് ഓരോ രാഷ്ട്രീയകക്ഷിയുടെ അധീനതയിലാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങളുടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും, അഴിമതിയും മറച്ചുവെക്കുന്നതിന് മറ്റൊരു വിധത്തില്‍ വെള്ളപൂശി പൊതുജനങ്ങളൈ തെറ്റിദ്ധരിപ്പിക്കുന്നതിനുമുള്ള ഒരു മറയായി മാധ്യമങ്ങളെ മാറ്റിയിരിക്കുന്നു. സാധാരണക്കാരുടെ ദുരിതങ്ങളും, ദുഃഖങ്ങളും, അധികാര കേന്ദ്രങ്ങളില്‍ എത്തിച്ചു പരിഹാരം നേടികൊടുക്കേണ്ട മാധ്യമങങള്‍ ദൗത്യ നിര്‍വ്വണത്തില്‍ നിന്നും തീര്‍ത്തും വ്യതിചലിച്ചു രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി അധഃപതിച്ചിരിക്കുന്നത് പത്രധര്‍മ്മത്തെ പ്രാണവായു നല്‍കാതെ ഹിംസിക്കുന്നതിന് തുല്യമാണ്.

പത്രധര്‍മ്മത്തേയും മാധ്യമ പ്രവര്‍ത്തരേയും ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്തുന്നതില്‍ വായനക്കാരനും വിലപ്പെട്ട പങ്ക് വഹിക്കുവാനുണ്ട്. നിലാവരം കുറഞ്ഞ് വാര്‍ത്തകള്‍ സ്ഥിരമായി പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ വായിക്കുന്നതില്‍ നിന്നും വായനക്കാര്‍ മാറിനില്‍ക്കണം. ഇപ്രകാരം വായനക്കാരില്‍ നുരഞ്ഞുപൊന്തുന്ന അസംതൃപ്തി മാധ്യമങ്ങളെ ഒരു പക്ഷേ പുനര്‍ചിന്തനത്തിലേക്ക് നയിക്കാം. പ്രാരംഭ കാലഘട്ടത്തില്‍ ജനഹൃദയങ്ങളില്‍ സ്ഥായിയായ സ്ഥാനവും, സല്‍പേരും നേടിയെടുക്കുന്നതിന് മാധ്യമങ്ങള്‍ ഉയര്‍ത്തിപിടിച്ച സംസ്‌ക്കാരത്തിന്റെ പൈതൃകം ഭാവിതലമുറയിലേക്ക് പകര്‍ന്നു നല്‍കേണ്ട ഉത്തരവാദിത്വം ഒരു വെല്ലുവിളിയായി സ്വീകരിക്കുവാന്‍ മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും മുന്നോട്ടു വരേണ്ടിയിരിക്കുന്നു. മാധ്യമധര്‍മ്മവും, മാധ്യമ പ്രവര്‍ത്തകരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന ബോധ്യം വരുമ്പോഴാണ് പത്രസംസ്‌ക്കാരത്തിന്‌റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യം വീണ്ടെടുക്കുവാന് സാധിക്കുക. ആര്‍ഷഭാരതം കെട്ടിപടുത്ത പത്രസംസ്‌ക്കാരം തീക്കൂനയിലേക്ക് വലിച്ചെറിയുന്നതിന് മുമ്പ് മാറോടണച്ചു സംരക്ഷിക്കുവാന്‍ ഒറ്റക്കെട്ടായി മൂന്നേറാം.


പത്രസംസ്‌ക്കാരത്തിനും മൂല്യച്യുതിയോ? -പി.പി.ചെറിയാന്‍
Join WhatsApp News
Peter Neendoor 2013-09-23 07:39:29
Ithilum rookshamaya vimarsanangal undayittum aarum nannayittilla.  Ellaam vyavasaayam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക