Image

മുട്ടത്തുവര്‍ക്കിയെപ്പറ്റിയുള്ള ഹൃസ്വചിത്രം ഒക്ടോബര്‍ 28-നു പ്രദര്‍ശനത്തിനെത്തും

Published on 21 September, 2013
മുട്ടത്തുവര്‍ക്കിയെപ്പറ്റിയുള്ള ഹൃസ്വചിത്രം ഒക്ടോബര്‍ 28-നു പ്രദര്‍ശനത്തിനെത്തും
തിരുവനന്തപുരം: പ്രശസ്‌ത സാഹിത്യകാരന്‍ മുട്ടത്തുവര്‍ക്കിയെപ്പറ്റിയുള്ള ഹൃസ്വചിത്രം തയാറായിവരുന്നു. ചിത്രം ഒക്ടോബര്‍ 28-നു പ്രദര്‍ശനത്തിനെത്തുമെന്ന്‌ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, സിനിമാ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ
മുട്ടത്തു വര്‍ക്കിയുടെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതരേഖയുടെ പശ്ചാത്തലത്തില്‍ മലയാള വായനയുടെ ചരിത്രഗതിയെ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്നതാണു ഡോക്കുമെന്ററി.

28 സിനിമകള്‍ക്കു മുട്ടത്തുവര്‍ക്കി തിരക്കഥയെഴുതി. ജനപ്രിയ സിനിമകള്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി. സാധാരണ ജീവിതവുമായി അഭേദ്യബന്ധം പുലര്‍ത്തിയിരുന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുട്ടത്തു വര്‍ക്കിയുമായി അടുത്തിഴപഴകിയിരുന്ന നാട്ടുകാരുടെ ഓര്‍മകളിലൂടെയും അനുഭവാവിഷ്‌കാരത്തിലൂടെയുമാണു ഡോക്കുമെന്ററി ചിത്രീകരിച്ചിട്ടുള്ളത്‌. മുട്ടത്തു വര്‍ക്കിയോടൊപ്പം സിനിമയിലും നാടകത്തിലും മറ്റുമേഖലകളിലും പ്രവര്‍ത്തിച്ചവര്‍ ഓര്‍മകളുമായി രംഗത്തു വരുന്നുണ്‌ട്‌.

മുട്ടത്തു വര്‍ക്കിയുടെ ബാല്യം മാസ്റ്റര്‍ ആരോണും യൗവനം മുട്ടത്തു വര്‍ക്കിയുടെ ചെറുമകന്‍ അടൂര്‍ ബിബിനും വാര്‍ധക്യം തൃശൂര്‍ ചന്ദ്രനുമാണ്‌ അവതരിപ്പിക്കുന്നത്‌. നാലര വര്‍ഷം രോഗാതുരനും ശയ്യാവലംബിയുമായി കഴിഞ്ഞ തൃശൂര്‍ ചന്ദ്രന്റെ അഭിനയ ജീവിതത്തിലേക്കുള്ള രണ്‌ടാം വരവാണു മുട്ടത്തു വര്‍ക്കി ഡോക്കുമെന്ററി. മുട്ടത്തു വര്‍ക്കിയുമായുള്ള രൂപസാദൃശ്യമാണു തൃശൂര്‍ ചന്ദ്രനെ തെരഞ്ഞെടുക്കാന്‍ ഇടയാക്കിയത്‌. മുട്ടത്തു വര്‍ക്കിയുടെ ഭാര്യ തങ്കമ്മച്ചിയുടെ വേഷം ചെയ്‌തത്‌ നാടക, സീരിയല്‍ നടി വത്സലാ ജയിംസാണ്‌.

വിഷന്‍ 3000-ന്റെ ബാനറില്‍ കഥ- മുട്ടത്തുവര്‍ക്കിയെന്നു പേരു നല്‍കിയിരിക്കുന്ന ഡോക്കുമെന്ററി സംവിധാനം ചെയ്യുന്നത്‌ റോയ്‌ പി. തോമസാണ്‌. ഭരതന്‍, പത്മരാജന്‍ ചിത്രങ്ങളില്‍ കലാസംവിധായകനായിരുന്നു റോയ്‌ പി. തോമസ്‌.കഥാകൃത്ത്‌ അപ്പുക്കുട്ടന്‍ ചെത്തിപ്പുഴയാണു ചിത്രത്തിന്റെ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ഒക്ടോബര്‍ 28-നു പ്രദര്‍ശനത്തിനെത്തും. മുട്ടത്തു വര്‍ക്കിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ 25 ചെറുമക്കള്‍ ഒത്തുചേര്‍ന്നു സമര്‍പ്പിക്കുന്ന സ്‌മരണാഞ്‌ജലിയാണ്‌ ഈ ചിത്രം.

ചെന്നൈ, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, ഈരാറ്റുപേട്ട, ചങ്ങനാശേരി ചെത്തിപ്പുഴ, അടൂര്‍ പ്രദേശങ്ങളിലാണു ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക