Image

സി.ടി. തോമസിന്റെ (കുട്ടപ്പന്‍, ഹ്യൂസ്റ്റന്‍) പച്ചക്കറിത്തോട്ടം സൂപ്പര്‍ഹിറ്റ്

എ.സി. ജോര്‍ജ് Published on 25 September, 2013
സി.ടി. തോമസിന്റെ (കുട്ടപ്പന്‍, ഹ്യൂസ്റ്റന്‍) പച്ചക്കറിത്തോട്ടം സൂപ്പര്‍ഹിറ്റ്
ഹ്യൂസ്റ്റന്‍ : ഏതാണ്ട് 40 വര്‍ഷമായി, നീണ്ടകാലം ഹ്യൂസ്റ്റനില്‍ വസിക്കുന്ന സി.റ്റി. തോമസ് ഇവിടത്തെ മലയാളികളില്‍ ഒരു ആദ്യ നിവാസിയായിട്ടാണ് അറിയപ്പെടുന്നത്. കേരളത്തിലെ മല്ലപ്പിള്ളിയില്‍ നിന്ന് 1972ല്‍ ഹ്യൂസ്റ്റനിലെത്തിയ സി.റ്റി. തോമസ് മലയാളികളുടെ ഇടയില്‍ കുട്ടപ്പന്‍, ഹ്യൂസ്റ്റന്‍ എന്ന ഓമനപ്പേരിലാണ് വിളിയ്ക്കപ്പെടുന്നത്. ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള ഡൗകണ്‍ട്രി സബ് ഡിവിഷനിലുള്ള കുട്ടപ്പന്റെ വീടിന്റെ ബാക്ക് യാര്‍ഡിലുള്ള നയനാന്ദകരവും ഹരിതാഭവുമായ പച്ചക്കറി അടുക്കളത്തോട്ടം മലയാളികളുടെ ഇടയില്‍ പ്രസിദ്ധമാണ്. മലയാളികള്‍ മാത്രമല്ല ഇതരവിഭാഗങ്ങളില്‍പ്പെട്ട അയല്‍പക്കക്കാരും സന്ദര്‍ശകരും കുട്ടപ്പന്റെ വേറിട്ട ശൈലിയിലുള്ള പച്ചക്കറി കൃഷിയുടെ മനോഹാരിതയും കരവിരുതും നോക്കി ആശ്ചര്യം പ്രകടിപ്പിക്കാറുണ്ട്. തനി കേരളീയവും അമേരിക്കന്‍ കൃഷിരീതികളും ചേരുംപടി ചേര്‍ത്ത് സമ്മളിതമായ ഒരു കൃഷിയാണ് കുട്ടപ്പന്‍ അവലംബിച്ചിരിക്കുന്നത്. പതിവുപോലെ ഇക്കൊല്ലവും ഡൗകണ്‍ട്രി സബ്ഡിവിഷന്‍ നിവാസികളുടെ 'കര്‍ഷകോത്തമ' പട്ടവും പുരസ്‌ക്കാരവും കുട്ടപ്പന് സ്വന്തം.

താന്‍ വിണ്ണിന്റെയും മണ്ണിന്റെയും മകനാണ്. കുട്ടപ്പന്‍ അവകാശപ്പെടുന്നു. നമ്മള്‍ മണ്ണിനേയും കൃഷി ലതാദികളേയും സ്‌നേഹിക്കണം, നട്ടുവളര്‍ത്തി പരിപോഷിപ്പിയ്ക്കണം, പരിലാളിയ്ക്കണം. കൃഷിചെടികള്‍ക്കും ജീവനുണ്ട്. അവ നമ്മുടെ സന്തതസഹചാരികളാണ്. മണ്ണും, കൃഷിഫലവര്‍ഗ്ഗങ്ങളും ഈശ്വരന്റെ വരദാനങ്ങളാണ്. അവയെ പരിപോഷിക്കുന്നതുവഴി, നമ്മള്‍ ഈശ്വരനെയാണ് ആരാധിക്കുന്നത്. മനുഷ്യരായ നമ്മളും ഒരുപിടി മണ്ണുതന്നെയല്ലെ. കുട്ടപ്പന്‍ എന്ന ചെറുകിട കര്‍ഷകന്റെ ബോധമലര്‍ക്കാവില്‍ നിന്ന് അനേകം തത്വചിന്തകര്‍ നാവിലൂടെ വെളിയില്‍ വന്നു.

കുട്ടപ്പന്‍ കൃഷിയ്ക്ക് നൂറുശതമാനവും ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. ഹ്യൂസ്റ്റന്റെ പ്രാന്തപ്രദേശത്തുള്ള ചില കന്നുകാലി ഫാമില്‍ പോയി ചാണകം, കോഴിഫാമില്‍ നിന്ന് കോഴിക്കാഷ്ഠം, ആട്ടിന്‍ ഫാമില്‍ നിന്ന് ആട്ടിന്‍കാഷ്ഠം തുടങ്ങിയവ ഫ്രീയായി വാരികൊണ്ടുവരും. വീട്ടില്‍ നിന്നു കിട്ടുന്ന ചായ, കാപ്പി തുടങ്ങിയവയുടെ മട്ട്, മുട്ടത്തോട്, കഞ്ഞിവെള്ളം, മീന്‍കടകളില്‍ നിന്ന് മീന്‍ വെട്ടിയശേഷം വെറുതെ കളയുന്ന മല്‍സ്യങ്ങളുടെ തല, വാല്‍, കുടല്‍ മറ്റ് അവശിഷ്ടങ്ങള്‍ എല്ലാം കുട്ടപ്പന്‍ വളമായി ഉപയോഗിക്കും. വിത്തുഗുണം പത്തുഗുണം എന്ന രീതിയില്‍ കൃഷിക്കായി ഏറ്റവും മുന്തിയ ഇനം വിത്തുകള്‍ തെരഞ്ഞെടുത്ത് ശരിയായ രീതിയില്‍ മണ്ണ് ഒരുക്കിയശേഷം കാലോചിതവും ശാസ്ത്രീയവുമായ പച്ചക്കറി കൃഷിയാണ് കുട്ടപ്പന്‍ അവലംബിക്കുന്നത്. കുട്ടപ്പന്റെ കൃഷിയുടെ ജീവനും കരുത്തും ശക്തിയും മനോഹാരിതയും ഒന്നു കാണേണ്ടതു തന്നെയെന്ന് സമീപവാസികള്‍ പറയുന്നു.

ഈ ലേഖകന്‍ കുട്ടപ്പന്റെ പച്ചക്കറി കൃഷിയുടെ മലര്‍ത്തോപ്പിലെത്തുമ്പോള്‍ മധുരിക്കുന്ന ഒരോണപ്പാട്ടുമായി തന്റെ കൃഷികളെ തഴുകി തലോടി സംവേദനം നടത്തുകയായിരുന്നു കുട്ടപ്പന്‍. പൂത്തുലഞ്ഞു നില്‍ക്കുന്ന ഫലഭൂയിഷ്ടമായ കായ്കറികള്‍, പാവല്‍, പടവലം, കുമ്പളം, ചേന, ചേമ്പ്, നത്തോലിക്ക, വെണ്ട, ചീര, മത്തന്‍, കരിമ്പ്, പയര്‍, പേര, മുന്തിരി, ആപ്പിള്‍, ജീരകം, പീച്ച്, പ്ലാവ്, മാവ്, കരിവേപ്പ്, മുരിങ്ങ എല്ലാം കുട്ടപ്പന്റെ പച്ചക്കറിത്തോപ്പില്‍ മാന്യമായ സ്ഥാനം പിടിച്ചിരിക്കുന്നു. കായ്കറി വിഭവങ്ങള്‍ നിര്‍ലോഭമായി കുട്ടപ്പന്‍ സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും പങ്കുവെക്കുന്നു. കുട്ടപ്പന്‍ അടുക്കളയിലേക്ക് ഒരു പച്ചക്കറിയും വിലകൊടുത്തു വാങ്ങാറില്ലെന്നു മാത്രമല്ല കടകളിലേക്ക് വില്പനയും നടത്തുകയാണ് പതിവ്. കുട്ടപ്പന്റെ അടുക്കള ആരാമത്തിലെ വിഭവങ്ങള്‍ എന്നും സൂപ്പര്‍ഹിറ്റാണ്. അതുപോലെ അണ്ണാന്‍, തൊണ്ണാന്‍, റാബിറ്റ്, പ്രാവ്, വവ്വാല്‍, എലി എന്നിവയുടെ വിളയാട്ടിനൊപ്പം പക്ഷികളുടെ കളകളാരവവും നിത്യസംഭവങ്ങളാണ്. കുറെ കൃഷിവിഭവങ്ങളെല്ലാം ആ ജീവജാലങ്ങള്‍ തിന്നുന്നതിലും കുട്ടപ്പന് പരാതിയില്ല. അവറ്റകളും ജീവിച്ചുപോട്ടെ എന്ന മനസ്ഥിതിയാണ് നിര്‍ദ്ദോഷിയായ ഈ കര്‍ഷകോത്തമനുള്ളത്. ചില അവസരങ്ങളില്‍ പൂര്‍ണ്ണമായി അവറ്റകള്‍ തിന്നുനശിപ്പിക്കുമ്പോള്‍ കുട്ടപ്പന്‍ എലിപ്പെട്ടി വെയ്ക്കാനും തോക്കെടുത്ത് അവറ്റകളെ വെടിവെച്ചിടാനും മടിക്കാറില്ല. ഹ്യൂസ്റ്റനിലെ വിവിധ ജലാശയങ്ങളില്‍ മല്‍സ്യബന്ധനത്തിനും കുട്ടപ്പന്‍ പോകാറുണ്ട്. മല്‍സ്യവും കുട്ടപ്പന്‍ കുടുംബത്തിന്റെ ഇഷ്ടഭോജ്യമാണ്.
അര്‍ദ്ധനഗ്നനായി തനിനാടന്‍ കൃഷി ഉപകരണങ്ങളുമായി വിയര്‍പ്പൊഴുക്കി മണ്ണിനെ ഓമനിക്കുന്ന കുട്ടപ്പന്‍ യഥാര്‍ത്ഥത്തില്‍ മണ്ണിനെ പൊന്നാക്കുകയാണ്. ബാക്ക് യാര്‍ഡിലാണെങ്കില്‍ പോലും കൃഷിയില്‍ ഇപ്പോഴും അനന്തസാധ്യതകള്‍ ഉണ്ടെന്നാണ് കുട്ടപ്പന്റെ അഭിപ്രായം. കുട്ടപ്പന്റെ സഹധര്‍മ്മിണി ബ്രിജിറ്റു തോമസും ഒരു പരിധിവരെ സഹായിക്കാറുണ്ടെന്നാണ് കുട്ടപ്പന്‍ പറഞ്ഞത്. ഈ ദമ്പതികള്‍ക്ക് ആന്റണി തോമസ്, എബ്രഹാം തോമസ് എന്ന രണ്ടു മക്കളാണുള്ളത്. കുട്ടപ്പന്‍ റഗുലര്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനാല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ രണ്ടു മാസത്തേക്ക് നാട്ടില്‍ പോകാറുണ്ട്. നാട്ടിലെ കൃഷിയില്‍ ശരിയായി ശ്രദ്ധിക്കാന്‍ പറ്റാത്തതില്‍ അദ്ദേഹത്തിന് പരിഭവവും പ്രയാസവുമുണ്ട്.



സി.ടി. തോമസിന്റെ (കുട്ടപ്പന്‍, ഹ്യൂസ്റ്റന്‍) പച്ചക്കറിത്തോട്ടം സൂപ്പര്‍ഹിറ്റ്സി.ടി. തോമസിന്റെ (കുട്ടപ്പന്‍, ഹ്യൂസ്റ്റന്‍) പച്ചക്കറിത്തോട്ടം സൂപ്പര്‍ഹിറ്റ്സി.ടി. തോമസിന്റെ (കുട്ടപ്പന്‍, ഹ്യൂസ്റ്റന്‍) പച്ചക്കറിത്തോട്ടം സൂപ്പര്‍ഹിറ്റ്
Join WhatsApp News
Mani Skaria 2013-09-25 16:45:36
Good job Kuttappan. 

Nice work, nice article

Mani Skaria
McAllen, TX
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക