Image

ഫെയ്‌സ്ബുക്കിലെ ഫ്രണ്ട് (കഥ: പൊന്നോലി)

പൊന്നോലി Published on 23 September, 2013
 ഫെയ്‌സ്ബുക്കിലെ ഫ്രണ്ട് (കഥ:  പൊന്നോലി)
അന്നക്കുട്ടി  രാവിലെ എഴുന്നേറ്റു കുരിശുവര കഴിഞ്ഞ് അടുക്കളയില്‍  കയറും.

ആവശ്യമുള്ളതും ഇല്ലാത്തതുമായ പാത്രങ്ങള്‍ നിരത്തി വയ്ക്കും. പിന്നെ കാപ്പി അനത്ത്.

അപ്പോഴായിരിക്കും മത്തായി വായിക്കോട്ട വിട്ട് എഴുന്നേറ്റുവന്ന് നേരെ കമ്പ്യൂട്ടറിന്റെ മുന്‍പിലേക്ക് പോകുന്നത്. പല്ലു തേക്കാനും ബാത്ത് റൂമില്‍ പോകാനും ഐപാഡും കൊണ്ടാണ്  യാത്ര. അന്നക്കുട്ടിക്ക് അത് ഒട്ടും സുഖിക്കുന്നില്ല. പണ്ടൊക്കെ എഴുന്നേറ്റു വന്നാലുടന്‍  ചക്കരേ കരളേ എന്നു പറഞ്ഞു കൂടുമായിരുന്നു. ഇപ്പോള്‍ ചക്കരയും കരളും ഒക്കെ ആ കുന്ത്രാണ്ടം  ആണ്.

കമ്പ്യൂട്ടറൊക്കെ വരുന്നതിനു മുന്‍പ് മത്തായി എപ്പോഴും ടി. വി. യുടെ മുന്‍പില്‍ ആയിരുന്നു പ്രതിഷ്ഠ.  അതു പോയി ഓഫ് ചെയ്തു  മത്തായിയോടു  കലി  തീര്‍ക്കുമായിരുന്നു.  ഈ ഐപാഡ് എന്ത് ചെയ്യും?


തന്റെ അരിശം തീര്‍ക്കാന്‍ അടുക്കളയിലെ പാത്രങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടി കുറെ ശബ്ദം ഉണ്ടാക്കി. എന്നിട്ടും മത്തായി ശ്രദ്ധിക്കുന്ന ലക്ഷണമില്ല.


രണ്ടും കല്പിച്ചു അന്നക്കുട്ടി  തീരുമാനിച്ചു ഒരു ഡിറ്റെക്റ്റീവ് വേഷം കെട്ടാന്‍. ഈ ഐപാഡ് എന്ന കുന്തം കൊണ്ട് മത്തായി എന്താണ് ചെയ്യുന്നത് എന്നറിയണം.

സ്‌ക്രീനില്‍ ഒളിഞ്ഞു നോക്കിയപ്പോള്‍ തരുണീ മണികളുടെ ഫോട്ടോ.

'രാവിലെ തുടങ്ങും ഈ കുന്തം കൊണ്ടൊരിരുപ്പു.  ഹേ മനുഷ്യാ, എന്തോന്നാ ഇതും കൊണ്ട് ചെയ്യുന്നത്?'

'എടീ അന്നക്കുട്ടി, ഇതു കമ്പ്യൂട്ടര്‍ യുഗമാണ്.  ഫേസ് ബുക്ക് ഇല്ലേല്‍  ഇപ്പോള്‍ ജീവിക്കാന്‍ പറ്റുകേല.'

'ബുക്കേലെ  ഫേസ്‌കള്‍ ഞാന്‍ കണ്ടു.  ഏത് അവളാ ഇപ്പോള്‍ കൂടെ പൊറുതി?'

'അന്നക്കുട്ടി, ദൈവത്തിന് നിരക്കാത്തത് നീ പറയാതേ. അതെല്ലാം എന്റെ ഫ്രണ്ട്ന്‍സ്  ആണ്. '


2

അന്നക്കുട്ടി  പ്രതിഷേധം അറിയിക്കാന്‍ മഹാത്മജിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് നിസ്സഹകരണ പ്രസ്ഥാനം തുടങ്ങി.  അതിന്റെ ആദ്യ ഭാഗമായി 'ബ്രേക്ക് ഫാസ്റ്റ്' തയ്യാറാക്കാതെ നേരെ പള്ളിയിലേക്ക് തിരിച്ചു.

കുര്‍ബാന കഴിഞ്ഞു അച്ചനെ കണ്ടു.

'എന്റച്ചോ, അങ്ങേര്‍ ഇപ്പോള്‍ സ്ഥിരം കമ്പ്യൂട്ടറിന്റെ മുന്‍പിലാ'.

അച്ചന്‍ അന്നക്കുട്ടിയുടെ പക്ഷം കൂടി. വല്ലപ്പോഴും  അന്നക്കുട്ടിയില്‍നിന്നേ വല്ല പിരിവും പ്രതീക്ഷിക്കാവൂ.

'ശരിയാ.  മത്തായിയെ ഇപ്പോള്‍  പള്ളിയില്‍ കണ്ടിട്ടു  കുറേയായി.

ദൈവ വിചാരം ഇല്ലാതെ മനുഷ്യന്‍ നശിച്ചു കൊണ്ടിരിക്കുകയാ.  സൂക്ഷിക്കണം. '

വീട്ടില്‍ തിരിച്ചു വന്നപ്പോള്‍ മത്തായി ജോലിക്കു പോയിരുന്നു. അന്നക്കുട്ടി  ഒരുറച്ച തീരുമാനത്തിലെത്തി. എങ്ങനെയെങ്കിലും ഈ കമ്പ്യൂട്ടര്‍ എന്ന കുന്തം ഉപയോഗിക്കാന്‍ പഠിക്കുക. മത്തായിയുടെ മുന്‍പില്‍ തോല്‍ക്കുന്ന പ്രശ്‌നമില്ല. അതൊരു വാശിയാണ്.


സ്വന്തം കൂട്ടുകാരി ലിസ്സിയെ ഫോണില്‍ വിളിച്ചു.

'എടീ ലിസ്സീ, നീയെന്നെ ഒന്ന് സഹായിക്കണം. എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിക്കണം.'

ലിസ്സി കൂട്ടുകാരിയുടെ സദുദ്ദേശത്തെ അഭിനന്ദിച്ചു. അടുത്ത ദിവസങ്ങളില്‍ ലിസ്സി വീട്ടില് വന്നു കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുത്തു. ഒരു ഈമെയില്‍ അക്കൗണ്ട് തുടങ്ങി. അറിയാവുന്ന കൂട്ടുകാരികള്‍ക്കൊക്കെ  മെയില്‍ അയച്ചു.


അന്നക്കുട്ടിയുടെ കമ്പ്യൂട്ടറിനോടുള്ള പുതിയ സ്‌നേഹം മത്തായിയെ ആശ്ചര്യപ്പെടുത്തി. എനിക്കും കമ്പ്യൂട്ടറൊക്കെ അറിയാം എന്നുള്ള ഭാവത്തോടെയുള്ള അന്നക്കുട്ടിയുടെ കമ്പ്യൂട്ടറിന്റെ മുന്പിലുള്ള ആ ഇരിപ്പ് ഒന്ന് കാണേണ്ടതു തന്നെയായിരുന്നു.


ഈമെയിലില്‍ നിന്നും ഫേസ് ബുക്കിലേക്കുള്ള യാത്ര വളരെ വേഗത്തിലായിരുന്നു. താമസിയാതെ തന്നെ അന്നക്കുട്ടിക്ക് 100 ഫ്രണ്ട്‌സ്  ആയി.  അന്ന് ഫേസ് ബുക്കില്‍  കയറിയപ്പോള്‍ ഇതാ കിടക്കുന്നു ഒരു ഫ്രണ്ട് റിക്വെസ്റ്റ്. സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ തന്റെ സുഹൃത്ത് ആകാന്‍ ആഗ്രഹിക്കുന്നു. എലിവാണത്തിന്റെ വേഗതയില്‍ തന്നെ അത് സ്വീകരിച്ചു.


3

പിന്നെ മോഹന്‍ലാലിന്റെ ഈമെയിലും കാത്തുള്ള ഇരിപ്പായിരുന്നു ഓരോ ദിവസവും. ഇപ്പോള്‍ മത്തായിയെ പോലെ തന്നെ എഴുന്നേറ്റാലുടന്‍ കമ്പ്യൂട്ടറിന്റെ മുന്‍പില്‍ പോയി ഇരിക്കും.  അധികം താമസിച്ചില്ല മോഹന്‍ലാലിന്റെ മെയില്‍ വീണ്ടും. തന്റെ സുഹൃത്തായതില്‍ ലാലിന്റെ സന്തോഷം. പാരിതോഷികമായി 100 ഡോളര്‍.  ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫെര്‍ ചെയ്യും.  ലിങ്ക് ക്ലിക്ക് ചെയ്തു.  ആവശ്യപ്പെട്ടതനുസരിച്ചു  ബാങ്ക് അക്കൗണ്ടിന്റെ  വിവരങ്ങള്‍ ടൈപ്പ് ചെയ്തു 'സബ്മിറ്റ്' ചെയ്തു. പാസ്സ്‌വേര്‍ഡ് ചോദിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല. സാരമില്ല.  ആ 100 ഡോളര്‍ കിട്ടിയിട്ട് വേണം മത്തായിയുടെ മുന്‍പിലൊന്നു ഞെളിഞ്ഞു നില്ക്കാന്‍. സംഗതി അതു വരെ രഹസ്യമായിരിക്കണം.


കുറെ ദിവസങ്ങളായി മോഹന്‍ലാലിന്റെ മെയില്‍ വന്നിട്ട്.  ബാങ്കില്‍ പോയിട്ടും കുറെ നാളുകളായി. അന്നക്കുട്ടി  ബാങ്കിലേക്ക് തിരിച്ചു.  ആ 100 ഡോളര്‍ എടുത്തു ഒരു പുതിയ ഷൂസ് മേടിക്കണം. 30000 ഡോളര്‍ ബാലന്‍സ്  അവിടെ കിടക്കട്ടെ.


ബാങ്കിലെ സ്വീകരണം അത്ര പന്തിയായി തോന്നിയില്ല. ബാലന്‍സ്  വെറും 50 ഡോളര്‍. താന്‍ അറിയാതെ മത്തായി പണം എടുത്തോ? ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് വാങ്ങിച്ചു നോക്കി. തന്റെ അക്കൌണ്ടില്‍ നിന്നും ആരോ 29950 ഡോളര്‍ പിന്‍വലിച്ചിരിക്കുന്നു. അത് താനല്ല എന്ന് പറഞ്ഞിട്ടും അവര്‌ക്കൊരു വിശ്വാസക്കുറവ്. മോഹന്‍ലാലിന്റെ 100 ഡോളറിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ കൈ മലര്‍ത്തി.  ഒരു പരാതി എഴുതി കൊടുത്തിട്ടു വീട്ടിലേക്കു മടങ്ങി.


വൈകുന്നേരം മത്തായി വീട്ടില്‍ എത്തിയപ്പോള്‍ അന്നക്കുട്ടിയുടെ മുഖം വീര്‍ത്തിരുന്നു.  കരഞ്ഞതിന്റെ 'ഫോറെന്‍സിക്ക്'  തെളിവ് മുഖത്ത് കാണാമായിരുന്നു.


അന്നക്കുട്ടി  മത്തായിയെ പ്രതിയാക്കി. 'ഹേ മനുഷ്യാ. നിങ്ങളുടെ ആ കുന്തം കാരണമാ ഇങ്ങനെയൊക്കെ സംഭവിച്ചത്.'  മത്തായി മനസ്സില് ഊറെ ചിരിച്ചു. അങ്ങ് അകലെ ആകാശത്ത് കാര്‍മേഘ പടലങ്ങള്‍ കരയാന്‍ വെമ്പി നില്ക്കുന്നത് കാണാമായിരിന്നു.


****



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക