Image

വിസാചട്ടം ലംഘിച്ച സുവിശേഷകന്‍ വില്യം ലീ അറസ്റ്റില്‍

Published on 15 October, 2011
വിസാചട്ടം ലംഘിച്ച സുവിശേഷകന്‍ വില്യം ലീ അറസ്റ്റില്‍
കൊച്ചി: വിസാചട്ടം ലംഘിച്ച് കൊച്ചിയില്‍ സുവിശേഷപ്രസംഗം നടത്തിയ അമേരിക്കന്‍ പൗരന്‍ വില്യം ലീയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത വില്യം ലീയെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മിജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും. തിരുവല്ല കേന്ദ്രീകരിച്ചുള്ള ഫെയ്ത്ത് ലീഡേഴ്‌സ് ചര്‍ച്ച് ഓഫ് ഗോഡ് എന്ന സംഘടന കഴിഞ്ഞ ദിവസം കലൂര്‍ അന്തരാഷ്ട്ര സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച സുവിശേഷ സംഗീത നിശയില്‍ ലീ ചട്ടം ലംഘിച്ച് പ്രസംഗിച്ചത് കഴിഞ്ഞ ദിവസം പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു.

പോലീസ് സ്‌റ്റേഷനില്‍ യാത്രാരേഖകള്‍ ഹാജരാക്കി നാട്ടിലേക്ക് മടങ്ങാന്‍ ഇവരോട് നിര്‍ദേശിച്ചിരുന്നെങ്കിലും ഹോട്ടലില്‍ നിന്നും ലീ മുങ്ങുകയായിരുന്നു. കേസില്‍പെട്ട് കരിമ്പട്ടികയിലായാല്‍ പിന്നീട് ഇന്ത്യാ സന്ദര്‍ശനം സാധ്യമാകില്ലെന്ന് കരുതിയാവാം ലീ കൊച്ചി വിട്ടതെന്ന് പോലീസ് സംശയിക്കുന്നു.

സംഘടനാഭാരവാഹികളായ ഡാനിയേല്‍ മാത്യു, റോയ്ഡാനിയേല്‍, പ്രസംഗം പരിഭാഷപ്പെടുത്തിയ ജെയിംസ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. വിനോദസഞ്ചാര വിസയിലാണ് ലീയും സംഘവും എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇങ്ങനെ ഉള്ളവര്‍ക്ക് പ്രാര്‍ത്ഥനാപരിപാടികളോ പ്രഭാഷണങ്ങളോ നടത്താന്‍ അനുവാദമില്ല. ലീയെ രാജ്യം സന്ദര്‍ശിക്കുന്നത് വിലക്കുന്ന കരിമ്പട്ടികയില്‍ പെടുത്തിയേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക