Image

അഴിമതിരാജമാരെ അഴിക്കുളളിലാക്കിയ പത്രക്കാരന്‍ (ഗോപീകൃഷ്‌ണനുമായി അഭിമുഖം)

Published on 24 September, 2013
അഴിമതിരാജമാരെ അഴിക്കുളളിലാക്കിയ പത്രക്കാരന്‍ (ഗോപീകൃഷ്‌ണനുമായി അഭിമുഖം)
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കഥ, 2 ജി സ്‌പെക്‌ട്രം, പത്രലോക ത്തെ വലിയ സ്‌കൂപ്പുകളിലൊന്നാണെങ്കിലും അതിന്റെ പിന്നില്‍ ഭാഗ്യം മാത്രമാണെന്ന്‌്‌ ജെ. ഗോപീകൃഷ്‌ണന്‍. ഇത്തരമൊരു റിപ്പോര്‍ട്ട്‌ തയാറാക്കാനായതും അതിനുളള വിവരങ്ങള്‍ തരാന്‍ ഒരുന്നത ഉദ്യോഗസ്ഥന്‍ തയാറായി മുന്നോട്ടു വന്നതുമൊക്കെ ഭാഗ്യം തന്നെ. വല്ലപ്പോഴുമൊരിക്കല്‍ സംഭവിക്കുന്ന കാര്യമാണത്‌.

ആകെ 1.76 ലക്ഷം കോടി രൂപ (47 ബില്യന്‍ ഡോളര്‍) ഗവണ്‍മെന്റിന്‌ നഷ്‌ടം വരുത്തിയ ഇടപാട്‌ പയനിയറിലൂടെ പുറത്തു കൊണ്ടുവന്ന ഗോപീകൃഷ്‌ണന്‌ ഗോയങ്ക അവാര്‍ഡ്‌ മുതല്‍ സി.എച്ച്‌ മുഹമ്മദ്‌ കോയ അവാര്‍ഡ്‌ വരെ ലഭിച്ചു.

ഇഷ്‌ടക്കാരായ ടെലിഫോണ്‍ കമ്പനികള്‍ക്ക്‌ സ്‌പെക്‌ട്രം ചുരുങ്ങിയ സംഖ്യക്ക്‌ നല്‍കിയ കേന്ദ്രമന്ത്രി എ. രാജ ഇപ്പോഴും ജയിലില്‍ തന്നെ. കരുണാനിധിയുടെ മകള്‍ കനിമൊഴി എം.പി, എന്തിന്‌ 80 കഴിഞ്ഞ ഭാര്യ വരെ അനുബന്ധ കേസുകളില്‍ പ്രതികളായി. തമിഴ്‌നാട്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ തകര്‍ന്നതും ഈ അഴിമതിക്കഥയുടെ നാറ്റം കൊണ്ടാണ്‌.


സ്വാന്‍, യൂണിടെക്‌ എന്നീ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ 4500 കോടിയു ടെയും 6200 കോടിയുടെയും ഓഹരികള്‍ പെട്ടെന്നു വില്‍ക്കുന്നതിന്റെ കാരണം കണ്ടെത്താനുളള നിയോഗമായിരുന്നു ഗോപീകൃഷ്‌ണന്റേത്‌. ആ അന്വേഷണത്തിനിടെ ടെലികോം മിനിസ്‌ട്രിയിലെ ഒരുദ്യോഗസ്ഥന്‍ അഴിമതി ക്കഥകളുമായി ഗോപീകൃഷ്‌ണനെ തേടിയെത്തി. 2 ജി സ്‌പെക്‌ട്രം ചുളുവില ക്ക്‌ കൊടുത്തതുവഴി മന്ത്രിയും മറ്റുളളവരും നേടിയ തുകയും അവര്‍ നിക്ഷേ പിച്ച കമ്പനികളുമൊക്കെ ഉദ്യോഗസ്ഥന്‍ പറഞ്ഞു കൊടുത്തു. റിപ്പോര്‍ട്ട്‌ തയാറാക്കുന്നതിനു മുമ്പ്‌ മന്ത്രി രാജായെ തന്നെ എഡിറ്ററുടെ നിര്‍ദ്ദേശപ്രകാരം ഗോപീകൃഷ്‌ണന്‍ കണ്ടു. ഇതേപ്പറ്റി എഴുതരുതെന്നായിരുന്നു അവരുടെയൊക്കെ അഭ്യര്‍ത്ഥന.

എന്തായാലും ഒടുവില്‍ 2 ജി സ്‌പെ ക്‌ട്രം വീണ്ടും ലേലം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. 3 ജി സ്‌പെക്‌ട്രം ലേലം ചെയ്‌തപ്പോള്‍ 1.06 ലക്ഷം കോടി രൂപ ലഭിച്ചപ്പോള്‍ 2 ജി സ്‌പെക്‌ട്രത്തിന്‌ ചുരുങ്ങിയ സംഖ്യയായിരുന്നു കിട്ടിയത്‌. ഇവ തമ്മില്‍ താരതമ്യപ്പെടുത്തിയാണ്‌ 1.76 ലക്ഷം കോടി എന്ന തുകയില്‍ എത്തിയത്‌.

ഒക്‌ടോബര്‍ 31, നവംബര്‍ 1,2 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ നടക്കുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ദേശീയ സമ്മേളനത്തിനെത്തുന്ന 43 കാരനായ ഗോപീകൃഷ്‌ണനുമായുളള അഭിമുഖത്തില്‍ നിന്ന്‌;

സ്വദേശം തിരുവനന്തപുരം. പിതാവ്‌ പരേതനായ പ്രൊഫ.കെ ജയചന്ദ്രനും മാതാവ്‌ പ്രൊഫ. ലക്ഷ്‌മിക്കുട്ടിയും തലശേരി ബ്രണ്ണന്‍ കോളജില്‍ പഠിപ്പിച്ചിരുന്നു. പിതാവ്‌ മാത്‌സും അമ്മ ഇംഗ്ലീഷും അധ്യാപകരായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്ത്‌ ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ കോളജില്‍ നിന്ന്‌്‌ ഇക്കണോമിക്‌സില്‍ ബി.എ ബിരുദം. യൂണിറ്റ്‌ കെ.എസ്‌.യു പ്രസിഡന്റായിരുന്നു. ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദം.

മ്യൂസിക്‌ അധ്യാപികയായ ഭാര്യ നിഷാ റാണി കര്‍ണാടിക്‌ മ്യൂസിക്കില്‍ പി.എച്ച്‌.ഡി നേടിയ ചുരുക്കം ചിലരിലൊരാളാണ്‌. പുത്രി ഗീതാജ്‌ഞലി ഡല്‍ഹിയില്‍ നാലാംക്ലാസ്‌ വിദ്യാര്‍ത്ഥിനി. 2008 മുതല്‍ ഡല്‍ഹിയില്‍.

ഗോപീകൃഷ്‌ണന്റെ ഇളയ സഹോദരന്‍ അനില്‍കുമാര്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റിയില്‍ എന്‍ജിനിയര്‍. അവിചാരിതമായി പത്രരംഗത്തേക്ക്‌ വരികയായിരുന്നു ഗോപീകൃഷ്‌ണന്‍. സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ സബ്‌ ബ്രോക്കര്‍ അയിട്ടായിരുന്നു തുടക്കം. ഹര്‍ഷദ്‌ മേത്തയുടെ തട്ടിപ്പുകള്‍ പുറത്തായ കാലം. തനിക്ക്‌ പറ്റിയ പണിയല്ല ഇതെന്നു തോന്നി. കയറ്റുമതി, ഇറക്കുമതി രംഗ ത്തേക്ക്‌ സുഹൃത്തുക്കളോടൊപ്പം ഇറങ്ങിപ്പുറപ്പെടുകയായിരുന്നു അടുത്തത്‌. പക്ഷേ തികഞ്ഞ പരാജയം. അതിനിടക്ക്‌ കമ്പനി സെക്രട്ടറി കോഴ്‌സ്‌ പഠിച്ചു. അഞ്ചു ശതമാനം പേര്‍ മാത്രം പാസാകുന്ന കഠിനമായ പരീക്ഷയാണത്‌.

ഇവയെല്ലാം ബിസിനസ്‌ രംഗത്തെപ്പറ്റി അവഗാഹമുണ്ടാക്കാന്‍ സഹായിച്ചു. 1995-ല്‍ ടി.വി രംഗത്തേക്ക്‌ വന്നു. ബിസിനസ്‌ രംഗവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളായിരുന്നു കൂടുതലും. അതിനുപുറമെ മാധവിക്കുട്ടി, എ. അയ്യപ്പന്‍, അബു എബ്രഹാം തുടങ്ങിയവരെപ്പറ്റിയുളള ഡോക്യുമെന്ററികള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

ഇതാണ്‌ ജേര്‍ണലിസത്തിലേക്കുളള തന്റെ ചുവടുവയ്‌പ്പ്‌ എന്ന്‌ ഗോപീകൃഷ്‌ണ ന്‍. 1998-ല്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ ജേര്‍ണലിസം ക്ലാസില്‍ ചേര്‍ന്നു. തുടര്‍ന്ന്‌ ഏഷ്യാനെറ്റ്‌ കേബിളില്‍ സ്റ്റുഡിയോ മാനേജര്‍. അവിടെ നിന്ന്‌ സി ഡിറ്റ്‌. തുടര്‍ന്ന്‌ ഫ്രീലാന്‍സറായി ടെഹല്‍കയില്‍. 2005 -ല്‍ പയനിയറിന്റെ കേരള എഡിഷനില്‍ ചേര്‍ന്നു. പക്ഷേ അതു വൈകാതെ പൂട്ടി. തുടര്‍ന്ന്‌്‌ ജയ്‌ഹിന്ദിന്റെ ഡല്‍ഹി ബ്യൂറോയില്‍. അവിടെനിന്ന്‌ 2008 -ല്‍ പയനിയര്‍ പത്രത്തില്‍. അതോടെ ദൈവം തന്റെ നേരെ കണ്‍തുറക്കാനാരംഭിച്ചുവെന്ന്‌ ഗോപീകൃഷ്‌ണന്‍.

2 ജി സ്‌പെക്‌ട്രം പോലൊരു റിപ്പോര്‍ട്ട്‌ തയാറാക്കാനാവുമെന്ന്‌്‌ കരുതിയതല്ല. ഭാഗ്യം തുണച്ചെന്നു മാത്രം. സ്വപ്‌നങ്ങളാണ്‌ നമ്മെ നയിക്കുന്നത്‌. ഇപ്പോള്‍ സംതൃപ്‌തി തോന്നുന്നു. ഇന്ത്യന്‍ മാധ്യമ ലോകത്ത്‌ ഇത്തരം ഒരു സ്ഥാനത്ത്‌ എത്തുമെന്ന്‌ കരുതിയതല്ല. കൂടുതല്‍ കാര്യങ്ങള്‍ താന്‍ പഠിച്ചു. കൂടുതല്‍ സുഹൃത്തുക്കളും ശത്രുക്കളും ഉണ്ടായി.

ഇത്രക്ക്‌ ശ്രദ്ധ നേടിയിട്ടില്ലെങ്കിലും പ്രധാനമായ മറ്റു റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌്‌. ആരോഗ്യമന്ത്രിയായിരുന്ന എ. രാമദാസ്‌ പൊതുമേഖലയിലെ വാക്‌സിന്‍ നിര്‍മ്മാണ ഫാക്‌ടറികള്‍ പൂട്ടാന്‍ തീരുമാനിച്ചതായിരുന്നു അത്‌. മന്ത്രിയുടെ ഉറ്റ അനുചരര്‍ വാക്‌സിന്‍ ഫാക്‌ടറി രംഗത്തേക്ക്‌ വ രികയാണെ ന്നും അവരെ സഹായിക്കാനാണിതെന്നും അന്വേഷണത്തില്‍ വ്യക്തമായി. രണ്ടാഴ്‌ചത്തെ റിപ്പോര്‍ട്ടിംഗ്‌ കഴിഞ്ഞപ്പോള്‍ തന്നെ പൊതുമേഖലാ സ്ഥാപന ങ്ങള്‍ അടച്ചുപൂട്ടാനുളള തീരുമാനം റദ്ദാക്കി. പക്ഷേ ഫാക്‌ടറികള്‍ ഒരുവര്‍ഷം അടച്ചിട്ടതിനാല്‍ വാക്‌സിന്‌ വില കയറി. ഹിന്ദു ദിനപ്പത്രവും തങ്ങളെ അഭിനന്ദിച്ചു.

ബോംബെയിലെ ഭീകരാക്രമണത്തില്‍ പരുക്കേറ്റ എന്‍.എസ്‌.ജി കമാന്‍ഡോകളെ അവഗണിക്കുന്നതിന്‌ എതിരെയുളളതായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്‌. ധനമന്ത്രി ചിദംബരത്തിന്റെ കുടുംബം സ്ഥലം കൈയേറുന്നത്‌ സംബന്ധിച്ചായിരന്നു മറ്റൊന്ന്‌്‌. ഭാര്യയുടെ സ്വത്ത്‌ സംബന്ധിച്ച മന്ത്രിയുടെ പ്രഖ്യാപനം പരസ്‌പര വിരുദ്ധമായിരുന്നു.

വന്‍കിട കമ്പനികള്‍ മാധ്യമ രംഗം കൈയടക്കുന്നതാണ്‌ മാധ്യമ ലോകത്തെ ഏറ്റവും വലിയ പ്രശ്‌നമെന്ന്‌്‌ ഗോപീകൃഷ്‌ണന്‍. 2 ജി ഉള്‍പ്പടെ വന്‍ തട്ടിപ്പു കളിലൊക്കെ പങ്കാളികളായ കമ്പനികള്‍ക്ക്‌ മാധ്യമ രംഗത്തും വലിയ നിക്ഷേപമുണ്ട്‌്‌. അതുകൊണ്ടു തന്നെ വന്‍കിട തട്ടിപ്പുകള്‍ പലതും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ പോകുന്നു. കമ്പനികളും ലോബിയിസ്റ്റുകളും മാധ്യമങ്ങളെയും പത്രക്കാരെയും സ്വാധീനിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ മാധ്യമ രംഗം കുറെക്കൂടി പക്വമാണ്‌. തെറ്റു ചെയ്യുന്ന മാധ്യമങ്ങളെ അവര്‍ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്നു. ഇന്ത്യയില്‍ പല മാധ്യമ കമ്പനികള്‍ക്കും കല്‍ക്കരി പാടങ്ങള്‍ പതിച്ചു കിട്ടി. നമ്മുടെ മാധ്യമ നിയമങ്ങളൊക്കെ ബാലദശയിലാണ്‌. കേരളത്തിലൊഴിച്ചാല്‍ ഭാഷാ പത്രങ്ങ ളൊക്കെ ബാല്യദശയിലാണ്‌. രാഷ്‌ട്രീയ പാര്‍ട്ടികളും രാഷ്‌ട്രീയ കുടുംബ ങ്ങളും കച്ചവടക്കാരുമാണ്‌ അവ നിയന്ത്രിക്കുന്നത്‌. പല ഭാഷാ പത്രങ്ങളി ലെയും പത്രപ്രവര്‍ത്തകരെ മാനേജ്‌മെന്റ്‌ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സ്ഥിതി വരെയുണ്ട്‌്‌. അവര്‍ക്ക്‌ മാന്യമായ ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ല.

2 ജി സംബന്ധിച്ച്‌ അഞ്ചുവര്‍ഷ ക്കാലെത്തെ അനുഭവങ്ങളെപ്പറ്റി ഇപ്പോള്‍ ഒരു ആത്മകഥ തയാറാക്കുന്നുണ്ട്‌. ശത്രുക്കളുണ്ടെങ്കിലും താന്‍ പേടിക്കുന്നൊന്നുമില്ലെന്ന്‌ ഗോപീകൃഷ്‌ണന്‍. പയനിയര്‍ പത്രം, എഡിറ്റര്‍ ചന്ദന്‍ മിശ്ര, സുബ്രമണ്യം സ്വാമി, പ്രശാന്ത്‌ ഭൂഷണ്‍ തുടങ്ങിയവരൊക്കെ തന്നോടൊപ്പ മുണ്ടെന്ന്‌ ്‌ അറിയാവുന്നതു കൊണ്ട്‌ തനിക്കെതിരെ രംഗത്തു വരാന്‍ പലരും ധൈര്യം കാട്ടുന്നില്ല. പക്ഷേ തനിക്ക്‌ 2 ജി രഹസ്യങ്ങള്‍ ചോര്‍ത്തിത്തന്ന ഉദ്യോഗസ്ഥന്റെ ജീവിതം കുട്ടിച്ചോറാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.
അഴിമതിരാജമാരെ അഴിക്കുളളിലാക്കിയ പത്രക്കാരന്‍ (ഗോപീകൃഷ്‌ണനുമായി അഭിമുഖം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക