Image

ആഘോഷങ്ങളുടെ നടത്തിപ്പിനുള്ള അവകാശം? (ജോണ്‍ മാത്യു)

Published on 29 September, 2013
ആഘോഷങ്ങളുടെ നടത്തിപ്പിനുള്ള അവകാശം? (ജോണ്‍ മാത്യു)
മതേതര ആഘോഷങ്ങള്‍ നടത്താനുള്ള അവകാശം ആര്‍ക്കാണ്‌? ഇങ്ങനെയൊരു വിവാദത്തിന്‌ ഈയിടെ ചിലര്‍ തിരികൊളുത്തി. എന്തും ഉത്സവമാക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്‌, പക്ഷേ, അറിഞ്ഞോ അറിയാതെയോ ചില ചട്ടങ്ങളൊക്കെ സമൂഹം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്‌. മുന്‍പുണ്ടായിരുന്ന ആചാരങ്ങള്‍ പല കാരണങ്ങളാല്‍ കാലഹരണപ്പെട്ടു. ഇപ്പോള്‍ പുതിയ തലമുറ ആധുനിക സമൂഹത്തിന്‌ ചേരുംപടി അത്‌ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു.

ഇത്‌ ഓണക്കാലം. ഇനിയും വരുന്ന മൂന്നു മാസം ഉത്സവങ്ങളുടെ സമയമാണ്‌. പള്ളികള്‍ അദ്ധ്യാത്മികകാര്യങ്ങളില്‍ ഏര്‍പ്പെടുകയും സമാജങ്ങള്‍ ഉത്സവങ്ങള്‍ നടത്തുകയും ചെയ്യട്ടെ എന്നൊക്കെയായിരുന്നു ഒരുകാലത്ത്‌ ധാരണ. പക്ഷേ, ഇന്ന്‌ മതസംഘടനകള്‍ മതേതരസ്വഭാവമുള്ള പരിപാടികള്‍ക്കൂടി ഏറ്റെടുക്കുന്നത്‌ കണ്ട്‌ സാമൂഹിക നേതാക്കള്‍ നെറ്റിചുളിക്കുന്നു! ഓണം മതേതരമെന്ന്‌ പറയപ്പെട്ടിരുന്നെങ്കിലും ആഘോഷങ്ങള്‍ക്ക്‌ നാടിന്റെ രീതികളോടൊപ്പംതന്നെ ഹൈന്ദവ സ്വാധീനവും ഏറെയായിരുന്നു. അന്നൊക്കെ അന്യമതങ്ങളുടെ ആഘോഷങ്ങളില്‍നിന്ന്‌ വിട്ടുനില്‌ക്കാന്‍ തങ്ങളുടെ അനുയായികളെ ക്രൈസ്‌തവനേതൃത്വത്തിലുള്ള ചിലരെങ്കിലും ഉപദേശിക്കയും ചെയ്‌തിരുന്നു. അതെല്ലാം കഴിഞ്ഞ കാലത്തിന്റെ കഥ.

അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റം മതത്തെപ്പറ്റിയും അതിന്റെ സ്ഥാപനങ്ങളെപ്പറ്റിയുമുള്ള ഏതാനും ധാരണകള്‍ തിരുത്തിയെഴുതി. ചില അനുഭവങ്ങള്‍:

എഴുപതുകളുടെ ആദ്യവര്‍ഷങ്ങളില്‍ ഞാനൊരു ചെറിയ ഫാക്‌ടറിയില്‍ ജോലിചെയ്‌തിരുന്നു. അമേരിക്കയിലെ ആദ്യജോലി! ഏതാണ്ട്‌ അമ്പതോളം ആളുകള്‍ പണിയെടുക്കുന്ന സ്ഥാപനം.

അന്നൊരിക്കല്‍ യൂണിയന്‍ ഭാരവാഹികള്‍ ഒരു മീറ്റിംഗ്‌ വിളിച്ചു. നേതാവ്‌ പറഞ്ഞു:

`തൊട്ടടുത്ത പള്ളിയിലാണ്‌ സമ്മേളനം.....'

അമേരിക്കയില്‍ പുതുമുഖമായിരുന്ന ഞാന്‍ വിചാരിച്ചു പള്ളിയില്‍ യൂണിയന്‍ മീറ്റിംഗോ. അതേ, പുരോഹിതന്മാര്‍ ആ പള്ളി തൊഴിലാളിയൂണിയന്‌ തുറന്നുതന്നു!

വീണ്ടും, അതും എഴുപതുകളില്‍ത്തന്നെ. ഡിട്രോയ്‌റ്റില്‍ കേരള ക്ലബ്‌ എന്ന പ്രസ്ഥാനം സംഘടിപ്പിച്ചു വരുന്നതേയുള്ളൂ. വുഡ്‌വേഡ്‌ അവന്യൂവിലുള്ള സെയ്‌ന്റ്‌ പോള്‍സ്‌ കത്തീഡ്രലിന്റെ പാരീഷ ഹാളില്‍ ഇടയ്‌ക്കിടെ മലയാള ചലച്ചിത്രപ്രദര്‍ശനം ഏര്‍പ്പെടുത്തുമായിരുന്നു. ഒരിക്കല്‍ എന്തോ കാരണവശാല്‍ അവരുടെ പാരീഷ്‌ഹാള്‍ സൗകര്യപ്പെടാതായി. സംശയം വേണ്ട, കത്തീഡ്രലിലെ നേവ്‌, അതായത്‌ മദ്ധ്യഭാഗത്ത്‌ ജനങ്ങളിരിക്കുന്ന ആരാധനാസ്ഥലംതന്നെ മലയാളസിനിമ പ്രദര്‍ശനത്തിന്‌ പള്ളിയധികാരികള്‍ തുറന്നുതന്നു.

അമേരിക്കയില്‍ മലയാളികള്‍, തങ്ങള്‍ ഏതു മതവിഭാഗത്തില്‍പ്പെട്ടവരാകട്ടെ, അവര്‍ സംഘടിച്ചുകഴിഞ്ഞു. ഒരിക്കല്‍ ആരാധനക്കുമാത്രം കൂടിവന്നിടത്തുനിന്ന്‌ അവര്‍ സമൂഹികബന്ധങ്ങള്‍ക്കും അങ്ങനെയുള്ള അവസരങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. ഇതിനു കാരണം പലതാണ്‌. വേണ്ടപ്പെട്ടവരോ അയല്‍ക്കാരോ നമുക്ക്‌ അടുത്തില്ല, എല്ലാവരും ആഴ്‌ചതോറും ഒരുമിച്ചുകാണുന്നു, കൂടുതല്‍ സമയം ഒരുമിച്ച്‌ ചെലവഴിക്കുന്നു, സമൂഹത്തിന്റെയും കേരളത്തിന്റെയും പ്രശ്‌നങ്ങള്‍ ആകസ്‌മീകമായി സംസാരിക്കുന്നു.

കേരളത്തിനുവെളിയിലുണ്ടായിരുന്ന മറുനാടന്‍മലയാളി കൂട്ടായ്‌മകളുടെ തുടര്‍ച്ചയായ സാമൂഹിക സംഘടനകളാണ്‌ ഇവിടെയും അസോസിയേഷനും സമാജങ്ങളും മറ്റുമായി ആദ്യമായി ഉടലെടുത്തത്‌. പക്ഷേ, ഒരിക്കല്‍ മതവിഭാഗങ്ങള്‍ സാമൂഹികപ്രശ്‌നങ്ങളുംകൂടി ഏറ്റെടുത്തപ്പോള്‍ വളര്‍ച്ച മുരടിച്ചത്‌ നമ്മുടെ ഈ സംഘടനകള്‍ക്കുതന്നെ.

അടുത്തകാലം വരെ ഓണാഘോഷങ്ങള്‍ സമാജങ്ങളുടെ കുത്തകയായിരുന്നു. ഇന്നിതാ ക്രമേണ പള്ളികള്‍ പ്രാര്‍ത്ഥനയോടെ പൂക്കളവും നിരത്തി അതേറ്റെടുത്തിരിക്കുന്നു. നോക്കണേ ഒരു വിരോധഭാസം. ഇത്‌ നമ്മുടേതല്ല എന്ന്‌ ഓണത്തെപ്പറ്റി പള്ളികള്‍ ഒരുകാലത്ത്‌ ഉച്ചൈസ്‌തരം ഘോഷിച്ചു. ഇന്ന്‌ അവര്‍ക്ക്‌ മാനസാന്തരം വന്നപ്പോള്‍ സമാജനേതാക്കള്‍ ചോദിക്കുന്നു ഓണാഘോഷത്തില്‍ പള്ളികള്‍ക്കെന്തുകാര്യമെന്ന്‌? ചുരുക്കമായി പറഞ്ഞാല്‍ മലയാളികള്‍ മുഴുവനും തങ്ങളുടെ സ്വന്തം രീതിയില്‍ ഓണം ആഘോഷിക്കുമ്പോള്‍ സമാജഭാരവാഹികള്‍ ശുഷ്‌ക്കമായ സദസിനെനോക്കി വള്ളപ്പാട്ടുപാടുന്നുവെന്നുമാത്രം.

ഇതിനോടൊപ്പമാണ്‌ സാമൂഹികസംഘടനകളിലെ കസേരക്കും വിളക്കുകത്തിക്കാനും മറ്റുമുള്ള മത്സരങ്ങള്‍. വിരലിലെണ്ണാവുന്നവര്‍ മാത്രം അംഗങ്ങളായുള്ള ഒരു പ്രശസ്‌ത സാഹിത്യ സംഘടനയ്‌ക്ക്‌ ഇന്ന്‌ ഓരോവീട്ടിലും പ്രസിഡന്റും ചെയര്‍മാനും ആയിക്കഴിഞ്ഞു. വളര്‍ന്നുവരുന്ന പുതുതലമുറയ്‌ക്ക്‌ തങ്ങളുടെ കാഴ്‌ചപ്പാടുകള്‍ അമേരിക്കയിലെ മലയാളി സാമൂഹിക സംഘടനകളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നില്ല, അതേ സമയം മതസംഘടനകള്‍ക്ക്‌ അത്‌ ഏറെക്കുറെ കഴിയുന്നുമുണ്ട്‌.

ദേശീയമെന്നും, ലോകമെന്നും, ആഗോളമെന്നും, ഫെഡറേഷനെന്നും, `കുടചൂടി'യെന്നുമൊക്കെ അവകാശപ്പെടുന്നവ ഇന്ന്‌ ഇതൊന്നുമല്ല. ഇവരുടെ കൂടിവരവുകള്‍ പഞ്ചനക്ഷത്ര ഹോട്ടല്‍മുറികളില്‍നിന്നുള്ള വെറും വാര്‍ത്ത മാത്രം. സാധാരണ മലയാളിയെ ഇതൊന്നും ബാധിക്കാറില്ല, ഇതിന്റെയൊക്കെ വാര്‍ത്തപോലും അവന്‍ വായിക്കാറുമില്ല, നിറമുള്ള പടം കണ്ടാല്‍ ഒന്ന്‌ മറിച്ചനോക്കിയാലായി.

ഈ `ദേശീയത'യുടെ കാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ പ്രാദേശികമായി കൊച്ചുകൊച്ച്‌ കൂട്ടായ്‌മകളുണ്ടാക്കുക, അവിടെ സാധാരണക്കാര്‍ തങ്ങളുടെ വിഭവങ്ങളും അമ്മൂമ്മക്കഥകളുമായി ഒത്തുചേരും, അവിടെ രണ്ടും മൂന്നുംവരെ തലമുറകളുടെ പ്രാതിനിധ്യവും ഉണ്ടായിരിക്കും, തീര്‍ച്ച.

--0--
ആഘോഷങ്ങളുടെ നടത്തിപ്പിനുള്ള അവകാശം? (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക