Image

ബറ്റ്‌ഷേബ (കവിത: ജോണ്‍ ഇളമത)

Published on 01 October, 2013
ബറ്റ്‌ഷേബ (കവിത: ജോണ്‍ ഇളമത)
ദൂരെയൊരത്തിമരത്തിന്‍
ചാരെ നിമജ്ജനമാമൊരു ഹൂറി
സുന്ദരി ബറ്റ്‌ഷേബ!
സൂര്യനാളത്തില്‍ തിളങ്ങി
സുന്ദരിമായമവളുടെ പൂമേനി
അര്‍ത്ഥനഗ്നമാമൊരാകാരമവള്‍
ആരോ കൊത്തിയ ശില്‍പം കണക്കെ
ശങ്കിച്ചു നിന്നു, ദാവീദു മന്നന്‍!

ആരാണീ സുന്ദരി! എന്നു നിനച്ചു
വീരാളിവീരനാം ദാവീദുമന്നന്‍
ആളിപടര്‍ന്നു മന്നന്റെ സിരകളില്‍
കാമത്തിന്‍ കറുത്ത സാത്താന്‍!
മോഹത്തിന്‍ മൂടുപടമണിഞ്ഞു മന്നന്‍
മോശയെ തള്ളിപ്പറഞ്ഞു കാമാര്‍ത്തനായ്‌
കല്‍പ്പന കാക്കാതെ വികാരത്തിന്‍
കൊടുംകാറ്റായി മൂളിപ്പറന്നു!

കൈകൊട്ടി, തല്‍ക്ഷണം വന്നു
കല്‍പ്പന കാത്തു നിന്നൊരു ഭൃത്യന്‍
ആരാണിവള്‍? എന്‍മനമിളക്കിയവള്‍!
സദരം ഭൃത്യനെ നോക്കിയക്ഷമനായ്‌!
ഉത്തരമോതി, ഭൃത്യന്‍ ഭവ്യമായ്‌
ഊറിയാമിന്‍ പത്‌നി, ബറ്റ്‌ഷേബ!
ആരുമാകട്ടിവള്‍, എന്‍ മണിയറ
ഒരുക്കൂ, ശയിക്കട്ടെ, നാമിവളുടെ ചൂരില്‍!

കല്‌പിച്ചു, തമ്പുരാന്‍ തല്‍ക്ഷണം
വില്ലാളിവീരന്‍ പടനായകനൂറിയാമിനെ
കൊല്ലിക്കാനൊരു തന്ത്രം മെനഞ്ഞു
കല്‌പന ഇട്ടു ഘോരമാം യുദ്ധത്തിന്‍
മുന്‍നിര നിര്‍ത്തി കൊല്ലിക്കാന്‍
ഊറിയാമിന്‌ ഊഴമിട്ടു കല്‍പിച്ചു

ഹിറ്റിറ്റി വരാംഗി ബറ്റ്‌ഷേബയെ
ചുറ്റിപ്പിടിച്ചു ചുംബിച്ചു മന്നന്‍!
ബറ്റ്‌ഷേബ അമര്‍ന്നു മന്നന്റെ മാറില്‍
പറ്റിപടര്‍ന്നു ശയിച്ചു രാഗലോലയായ്‌
കാമാര്‍ത്ഥയായൊരു ഹിറ്റിറ്റി പെണ്ണിന്റെ
കണ്ണില്‍ വിടര്‍ന്നൊരു സ്വപ്‌നം!
പട്ടമഹിഷിയായി മന്നന്റെ പുത്രനെ
പെറ്റു പെരുമ്പറ കൊട്ടാന്‍!

ആരാന്റെ പൂവിലെ മധുവുണ്ട്‌
ആവോളമുന്മാദനായി മന്നന്‍
ഊറായാമിന്‍ രക്തമൊഴുകി
പൂര്‍വപിതാക്കള്‍ക്കു മേലേ!
യഹോവ ഗര്‍ജിച്ചു. ദാവീദു വിറച്ചു!
ജാരനാം രാജാവേ, നീ എന്‍
ജനത്തെ വഞ്ചിച്ചു, നാശം നിനക്കു
നിന്നെ ഞാന്‍ ചാമ്പലാക്കും!

ഞെട്ടിവിറച്ചുദാവീദു മന്നന്‍
പശ്ചാത്താപത്തില്‍ മനമുരുകി!
ശിക്ഷിക്കരുതെന്നെ യഹോവേ!
അക്ഷണം വിലപിച്ചു കേണു
പാപഭാരത്തില്‍ കണ്ണീരൊഴുക്കി
പാപത്തെ കഴുകി മന്നന്‍
മേലങ്കിയൂരി വലിച്ചെറിഞ്ഞു
ലക്തകമണിഞ്ഞു നിലത്തുരുണ്ടു!!
ബറ്റ്‌ഷേബ (കവിത: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക