Image

സംസ്‌കാരങ്ങളുടെ അപചയം:- വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍

വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍ Published on 03 October, 2013
സംസ്‌കാരങ്ങളുടെ അപചയം:- വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍

വികസ്വര രാജ്യമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന് ഇന്നു വെല്ലുവിളികളേറെയാണ്. രാജ്യത്തിനു പുറമെയുള്ള വെല്ലുവിളികളെക്കാളും കൂടുതല്‍ രാജ്യത്തിനകമെയുള്ളവയാണ് എന്നു പറയുന്നതായിരിക്കും ഏറെ ശരി. അതില്‍ സാമ്പത്തികം, സാംസ്‌ക്കാരികം, മാനസികം, സാമൂഹ്യം, സാമുദായികം എന്നൊക്കെ വേണമെങ്കില്‍ പറയാം. സാംസ്‌ക്കാരിക സാമൂഹ്യ വ്യവസ്ഥിതിയില്‍ കഴിഞ്ഞ കുറെ നാളുകളായി കണ്ടുവരുന്ന മൂല്യച്യുതി എന്തുകൊണ്ട് എന്ന് അറിയാതെ ചോദിച്ചു പോവുന്നു പലരും ഇന്ന്.

ഇന്ന് പാശ്ചാത്യരാജ്യങ്ങളെ കടത്തിവെട്ടുന്ന വേഗതയിലാണ് നമ്മുടെ സംസ്‌കാരത്തില്‍ വ്യതിയാനങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നത്. പ്രത്യേകതരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതായ വ്യക്തിത്വങ്ങള്‍ക്ക്, അത് ഏതു മേഖലയിലായിരുന്നാലും വേണ്ടില്ല അമിതവില കല്‍പിക്കുന്ന ഒരു കാലയളവിലാണ് നാമിന്നു ജീവിക്കുന്നത്. അമേരിക്കയില്‍, അശീല സിനിമകളില്‍ നിറഞ്ഞാടി നടന്നിരുന്ന ഒരു സരതതാരത്തിന്റെ, ലോകത്തിലെ ഏറ്റവും വിസ്മയ ലോകമായ ബോളീവുഡിലേക്കുള്ള രംഗപ്രവേശനം ഇന്ത്യന്‍ സിനിമാലോകം ആശ്ചര്യത്തോടെ നോക്കി കണ്ടു. യാതൊരു സങ്കോചവുമില്ലാതെ അവരെ ബോളീവുഡും, മറ്റു പ്രേക്ഷകരും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഭാരതജനതയില്‍ നല്ലൊരു വിഭാഗം നെറ്റിചുളിച്ചുകൊണ്ട് നോക്കി കണ്ടു. ആ വിവാദം കെട്ടടങ്ങും മുമ്പ് ഇതാ മറ്റൊരു വിവാദവുമായി മലയാളിപ്രേക്ഷകരിലേക്ക് സ്ത്രീയുടെ പ്രസവരംഗങ്ങള്‍ ക്യാമറായിലാക്കി സിനിമയുടെ ലേബലില്‍! അതും ജനം കൈനീട്ടി സ്വീകരിച്ചു. സ്ത്രീത്വത്തിന്റെ അല്ലാ, മാതൃത്വത്തിന്റെ മഹത്വം എടുത്തുകാണിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് എന്നു ഈ സിനിമയുടെ ചുമതലക്കാര്‍ പറയുന്നുണ്ടായിരുന്നു. പറഞ്ഞു കൊണ്ടേയിരുന്നു, ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇനിയും എന്ത്? സിനിമാ കൊട്ടക നിറയ്ക്കാന്‍, പണം വാരി, വാരികൂട്ടാന്‍ ഇതിലും കൂടുതല്‍ സ്‌പൈസിയായിട്ടുള്ള ആശയം ഇനിയും വന്നുകൂടായെന്നില്ല. അതിനും സെന്‍സര്‍ ബോര്‍ഡ് അംഗീകാരം കൊടുക്കായ്കയില്ല. കഴിഞ്ഞ കാലങ്ങളില്‍ കേരള ജനത മാതൃത്വത്തിന്റെ മഹിമ അറിയാതെ ജീവിച്ചു. ഇപ്പോള്‍ അവര്‍ ഈ മഹത്വവും മനസിലാക്കി കഴിഞ്ഞു. മാതൃത്വത്തിനു മഹത്വമുണ്ടെങ്കില്‍ തീര്‍ച്ചയായും പിതൃത്വത്തിനും മഹത്വമുണ്ടായിരിക്കമല്ലോ? അപ്പോള്‍ പിതൃത്വത്തിന്റെ മഹത്വം കാണാനും ജനങ്ങള്‍ക്കു തീരാത്ത ആവേശം ഉണ്ടായെന്നു വരാം. മാതൃത്വം പിറവിയെടുക്കുന്നതിനു മുന്നോടിയായ 'പ്രക്രിയ'യും കൂടെ സിനിമാക്കഥയാക്കി ഒരു സിനിമാ നിര്‍മ്മാതാവ് മുന്നോട്ടു വന്നാല്‍ സെന്‍സര്‍ ബോര്‍ഡിനു എന്താണു പറയാനുണ്ടാവുക? അതില്‍ അഭിനയിക്കാന്‍ താരങ്ങള്‍ ഒരുങ്ങി പുറപ്പെട്ടാല്‍…? അവര്‍ക്കും അമിതമായ അംഗീകാരവും ജനം കൊടുത്താല്‍….? കാരണം ഒരുപത്തിരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ രാജ്യത്തു ചിന്തിക്കാന്‍ പോലും മേലാത്ത കാര്യങ്ങളാണ് ഇന്ന് സമൂഹം വെറും നിസാരമായി കണ്ടു കണ്ണടച്ചു തള്ളുന്നത്.

ഇന്നു കൗമാരക്കാരന്‍ മുതല്‍ അപ്പൂപ്പന്‍ വരെ രണ്ടു കാലില്‍ നടക്കുന്ന ഏതു ഇരുകാല്‍ ജീവിയുടെയും നിഴലിനെ വരെ പിന്തുടര്‍ന്നു പീഡിപ്പിക്കുന്ന ഒരു അവസ്ഥ സംജാതമായിരിക്കുന്ന ഒരു സമയമാണ്. ഇതിനെല്ലാം കഴിഞ്ഞ ഏതാനും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്രമാത്രം പ്രചോദനം കിട്ടിയതെവിടെനിന്ന്? എന്തുകൊണ്ട്? ഇത്തരം അധമ പ്രവര്‍ത്തികള്‍ കണ്ടിട്ടും ജനം മൗനം ഭജിക്കുന്നതെന്തുകൊണ്ട്?

ജീവിക്കാനുള്ള തീരാത്ത മോഹവും, വളരെയധികം സ്വപ്നങ്ങളും ഹൃദയത്തില്‍ പേറിനടന്ന ഡല്‍ഹിയിലെ ഒരു പാവം പെണ്‍കുട്ടിയുടെ മൃഗീയമായ സാഹിത്യത്തില്‍ വീണ്ടും ഒരിക്കല്‍ കൂടി ഇന്ത്യ ലോകരുടെ മുമ്പില്‍ നാണംകെട്ടു. അതും ഇന്ദ്രപ്രസ്ഥത്തില്‍. ഇന്ത്യാമഹാരാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്ന അധികാരവര്‍ഗ്ഗത്തിന്റെ മൂക്കിനു താഴെയാണ് ഈ സംഭവം അരങ്ങേറിയതെന്നുള്ളതാണ് ഏറ്റവും ലജ്ജാകരമായ സംഗതി. അതുപോലെ പീഡനമേറ്റ് അകാലത്തില്‍ ജീവന്‍ പൊലിഞ്ഞുപോയ മറ്റനേകം കൊച്ചു പെങ്ങന്‍മാരേയും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അതികായനും, താത്വികനും, അതിഭുതപ്രതിഭാസവുമായ കമലഹാസന്‍ ഡല്‍ഹിയിലെ കൂട്ടബാലാല്‍സംഗത്തിനു ശേഷം പ്രതികരിച്ചത്, ഡല്‍ഹി എന്റെ സിറ്റി, ബസ് എന്റെ ബസ്, ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി എന്റെ സഹോദരി, കുറ്റം ചെയ്തവര്‍ എന്റെ സഹോദരന്‍മാര്‍… എന്ന്. ഇവിടെ എവിടെയാണ് തെറ്റു പറ്റിയതെന്ന് അദ്ദേഹം ചോദിക്കുന്നു. ഇപ്പോള്‍ അതാ വീണ്ടും അതേ തീഷ്ണതയില്‍ ബോബെ പട്ടണത്തിന്റെ തെരുവില്‍ ഒരു പീഡനം കൂടെ.

കേരളത്തിലാകട്ടെ എത്ര ഹീനമായ കുറ്റം ചെയ്താലും നിമിഷത്തിനകം അതില്‍ നിന്നും നിഷ്പ്രയാസം തലയൂരികൊണ്ടുപോരാന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിപ്രവര്‍ത്തകന്റെ കറുത്തകൈകള്‍കാണും. കോടതിയേയും, നിയമത്തേയും പേടിയില്ലാത്ത സ്ഥിതി! ന്യായാധിപന്‍മാരെ ശുംഭന്‍ എന്നും മറ്റും വിളിക്കുന്ന അധോമുഖ രാഷ്ട്രീയക്കാര്‍ ഏതു സമൂഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്? ഇത്തരം രാഷ്ട്രീയക്കാര്‍ക്കു വളരാന്‍  വളക്കുറുള്ള മണ്ണുണ്ടവിടെ. അച്ചടി ഭാഷയില്‍ സംസാരിക്കുന്ന അസ്തപ്രജ്ഞരായ ഇവരുടെ കത്തുന്ന കണ്ണുകള്‍ കാണുമ്പോള്‍ അറിയാതെ പാന്‍സു നനയും.
നിയമങ്ങളാണ് ഒരു രാജ്യത്തിന്റെ സന്തുലിതാവസ്ഥ കാക്കുന്നത്. ആ നിയമങ്ങള്‍ക്കു പുഴുക്കുത്തുവീണാല്‍ …? എത്ര പരാതിപെട്ടാലും ഒരു പ്രയോജനവുമില്ലാത്ത അവസ്ഥ! ഡൈവ്റ്റ് കാള്‍സന്‍ എന്‌ന സൈക്കിയാട്രിസ്റ്റിന്റെ പുസ്തകത്തില്‍ ഇതിനെ  “Learned helplessness” എന്നു വിശേഷിപ്പിച്ചിരിക്കുന്നു. പലവട്ടം ശ്രമിച്ചിട്ടും പരാജയം തന്നെ ഏറ്റുവാങ്ങുമ്പോള്‍ മനുഷ്യനുണ്ടാവുന്ന ഒരു വിരക്തിമാനസികാവസ്ഥ! ആ തട്ടിലാണ് ഇന്നു കേരളജനത നില്‍ക്കുന്നതെന്നു തോന്നിപോകുന്നു. അതായത് പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നു. അതിന്റെയെല്ലാം പരിണിതഫലമായി ദേസം ധാര്‍മ്മീകാധപതനത്തിലേക്കു കൂപ്പു കുത്തുകയാണ്.
 
ഇന്ത്യയുടെ, അല്ലാ കേരളത്തിന്റെ ഒരു വലിയ വരുമാനശ്രോതസാണല്ലോ ടൂറിസം എന്നത്. ഇന്നു നാടു സന്ദര്‍ശിക്കുന്ന വിദേശവനിതകളെയൊക്കെ തപ്പുകയും, തടവുകയും, മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന ഞരമ്പുരോഗികളുടെ നാട്ടില്‍ വിദേശീയരുടെ വരവു കുറഞ്ഞാല്‍ ടൂറിസത്തിന്റെ ഭാവിയെന്ത്? അമേരിക്കന്‍ മാദ്ധ്യമറിപ്പോര്‍ട്ടുകളിലെ കൂടെകൂടെയുള്ള വാര്‍ത്തയാണ് ഇന്ത്യയിലെ ഇത്തരം സംസ്‌കാരശൂന്യമായ കുത്സിത പ്രവര്‍ത്തനങ്ങള്‍. ഡല്‍ഹിയില്‍ പീഡനം വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ വളരെയധികം പ്രാധാന്യം കൊടുത്ത് ഒരു ഫുള്‍പേജിലായിരുന്നു കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ചത്. പത്രറിപ്പോര്‍ട്ടുകളില്‍ ഇപ്പോള്‍ ഇത്തരം വാര്‍ത്തകളിലൂടെയാണ് "ഇന്ത്യ തിളങ്ങുന്നു" എന്നു വിളിച്ചു പറയുന്നത്. മദ്രാസിലെ ഒരു നടി പറഞ്ഞു വിവാഹപൂര്‍വ്വബന്ധം അനുവദിക്കണമെന്ന്. അതിനുശേഷം അവര്‍ പിടിച്ച പുലിവാല്‍ ചില്ലറയല്ല. ആ വാര്‍ത്തയുടെയും അച്ചടി മഷി ഉണങ്ങുന്നതിനു മുമ്പാണ് അതേ തരത്തിലുള്ള വിവാദങ്ങള്‍ അരങ്ങേറികൊണ്ടിരിക്കുന്നത്. അതേ സമയം സിനിമാ- സീരിയല്‍ ലോകത്തെ ഒരു മലയാളി സിനിമാനടി സമീപകാലത്തു പറഞ്ഞിരുന്നു എന്തുകൊണ്ട് ഈ അധമ സംസ്‌ക്കാരങ്ങള്‍ക്കു കേരളത്തില്‍ ഇന്ത്യയില്‍ ഇത്രയധികം വേരോട്ടം ഉണ്ടാവുന്നു എന്ന്. അവര്‍ പറഞ്ഞതില്‍ വളരെ കഴമ്പുള്ള പോലെ.

ഇന്ന് എയ്ഡ്‌സിന്റെ സംഖ്യ എന്തെന്ന് പറഞ്ഞൂഹിക്കാവുന്നതിലും അധികമാണന്നാണ് സമീപകാല റിപ്പോര്‍ട്ട്. ചെന്നൈയിലെ ഒരു സിനിമാനടി എയ്ഡ്‌സ് രോഗബാധിതയായി സ്വകുടുംബത്താല്‍ പോലും അവഗണിക്കപ്പെട്ട് ചെന്നൈ പട്ടണത്തിന്റെ ഓടയില്‍ കിടന്നുമരിച്ചതിന്റെ ഒരു ദൃശ്യം വര്‍ഷങ്ങള്‍ക്കു മുമ്പ്  പത്രറിപ്പോര്‍ട്ടായി പുറത്തു വന്നിരുന്നു. ഒരു പക്ഷേ സിനിമാ ലോകത്തെ അവരുടെ ജീവിതരീതിയില്‍ നിന്നുമായിരിക്കും അവരതിനടിമപെടാന്‍ കാരണം, ഒരു പക്ഷെ അല്ലായിരിക്കാം. അല്ലെങ്കില്‍ എയ്ഡ്‌സുള്ള ആരെങ്കിലും തുമ്മിയപ്പോള്‍ അവരില്‍ നിന്നും ലഭിച്ചതായിരിക്കാം? വായുവില്‍ കൂടെ പകരുന്നു ഒരു രോഗമാണോ എയ്ഡ്‌സ് എന്ന ഇപ്പോഴും പരിഹാരം കണ്ടിട്ടില്ലാത്ത ഈ രോഗം? ഇന്നും, ഇപ്പോഴും ഇതിനൊരു സമൂലപരിഹാരം  കണ്ടുപിടിക്കാന്‍ ലോകത്തിലെ അതതു പരീക്ഷണശാലകളില്‍ ഗവേഷണം നടക്കുന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ചുംബനം ഒരു ഐറ്റമായി മാറുകയാണല്ലൊ….? അപ്പോള്‍ .. ?

ഇന്നു പലതരം സുരതങ്ങള്‍ ഇന്റര്‍നെറ്റില്‍ കൂടെയും, സെല്‍ഫോണില്‍ക്കുടെയും, ചെറിയകുട്ടികള്‍ മുതല്‍ സപ്തതിയും, ജന്മഅഷീതിയും, നവതിയും കഴിഞ്ഞ അപ്പൂപ്പന്‍മാരില്‍ വരെ വരുത്തിയ ധാര്‍മ്മീകാധപതനം ചില്ലറയല്ല. അതിന്റെ പരിണിതഫലമോ ഒരു നല്ല ദേശത്തിന്റെ സദാചാരസംസ്‌ക്കാരം എന്നെന്നേക്കുമായി കണ്‍മുമ്പില്‍ നിന്നു മണ്‍മറയുകയാണ്. ലോകത്തിലെ പ്രധാന മതങ്ങളുടെയും പ്രാചീന സംസ്‌ക്കാരങ്ങളുടെയും സംഗമവേദിയായ ഒരു സംസ്‌ക്കാരമാണ് കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മണ്‍മറയപ്പെട്ടുപോയോ എന്‌നു തോന്നിപോവുന്നത്. ഇതിന് ഇന്റര്‍നെറ്റിനും, സെല്‍ഫോണിനും, സിനിമാ-സീരിയല്‍, രാഷ്ട്രീയ മാദ്ധ്യമങ്ങള്‍ക്കുള്ള ഉത്തരവാദിത്വം വളരെയാണ്.

സദാചാരബോധമില്ലാത്ത കഥാകൃത്തുകളും, സംവിധായകന്‍മാരും കൂടെ മലീമസമായ ഒരു സംസ്‌ക്കാരത്തെ പടച്ചു കച്ചവടസിനിമയില്‍ കൂടെ തലമുറയെ മോറല്‍ ബാങ്ക്‌റപ്‌സിയില്‍ എത്തിച്ചു. ഇവിടെയെല്ലാം വേണ്ടത്ര നിയന്ത്രണമില്ലാത്ത ഒരു അന്തരീക്ഷം സംജാതമായിരിക്കുകയാണ്. ഏതൊരു പ്രമാദമായ പെണ്‍പീഡന കേസിന്റെയും പിന്നില്‍ സിനിമാ-സീരിയല്‍, രാഷ്ട്രീയക്കാര്‍ എന്നാണ് ഇന്നു കാണുന്ന ഫ്‌ളാഷ് ന്യൂസ്. അതോടൊപ്പം ഉന്നതര്‍ കുടുങ്ങും എന്നൊരു താക്കീതും! ഇതിനോടകം ഏത് ഉന്നതരാണ് കുടുങ്ങിയിരിക്കുന്നത്? ഇവര്‍ പറയുന്നതായ സിനിമാകഥകള്‍ക്ക് മുന്‍ പറഞ്ഞതായ കുറ്റകൃത്യങ്ങള്‍ക്കു ഉതകുന്ന ചുവ ഉണ്ടാകുന്നതില്‍ ആരെ കുറ്റം വധിക്കേണം? പണ്ട് അനുവദിച്ചിരുന്നതായ ഗവ: നിയന്ത്രണങ്ങളിലെല്ലാം വെള്ളം ചേര്‍ത്തയവു വരുത്തിയ പോലെ. ഇന്ത്യയില്‍ ആഗോളവത്കരണത്തിന്റെ ക്കൂടെ ഉദാരവല്‍ക്കരണവും നടപ്പാക്കിയപ്പോള്‍ എല്ലാം ഉദാവല്‍ക്കരിച്ചപോലെ. ശ്രേഷ്ഠ ഭാഷാപദവി കിട്ടിയ മലയാളഭാഷയെ വരെ പീഡിപ്പിക്കുന്ന റ്റിവി അവതാരകമാരുമൊക്കെ സംസ്‌ക്കാരമൂല്യച്യുതിക്ക് അര്‍ഹമായ സംഭാവ നല്‍കുന്നവരില്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നു.

ഏതു വലിയപ്രശ്‌നങ്ങളും തുടക്കത്തില്‍ അര്‍ഹിക്കുന്നതിലും അധികമായ പ്രാധാന്യം നല്‍കി മാദ്ധ്യമങ്ങള്‍ വെള്ളി വെളിച്ചത്തു തുറന്നു കാട്ടും. പിന്നീട് എന്തു സംഭവിച്ചു എന്നതിനേ പറ്റി ഒരു വിവരവും ഇല്ല. അവിടെ പണത്തിന്റെ അമിതമായ പെരുപ്പം! പണത്തിനുവേണ്ടി എന്തും ചെയ്യാനുള്ള ഒരു മാനസീകാവസ്ഥ! അടിപൊളിജീവിതത്തിനു വകയില്ലാത്തവനും പിഞ്ചുകുഞ്ഞിനേയും, അമ്മ പെങ്ങല്‍മാരെയും പച്ചയ്ക്കു വിറ്റു പണമുണ്ടാക്കാനുള്ള ഒരു ത്വര! കൊല്ലിനും, കൊലയ്ക്കും കൂട്ടുനില്‍ക്കുക, ഒരു പുഷ്പം പറിച്ചെടുക്കുന്ന ലാഘവത്വത്തോടെ  ഒരു ജീവനെ എടുക്കുക കൂടാതെ ആരെയും കൊല ചെയ്യാന്‍ എത്ര പണവും കൊടുക്കാന്‍ തയ്യാറായി വരുന്ന, സമൂഹത്തിന്റെ രക്തം വലിച്ചുകുടിയ്ക്കുന്ന ക്ഷുദ്രജീവികളായ സാമൂഹ്യനേതാക്കളുടെ നീണ്ടനിര! ഒരു ഭാഗത്ത് ദേശത്തിന്‍രെ തീരാശാപമായ രാഷ്ട്രീയ- പരാദങ്ങളുടെ അവര്‍ണ്ണനീയമായ പെറ്റുപെരുകല്‍ കൊണ്ടും, പ്രഹസന്നങ്ങള്‍ കൊണ്ടും വീര്‍പ്പ് മുട്ടിയ പാവം ജനം… മറു ഭാഗത്ത് ഗ്രാമഗ്രാമാന്തരങ്ങളില്‍ ഗുണ്ടകള്‍, അധോലോകനായകന്‍മാര്‍, പെണ്‍പീഡനക്കാര്‍ എന്നിവരുടെ പടയോട്ടത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളായി നെഞ്ചത്ത്  കൈവച്ച് വിലപിക്കുന്നതായ അമ്മമാര്‍….! ഇതൊക്കെയാണിന്ന് കേരളം.

സംഭവിച്ചതും, സംഭവിക്കുന്നതുമായ സത്യങ്ങള്‍ മാത്രം കാണിച്ചിരുന്ന മാദ്ധ്യമങ്ങള്‍ ഇന്നും കുറ്റകൃത്യങ്ങള്‍ക്കു പ്രേരകമായ വിധത്തില്‍, വാസ്തവത്തിന്റെ കണികകള്‍ പോലുമില്ലാതെ കച്ചവടക്കണ്ണോടെ കഥകള്‍ ചമച്ചു വിടുന്നു. സ്ഥാപിത സ്വാര്‍ത്ഥ താല്‍പര്യങ്ങളെ മാത്രം മുന്‍ നിര്‍ത്തിയുള്ള തിരക്കഥയെഴുതിയ അതതു പാര്‍ട്ടികളുടെ രാഷ്ട്രീയ ചായ്വുള്ള (ചുവയുള്ള) വാര്‍ത്തകള്‍, അല്ലെങ്കില്‍ അതതു പാര്‍ട്ടികള്‍ക്കു മാത്രമുള്ള വാര്‍ത്താമാദ്ധ്യമങ്ങള്‍! അപ്പോഴപ്പോള്‍ നടക്കുന്നതെന്തെന്ന് അറിയണമെങ്കില്‍ ഈ പലവാര്‍ത്തകള്‍ എല്ലാം കൂട്ടി വായിച്ചിട്ടു വേണം ഒരുവന്‍ ഇന്ന് ഏതാണ്ടൊരു നിഗമനത്തിലെത്തിച്ചേരാന്‍. ജനങ്ങളെ നഷ്ടബോധത്തിലാക്കുന്ന ഒരു സ്ഥിതി വിശേഷം. ചില രാഷ്ട്രീയപാര്‍ട്ടികളുടെയൊക്കെ സ്ഥാപിത താല്‍പര്യം തന്നെ അരാജത്വമാണ്. കാരണം കലക്കവെള്ളത്തിലല്ലെ എളുപ്പം മീന്‍ പിടിക്കാന്‍ പറ്റൂ. സിനിമാ- രാഷ്ട്രീയ നാടകങ്ങള്‍ ഇരുപത്തിനാലു മണിക്കൂറും കണ്ടുകൊണ്ടിരിക്കുന്ന ജനത്തിനു, വാര്‍ത്തകള്‍ സിനിമാ-സീരിയല്‍ കഥാരൂപത്തില്‍ പത്രത്തിലോ റ്റിവിയിലോ ലഭിക്കണമെന്നു നിര്‍ബ്ബന്ധം പോലെ.

ഇന്നത്തെ ന്യൂജനറേഷന്‍ സിനിമകളിലെ സംസാര ഭാഷകള്‍ പണ്ടുകാലത്ത് ചന്തപിള്ളേര്‍ പോലും പറയാന്‍ മടിച്ചിരുന്നവയാണ്. പുതിയ തലമുറയ്ക്ക് ഈ സംസ്‌ക്കാരം നല്‍കുന്ന പാഠം അല്ലെങ്കില്‍ ഗുണപാഠം എന്ത്? ഇതൊക്കെയും കണ്ടിട്ടും കേട്ടിട്ടും ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടില്‍ നടക്കുന്ന മതസാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ ! ചുരുക്കം ചിലര്‍മാത്രം അവിടെയുമിവിടെയുമായി വല്ലപ്പോഴും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന തൊഴിച്ചാല്‍ അന്തരീക്ഷം വളരെ ശാന്തം.

ആര്‍ഷഭാരതം എന്നു പുകള്‍കേട്ടിരുന്ന ഈ നാട്ടില്‍ അഞ്ചു വയസ്സുള്ള ഒരു പെണ്‍കുഞ്ഞു കേവലം ഒരു മൈല്‍ ദൂരെയുള്ള സ്‌ക്കൂളില്‍ പോയിട്ടു പീഡിപ്പിക്കപെടാതെ ജീവനോടെ തിരികെ ഭവനത്തിലെത്തുമോ എന്നു അവളുടെ മാതാവിന് എന്താണ് ഉറപ്പ്? ഒരു ചെറിയ സംശയം… ഒരു പത്തു വര്‍ഷം കൂടെ ഇതേ രീതിയില്‍ പോയാല്‍ ആ ദേശത്തിന്റെ സംസ്‌ക്കാരം ഏതു നിലയിലായിരിക്കും…?

(അവസാനിച്ചു)
സംസ്‌കാരങ്ങളുടെ അപചയം:- വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍
Join WhatsApp News
Shaji M. Kozhencherry. 2013-10-07 10:01:32
Dear Mr. Verughese, Ingane evideyirunnu prathikarikkane nammalku kazhiyou. Americayude sukha lolupathayil!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക