Image

റിട്ടേണ്‍ ഫ്‌ളൈറ്റ് കഥകള്‍ ( എഴുത്തിന്റെ വഴികള്‍ - റീനി മമ്പലം )

റീനി മമ്പലം Published on 02 October, 2013
റിട്ടേണ്‍ ഫ്‌ളൈറ്റ് കഥകള്‍ ( എഴുത്തിന്റെ വഴികള്‍ - റീനി മമ്പലം )

ഇരുണ്ട സാന്ത്വനമായ് തണുത്തകാറ്റ് വീശുമെന്ന് പ്രതീക്ഷിച്ചാവണം തുറന്നിട്ടിരുന്ന ജനാലക്കരികിലേക്ക് അവള്‍ നീങ്ങിനിന്നത്.

രാത്രി ഇരുട്ടിന്റെ ക്യാന്‍വാസില്‍ പെയിന്റ് ചെയ്ത അവളുടെ ജീവിത ചിത്രങ്ങളില്‍ ചിലത് മൈല്‍ക്കുറ്റികളായി മുഴച്ചു നിന്നു. മധുരവും മാലിന്യവും വഹിച്ച ഓര്‍മ്മകള്‍ കടലായി ഇരമ്പി, തിരയായി അടിച്ച്, അവളുടെ സമനില തെറ്റിച്ചു. കസേര വലിച്ചിട്ട് അവള്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നു. മുന്നോട്ടു കൊണ്ടു പോകുവാന്‍ ശ്രമിച്ച ജീവിതം തിരിഞ്ഞുനിന്ന്  മുഖത്തടിച്ചതിന്റെ വേദനയില്‍ മുഖം പൊത്തിക്കരഞ്ഞു.

നരച്ച പകലിന് കാവലിരുന്ന് ഇലകൊഴിക്കുന്ന മരങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നു. അതൊരു ഞായറാഴച ഉച്ചതിരിഞ്ഞ നേരമായിരുന്നു. ഭര്‍ത്താവ് ന്യൂയോര്‍ക്ക്‌റ്റൈംസിലും അതുകഴിഞ്ഞ് ലാപാറ്റോപ്പിലും മനസ്സും കണ്ണും മേയാന്‍ വിട്ട് സോഫയില്‍ ചടഞ്ഞിരുന്നു. കുട്ടികള്‍ കൗമാരത്തിന്റെ ശുഷ്‌കാന്തിയോടെ അടുത്തുള്ള ഹെല്‍ത്ത് ക്ലബ്ബില്‍ . അവള്‍ പതിവുപോലെ വീട്ടില്‍ എന്തോ തിരയുകയായിരുന്നു.

'ഒക്കെ വലിച്ചുവാരിയിടും, പിന്നെ നോക്കിനടന്ന് സമയം കളയും' ന്യൂസ്‌പേപ്പറില്‍ നിന്ന് കണ്ണുയര്‍ത്താതെ അയാള്‍ പറഞ്ഞു.

വീട്ടിലുള്ളവരുടെ പതിവു ചോദ്യങ്ങളായിരുന്നു.

അമ്മേ, എന്റെ ബുക്കെവിടെ? സോക്‌സ് എവിടെ ?

ദീപേ, ഞാനിന്നലെ ഈ ടെലഫോണിന്റെയടുത്തു വെച്ചിരുന്ന പേപ്പര്‍സ് എവിടെ ?

എടുത്തുമാറ്റരുതെന്ന് പലവട്ടം പറഞ്ഞതല്ലേ ?

വീട്ടില്‍ നിന്ന് പലതും അപ്രത്യക്ഷമാവുന്നു. പ്രത്യേകിച്ച്, കഴുകുവാന്‍ ഇടുന്ന ഇണസോക്‌സില്‍ ഒന്ന് വാഷിങ്ങ് മെഷീനില്‍ നിന്ന് ഡ്രയറിലേക്കും അവിടെ നിന്ന് മടക്കി വയ്ക്കുന്നതിനായി ബെഡ്ഡിലേക്കും വരുന്നതിനിടയില്‍ എവിടെ പോയി ഒളിക്കുന്നു. വീടെന്ന ബ്ലാക്ക് ഹോള്‍ ആവാഹിച്ചെടുക്കുന്ന ഇത്തരം സാധനങ്ങള്‍ കണ്ടെടുക്കുന്നത് അവളുടെ മിക്കവാറും ദിവസങ്ങളുടെ ഒരു ഭാഗമായിരുന്നു.
വീട് വൃത്തിയാക്കുന്നതിനിടയില്‍ പ്രധാനപ്പെട്ട ഒരു പേപ്പര്‍ അമ്മ എടുത്തുകളഞ്ഞുവെന്ന് ഇളയമകന്‍ ആരോപിച്ചിരിന്നു. എവിടെയോ അപ്രത്യക്ഷമായ ആ പേപ്പര്‍ അന്വേഷിച്ചാണ് ഉച്ച തിരിഞ്ഞ സമയം അവള്‍ തണുപ്പുള്ള ഗരാജില്‍ എത്തിയത്.

കാലിക്കുപ്പികള്‍ വെച്ചിരുന്ന ബാഗുകള്‍ക്കരികിലൂടെ , പഴയ ടയറുകളുടെയും സ്വീഡിഷ് കാറിനുമിടയിലൂടെ, കളയുവാനുള്ള പേപ്പറുകളുടെ ബാഗ് ലക്ഷ്യമാക്കി അവള്‍ സൂക്ഷിച്ച് നടന്നപ്പോളാണ് തന്റെ പ്രിയപ്പെട്ട ചെടിച്ചട്ടി ഭര്‍ത്താവിന്റെ കാറിനടുത്ത് ഉടഞ്ഞ് കിടക്കുന്നതു കണ്ടത്. ഒന്നു കരയണമെന്ന സ്ത്രീസഹജമായ തോന്നലിനെ അമര്‍ത്തിവെച്ചതിനാലാവാം ഗരാജില്‍ തണുപ്പ് നിറഞ്ഞുനിന്നിട്ടും ചൂട് തോന്നിയത്.

ഇളം ബ്രൗണ്‍ നിറത്തില്‍ ഈജിപ്ഷ്യന്‍ ഡിസൈനുകളുള്ള ചെടിച്ചട്ടിയില്‍ അവളുടെ ഓര്‍മ്മകള്‍ ചുറ്റിവരിഞ്ഞിരുന്നു. ഒരു ചെടിക്കും സ്വന്തമാക്കാനനുവദിക്കാത്ത ഒരു തരം സ്വാര്‍ത്ഥമനോഭാവമായിരുന്നു ആ ചെടിച്ചട്ടിയുടെ കാര്യത്തില്‍ അവളുടേത്. വേരുകള്‍ ആഴത്തില്‍ ഇറങ്ങി ചട്ടിയോട് പറ്റിച്ചേരുവാനനുവദിക്കാതെ ആഫ്രിക്കന്‍ വയലറ്റും ബെഗോണിയ ചെടികളും മാറി മാറി അതിന്റേതായ ചട്ടികളില്‍ ഭംഗിക്കെന്നപോലെ ആ ഈജിപ്ഷ്യന്‍ ചട്ടിയില്‍ അവള്‍ ഇറക്കിവെച്ചു.

ഓര്‍മ്മകള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ചെറിയൊരു തേങ്ങല്‍ പുറത്തേക്കു വന്നു. വിന്ററില്‍ വീടിനുള്ളിലേക്ക് കൊണ്ടുവരും മുമ്പായി ചെടികള്‍ ഗരാജില്‍ വെച്ചിരുന്നു. ചെടികളെല്ലാം മുറിക്കുള്ളില്‍ കൊണ്ടുവന്നിട്ടും ഈ ചെടിച്ചട്ടിമാത്രം മറന്നിട്ട സ്വന്തം ഓര്‍മ്മക്കുറവിനെ അവള്‍ കുറ്റപ്പെടുത്തി. കാണേണ്ട കാര്യങ്ങള്‍ കാണാതിരിക്കുകയും ആവശ്യമില്ലാത്ത കാര്യങ്ങള്‍ കാണുകയും ചെയ്യുന്ന ഭര്‍ത്താവിന്റെ സ്വഭാവത്തെക്കുറിച്ചോര്‍ത്തപ്പോള്‍ കരച്ചിലേറി. ഗരാജിന്റെ കതകടച്ച് മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. കതകുകള്‍ ആഞ്ഞടഞ്ഞ ശബ്ദം കേട്ടിട്ടാവണം കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഒട്ടിയിരുന്ന കണ്ണുകളുയര്‍ത്തി അയാള്‍ നോക്കിയത്.

' വിന്റര്‍ ആയിവരുന്നതല്ലേയുള്ളൂ, ചില ചെടിക്കടകള്‍ ഇപ്പോഴും തുറന്നിരിക്കുന്നു. '

വിവരം അിറഞ്ഞപ്പോള്‍ തീരെ നിസ്സാരമായ മട്ടിലായിരുന്നു അയാളുടെ  പ്രതികരണം, അവള്‍ അയാളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെങ്കിലും 'വേറൊരു ചെടിച്ചട്ടി വാങ്ങിക്കൂടെ ? '

കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് തിരികെ നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു. ആ ചോദ്യം കേട്ടപ്പോള്‍ അവളുടെ സങ്കടം ഇരട്ടിക്കുകയും അയാളെ ജീവപര്യന്തം തടവിന് വിധിക്കുവാനുള്ള ദേഷ്യം തോന്നുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയെന്ന പുരുഷ സഹജമായ  സ്വഭാവം കാട്ടിയിട്ട് വിരലുകളെ കീബോര്‍ഡിലേക്ക് രമിപ്പിക്കുവാന്‍ വിട്ട് തന്‌റേതു മാത്രമായൊരു ലോകത്തിലേക്ക് അയാള്‍ വലിഞ്ഞു.

വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയിലേക്കുള്ള പറിച്ചു മാറ്റത്തില്‍ ജിവിതം ഒറ്റപ്പെട്ടു പോയ ദിവസങ്ങള്‍ അവളോര്‍ത്തു. കുട്ടികളെയും പട്ടികളെയും അനുവദിക്കാതിരുന്ന അപ്പാര്‍ട്ടുമെന്‌റിലെ ഏകാന്തവും വിരസവുമായിരുന്ന ആദ്യകാലങ്ങളില്‍ അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റിലെ ചില പ്രായമുള്ള സ്ത്രീകള്‍ അവളുടെ പരിചയക്കാരായി. അമേരിക്കന്‍ മണ്ണില്‍ ഓടിയ വേരുകള്‍ ഇവിടെ അഴുകുവാന്‍ അനുവദിക്കാതെ , അസ്ഥികള്‍ ഈ മണ്ണില്‍ ദ്രവിക്കുവാന്‍ വിസമ്മതിച്ച് തിരികെപ്പോയി. അവരാണത്രെ  ഈദിപ്ഷ്യന്‍ ഡിസൈനുള്ള ചെടിച്ചട്ടി അവള്‍ക്ക് നല്‍കിയത്.

'ദീപേ, നീ ഓവര്‍ റിയാക്റ്റ് ചെയ്യുന്നു.'

ശാസിക്കും മട്ടില്‍, ഒറ്റപ്പെടുന്നുവെന്ന അവളുടെ തോന്നലിന് ആഴംകൂട്ടി, അയാള്‍ പറഞ്ഞു. അവളുടെ വികാരങ്ങള്‍ അയാള്‍ പലപ്പോഴും മനസ്സിലാക്കാതെ പോവുന്നു.

നനുത്തൊരു വാക്ക്, സ്‌നേഹത്തോടെയുള്ളൊരു തലോടല്‍, ഇണയെ മനസ്സിലാക്കിയുള്ള പെരുമാറ്റം, ഇത്രയൊക്കെയെ സങ്കീര്‍ണ്ണമായ അവരുടെ ജീവിതത്തില്‍ അവള്‍ പ്രതീക്ഷിച്ചിരുന്നുള്ളു.ശിലായുഗത്തിലെ വേട്ടക്കാരനെപ്പോലെ ആഹാരം തേടിപ്പിടിച്ചെടുക്കുന്ന രക്ഷിതാവായിരുന്നു അയാള്‍. ഈയിടെ വായിച്ചൊരു പുരുഷനിപ്പോഴും, അവനറിയാതെതന്നെ കിടപ്പുമുറിയുടെ വാതിലിനോട് ചേര്‍ന്നുള്ള വശം കിടക്കയില്‍ തിരഞ്ഞെടുക്കുന്നു.

ഗുഹാമുഖത്തുറങ്ങുമ്പോലെ കാവല്‍ക്കാരനായി, രക്ഷിതാവായി കിടന്നുറങ്ങുന്നു.

കുട്ടികള്‍ ഹെല്‍ത്ത് ക്ലബ്ബില്‍ നിന്നും വ്യായാമം കഴിഞ്ഞ് തിരികെയെത്തി ഭക്ഷണം അന്വേഷിച്ചു.

ആണ്‍കുട്ടികളെ കാണുമ്പോള്‍ പൂച്ചകളെയാണ് അവള്‍ക്ക് ഓര്‍മ്മവരിക. ആരെയും ഗൗനിക്കാതെ , ആരോടും പ്രത്യേകിച്ചൊരടുപ്പമില്ലാതെ, സാകൂതം നടന്ന് വല്ലപ്പോഴുമൊക്കെ മുട്ടിയുരുമ്മി സ്‌നേഹം കാണിക്കുന്നു.

' എന്താ ഇന്നു ഡിന്നറിന് ? പച്ചക്കറികളൊക്കെ റെഫ്രിജിറേറ്ററില്‍ ഇരുന്നു ചീത്തയാവുന്നു '
അയാള്‍ അവള്‍ക്കുനേരെ വാക്കുകള്‍ എറിഞ്ഞു.

അഗാധമായൊരു കുഴല്‍ക്കിണര്‍ പോലെയാണ് അവളുടെ റെഫ്രിജിറേറ്റര്‍. എത്ര ശ്രമിച്ചാലും അടിത്തട്ടുകാണുവാന്‍ സാധിക്കുന്നില്ല. ചീഞ്ഞളിഞ്ഞൊരു തക്കാളിയോ, വേരുകള്‍ മുളച്ചുതുടങ്ങിയ ഉരുളക്കിഴങ്ങോ, സവാളയോ ഫ്രിഡ്ജില്‍ കാണാതിരിക്കില്ല.

അവളൊഴികെയെല്ലാവരും ഇപ്പോള്‍ സോഫയില്‍ വിശ്രമം. അവരുടെ കണ്ണുകള്‍ ടിവിയിലെ ഗെയിമില്‍, പന്തിന്റെ പിന്നാലെ, ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക്, ഇടക്കിടെ ആക്രോശിച്ച്, അട്ടഹസിച്ച്.

എനിക്ക് തുണയായി ഒരു മകളുണ്ടായിരുന്നുവെങ്കില്‍…..

ക്യാരറ്റും  ബീന്‍സും ഗുണനപ്പട്ടികപോലെ പെരുപ്പിച്ച് നുറുക്കുമ്പോള്‍ അവള്‍ വെറുതെ ആശിച്ചു.
ചെറുപ്പത്തില്‍ നാടുവിട്ടതിനുശേഷം വളരെക്കാലങ്ങല്‍ കഴിഞ്ഞാണ് അയാള്‍ വിവാഹം കഴിക്കുന്നതിനായി നാട്ടിലെത്തിയത്. അന്നയാള്‍ക്ക് നന്നെ ചെറുപ്പമായിരുന്നു.

വരുതിയില്‍ നില്‍ക്കുന്ന പെണ്ണുവേണം. അമ്മയുടെ വിധേയത്വം , വിനയം, നയചാതുത്യം എല്ലാം ഉള്ളവളായിരിക്കണം. അമേരിക്കന്‍ ബാങ്കുകളില്‍ നിന്ന് *മോട്‌ഗേജ് കടമെടുക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ഒരു നാള്‍ ശമ്പളമുണ്ടാക്കുന്നവളാവണം.

സ്വപ്നം കണ്ടിരുന്ന സ്വര്‍ഗ്ഗഭൂമിയില്‍ നിന്ന് പൊന്നിന്‍ചങ്ങല ഇറങ്ങി വന്നപ്പോള്‍ അതില്‍പ്പിടിച്ചുകയറുവാന്‍ അവളും തിടുക്കം കാട്ടി.

വാത്സല്യവും ഊഷ്മത നിറഞ്ഞ സ്‌നേഹവും അന്യമായപ്പോള്‍ ടീവിയില്‍  പരസ്യചിത്രങ്ങള്‍ കാണുമ്പോളൊഴെന്നപോലെ അവള്‍ കബളിക്കപ്പെട്ടു.

എല്ലാവര്‍ക്കും തിരക്ക്. അവള്‍ മാത്രം തിരക്കില്ലാത്തവളായി ഒരുമുറിയില്‍നിന്ന് അുെത്ത  മുറിയിലേക്ക്. നാലുമുറികള്‍ക്കുള്ളില്‍ ഒതുങ്ങിയ ജീവിതം, ജോലി കിട്ടിക്കഴിഞ്ഞിട്ടും ഏകാന്തത അവളെ വിട്ടുമാറിയിരുന്നില്ല. വീട്ടില്‍ നിന്ന് ഓഫീസിലേക്ക്, അവിടെ നിന്ന് ചിലപ്പോള്‍ കടയിലേക്ക്, വീണ്ടും വീട്ടിലേക്ക്.

അയാള്‍ ഓഫീസുവിട്ടുവന്നാല്‍, ടെന്നീസ് കോര്‍ട്ടിലേക്കോ, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലേക്കോ പോവുംമുമ്പായി പലപ്പോഴും പറഞ്ഞു.

' നിനക്ക് എന്തെങ്കിലുമൊക്കെ തനിയെ ചെയ്തുകൂടെ ? കണ്ണേ, കരളേ എന്നുവിളിച്ച് കൂട്ടിരിക്കാന്‍ എന്നെക്കിട്ടില്ല. '

അകാലത്തില്‍ തടങ്കലിലായ യുവത്വത്തിന്റെ പ്രതിഷേധം .

വിവാഹത്തോടെ അവള്‍ക്ക് അച്ഛന്‍ നഷ്ടപ്പെട്ടിരുന്നു. വിവാഹത്തിന്റെ സ്‌ട്രെസ്സ് ആയിരുന്നത്രെ അച്ഛന്റെ  ഹാര്‍ട്ട് അറ്റാക്കിന് കാരണം.

നീലക്കടലാസ്സില്‍ പുരണ്ടുവരുന്ന അമ്മയുടെ സ്‌നേഹത്തിന് മറുപടിയെഴുതമ്പോള്‍ പലപ്പോഴും സ്വയം പറഞ്ഞു.

അമ്മയെ കൂടുതല്‍ വിഷമിപ്പിക്കരുത്. പരാതികളൊന്നും എഴുതിക്കൂട. എങ്കിലും മടുത്തപ്പോള്‍ ഒരിക്കല്‍ അമ്മയ്ക്ക് പരാതിയെഴുതി.

' ഒറ്റത്തടിയായി വളര്‍ന്നതല്ലേ അവന്‍. ഒക്കെ നേരെയാവും, നീ പ്രാര്‍ത്ഥിക്ക് 'അവള്‍ മനസ്സുതുറന്ന് പ്രാര്‍ത്ഥിച്ചിട്ടും ദൈവങ്ങള്‍ ചന്ദനത്തിരിയുടെ  പുകയില്‍ ശ്വാസം മുട്ടി തടിയിലും ചില്ലിനും ഉള്ള തണുത്ത്  മടിപിടിച്ചിരുന്നു.

വിക്‌ടോറിയയെ പരിചയപ്പെടുമ്പോള്‍ അമേരിക്കയില്‍ വന്നിട്ട് അധികനാളുകളായിരുന്നില്ല.

ഭര്‍ത്താവ് ടെന്നിസ് കളിക്കുവാന്‍ പോയിരുന്നൊരു ദിവസം വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ നടക്കുവാനിറങ്ങിയതായിരുന്നു. അന്ന് വിക്‌ടോറിയ അവള്‍ക്കായി നീട്ടിയ പുഞ്ചിരിവള്ളിയില്‍ അവള്‍ കയറിപ്പിടിച്ചു. രണ്ടാള്‍ക്കും ഇഴുകിച്ചേരുവാനാവാഞ്ഞ സംസ്‌കാരം അവര്‍ക്കിടയിലൊരു പാലമിട്ടു. കുട്ടികളില്ലാത്ത വിധവയായ അവരോട്, അമ്മയോട് തോന്നുമ്പോലൊരു സ്‌നേഹമായിരുന്നവള്‍ക്ക് . അവരെ ആന്റിയെന്നോ, അമ്മയെന്നോ, ചേച്ചിയെന്നോ വിളിക്കണമെന്ന് തോന്നി.

കാറ്റടിച്ച് തീപ്പൊരിയില്‍ വീണ് ആളിക്കത്തുന്ന കരിയിലകള്‍ പോലെയാണ് സുഹൃത്ബന്ധങ്ങള്‍. കാറ്റ് എപ്പോള്‍ ഏതുദിശയില്‍ വീശുമെന്ന് അറിയില്ല. ആളിക്കത്തി ഊര്‍ജം തീര്‍ന്ന് ചാരമായിത്തീര്‍ന്നാലും, തൂവലിന്റെ മൃദുലതയോടെ മഞ്ഞിന്റെ കുളിര്‍മ്മയോടെ നെഞ്ചിലേറ്റി, ജിവിതകാലം മുഴുവന്‍ കൊണ്ടുനടക്കാനാവണം. മരിക്കുമ്പോള്‍ നമ്മോടൊപ്പം ചാരമായി, ഭൂമിയുടെ അഴുക്കായി മണ്ണിലലിയണം.

' ഇതെന്റെ ഈജിപ്ഷ്യന്‍ സുഹൃത്ത് തന്ന ചെടിയാണ്. ഇന്നുമുതല്‍ നിന്റേതാണ്. നീയും ഒരു കാലത്ത് ഈ ചെടി നിന്റെ കൂട്ടുകാരിക്കോ മക്കള്‍ക്കോ നല്‍കണം .'

ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോവും മുമ്പ് പൂത്തുനിന്നൊരു ചെടിനല്‍കി അവര്‍ പറഞ്ഞു. ഇളം ബ്രൗണ്‍ നിറത്തിലുള്ള ചെടിച്ചട്ടിയില്‍ നിറയെ ഈജിപ്ഷ്യന്‍ ഡിസൈനുകളുണ്ടായിരുന്നു. വിരഹദുഃഖം കൊണ്ടെന്നപോലെ, പരിലാളന ലഭിച്ചിട്ടും, അവളെയേറെ ദുഃഖിപ്പിച്ചുകൊണ്ട് ആ ബെഗോണിയച്ചെടി പിന്നീട് ഉണങ്ങിപ്പോയി. ചെടിച്ചട്ടി അവരുടെ ഓര്‍മ്മക്കായി സൂക്ഷിച്ചുവെച്ചു.

' ഇംഗ്ലണ്ടില്‍ സഹോദരിയുടെ കുട്ടികളുണ്ട്. അവര്‍ എനിക്കൊരു തൂണയാവും ' അവര്‍ക്ക് തിരികെപ്പോവുമ്പോള്‍ വളരെ പ്രത്യാശയായിരുന്നു.

തുടര്‍ന്നുള്ള കുറെ വര്‍ഷങ്ങള്‍ കൈമാറി. തനിയെയുള്ള ജീവിതം അസാധ്യമായപ്പോള്‍ നേഴ്‌സിങ്ങ്‌ഹോമിലേക്ക് അവര്‍ താമസം മാറ്റി. പിന്നീട് അവളുടെ കുട്ടികള്‍ വളരുമ്പോള്‍, കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയില്‍, ആ ബന്ധം ഇല്ലാതായി.

അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ ? മരിക്കുമ്പോള്‍ വിവരം അറിയിക്കുവാന്‍ ആത്മാവ് പ്രിയമുള്ളവരെ തേടി എത്തുമോ ? അവള്‍ കൂടുതല്‍ അസ്വസ്ഥയായി.

സമയത്തിലുള്ള വ്യത്യാസം കണക്കാക്കാതെ പഴയ നമ്പര്‍ കണ്ടെടുത്ത് ഇംഗ്ലണ്ടിലെ നഴ്‌സിങ്ങ്‌ഹോമിലേക്ക് വിളിക്കുമ്പോള്‍ ആശ്വസിച്ചു.

നേഴ്‌സിങ്ങ്‌ഹോമില്‍ ആര്‍ക്കെങ്കിലും തന്നെ സഹായിക്കുവാന്‍ സാധിക്കും. 'സോറി, മേം അവരുടെ നെഫ്യൂ  സ്ഥലം മാറിയപ്പോയപ്പോള്‍ അവരെ പുതിയ സ്ഥലത്തുള്ളൊരു നേഴ്‌സിങ്‌ഹോമിലേക്ക് മാറ്റി. കൂടുതല്‍ സഹായിക്കുവാന്‍ സാധിക്കാത്തതില്‍ ദുഃഖിക്കുന്നു. നിങ്ങള്‍ അവരുടെ ആരാണ് ?'
വൃദ്ധരായ അന്തേവാസികള്‍ക്ക് രാത്രിയില്‍ കാവലിരുന്ന ഓഫീസ് സ്റ്റാഫിലൊരാള്‍ സഹായിക്കുവാന്‍ സാധിക്കാത്തതില്‍ ദുഃഖം പ്രകടിപ്പിച്ച് ചോദിച്ചു.

ഒരിക്കല്‍ അവള്‍ അമ്മയെപ്പോലെ കരുതിയിരുന്നവര്‍. പില്‍ക്കാലത്ത് അവരുടെ സ്‌നേഹത്തെ അവഗണിച്ചവള്‍. വര്‍ഷങ്ങള്‍ നീണ്ടുനിന്ന സ്‌നേഹബന്ധം എത്ര എളുപ്പത്തിലാണ് താന്‍ ഇല്ലാതാക്കിയത്. ദാഹിക്കുന്ന മനസ്സിലും ചിലപ്പോള്‍ എത്ര നിഷ്‌ക്കരുണമായാണ് ബന്ധങ്ങള്‍ ഹോമിക്കപ്പെടുന്നത്.

നൊമ്പരങ്ങള്‍ മനസ്സില്‍ അട്ടിയട്ടിയായി വന്നുനിറയുന്നു.

കുട്ടികളുടെ മുറിയിലെത്തിയപ്പോള്‍ അവര്‍ പിറ്റേദിവസം സ്‌കൂളില്‍ കൊണ്ടുപോകേണ്ട ബുക്കുകള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. മനസ്സിനെ മഥിക്കുന്ന കാര്യങ്ങല്‍ കുട്ടികളോട് പറയണമെന്ന് വിചാരിച്ചാണ് അവരുടെ മുറിയിലെത്തിയതെങ്കിലും കൗമാര പ്രായത്തില്‍  നില്‍ക്കുന്ന അവര്‍ക്ക്  അത്തരം വികാരങ്ങള്‍ മനസ്സിലാവില്ലെന്ന് തോന്നി.

അമ്മ ആവശ്യമില്ലാതെ 'സെന്റി 'യാവുന്നു - അതാവും അവരുടെ മറുപടി. പകരമൊരു കടലാസിനോട് സംസാരിക്കുന്നതാവും ഭേദം.മകന്റെ നോട്ടുബുക്ക് കണ്ടപ്പോള്‍ അതില്‍നിന്ന് ഒരു കടലാസ് കീറിയെടുത്ത് നൊമ്പരങ്ങള്‍ അതിലേക്ക് പകര്‍ത്തണമെന്ന് തോന്നി. വാക്കുകള്‍ മനസ്സിന്റെ ഭാരം കുറച്ചുകൊണ്ട് കടലാസ്സിലാകെ പടര്‍ന്നുകിടന്നു. വേദനിക്കുന്ന മനസ്സ് ഈശ്വരനിലേക്കുള്ള ചൂണ്ടുപലകയാണ്. എഴുത്ത് ആത്മാവിന്റെ രോദനമാണ്.

പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ക്ക് കൂടുതല്‍ വായിക്കണമെന്ന് തോന്നി. തുടര്‍ന്നുള്ള ചില രാത്രികളില്‍ ഷെല്‍ഫില്‍നിന്ന് പൊടിതട്ടിയിറങ്ങി വന്ന പുസ്തകങ്ങള്‍ അവള്‍ക്ക് കൂട്ടിരുന്നു.

വളരെക്കാലങ്ങള്‍ക്കുശേഷം അക്ഷരങ്ങളുടെ ലോകത്തിലൂടെ അവള്‍ നടന്നു. വാക്കുകള്‍ വിരഹിയുടെ
വികാരവായ്‌പോടെ അവളെ പുണര്‍ന്ന്, കൗമാരത്തില്‍ കഥകളെഴുതിയ ദിവസങ്ങളെയോര്‍മ്മിപ്പിച്ചു. മാവിന്‍ ചുവട്ടിലും കശുമാവിന്‍കൊമ്പത്തുമിരുന്ന് , കാറ്റിന് കഥ പറഞ്ഞുകൊടുത്തതോര്‍മ്മിപ്പിച്ചു.

കായല്‍ക്കാറ്റിന്റെ മുരള്‍ച്ചയില്ലാതെ , വയലില്‍നിന്നുയരുന്ന പാട്ടിന്റെ താളമില്ലാതെ , അവള്‍ വീണ്ടും കഥകളെഴുതി.

എഴുത്തിന്റെ വഴികള്‍ എപ്പോഴാണ് തുറക്കുന്നതെന്നറിയില്ല, എവിടെയെത്തിക്കുമെന്നുമറിയില്ല.

ഓടിക്കിതക്കാതെ , ഒച്ചയിടാതെ, പാത്തും പതുങ്ങിയും പോവുന്നവന്റെ മുമ്പില്‍ ചിലപ്പോള്‍ നിയതി പോലെ നീണ്ടു നിവര്‍ന്നു കിടക്കും . ഒരു അഭിസാരികയെപ്പോലെ അവനെ രമിപ്പിക്കുവാന്‍ , അനുഭൂതിയുടെ മറ്റൊരു ലോകത്തിലേക്ക് അവനെ ഉയര്‍ത്തുവാന്‍.

എഴുതിയ കഥകളില്‍ ഒന്ന് ഒരു ഓണ്‍ലൈന്‍ മാസികക്ക് അയച്ചുകൊടുത്തതും അവര്‍ പ്രസിദ്ധീകരിച്ചതും അവളെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു.

വായനക്കാരുടെ പ്രതികരണങ്ങള്‍ അവളുടെ ഈമെയില്‍ ഐഡിയില്‍ വന്നപ്പോള്‍, അതിനു മറുപടിയെഴുതുമ്പോള്‍ അമേരിക്കന്‍ ചുവയോടെ  മലയാളം സംസാരിക്കന്ന ഭര്‍ത്താവിന് അതൊന്നും ഉള്‍ക്കൊള്ളാനായില്ല.. ചീനഭരണിയിലെന്നപോല്‍ മുടിക്കെട്ടിയിരിക്കുന്ന നല്ലവാക്കുകള്‍ അയാള്‍ പുറത്തെടുക്കുമെന്ന് അവള്‍ ആശിച്ചു.

' എന്തിനാ ഇതൊക്കെ എഴുതിക്കൂട്ടുന്നത് ? കുട്ടികള്‍ക്ക് കാലത്തും നേരത്തും വല്ലതും ഉണ്ടാക്കികൊടുക്കവാന്‍ നോക്ക്. '

ഒരു പൂവിന്റെ പേരുള്ള ഈമെയില്‍ ഐഡിയില്‍ നിന്ന്  അവള്‍ക്കൊരു പ്രതികരണം കിട്ടി.

' നിങ്ങളുടെ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അത് എന്റെയും കഥയാണ്. മറുപടിയെഴുതുമല്ലോ '
അവള്‍ ആ ഈമെയിലിനും മറുപടിയെഴുതി., മറുത്തൊന്നും ചിന്തിക്കാതെ. അപ്പോഴെല്ലാം അവളുടെ ഭര്‍ത്താവും കുട്ടികളും അവരുടേതായ കാര്യങ്ങളില്‍ മുഴുകിനിന്നു.

'വിശക്കുന്നു' കുട്ടികള്‍ ഇടക്കിടെ പറഞ്ഞു.

' ദീപേ, ഫ്രഡ്ജില്‍ ഇരിക്കുന്ന പച്ചക്കറികള്‍ ചീത്തയാവുന്നു' ഭര്‍ത്താവ് ഇടക്കിടെ ഓര്‍മ്മിപ്പിച്ചു.
ഈയിടെയായി അവളുടെ ഫ്രിഡ്ജിന്റെ തട്ടുകളുടെ ആഴം കൂടുകയായിരുന്നു. അവള്‍ക്കൊന്നും കാണുവാനാവാത്ത വിധം . അയാള്‍ ഫ്രിഡ്ജിനുള്ളിലെ ലൈററ്ബള്‍ബ് മാറ്റിയിട്ടു.

അവളുടെ  വീട ് സന്തോഷമുളവാക്കുന്നതൊന്നിനെയും അകത്തേക്ക് കടത്തിവിടാത്ത കറുത്ത ഗോളമാണെന്നു വിശ്വസിച്ചിരുന്നു. അവള്‍ എഴുതിക്കൂട്ടിയ അക്ഷരങ്ങള്‍ക്കും അവ പണിതെടുത്ത പ്രപഞ്ചത്തിനും അവള്‍ക്കിഷ്ടമുള്ള വെളുത്ത നിറമായിരുന്നു.

പൂവിന്റെ ഈമെയില്‍ ഐഡിയില്‍ നിന്ന് പലവട്ടം ഈമെയിലുകള്‍ വന്നു, അവള്‍ മറുപടിയെഴുതി, അയാള്‍ കുത്തിക്കുറിച്ച കവിതകളും കഥകളും അവള്‍ക്കയച്ചു. സമാനതലത്തില്‍ ചിന്തിച്ചിരുന്ന വ്യക്തികളായിരുന്നു അവര്‍ ഇരുവരും.

ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയേണ്ടെ ? എനിക്ക് നിങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അിറയുവാന്‍ ആഗ്രഹമുണ്ട്. എന്റെ ചിന്തകളില്‍ നിങ്ങള്‍ കൂടെക്കൂടെ വരുന്നതുകൊണ്ടാവാം ഉഷ്ണക്കാറ്റു പോലും കുളിര്‍മ്മ നല്‍കി എന്നെ പൊതിയുന്നു. രാത്രികളുടെ നീളം കുറച്ച്, നേരത്തെ എഴുന്നേറ്റ് ഈമെയില്‍ നോക്കുന്നു. നിരാശനാകുമ്പോള്‍ ഇന്നിന്റെ ബാക്കിയല്ലാത്ത പുതിയൊരു പകലിനുവേണ്ടി കാത്തിരിക്കുന്നു.

നിങ്ങള്‍ എനിക്കെന്നും ഒരു സുഹൃത്ത.് നിങ്ങള്‍ക്കൊരു മുഖമാവശ്യമില്ല, പേരും വേണമെന്നില്ല. അത്യാവശ്യമെങ്കില്‍ നിങ്ങളുടെ ഈ മെയില്‍ ഐഡിയിലെ പൂവിന്റെ പേരുവിളിക്കാം.

അയാളുടെ ഈമെയില്‍ ഐഡിക്ക് വെള്ളനിറമുള്ള പൂവിന്റെ പേരായിരുന്നു. അവളുടെ പുതിയ ലോകത്തിലാകെ വിരിഞ്ഞ വെളുത്ത പൂക്കളെ അവളും ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.

അവള്‍ സ്‌നേഹത്തിന്റെ വഴിയിലേക്ക് തിരിച്ചു നടന്നു. വഴിയില്‍ കണ്ട അപരിചിതരില്‍ അയാളുടെ മുഖം തിരിച്ചറിയുവാന്‍ ശ്രമിച്ചു. ആത്മാവിന്റെ ആഴങ്ങളില്‍ സ്‌നേഹം അടിയൊഴുക്കായി.

അവള്‍ക്കൊരു പട്ടിക്കുട്ടിയെ വേണമെന്ന് തോന്നി. അവളുടെ പിന്നാലെ വാലാട്ടിനടക്കുന്ന, ചൂടുപിടിച്ച് കാല്‍ക്കീഴില്‍ വന്നിരിക്കുന്ന, ഒരു പട്ടിക്കുഞ്ഞ്, അവളത് ഭര്‍ത്താവിനോട് പറയുകയും ചെയ്തു.

അവളെന്തോ ഭ്രാന്തുപറയുമ്പോലെ ഭര്‍ത്താവ് മിഴിച്ചുനോക്കി. കാരണം മനുഷ്യനല്ലാതെ ചലിക്കുന്നതൊന്നും ഒപ്പം താമസിക്കുന്നത് മുമ്പെങ്ങും അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു.

അവരുടെ ഈമെയിലുകളില്‍ നേരിയ വെളിപ്പെടുത്തലുകള്‍, ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചപ്പോഴൊക്കെ അവള്‍ കുറ്റബോധത്തിന് കുമ്പസാരക്കൂട് പണിതു.

അവളുടെ പ്രപഞ്ചത്തില്‍ സ്‌നേഹം സ്പന്ദിക്കുന്നൊരു വികാരമായി പ്രസരിച്ചു.അവള്‍ അവളെത്തന്നെ സ്‌നേഹിച്ചുതുടങ്ങിയിരുന്നു. മക്കളെ അടുത്തു പിടിച്ചുനിര്‍ത്തി അരുമയോടെ ചുംബിച്ചു. ആ പ്രായത്തിലുള്ള ഏതൊരു ആണ്‍കുട്ടിയും ചെയ്യുമ്പോലെ അവര്‍ കുതറി മാറുവാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ അവരെ ചേര്‍ത്തുനിര്‍ത്തി. ന്യൂയോര്‍ക്ക് റ്റൈംസ് വായിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിന്റെ കഴുത്തിലൂടെ കയ്യിട്ട് സ്‌നേഹപൂര്‍വ്വം അയാളുടെ മുടിയില്‍ തലോടി, അത് അയാളെ അലോസരപ്പെടുത്തിയെങ്കിലും.

'കുട്ടാ, നമുക്കിന്നൊരു സിനിമക്ക് പോവാം, നിങ്ങള്‍ സ്‌കൂള്‍വിട്ടുവരുമ്പോള്‍. ലേണേഴ്‌സ് പെര്‍മിറ്റ് കിട്ടിയല്ലൊ, നീ വണ്ടിയോടിച്ചോളൂ. '

കൗമാരമെത്തിയാല്‍പ്പിന്നെ അച്ഛനമ്മമാരോടൊപ്പം പൊതുസ്ഥലങഅങളില്‍ കാണപ്പെടുവാന്‍ ഇഷ്ടപ്പെടാറില്ലെന്ന സത്യമറിയതവള്‍ ചോദിച്ചു.

അമ്മക്ക് ഒന്നുമറിയില്ലേ - എന്ന മട്ടില്‍ ഒരു പരന്ന ചിരി നല്‍കി അവന്‍ മുറിയിലേക്ക് വലിഞ്ഞു.

ഇന്ന്, ഉച്ചതിരിഞ്ഞപ്പോള്‍ , അലസമായൊരു വാരാന്ത്യം ആശിച്ച് പകല്‍ പാതികഴിഞ്ഞ വെള്ളിയാഴ്ചയുടെ വാതില്‍പ്പടിയില്‍ ചവുച്ചിനില്‍ക്കുകയായിരുന്നു. അവള്‍ ഓഫീസില്‍ നിന്നും നേരത്തെ എത്തി. പതിനാറു വയസ്സുകഴിഞ്ഞാല്‍ സ്‌കൂള്‍ബസ്സില്‍ യാത്രചെയ്യുന്നത് ' കൂള്‍ ' അല്ലെന്ന് ചിന്തിക്കുന്ന മക്കള്‍ അപ്പോള്‍ വീട്ടിലുണ്ടായിരുന്നു.

'അമ്മേ, ഞാന്‍ അമ്മേടെ കാറെടുക്കുന്നു. ഇപ്പോ തിരികെ വരാം.' ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയ മൂത്ത മകന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

നിരസിച്ചാല്‍ ഭൗതിക സാധനങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളില്‍ സ്‌നേഹമളക്കുന്ന മകന്‍ പറയും.
അമ്മക്ക് എന്നോട് സ്‌നേഹമില്ല, എന്നില്‍ വിശ്വാസമില്ല.

മറുപടി കേള്‍ക്കാത്ത താമസം അവന്‍ വാതിലടച്ചു.

അവള്‍ കമ്പ്യൂട്ടറില്‍ പുറംലോകത്തേക്കുള്ള വാതില്‍ തുറന്നിട്ടു.

എനിക്ക് നിങ്ങളോട് പ്രത്യേക ഒരിഷടം തോന്നുന്നു. അരുതെന്ന് പലവട്ടം വിലക്കിയിട്ടും മനസ്സിലേക്ക് ഇരച്ചുകയറുന്ന വല്ലാത്തൊരിഷ്ടം . വിരോധമില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ തരൂ. നിങ്ങളോട് സംസാരിക്കണമെന്ന് തോന്നുന്നു.

വെളുത്തപൂവിന്റെ ഐഡിയില്‍ നിന്നുള്ള ഈമെയില്‍.

അടുക്കളവാതിലിലൂടെ ഇഴഞ്ഞ് അകത്തേക്കുവന്ന അരുതാത്തൊരു ഇഷ്ടം അവള്‍ക്കും തോന്നിയിരുന്നു. ആ ഇഷ്ടം പച്ചക്കറികള്‍ക്കിടയില്‍ പച്ചയായി കിടന്നിരുന്നു.  കറിക്കത്തികൊണ്ട് നുറുക്കിമാറ്റാതെ , ചപ്പുകൂനയിലേക്ക് എറിഞ്ഞു കളയാതെ സൂക്ഷിച്ചിരുന്നു.

ശരികളുടെ  കൂമ്പാരത്തിനുവെളിയില്‍ അമര്‍ന്നിരുന്ന അരുതാത്തൊരു ഇഷ്ടത്തെ പുറത്തെടുത്ത് അപരാധബോധത്തിലൊഴുക്കിക്കളയാതെ അവള്‍ എഴുതി 'എനിക്ക് നിങ്ങളെയും ഇഷ്ടമാണ്. എത്ര തടുത്തുവെച്ചിട്ടും എന്റെ ചിന്തകളില്‍ നിങ്ങളുടെ അവ്യക്തമുഖം വന്നുചേരുന്നു. '

ഫോണ്‍ അടിച്ചപ്പോഴും സുഖമുള്ളൊരു അനുഭൂതി അവളെ പൊതിഞ്ഞിരുന്നു.

സുഹൃത്തിനെ വിളിച്ചുവരുത്തി ആശുപത്രിയിലേക്കോടും മുമ്പുതന്നെ അവളുടെ ലോകം കറുത്തിരുണ്ടു.

പരിഭ്രമിച്ചു കയറിവന്ന അവളെക്കണ്ട ഭര്‍ത്താവു പറഞ്ഞു.

' മേജര്‍ ആക്‌സിഡന്റാണ്. ഇപ്പോള്‍ ഓപ്പറേഷന്‍ തൂയേറ്ററിലേക്ക് കൊണ്ടുപോയിരിക്കുന്നു. '
അയാളും സമനില വീണ്ടെടുക്കുവാന്‍ പണിപ്പെട്ടു.

അവള്‍ അയാളിലേക്കൊട്ടിനിന്നു. അവളുടെ രക്ഷകനായി, ഭര്‍ത്താവായി, കുട്ടികളുടെ അച്ഛനായി, നിമിഷങ്ങള്‍ അവരെ സാന്ത്വനിപ്പിച്ച് പരിസരത്ത് ചുറ്റിനടന്നു. അവര്‍ കാറ്റിലുലയുന്ന തോണിയിലെ യാത്രക്കാരായി. 

'ഡ്രൈവറുടെ പരിചയക്കുറവാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഹൈവേയില്‍ ഒരു ബസ്സിനെ ഓവര്‍റ്റേക്ക് ചെയ്തതാണ്. ' അയാള്‍ സംസാരിക്കുനാന്‍ വളരെ വിഷമിക്കുന്നുണ്ടായിരുന്നു.
മണിക്കൂറുകള്‍ക്കുശേഷം അവനില്ലാത്തൊരു ലോകം അച്ഛനും അമ്മക്കും അജ്ഞാതമാക്കി മകന്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന് വെളിയില്‍ വന്നു.

റിക്കവറി റൂമില്‍നിന്നും മുറിയിലേക്ക് കൊണ്ടുവന്നപ്പോഴേക്കും രാത്രി ഏറെയായിരുന്നു. അവരുടെ ജീവന്റെ ഒരുതുണ്ട്, അവശനാ3യി , ഞരങ്ങിയും മൂളിയും, വേദനസംഹാരിയുടെ കരുണയില്‍ കിടക്കുന്നതുകണ്ട് വീട്ടിലേക്ക് മടങ്ങുവാന്‍ അവര്‍ക്ക് മനസ്സുവന്നില്ല.

' പേഷ്യന്റിന്റെ കൂടെ രാത്രിയില്‍ ആര്‍ക്കും താമസിക്കാനാവില്ലെന്ന് അിറയാമല്ലോ. പോയിട്ട് നാളെ രാവിലെതന്നെ ഇവിടെയെത്താമല്ലോ. '

നേഴ്‌സ് അവരെ സ്‌നേഹപൂര്‍വ്വം വീട്ടിലേക്ക് പറഞ്ഞയച്ചു.

വീട്ടിലെത്തിയപ്പോള്‍ കൊടുംകാറ്റലുലഞ്ഞ ചെറുമരമായി അയാള്‍ നിന്നു.
' ദീപേ, അവന് ഇതില്‍ക്കൂടുതല്‍ എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍, അവനില്ലാത്തൊരു ലോകം എനിക്ക് ആലോചിക്കുവാന്‍ കൂടി കഴിയുന്നില്ല. '

ഒരു ഊന്നുവടിയുടെ വികാരസാന്ദ്രതമാത്രം പലപ്പോഴും കാട്ടിയിരുന്ന അയാള്‍ വികാരാധീനനായി അവളെ തന്നിലേക്കടുപ്പിച്ചു. അവളുടെ നിശ്വാസം പോലും അയാള്‍ക്ക് ആശ്വാസം പകരുമ്പോലെ.
' രാജ്, അരുതാത്തതൊന്നും ചിന്തിക്കരുത്. '

മുങ്ങിയ തോണിയിലെ യാത്രക്കാരായി ആഴങ്ങളിലുള്ള സ്വര്‍ണ്ണമത്സ്യങ്ങളെ അവര്‍ കണ്ടെത്തുകയായിരുന്നു.

മുറിവിട്ടിറങ്ങുമ്പോള്‍ അവള്‍ പലതിനെയുംകുറിച്ച് ചിന്തിച്ചു.

രാത്രിയേറെയായിരുന്നതിനാല്‍ ഇളയമകന്‍ ഉറങ്ങിയിരുന്നു. അവന്റെ മുറിയില്‍ കയറിച്ചെന്ന് അവനൊരു ചുംബനം നല്‍കി ശരിക്കൊന്ന് പുതപ്പിച്ചു. ഇരുണ്ട ഹാള്‍വേയിലേക്ക് ഇറങ്ങി.

' ദീപേ 'അവളെ കുറെയധികസമയം കാണാതിരുന്നതിനാല്‍ രാജിന്റെ ശബ്ദം ബെഡ്‌റൂമില്‍ നിന്ന് ഉയര്‍ന്നുകേട്ടു.

എത്രസമയം അങ്ങനെയിരുന്നുവെന്ന് അവള്‍ക്ക് നിശ്ചയമില്ലാത്തവിധം ചിന്തകളുടെ ലോകത്തില്‍ സമയം അതിവേഗം നീങ്ങിയിരുന്നു.

അവള്‍ എഴുന്നേറ്റ് കതക് ചേര്‍ത്തടച്ചു.

ഭിത്തിയില്‍ തൂക്കിയിരുന്ന കുടുംബചിത്രത്തിലേക്ക് നോക്കി.

നാട്ടിലെ ഉച്ചച്ചൂടില്‍ ചുട്ടുപഴുത്ത് നില്‍ക്കുന്ന ബില്‍ബോര്‍ഡിലെ പരസ്യചിത്രം മനസ്സിലേക്ക് ഇരച്ചുവന്നു. അച്ഛന്‍ , അമ്മ, രണ്ടുകുട്ടികള്‍. നമ്മുടെ കുടുംബം സന്തുഷ്ടകുടുംബം. അവള്‍ക്കെല്ലാം കൈവിട്ടുപോകുന്നതുപോലെ. മനസ്സ് ഭീതിയിലാഴ്ന്നു.

കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. അരുതാത്തൊരു ഇഷ്ടവുമായെത്തിയ  ഈ മെയില്‍ തുറന്ന് പലവട്ടം വായിച്ചു. അവരുടെ ചെറിയലോകത്തിലെ വലിയ മതിലുകള്‍ക്കുള്ളില്‍ വഴിതെറ്റിയെത്തിവയളായി സ്വയം കണ്ടു.

അവള്‍ ജീമെയില്‍ ഐഡി ഡിലീറ്റുചെയ്യുന്നതിനായി ജീമെയില്‍ അക്കൗണ്ട് പേജ് തുറന്നു.  'ഡിലീറ്റ് ജീമെയില്‍ ഐഡി' ബട്ടണ്‍ സ്‌ക്രീനില്‍ വന്നു.

ഈമെയില്‍ ഐഡി ഡിലീറ്റ് ചെയ്തു……..

പരസ്പരം കൂടുതല്‍ അറിയുവാനാവാതെ, അടുക്കുവാനാവാതെ….

ഇതെന്തിന് ചെയ്തുവെന്നൊരിക്കലും ചോദിക്കുവാനവസരം കൊടുക്കാതെ…..

ഒരു ബന്ധം ഹോമകുണ്ഠത്തിലെറിഞ്ഞ്…..

വഴികളടച്ച്……….

ആ ബട്ടണിലേക്ക് അവള്‍ മെല്ലെ വിരലുകള്‍ അമര്‍ത്തുവാന്‍ തുനിഞ്ഞു.

വെളുത്ത പാരിജാതപ്പൂക്കളുടെ സൗരഭ്യം .

ഉഷ്ണക്കാറ്റിന്റെ മുരള്‍ച്ച.

'ദീപേ, നീ ഓവര്‍ റിയാക്റ്റ് ചെയ്യുന്നു '

ആരോ തോളില്‍ തട്ടുന്നുവോ ?

അടുത്ത മുറിയില്‍ ഭര്‍ത്താവ് ഉറക്കത്തിലേക്ക് വഴുതിവീഴുകയായിരുന്നു. അരുതാത്ത ഇഷ്ടം

ജീവിതസഹജമായ ശിക്ഷയര്‍ഹിക്കാത്ത അപരാധമാണ്.

സ്‌നേഹം മനുഷ്യസഹജമാണ് , ജീവവായുപോലെ നമ്മിലലിഞ്ഞ് , ഒഴിവാക്കാനാവാത്തവിധം.



ദേശാഭിമാനി വാരിക, 2008 ജനുവരി








   


റിട്ടേണ്‍ ഫ്‌ളൈറ്റ് കഥകള്‍ ( എഴുത്തിന്റെ വഴികള്‍ - റീനി മമ്പലം )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക