Image

ബഹ്‌റിനില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗത്തില്‍ സ്‌ത്രീകളും പുരുഷന്മാരും ഒപ്പത്തിനൊപ്പമെന്ന്‌ സര്‍വ്വെ

Published on 17 October, 2011
ബഹ്‌റിനില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗത്തില്‍ സ്‌ത്രീകളും പുരുഷന്മാരും ഒപ്പത്തിനൊപ്പമെന്ന്‌ സര്‍വ്വെ
മനാമ: ബഹ്റൈനില്‍ 78 ശതമാനം പുരുഷന്മാരും 77 സ്ത്രീകളും ദിവസേന ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് പഠനം. ഇതില്‍ 35 ശതമാനം സ്ത്രീകളും 43 ശതമാനം പുരുഷന്മാരും ദിവസം രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ബഹ്റൈന്‍ യൂനിവേഴ്സിറ്റിയുടെ പുതിയ പഠനത്തിലാണ് കണ്ടെത്തല്‍. 294 സ്വദേശികളില്‍ സര്‍വേ നടത്തിയാണ് ഈ നിഗമനത്തിലെത്തിയത്.

പുരുഷന്മാരില്‍ 46 ശതമാനം ദിവസം രണ്ടുമണിക്കൂറെങ്കിലും ടി.വി കാണുന്നവരാണ്, സ്ത്രീകള്‍ 30 ശതമാനവും. ആറു ശതമാനം സ്ത്രീകളും പുരുഷന്മാരും ടി.വി അപൂര്‍വമായി മാത്രമാണ് കാണുന്നത്. 44 ശതമാനം സ്ത്രീകളും പുരുഷന്മാരും ഭക്ഷണത്തിന്‍െറ സമയത്താണ് ടി.വി കാണുന്നത്. ദിവസം രണ്ടുമണിക്കൂറില്‍ കൂടുതല്‍ സമയം ടി.വി കാണുന്നത് അമിതവണ്ണം, പൊണ്ണത്തടി എന്നിവക്ക് കാരണമാകുമെന്ന് പഠനം മുന്നറിയിപ്പുനല്‍കി. ടി.വിക്കുമുന്നിലിരുന്ന് ഭക്ഷണം കഴിച്ചാല്‍, ആവശ്യമായതിലും കൂടുതല്‍ അളവില്‍ കഴിക്കുകയും ഇത് ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യും. 37 ശതമാനം പുരുഷന്മാരും എട്ടു ശതമാനം സ്ത്രീകളും പുകവലിക്കാരാണ്. അതേസമയം, 36 ശതമാനം പുരുഷന്മാരും 60 ശതമാനം സ്ത്രീകളും ശീശ വലിക്കുന്നവരാണ്. 30 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളും ‘സെക്കന്‍റ് ഹാന്‍ഡ്’ പുകവലിക്കാരാണ്. അതായത്, പുക വലിക്കുന്നില്ളെങ്കിലും, പുകവലിക്കാര്‍ പുറത്തുവിടുന്ന പുക ശ്വസിക്കേണ്ടിവരുന്നവര്‍. പുകവലിയെപ്പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമാണ് ‘സെക്കന്‍റ് ഹാന്‍ഡ്’ പുകവലിയും.

കൃത്യമായി പ്രഭാത ഭക്ഷണം കഴിക്കുന്നവരില്‍ കൂടുതലും പുരുഷന്മാരാണെന്ന് പഠനം പറയുന്നു. 76 ശതമാനം പുരുഷന്മാരും എല്ലാ ദിവസവും രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നു. എന്നാല്‍, സ്ത്രീകള്‍ 54 ശതമാനം മാത്രമാണ്. 44 ശതമാനം പുരുഷന്മാരും 16 ശതമാനം സ്ത്രീകളും ജോലിക്കിടെയാണ് പ്രഭാതഭക്ഷണം കഴിക്കുന്നത്. സ്ത്രീകളില്‍ കൂടുതലും വീട്ടമ്മമാരാണ്, ജോലി ചെയ്യുന്നവരല്ല.

പുരുഷന്മാരില്‍ 57 ശതമാനവും സ്ത്രീകളില്‍ 26 ശതമാനവും പതിവായി ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നവരാണ്. നടക്കലും ജോഗിങുമാണ് ഏറ്റവും കൂടുതല്‍ പേര്‍ ചെയ്യുന്ന വ്യായാമം. ഇതുതന്നെ രണ്ടു ശതമാനം സ്ത്രീകളും 19 ശതമാനം പുരുഷന്മാരുമാണ് ചെയ്യുന്നത്. ശാരീരിക വ്യായാമത്തിന്‍െറ അഭാവം ഗുരുതരമായ രോഗങ്ങള്‍ക്കിടയാക്കുമെന്ന് പഠനം മുന്നറിയിപ്പുനല്‍കി. ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം, പൊണ്ണത്തടി, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിവക്ക് ഇത് കാരണമാക്കും.
25 ശതമാനം പുരുഷന്മാരും 10 ശതമാനം സ്ത്രീകളും ദിവസം ആറു മണിക്കൂറില്‍ കുറവേ ഉറങ്ങുന്നുള്ളൂ. ഉറക്കക്കുറവുമൂലമുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. 45 ശതമാനം പുരുഷന്മാര്‍ക്കും 34 ശതമാനം സ്ത്രീകള്‍ക്കും ഭക്ഷണശേഷം ഒരു മണിക്കൂറിലേറെ ഉച്ചയുറക്കം പതിവാണെന്ന് സര്‍വേ കണ്ടെത്തി. 19 ശതമാനം പുരുഷന്മാര്‍ക്കും 36 ശതമാനം സ്ത്രീകള്‍ക്കും ഉച്ചയുറക്കമില്ല. ഒമ്പതു ശതമാനം പുരുഷന്മാരും 24 ശതമാനം സ്ത്രീകളും ഉറക്കമില്ലായ്മ, വിശ്രമമില്ലായ്മ എന്നിവയുടെ ദുരിതമനുഭവിക്കുന്നു. 42 ശതമാനം പുരുഷന്മാര്‍ക്കും 26 ശതമാനം സ്ത്രീകള്‍ക്കും ഇത്തരം പ്രശ്നമില്ല. ഉച്ചഭക്ഷണം കഴിഞ്ഞയുടന്‍ ദീര്‍ഘനേരം കിടന്നുറങ്ങുന്നത് ശരീരത്തിന് ഹാനികരമാണ്. ദീര്‍ഘമായ ഉച്ചയുറക്കം മൂലം, ഭക്ഷണം കടന്നുപോകുന്ന കുഴലിലേക്ക് ഗാസ്ട്രിക് ആസിഡ് ഒഴുകിയെത്താനിടയാക്കും. ഇത് ആമാശയത്തെ പൊള്ളിക്കും. മാത്രമല്ല, ഉച്ചക്ക് കൂടുതല്‍ സമയം ഉറങ്ങിയാല്‍ അത് ശരീരത്തിന് അത്യവശ്യമായ രാത്രിയുറക്കത്തെ ബാധിക്കുകയും ചെയ്യുമെന്ന് പഠനം മുന്നറിയിപ്പുനല്‍കി.
യൂനിവേഴ്സറ്റിയിലെ ഭക്ഷ്യ- ആരോഗ്യ പഠനവിഭാഗം പ്രസിഡന്‍റ് ഡോ. അബ്ദുറഹ്മാന്‍ മുസൈകറിന്‍െറ നേതൃത്വത്തിലായിരുന്നു സര്‍വേ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക