Image

ഒരു കുടയുടെ സഞ്ചാരം (നോവല്‍ : അവസാനഭാഗം )- റെജീഷ് രാജന്‍

റെജീഷ് രാജന്‍ Published on 04 October, 2013
ഒരു കുടയുടെ സഞ്ചാരം (നോവല്‍ : അവസാനഭാഗം )- റെജീഷ് രാജന്‍
ഏഴ്
'കൊള്ളാം നല്ല കുട, നേരത്തെ ഉണ്ടായിരുന്ന ആ നശിച്ച കുട എവിടെങ്കിലും കൊണ്ട് പോയി കളയണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് നാള് കുറച്ചായി. അപ്പഴാണിങ്ങനെ ഒരവസരം കിട്ടിയത്.', റോസ് കളര്‍ കുട നിവര്‍ത്തി കുമിറ്റി പെയ്യുന്ന മഴയില്‍ നടന്നു നീങ്ങവേ റോസ്‌മേരി ഓര്‍ത്തു. ക്ലെപ്‌ടോമാനിയ അസുഖം ഒന്നുമില്ലെങ്കിലും കൊള്ളാവുന്ന ഏതെങ്കിലും ഒരു സാധനം കണ്ടാല്‍ അത് സൂത്രത്തില്‍ അടിച്ചു മാറ്റാനുള്ള ഒരു പ്രലോഭനം പണ്ടേ റോസ്‌മേരിക്കുണ്ട്.
വാച്ചിലേക്ക് നോക്കി, സമയം ആറു മണി. വേഗം ചെല്ലാം, മോള് വിഷമിച്ചിരിക്കുകയാവും. അവളെ സ്‌കൂളില്‍ നിന്നും കൂട്ടി കൊണ്ടു വന്ന വേലക്കാരി അര മണിക്കൂറിനുള്ളില്‍ സ്ഥലം വിടാനുള്ളതാ. റോസ്‌മേരി താന്‍ താമസിക്കുന്ന ഫ്‌ലാറ്റിലേക്ക് വേഗം നടന്നു. ഏഴാമത്തെ നിലയിലെ 7A ഫ്‌ലാറ്റിന്റെ വാതില്‍ തുറന്ന് തന്റെ മകളെ സ്‌നേഹത്തോടെ വാരിപ്പുണര്‍ന്നു.
പിന്നീടുള്ള മണിക്കൂറുകള്‍ സാധാരണ ഏതൊരു ദിവസത്തെയും പോലെ പതിവ് ദിനചര്യകള്‍ വെച്ച് മാറ്റമൊന്നും കൂടാതെ കടന്നു പോയി. മോളെ അന്നത്തെ ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിക്കുക, ഭക്ഷണം പാചകം ചെയ്യുക, മോളെ ഉറക്കുക അങ്ങനെയങ്ങനെ. മകളെ ഉറക്കിയ ശേഷം ടി വി പരിപാടികള്‍ കാണുന്നതിന്റെ ഇടയിലാ മൊബൈല്‍ ശബ്ദിച്ചത്. അങ്ങേ തലക്കല്‍ നിന്നും ഭര്‍ത്താവു വില്യംസ് ആയിരുന്നു.

'ഇച്ചായോ, ഇപ്പോള്‍ എവിടെയാ?'
'എടീ ഞാനിപ്പോള്‍ ഇന്തോനേഷ്യ എത്തി ഒരു മണിക്കൂറെ ആയുള്ളൂ. സോറി കഴിഞ്ഞ ആഴ്ച നിന്നെ വിളിക്കാന്‍ പറ്റിയില്ല. ഇവിടെ കപ്പലിനകത്തു നിന്ന് പുറത്തേക്കു വിളിക്കാനുള്ള സൌകര്യം കാര്യമായിട്ടില്ല എന്ന് ഞാന്‍ നിന്നോട് മുമ്പ് പറഞ്ഞതാണല്ലോ. നിനക്ക് സുഖമാണോ?'
'ഓ എന്ത് സുഖം. കുഴപ്പമില്ലാതിങ്ങനെ പോകുന്നു.'
'മമ്മിയില്ലെ അവിടെ?'
'ഇല്ല, മമ്മി ഇന്നലെ നാട്ടിലേക്ക് പോയി, നാളെ രാത്രി വരും.'
'എന്നാല്‍ മോളുടെ കയ്യിലൊന്ന് കൊടുത്തെ.'
'അയ്യോ മോളുറങ്ങിയല്ലോ, വിളിക്കണോ?'
'വേണ്ട, ഞാന്‍ നാളെ കാലത്ത് വിളിക്കാം. ഇനിയുള്ള ഒരാഴ്ച കപ്പലില്‍ കഴിയേണ്ട, കരയില്‍ തന്നെയാണ് ജീവിതം. ഒരു തരം പരോള്‍. അത് കൊണ്ട് എന്നും വിളിക്കാന്‍ പറ്റും. അടുത്താഴ്ച വീണ്ടും പഴയത് പോലെ കപ്പലില്‍. അടുത്ത സ്‌റ്റോപ്പ് ഹൊങ്ങ് കൊങ്ങ് ആണ്.'
'ഇങ്ങനെ എത്ര നാള് കറങ്ങി നടക്കാനാ ഭാവം?'
'നിന്നോട് ഞാനത് നേരത്തെ പറഞ്ഞതല്ലേ, ഇനിയും മൂന്നു മാസം പിടിക്കും ഞാന്‍ തിരിച്ചെത്താന്‍.'
'ഇച്ചായന്‍ ഇതെത്ര നാളിങ്ങനെ നീറി കഴിയാനാ ഭാവം? ഇതാര്‍ക്ക് വേണ്ടിയാ ഇങ്ങനെ കഷ്ടപ്പെടുന്നത്?'
'നിനക്കത് പറയാം. രൂപ ഒന്നര ലക്ഷം ശമ്പളം പിന്നെ ഞാന്‍ വേണ്ടെന്നു വെക്കണോ? ഇത് കളഞ്ഞേച്ചു ഞാന്‍ അവിടെ വന്നു പിന്നെ എന്ത് ജോലി ചെയ്യാനാ? എനിക്ക് വേറൊരു പണിയും അറിയത്തില്ല.'
'കാശ് മാത്രം മതിയോ ഇച്ചായാ, ജീവിതം വേണ്ടേ?'
'ഒരു രണ്ടു മൂന്നു കൊല്ലം കൂടി ക്ഷമിക്കൂ, എന്തെങ്കിലും ഒക്കെ പൈസ സേവ് ചെയ്യാതെങ്ങനാ, ഒരു സുപ്രഭാതത്തില്‍ ചുമ്മാ ഈ ജോലി കളഞ്ഞിട്ടു അങ്ങോട്ട് വരാന്‍ പറ്റുമോ? അതിരിക്കട്ടെ നീയിന്നവിടെ തനിച്ചാണോ?'
'അതോര്‍ത്ത് ഇച്ചായന്‍ വിഷമിക്കേണ്ട, ഞാന്‍ മാനേജ് ചെയ്‌തോളാം. ഇതൊരു ഫ്‌ലാറ്റ് അല്ലെ, ചുറ്റിനും ആള്‍ക്കാരുണ്ടല്ലോ.'
'ഒറ്റയ്ക്കാണേല്‍ നിനക്കാ വേലക്കാരിയോട് ഇന്നൊരു ദിവസം അവിടെ നില്‍ക്കാന്‍ പറഞ്ഞൂടെ?'
'ഓ അവര്‍ക്കൊന്നും നില്‍ക്കാന്‍ പറ്റില്ലെന്നെ. അവര്‍ക്ക് വീട്ടില്‍ വയസ്സായ ഒരു തള്ളയുണ്ട്, അവരെ നോക്കണം. അവരെ ഒറ്റക്കാക്കാന്‍ പറ്റില്ല. ദിവസവും വൈകിട്ട് അവര്‍ക്ക് വീട്ടില്‍ പോയേ പറ്റു.'
'എന്നാല്‍ ആ തള്ളയോടും കൂടി നിന്റെയവിടെ വന്നു നില്ക്കാന്‍ പറ.'
'ബെസ്റ്റ്, എന്നിട്ടാ അസുഖം പിടിച്ച തള്ളയെ നോക്കുന്ന ചുമതല കൂടി എന്റെ തലയില്‍ കെട്ടി വെക്കാന്‍. ഇച്ചായന്‍ ഇതെന്താലോചിച്ചാ ഓരോന്നും പറയുന്നേ.'
'ആ നീയിഷ്ടം പോലെ ചെയ്യ്. ആട്ടെ അവിടെയിപ്പോള്‍ സമയം എത്രയായി?'
'ഇവിടെ പത്തു മണിയാവാന്‍ പോകുന്നു. അവിടെയോ?'
'ഓ ഇവിടെ പാതിരാത്രി ആകാറായി. എന്നാല്‍ ശരി നിനക്കുറക്കം വരുന്നുണ്ടാകും. കിടന്നോ, ഞാന്‍ വെക്കട്ടെ. ഗുഡ് നൈറ്റ്.'
'ഓക്കേ ഗുഡ് നൈറ്റ്, നാളെ വിളിക്കില്ലേ?'
'ഷുവര്‍, വിളിക്കാം. ഓക്കേ ദെന്‍.'

ഒരു നിമിഷം റോസ്‌മേരിയുടെ കണ്ണുകള്‍ ഈറനണിഞ്ഞുവോ? ഉറപ്പില്ല. ഏതായാലും മനസ്സിലെ വിഷാദം അകറ്റുവാനായി അര മണിക്കൂര്‍ കൂടി ടി വി യുടെ മുന്നില്‍ അവള്‍ ചിലവഴിച്ചു. പിന്നെ ടി വി ഓഫ് ചെയ്തു കിടന്നുറങ്ങി.

പിറ്റേ ദിവസം അല്പം ആശങ്കയോടു കൂടിയാണ് ശ്യാം സ്‌കൈലൈന്‍ അപാര്‍ട്ട്‌മെന്റ് സമുച്ചയത്തിലേക്ക് നടന്നത്. പറയേണ്ട വാചകങ്ങള്‍ എന്തൊക്കെ എന്ന് വീണ്ടും മനസ്സില്‍ ഉരുവിട്ട് ഹൃദിസ്ഥമാക്കി.
സെക്യൂരിറ്റിക്കാരന്‍ ഗേറ്റ് വാതുക്കല്‍ തന്നെയുണ്ടായിരുന്നു. 'ആരെ കാണാനാ?' അങ്ങേരു ചോദിച്ചു.
മിസ്സിസ് മോളി മാത്യു ഫ്‌ലാറ്റ് 7E. ഗസ്റ്റ് രജിസ്റ്ററില്‍ ശ്യാം റോയ് മാത്യു എന്ന പേരും എഴുതി ആ പേരില്‍ തന്നെ ഒപ്പും ഇട്ടു വെച്ചു.
റോയ് മാത്യു എന്നാ പേര് കണ്ടപ്പോള്‍ സെക്യൂരിറ്റിക്കാരന്‍ പരിചയ ഭാവത്തില്‍ ചിരിച്ചു. 'ഓ റോയ് മാത്യു, അമ്മച്ചി എപ്പഴും പറയും മോനെ കുറിച്ച്. സാര്‍ എന്നാണ് അമേരിക്കയില്‍ നിന്ന് വന്നത്?'
'രണ്ട് ദിവസമായി.' ലേശം പരുങ്ങലോടെ ശ്യാം പറഞ്ഞു. 'മമ്മിക്കിപ്പൊല്‍ എങ്ങനെയുണ്ട്?'
'കുഴപ്പമില്ല, സ്ഥിരം നോക്കാന്‍ ഒരു ഹോം നേഴ്‌സ് ഉണ്ടല്ലോ, പിന്നെ ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടറും വരും പരിശോധിക്കാന്‍. പിന്നെ ഞങ്ങളൊക്കെ എപ്പഴും ഇവിടെയുണ്ടല്ലോ, ഏതാവശ്യത്തിനും. അതിനെക്കുറിച്ച് ഓര്‍ത്തു സാര്‍ വറി ചെയ്യണ്ട. ആ എന്നാല്‍ പിന്നെ സാറ് ചെല്ല്.'
ശ്യാം വാച്ചിലേക്ക് നോക്കി. നേരം ഉച്ചയ്ക്ക് പന്ത്രണ്ടു മണി. ലിഫ്റ്റ് കയറി ഏഴാമത്തെ നിലയില്‍ എത്തി ചുറ്റുപാടും നന്നായി നിരീക്ഷിച്ചു. നട്ടുച്ച സമയം, എല്ലാവരും ഭക്ഷണം പാചകം ചെയ്യുന്ന തിരക്കിലായിരിക്കും. അത് കൊണ്ട് വലിയ ഒച്ചപ്പാടോ ബഹളമോ ഒന്നും കേള്‍ക്കാനില്ല. ഇടതു ഭാഗത്തെ 7A ഫ്‌ലാറ്റില്‍ നിന്നാണെന്നു തോന്നുന്നു, ഒരു മീന്‍ കറിയുടെ മണമടിക്കുന്നുണ്ട്. ശ്യാം വലതു ഭാഗത്തെ 7E ഫ്‌ലാറ്റിനു മുന്നിലായി തൂക്കി ഇട്ടിരിക്കുന്ന 'മിസ്സിസ് മോളി മാത്യു' എന്ന ബോര്‍ഡിലേക്ക് സൂക്ഷിച്ചു നോക്കി. ആ ഫ്‌ലാറ്റില്‍ നിന്നും അങ്ങനെ ബഹളം ഒന്നും കേള്‍ക്കാനില്ല. ചുറ്റുവട്ടത്തെ ഫ്‌ലാറ്റുകളില്‍ നിന്നും ഒരാളും പുറത്തേക്ക് വരാന്‍ സാധ്യതയില്ല എന്നുറപ്പ് വരുത്തിയ ശേഷം, ശ്യാം പോക്കറ്റിലുള്ള മൊബൈല്‍ എടുത്തു വളരെക്കാലം പരിചയമുള്ള നംബറിലേക്കൊരു മിസ്സ്ഡ് കാള്‍ അടിച്ചു. എന്നിട്ട് 7Dഫ്‌ലാറ്റിന്റെ വാതുക്കല്‍ ഒരു മൂന്നു പ്രാവശ്യം കൊട്ടി.
റോസ്‌മേരി വാതില്‍ തുറന്ന ഉടന്‍ തന്നെ ശ്യാം അകത്തേക്ക് തള്ളി കയറി. റോസ്‌മേരി എന്നിട്ട് ഉടന്‍ തന്നെ വാതില്‍ ലോക്ക് ചെയ്ത് കുറ്റിയുമിട്ടു. ഡൈനിങ്ങ് ഹാളിലേക്ക് ചെല്ലുവാനോ, കുശലം പറച്ചിലില്‍ ഏര്‍പ്പെടാനോ ഇരു കൂട്ടര്‍ക്കും താല്പര്യം ഉണ്ടായിരുന്നില്ല. ഏറെ നേരം ആ വാതിലിനു മുന്നില്‍ നിന്നു കൊണ്ട് തന്നെ പരസ്പരം കെട്ടിപ്പിടിച്ചും, പരസ്പരം അധരങ്ങളില്‍ ചുംബിച്ചും അവര്‍ക്കിടയിലുള്ള പ്രണയ സല്ലാപങ്ങള്‍ നീണ്ടു പോയി. അല്പം കഴിഞ്ഞപ്പോള്‍ പരിസരബോധം വീണ്ടെടുത്ത് ബെഡ് റൂമിലേക്ക് അവര്‍ നടന്നു നീങ്ങി. അവിടെയും തുടര്‍ന്നു ഏതാണ്ട് ഒരു മണിക്കൂറോളം അവര്‍ തമ്മിലുള്ള രതി ക്രീഡകള്‍.
നേരം ഒന്നരയായി. ഡൈനിങ്ങ് ഹാളിലെ സോഫയില്‍, റോസ്‌മേരിയുടെ മടിയില്‍ തല ചായ്ച്ചു, ശ്യാം അലസമായി ഓരോന്നും ആലോചിച്ചു കിടന്നു. റോസ്‌മേരി ശ്യാമിന്റെ നെറ്റിയിലെ തലമുടി പിന്നിലേക്ക് തടവിക്കോണ്ടുമിരുന്നു.

പെട്ടെന്ന് ശ്യാം ചോദിച്ചു, 'നിന്റെ കെട്ടിയോന്‍ വിളിക്കാറുണ്ടോ?'
'ഇന്ന് കാലത്ത് വിളിച്ചിരുന്നു. ഇന്നലെ രാത്രി ഇന്തോനേഷ്യ എത്തി, ഒരാഴ്ച അവിടെ തങ്ങിയതിനു ശേഷം അടുത്താഴ്ച ഹോങ്ങ് കോങ്ങിലേക്ക് പുറപ്പെടും.'
'ഹാ ഒരു കണക്കിന് പുള്ളി ഭാഗ്യവാനാ, ഇത് പോലെ കുറേ സ്ഥലങ്ങള്‍ കണ്ടു നടക്കാല്ലോ. ഞാന്‍ ഒക്കെ കേരളം പോലും മര്യാദയ്ക്ക് കണ്ടിട്ടില്ല.'

'അതെ, സ്ഥലം കാണല്, ഇതാണ് നിങ്ങളെ പോലെയുള്ള ആള്‍ക്കാരുടെ കുഴപ്പം. മര്‍ച്ചന്റ് നേവി എന്ന് പറഞ്ഞാല്‍ നല്ല ശമ്പളം കിട്ടും, ഒരുപാട് സ്ഥലങ്ങള്‍ കാണാം എന്നൊക്കെയാണ് ധാരണ. ഇച്ചായന്റെ ദുരിതം ഇച്ചായനല്ലേ അറിയൂ. വര്‍ഷത്തിന്റെ മുക്കാല്‍ ഭാഗവും കടലാണ് ദിവസവും കാണുന്നത്. എന്നുമിങ്ങനെ കടല്‍ മാത്രം കാണുന്നതില്‍ എന്ത് സുഖമാണുള്ളത്? നടുക്കടലില്‍ ജീവിക്കുന്നതിന്റെ രോഗ ദുരിതങ്ങള്‍ വേറെ. ഇന്നലെ ഇന്തോനേഷ്യ പോര്‍ട്ടില്‍ എത്തിയെന്ന് വെച്ച് അവിടെ കാഴ്ച കണ്ടു രസിച്ചു നടക്കാം എന്നാണോ നിങ്ങടെ വിചാരം? ഇത്രേയും കാലം കടലില്‍ ജീവിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒരാഴ്ചത്തെ ഒരു പരോള്‍, അത്ര തന്നെ. ആ തുറമുഖത്തിന്റെ പരിസരത്തുള്ള വല്ല ഹോട്ടലിലോ, ലോഡ്ജിലോ തങ്ങും. ആ പരിസരത്തെങ്ങാനും വല്ല കാഴ്ചകളും കണ്ടെങ്കിലായി.'

'എങ്കില്‍ പിന്നെ ഈ ദുരിതമൊക്കെ സഹിച്ചു പുള്ളിയവിടെ നില്ക്കുന്നതെന്തിനാ?'
'രൂപാ ഒന്നര ലക്ഷമല്ലേ മാസ ശമ്പളം. അത് ചുമ്മാതങ്ങു കളയാനൊക്കുമോ? ആ ഏതായാലും മൂന്നു മാസം കൂടി കഴിഞ്ഞ് ഇച്ചായന്‍ തിരിച്ചെത്തും. പിന്നൊരു മൂന്നു മാസത്തേക്ക് ജോലിക്ക് പോകണ്ട. ശമ്പളത്തോടു കൂടിയ ലീവ്. അന്നേരം നമ്മള്‍ ഇതുവരെയുള്ള കേടെല്ലാം തീര്‍ത്ത് ആഘോഷിക്കും.'

കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് ചിരിച്ചോണ്ട് റോസ്‌മേരി പറഞ്ഞു.'കഴിഞ്ഞ ലീവിന് ഇച്ചായന്‍ വന്നപ്പോള്‍ ഒരു രസമുണ്ടായി. എവിടേക്കെങ്കിലും ചുമ്മാ ഒരു ഔടിംഗ് പോയല്ലോ എന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. എന്റെ അബദ്ധത്തിനു ഞാന്‍ ഏതെങ്കിലും ഒരു ബീച്ച് റിസോര്‍ട്ടില്‍ പോകാം എന്നൊരു അഭിപ്രായം പറഞ്ഞു. ഇച്ചായന്‍ എന്നെ തല്ലിയില്ലെന്നെയുള്ളൂ. പെട്ടെന്ന് ചീറ്റപ്പുലിയെ ചാടിക്കടിക്കും വിധമായിരുന്നു ദേഷ്യം. മിണ്ടിപ്പോകരുത് എന്നൊരു അലര്‍ച്ചയും. പിന്നീട് ആലോചിച്ചപ്പോള്‍ എനിക്കദ്ദെഹത്തോട് സഹതാപം തോന്നി. പാവം, വര്‍ഷത്തില്‍ ഒന്‍പത് മാസവും കടല്‍ തന്നെ കണ്ടു കഴിയുന്ന ഒരാളോട് നമുക്ക് ബീച്ചില്‍ പോകാമെന്ന് പറഞ്ഞാല്‍ അതില്‍ പരം ഒരു ക്രൂരത വേറെയുണ്ടോ?'

ശ്യാം പെട്ടെന്ന് എഴുന്നേറ്റ് സോഫമേല്‍ ഇരുന്നു, എന്നിട്ട് റോസ്‌മേരിയുടെ മുടിയിഴകള്‍ പരിശോധിച്ചു. 'കഴിഞ്ഞ തവണ കണ്ടതു പോലെയല്ല, ഇപ്രാവശ്യം ഒരു രണ്ടു മൂന്നു മുടി കൂടി നരച്ചിട്ടുണ്ട്.'ശ്യാം കളിയാക്കാന്‍ എന്ന മട്ടില്‍ പറഞ്ഞു.
'പിന്നെ, വേറെ എന്തൊക്കെയാ എന്റെ കുറവുകള്‍?', റോസ്‌മേരി ചോദിച്ചു.
'നിന്റെ കവിളത്ത് ഒന്നോ രണ്ടോ മുഖക്കുരു കൂടുതലായി വന്നിട്ടുണ്ടോ എന്നൊരു സംശയം. നിറവും അല്പം കുറഞ്ഞു.'
'അല്ല എന്റെ കുറ്റങ്ങളും കുറവുകളും പറയാന്‍ വേണ്ടി നിങ്ങളെ ഇങ്ങോട്ട് കെട്ടിയെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചോ? അവിടെ നിങ്ങടെ നൂറു ശതമാനം പെര്‍ഫെക്റ്റ് ആയിട്ടുള്ള ഭാര്യ ഉണ്ടല്ലോ, അവളെയും കെട്ടിപ്പിടിച്ച് അങ്ങോട്ടിരുന്നാല്‍ പോരായിരുന്നോ?'

'നീ വെറുതെ മനുഷ്യനെ ഭയപ്പെടുത്തുന്ന ഓരോ കാര്യങ്ങള്‍ പറഞ്ഞു എന്റെ മൂഡ് കളയാതെ.' ഒരു ഞെട്ടലോടെ ശ്യാം പറഞ്ഞു.
'ഓ നിങ്ങള്‍ക്ക് യാതൊരു കുറവുമില്ലല്ലോ. കുടവയറും ചാടി, കഷണ്ടിയും കൂടി. മുടി സൂത്രത്തില്‍ മുന്‍വശത്തോട്ടു ചീകി വെച്ചാല്‍ കഷണ്ടിയുള്ള കാര്യം ആര്‍ക്കും മനസ്സിലാവില്ല എന്നാണോ വിചാരം?'
ഭിത്തിയില്‍ തറച്ചു വെച്ചിരിക്കുന്ന കുക്കൂ ക്ലോക്ക് പെട്ടെന്ന് രണ്ടു മണിയടിച്ചു ശബ്ദമുണ്ടാക്കി.
'നേരം രണ്ടു മണി. വല്ലതും കഴിക്കണ്ടേ? ഞാന്‍ എടുത്തു വെയ്ക്കാം.', റോസ്‌മേരി പറഞ്ഞു.

വിഭവ സമൃദ്ധമായ ആഹാരമാണ് റോസ്‌മേരി ശ്യാമിനു വേണ്ടി തയ്യാറാക്കിയത്. ഏത്തയ്ക്കാ ബീഫ് കറി, മാമ്പഴ പുളിശേരി. വാഴക്കൂമ്പ് തോരന്‍, അങ്ങനെ പലതും. എല്ലാ ഭക്ഷണവും രുചി ആസ്വദിച്ചു ആര്‍ത്തി പിടിച്ചാണ് ശ്യാം എല്ലാം കഴിചു തീര്‍ത്തത്.
'രണ്ടു വര്‍ഷം മുന്നേ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ ഈസ്റ്റര്‍ ആഘോഷത്തിനു പോയതാ. അന്ന് ഈസ്റ്റര്‍ സ്‌പെഷ്യല്‍ ആയി ഉണ്ടാക്കിയ ഏത്തയ്ക്കാ ബീഫ് കറി കഴിച്ചതിന്റെ രുചി ഇപ്പഴും എന്റെ നാവിന്‍ തുംബത്തുണ്ട്. അതിനു ശേഷം ഇപ്പഴാ ഞാന്‍ ഈ സാധനം കഴിക്കുന്നത്.'
'അപ്പോള്‍ മാമ്പഴ പുളിശേരി ഇഷ്ടപ്പെട്ടില്ലേ?'
'അതും നന്നായിട്ടുണ്ട്.'
'ഇപ്പോള്‍ മാമ്പഴത്തിന്റെ സീസണ്‍ അല്ല എന്നറിയാല്ലോ. ഞാന്‍ ചന്ത മുഴുവനും അരിച്ചു പെറുക്കി നോക്കിയിട്ടൊന്നും കിട്ടിയില്ല. അവസാനം മിനിഞ്ഞാന്നു തറവാട്ടില്‍ പോയപ്പോള്‍ അവിടത്തെ ഒരു അയല്‍വാസിയുടെ വീട്ടില്‍ നിന്നും പറിച്ചോണ്ട് വന്നതാ ഇത്, ഇന്ന് നിങ്ങടെ ജന്മദിനം അല്ലെ എന്ന് വിചാരിച്ച്.'
ശ്യാം വെറുതെ റോസ്‌മേരിയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.
'അയ്യട, ഒരിളി കണ്ടില്ലേ? ചുമ്മാ ഒരു താങ്ക്‌സ് പറയാനുള്ള മര്യാദ കൂടിയില്ല.'

'ഇപ്പഴാ ഞാന്‍ ഓര്‍ത്തത്', ശ്യാം പറഞ്ഞു,'നീയെന്നോട് താഴെ സെക്യൂരിറ്റിക്കാരന്റെ അടുത്ത് പറയുവാനായി കുറേ ഡയലോഗ് കാണാപാഠം പഠിപ്പിച്ചായിരുന്നല്ലോ. ഈ മോളി മാത്യു സത്യത്തില്‍ ആരാണ്? ഞാന്‍ റോയ് മാത്യു എന്നാ പേരവിടെ പറഞ്ഞു. ഇനി ശരിക്കുള്ള റോയ് മാത്യു എങ്ങാനും അവരെ കാണാന്‍ വന്നാല്‍ കള്ളി വെളിച്ചത്താവുമോ?'
'അങ്ങനെ ഒരു സാധ്യത തീരെ ഇല്ലാത്തതു കൊണ്ടാണല്ലോ നിങ്ങളോട് ആ കള്ളം പറഞ്ഞോളാന്‍ ഞാന്‍ പറഞ്ഞത്. ഈ പറയുന്ന മോളി മാത്യു, അവരു തലയ്ക്കു സുഖമില്ലാത്തൊരു സ്ത്രീയാ. പത്തറുപത് വയസ്സായി. മോന്‍ സ്‌റ്റേറ്റ്‌സിലുണ്ടെന്നു അയല്‍വാസികള്‍ പറഞ്ഞു കേള്‍ക്കാം എന്നല്ലാതെ അയാളെ ആരും ഇതുവരെ കണ്ടിട്ടില്ല. അങ്ങേരിങ്ങോട്ടു വരാറേയില്ല. അവരെ നോക്കാന്‍ ഒരു ഹോം നേഴ്‌സ് ഉണ്ട്, പക്ഷെ അവര്‍ ആരോടും അങ്ങനെ മിണ്ടത്തില്ല.'
'തലയ്ക്കു സുഖമില്ല എന്ന് പറഞ്ഞാല്‍?'
'ഓര്‍മക്കുറവിന്റെയാ'
'യു മീന്‍ അല്‍ഷെമേര്‍സ്?'
'ഏയ് അല്‍ഷെമേര്‍സ് അല്ല, പക്ഷെ ഏതാണ്ട് അത് പോലെയുള്ള അസുഖമാ, എന്താ പറയുക, നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പത്തു മിനിറ്റ് കുറവാ. ചിലപ്പോള്‍ നല്ല ബോധം കാണും, മറ്റു ചിലപ്പോള്‍ പരസ്പര ബന്ധമില്ലാതെ പിച്ചും പെയ്യും പറയും. വല്ലപ്പോഴുമൊക്കെയേ അവര്‍ പുറത്തിറങ്ങാറുള്ളൂ.'

വീണ്ടും അവര്‍ രണ്ടു പേരും സോഫയില്‍ ചാരി ഇരുന്നു. എന്നാല്‍ ഇപ്രാവശ്യം ശ്യാമിന്റെ മടിയിലാണ് റോസ്‌മേരി തല ചായ്ച്ചു കിടന്നത്. ശ്യാമാകട്ടെ റോസ്‌മേരിയുടെ നെറ്റിയിലെ മുടിയിഴകള്‍ പിന്നിലേക്ക് തടവിക്കൊണ്ടുമിരുന്നു.

'ചിലപ്പോള്‍ ഞാനാലോചിക്കും,' റോസ്‌മേരി തുടര്‍ന്നു, 'അന്ന് കോളേജ് ഫൈനല്‍ ഇയര്‍ കഴിഞ്ഞൊരു ദിവസം നിങ്ങള്‍ എന്നെ വിളിച്ചു എന്നോട് പറഞ്ഞ വാക്കുകള്‍. എനിക്ക് ജോലി കിട്ടി, നമുക്കൊരുമിച്ചു ജീവിക്കാം, വീട്ടുകാരുടെ എതിര്‍പ്പൊന്നും കാര്യമാക്കണ്ട എന്നൊക്കെ. ഞാനപ്പോള്‍ അതൊരു സിനിമ സ്‌റ്റൈല്‍ ഡയലോഗ് ആയിട്ടേ കരുതിയുള്ളു. എന്തോ ഞാന്‍ അന്നേരം കൂടുതല്‍ പ്രാക്ടിക്കല്‍ ആയി ചിന്തിച്ചു. ഒരുമിച്ചു ജീവിക്കുക എന്നത് കരുതുന്നത് പോലെ അത്ര എളുപ്പമല്ല, അതിനു വേണ്ടി വരുന്ന ചിലവുകള്‍, വീട്ടുകാരെ പിണക്കി ഒറ്റയ്ക്ക് കഴിയുന്നതിന്റെ ഭവിഷ്യത്തുകള്‍, ഇതൊക്കെ ആലോചിച്ചപ്പോള്‍ മുമ്പുണ്ടായിരുന്ന എന്റെ ആവേശം എല്ലാം ചോര്‍ന്നു പോയി. ഒരര്‍ഥത്തില്‍ ഞാന്‍ നിങ്ങളെ ചതിക്കുകയായിരുന്നു. അന്നൊരു പക്ഷെ ഞാന്‍ ധൈര്യം കാണിച്ചു നിങ്ങടെ കൂടെ ഇറങ്ങി വന്നിരുന്നുവെങ്കില്‍ നിങ്ങടെ ജീവിതം നശിക്കില്ലായിരുന്നു. ഇതിപ്പോള്‍ ഞാന്‍ പ്രാക്ടിക്കല്‍ ആയി ചിന്തിച്ചിട്ടെന്തു നേടി? നിങ്ങടെ ജീവിതം പോയി കിട്ടി. എന്റെ ജീവിതവും നായ നക്കി. ദാ ഇപ്പോള്‍ ഞാന്‍ കാരണം എന്റെ ഇച്ചായന്റെയും ജീവിതവും നശിച്ചു.'
ശ്യാം ഒന്നും മിണ്ടിയില്ല. സമയം മൂന്നര ആയപ്പോള്‍ റോസ്‌മേരി ഓര്‍മിപ്പിച്ചു.
'അതേയ്, നാലുമണി ആയാല്‍ എനിക്ക് മോളെ സ്‌കൂളില്‍ നിന്നും പിക്ക് ചെയ്യാന്‍ പോകണം. ഇനിയധികം നേരം നിങ്ങള്‍ ഇവിടിരുന്നാല്‍ ശരിയാവില്ല', റോസ്‌മേരി പറഞ്ഞു.
'ഞാന്‍ പൊയ്‌ക്കോളാം, പക്ഷെ നാലുമണി തൊട്ടു ഒന്‍പതു മണി വരെയുള്ള സമയം എങ്ങനെ തള്ളി നീക്കും എന്നാലോചിക്കുമ്പഴാ പ്രശ്‌നം. ബാറില്‍ പോകാമെന്ന് വെച്ചാല്‍, ഒറ്റയ്ക്കിരുന്ന് എങ്ങനെയാ കള്ള് കുടിയ്ക്കുക? ഈ സമയത്ത് എനിക്ക് കമ്പനി തരാന്‍ കൂട്ടുകാര്‍ ആരും സ്ഥലത്തില്ല. എല്ലാവരും ഓഫീസിലല്ലേ.'
'ബാര്‍, ബാര്‍, നിങ്ങല്‍ക്കീയൊരു വിചാരമേയുള്ളോ? നേരെ വീട്ടില്‍ പോയി ഭാര്യയുടെയും പിള്ളേരുടെയും അടുത്ത് ചെന്നിരുന്നുകൂടെ മനുഷ്യാ നിങ്ങള്‍ക്ക്?'

'ബെസ്റ്റ്, എന്റെ ഭാര്യയുടെ കാര്യം നിനക്കറിയാഞ്ഞിട്ടാ. ആറു മണി തൊട്ടു ഒന്‍പതു മണി വരെയുള്ള ഒരൊറ്റ സീരിയലും അവള്‍ കാണാതെ വിടില്ല. ഇതിന്റെ ഇടയിലെങ്ങാനും ഞാന്‍ ചെന്നാല്‍ എന്നെ കണ്ടതായി പോലും ഭാവിക്കാറില്ല. വീട്ടില്‍ നിന്ന് ഒരു കപ്പ് ചായയോ, ഭക്ഷണമോ, എന്തിന് ഒരു ഗ്ലാസ് പച്ചവെള്ളം പോലും കിട്ടണമെങ്കില്‍ ഒന്‍പതു മണി കഴിയണം.'
'നിങ്ങള്‍ക്ക് കുറച്ചു നേരം അവളുടെ കൂടെയിരുന്ന് ആ സീരിയല്‍ കണ്ടു കൂടേ? പിന്നെ കൊച്ചിനെ നോക്കലും വീട്ടുജൊലിയും ചെയ്യുന്ന അവള്‍ക്കും വേണ്ടേ ഒരു റിലീഫ് ഒക്കെ. അതിനീ സീരിയല്‍ കാണുകയല്ലാതെ വേറെന്തു മാര്‍ഗം?'

'എനിക്കറിയാം നീയവളുടെ സൈഡേ പറയു. നീയും ഒരു പെണ്ണാണല്ലോ. കോമണ്‍ സെന്‍സ് ഉള്ള ആര്‍ക്കെങ്കിലും ഈ മെഗാ സീരിയല്‍ എന്ന ചവറു സഹിക്കാന്‍ പറ്റുമോ? അതിനും മാത്രം മന്ദബുദ്ധിയൊന്നുമല്ല ഞാന്‍. സത്യം പറഞ്ഞാല്‍ ഈ കേരളത്തിലെ ആണുങ്ങളെല്ലാം കുടിയന്മാര്‍ ആയി മാറിയതിന്റെ മുഖ്യ കാരണം ഈ മെഗാ സീരിയലുകളാ. ഒന്‍പതു മണിയാവാതെ വീട്ടില്‍ കയറാന്‍ പറ്റില്ലെങ്കില്‍ പിന്നെ ആണുങ്ങള്‍ക്ക് ബാറില്‍ പോയല്ലേ പറ്റു. സമയം പോകാന്‍ വേറെ എന്താണൊരു മാര്‍ഗം?'
മടങ്ങി പോകാനായി ശ്യാം സോഫയില്‍ നിന്ന് എഴുന്നേറ്റു. അപ്പോഴാണ് ജനാലയ്ക്കിടയിലൂടെയുള്ള കാഴ്ച കണ്ടത്. നല്ല മഴക്കാറ്, ഏതു നിമിഷവും മഴ പെയ്തു തുടങ്ങാം എന്ന അവസ്ഥ.
'പണി കിട്ടിയല്ലോ ദൈവമേ, മഴ ഇപ്പം പെയ്യും. ഞാന്‍ ആണേല്‍ കുട എടുത്തിട്ടുമില്ല.'
'ഒരു കാര്യം ചെയ്യ്, എന്റെ കുട എടുത്തോ, അടുത്ത തവണ ഇനി വരുമ്പോള്‍ തിരിച്ചു തന്നാല്‍ മതി'. റോസ്‌മേരി പോയി മേശപ്പുറത് വെച്ചിരിക്കുന്ന റോസ് കളര്‍ കുടയെടുത്ത് ശ്യാമിന്റെ നേര്‍ക്ക് നീട്ടി. ശ്യാമിന് ആ കുട എടുക്കാന്‍ അപ്പഴും ഒരു മടിയുണ്ടായിരുന്നു.

'നിനക്കെന്റെ സ്വഭാവം അറിയാഞ്ഞിട്ടാ. ഞാനെപ്പഴും കുട എവിടെങ്കിലും കൊണ്ട് മറന്നു വയ്ക്കും. കുറച്ചു ദിവസം മുന്‍പ് ഭാര്യ എന്നെ വഴക്ക് പറഞ്ഞതേയുള്ളു. അവള്‍ എനിക്ക് സമ്മാനമായി വാങ്ങിച്ചു തന്ന കുട ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ ഞാന്‍ കൊണ്ട് പോയി കളഞ്ഞു. അതിനു ശേഷം മഴ പെയ്താലും ഞാന്‍ കുട എടുക്കാറില്ല, ഏതെങ്കിലും ബസ് സ്‌റ്റോപ്പിലോ കടയുടെ ഷേഡിലോ കയറി നില്ക്കും. അല്ലെങ്കില്‍ ഓട്ടോ വിളിച്ചു പോകും.'
'അതു ശരി, ഏതായാലും നിങ്ങള്‍ അതോര്‍ത്തു ബേജാറാകണ്ട, ഞാന്‍ ഇടയ്ക്ക് നിങ്ങളെ എസ് എം എസ് അയച്ചു ഓര്‍മിപ്പിച്ചോളാം. പോരേ? പിന്നെ അടുത്ത തവണ എന്നെ കാണാന്‍ വരുമ്പോള്‍ ഇതു മറക്കാതെ തിരിച്ചു കൊണ്ട് വന്നേക്കണം, ഏറ്റോ?'

'ഏറ്റു, ശരി അപ്പോള്‍ ഞാന്‍ ഇറങ്ങട്ടെ.'

വാതില്‍ക്കലേക്ക് നീങ്ങിയപ്പോള്‍ റോസ്‌മേരി പറഞ്ഞു, 'അപ്പോള്‍ ഹാപ്പി ബര്‍ത്ത്‌ഡേ, ഞാന്‍ വിളിക്കാം ഓക്കേ'

'ഓക്കേ', റോസ്‌മേരിയുടെ നെറ്റിയില്‍ ഒരു ചുംബനം നല്കിയ ശേഷം ശ്യാം വിടവാങ്ങി.
ഇറങ്ങാന്‍ നേരം ഗേറ്റിന്റെ അവിടെ കാവല്‍ നില്‍ക്കുന്ന സെക്യൂരിറ്റിക്കാരന്‍ വല്ല കുഴപ്പിക്കുന്ന ചോദ്യം ചോദിക്കുമോ എന്ന് ശ്യാം ഭയന്ന്. ഭാഗ്യത്തിന് അയാള്‍ അവിടെങ്ങും ഉണ്ടായിരുന്നില്ല, എവിടേലും ചായ കുടിക്കാന്‍ പോയി കാണും. കുറച്ചു നേരം സമയം കളയാനായി തേക്കിന്‍കാട് മൈതാനത്തൂടെ വെറുതെ കുറേ നേരം നടന്നു. സന്ധ്യ കഴിഞ്ഞപ്പോള്‍ ബസ് കയറി വീടിനടുത്തുള്ള ബസ് സ്‌റ്റോപ്പില്‍ ചെന്നിറങ്ങി. സമയം അപ്പോഴും എഴു മണി ആയതേയുള്ളൂ. വേറെ നിവൃത്തിയില്ല, ഇന്ന് നേരത്തെ വീട്ടില്‍ ചെന്ന് കയറിയേ പറ്റു, ശ്യാം ഓര്‍ത്തു.

വീടിനു മുന്നിലെ ഗേറ്റ് അടുത്തപ്പോള്‍ പെട്ടെന്ന് വീട്ടില്‍ നിന്നും ഒരു സ്ത്രീയുടെ അലമുറയിടുന്ന ഒരു കരച്ചില്‍ ശ്യാം കേട്ടു. 'ദൈവമേ അവള്‍ക്കെന്തെങ്കിലും സംഭവിച്ചോ', ആകെ പരിഭ്രാന്തനായി ശ്യാം വേഗം ഗേറ്റ് തുറന്ന് വീട്ടിലേക്ക് ഓടി കയറി. പിന്നെയാണ് ശ്യാം അത് ശ്രദ്ധിച്ചത്, നേരത്തെ കേട്ട ആ കരച്ചിലിന്റെ പ്രതിധ്വനി അയല്‍വക്കത്തെ വീടുകളില്‍ നിന്നും കേള്‍ക്കുന്നുണ്ട്. അപ്പോഴാണ് ശ്യാം തിരിച്ചറിഞ്ഞത്, അത് യഥാര്‍ഥ കരച്ചിലല്ല, അത് പുതുതായി തുടങ്ങിയ ഏതോ മെഗാ സീരിയലിന്റെ പശ്ചാത്തല സംഗീതം ആണ്.

'ആ നിങ്ങള്‍ എന്താ പതിവില്ലാതെ, ഇന്ന് നേരത്തെ ആണല്ലോ? ബര്‍ത്ത്‌ഡേ ആയതു കൊണ്ടാവും.', അകത്തേക്ക് കടന്നപ്പോള്‍ രേണുക പറഞ്ഞു.

'ഇതേതാ ഈ പുതിയ സീരിയല്‍?', ശ്യാം ചോദിച്ചു.
'അവളുടെ മാനസപുത്രി.'
'രണ്ടു വര്‍ഷം മുമ്പും ഈ പേരില്‍ തന്നെ ഒരു സീരിയല്‍ ഉണ്ടായിരുന്നല്ലോ? അതിന്റെയും പേര് ഇതു പോലെ ഏതാണ്ടൊരു പുത്രി ആയിരുന്നു.'
'ഓ അത് എന്റെ മാനസപുത്രി.'

'അതു ശരി. അപ്പോള്‍ എന്താണാവോ ഈ പുതിയ സീരിയലിന്റെ കഥ?'
'നിങ്ങളെന്തിനാ ഇതൊക്കെ അന്വേഷിക്കുന്നത്? നിങ്ങളെ പോലുള്ള ബുദ്ധിജീവികള്‍ക്കൊന്നും ഇത് ആസ്വദിക്കാന്‍ പറ്റില്ല. നിങ്ങള്‍ക്ക് മെഗാ സീരിയല്‍ എന്ന് പറഞ്ഞാല്‍ പുഛമാണല്ലോ.', രേണുക റിമോട്ട് എടുത്തു ടി വി ഓഫ് ചെയ്തു.

'ഞാന്‍ ഓഫ് ചെയ്യാന്‍ പറഞ്ഞില്ലല്ലോ, നീയിരുന്ന് കണ്ടോ. മക്കളെ വിളി, ഞാന്‍ അവരെയും കൊണ്ട് ചുമ്മാ ഒന്ന് പുറത്തിറങ്ങി നടക്കാം.'
'ഈ ഇരുട്ടത്തിനി എങ്ങോട്ട് പോകാനാ. നിങ്ങള് ചെന്ന് ഡ്രസ്സ് മാറ്, ഞാന്‍ ഭക്ഷണം എടുത്തു വയ്ക്കാം.'
'ഇവള്‍ക്കിതെന്നാ പറ്റി? ഇങ്ങനെയൊന്നും അല്ലല്ലോ സാധാരണ?' ശ്യാം ആലോചിച്ചു.
'ശെടാ നിങ്ങള്‍ക്കീ കുട എവിടുന്നു കിട്ടി? നിങ്ങളിന്നു ബാങ്കില്‍ പോയിരുന്നോ?' ഡ്രസ്സ് മാറിക്കൊണ്ടിരുന്നപ്പോള്‍ ഭാര്യയുടെ ബഹളം കേട്ട് ശ്യാം ഉമ്മറത്തേക്ക് ചെന്നു.
'എന്താ കാര്യം?'

'നിങ്ങള്‍ നാലഞ്ചു ദിവസം മുന്‍പ് ബാങ്കില്‍ വെച്ച് മറന്ന കുട തന്നെയല്ലേ ഇത്? ഇതവരവിടെ എടുത്തു വെച്ചിട്ടുണ്ടായിരുന്നോ?'
'നീയെന്തൊക്കെയാ ഈ പറയുന്നേ.'
'ദേ ഞാന്‍ കാണിച്ചു തരാം.' കുട നിവര്‍ത്തി രേണുക മഞ്ഞ നിറത്തില്‍ എംബ്രോയിഡറി ചെയ്തു വെച്ചിരിക്കുന്ന അക്ഷരങ്ങള്‍ ശ്യാമിനെ കാണിച്ചു കൊടുത്തു.
‘With lots of love, Renuka’ എന്ന ആ വാചകത്തിലെക്കു ശ്യാം അന്ധാളിച്ചു നോക്കി. ശെടാ അന്ന് മറന്നു വെച്ച കുടയില്‍ ഇങ്ങനൊക്കെ ചെയ്തു വെച്ചിട്ടുണ്ടായിരുന്നോ? ഞാന്‍ ഓര്‍ക്കുന്നില്ലല്ലോ? ഇവള്‍ പറഞ്ഞതിനി സത്യം ആയിരിക്കുമോ?
'നിങ്ങള്‍ എന്നില്‍ നിന്നെന്തോ മറച്ചു വയ്ക്കുന്നുണ്ടല്ലോ.' രേണുക സംശയം പ്രകടിപ്പിച്ചു.
'ഏയ് എന്താ അങ്ങനെ തോന്നാന്‍?' ശ്യാം ലേശം പരുങ്ങലോടെ ചോദിച്ചു.
'നിങ്ങള്‍ ഇന്ന് ഓഫീസില്‍ പോയില്ല അല്ലെ?'
എന്ത് പറയണം എന്നോര്‍ത്ത് ശ്യാം ശങ്കിച്ചു. പിന്നെ പറഞ്ഞു 'പോകാന്‍ പ്ലാന്‍ ഉണ്ടായിരുന്നു. അവസാന നിമിഷം വേണ്ടെന്നു വെച്ചു. എന്റെ ഒരു കൂട്ടുകാരന്‍ വിളിച്ചിരുന്നു. അവനെ കാണാന്‍ പോയതാ. കൂട്ടത്തില്‍ ഞാന്‍ ബാങ്കിലും ഒന്ന് കയറി. ഭാഗ്യത്തിന് ഈ കുട അവിടെ ഉണ്ടായിരുന്നു.'
'ബാങ്കില്‍ ആരാ നിങ്ങള്‍ക്കീ കുടയെടുത്തു തന്നത്?'
പെട്ടെന്നെന്തോ ഓര്‍ത്തു കൊണ്ട് ശ്യാം പറഞ്ഞു 'അത് ഒരു വിനോദ്, നീയറിയുന്ന ആളല്ല. പുതുതായി അവിടെ ജോയിന്‍ ചെയ്തതാ.'
'നിങ്ങള്‍ ഏതു കൂട്ടുകാരനെയാ കാണാന്‍ പോയത്?'
'ഹ നിനക്കറിയില്ലേ അനൂപ്, അവന്‍ ഗള്‍ഫില്‍ നിന്നും കഴിഞ്ഞ ആഴ്ച എത്തിയതാ. ഞാന്‍ അവനെയാ കാണാന്‍ പോയത്.' ഭാഗ്യം കുട നഷ്ടപ്പെട്ട ദിവസം, അന്ന് അനൂപിനെ കാണാന്‍ പോയിരുന്ന വിവരം ഞാന്‍ അന്ന് അവളോട് പറയാതിരുന്നത് എത്രയോ നന്നായി, ശ്യാം ഓര്‍ത്തു.
'നിങ്ങള്‍ക്കെന്നോട് കള്ളം പറയേണ്ട വല്ല കാര്യവുമുണ്ടോ? ഞാന്‍ നിങ്ങളെ ഉച്ച സമയം മൊബൈലില്‍ എന്തോരം തവണ െ്രെട ചെയ്തു എന്നറിയാമോ? ഫോണ്‍ സ്വിച്ച് ഓഫ് ആയ കാരണം ഞാന്‍ നിങ്ങടെ ഓഫിസിലെ രാജീവിന്റെ നമ്പറില്‍ വിളിച്ചു. പുള്ളിയാ പറഞ്ഞത് നിങ്ങള്‍ അവിടെ ചെന്നിട്ടില്ലെന്ന്. അപ്പഴേ ഞാന്‍ ഊഹിച്ചു നിങ്ങള്‍ വല്ല ഫ്രണ്ട്‌സിന്റെയും കൂടി വെള്ളമടിക്കാന്‍ പൊയതായിരിക്കുമെന്ന്.'

രേണുക കുട ടി വി യുടെ മണ്ടയ്‌ക്കെടുത്തു വെച്ചു. എന്നിട്ട് ഭക്ഷണ സാധനങ്ങള്‍ എല്ലാം സാവകാശം തീന്മേശയുടെ പുറത്തു വെച്ചു.
'നിങ്ങളിരിക്കൂ ഞാന്‍ വിളമ്പി തരാം.' രേണുക പറഞ്ഞു.
ആദ്യം ചോറ് വിളമ്പി. പിന്നെ തവിയെടുത്ത് ചരുവത്തിലിരിക്കുന്ന മാമ്പഴ പുളിശേരിയും രേണുക ശ്യാമിന്റെ പാത്രത്തില്‍ വിളമ്പി. മാമ്പഴ പുളിശേരി കണ്ടു ശ്യാം ആകെ ഞെട്ടി.

'ഇതെന്താ പുതിയൊരു പ്രിപ്പറേഷന്‍?' ശ്യാം അതിശയത്തോടെ ചോദിച്ചു.
'നിങ്ങള്‍ എപ്പഴും പറയുമല്ലോ മാമ്പഴ പുളിശേരി വലിയ ഇഷ്ടമാണെന്ന്. എന്നാല്‍ പിന്നെ ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ ആയി അതൊന്നു പരീക്ഷിച്ചേക്കാം എന്നു വെച്ചു. സത്യത്തില്‍ ഇത് മാമ്പഴത്തിന്റെ സീസണല്ല, മാമ്പഴം എങ്ങും കിട്ടാഞ്ഞിട്ടു ഞാന്‍ അപ്പുറത്തെ സുമതിയുടെ വീട്ടില്‍ നിന്നും പറിച്ചോണ്ട് വന്നതാ. എങ്ങനുണ്ട്?

'കുഴപ്പമില്ല' ശ്യാം പറഞ്ഞു. പക്ഷെ എന്തോ, ഉച്ചയ്ക്കു കഴിച്ച അതേ കൂട്ടാന്‍ തന്നെ വീണ്ടും രാത്രി ആവര്‍ത്തിച്ചു കഴിക്കുന്നതില്‍ ശ്യാമിനൊരു മടുപ്പ് തോന്നി.

'ആ ഞാനിന്നു ചന്തയില്‍ പോയപ്പോള്‍ ബീഫും വാങ്ങിച്ചായിരുന്നു. രാത്രിയില്‍ കറി വെക്കാന്‍ പക്ഷെ സമയം കിട്ടാത്തതു കൊണ്ട് ഫ്രീസറില്‍ എടുത്തു വെച്ചു. ഈയാഴ്ചത്തെ വനിതയില്‍ ഏത്തക്കാ ബീഫ് കറി ഉണ്ടാക്കേണ്ട വിധം പറഞ്ഞു കൊടുത്തിട്ടുണ്ട്. അത് വായിച്ചു നാളെ അതൊന്നു ഉണ്ടാക്കി പരീക്ഷിക്കാം. എന്താ?'

എന്തു പറയണം എന്നറിയാതെ കുറച്ചു നേരം ശ്യാം രേണുകയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
അത്താഴം കഴിച്ചോണ്ടിരിക്കുന്നതിന്റെ ഇടയില്‍ ശ്യാമിന്റെ പോക്കറ്റില്‍ കിടക്കുന്ന മൊബൈലില്‍ ഒരു എസ് എം എസ് ബീപ്പ് വന്നു. ഭാര്യ അറിയാതെ ശ്യാം അതു വായിച്ചു നോക്കി. ‘Kuda kayyilundo?’ എന്നായിരുന്നു റോസ്‌മേരിയുടെ സന്ദേശം. പെട്ടെന്ന് തന്നെ ‘yes’ എന്ന് മറുപടി അയച്ച് ശ്യാം തന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു.

അത്താഴം കഴിച്ച ശേഷം രേണുക ടിവിയിലെ പരിപാടികള്‍ ശ്രദ്ധിച്ചിരുന്നു. മക്കള്‍ രണ്ടും സ്ലേറ്റില്‍ കളര്‍ പെന്‍സില്‍ വെച്ച് എന്തോ വരയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ശ്യാം ഇതൊന്നും ശ്രദ്ധിക്കാതെ ഒരു പുസ്തകം എടുത്ത് ഉമ്മറത്ത് പോയിരുന്നു വായിക്കാന്‍ തുടങ്ങി. എന്നാല്‍ അധികം നേരം പുള്ളിക്ക് പുസ്തകത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇന്നത്തെ സംഭവ വികാസങ്ങളെ കുറിച്ചുള്ള ചിന്ത ശ്യാമിനെ വല്ലാതെ അലട്ടി കൊണ്ടേയിരുന്നു.

ഭാര്യയെ കുറിച്ച് ശ്യാം ഏറെ നേരം ചിന്തിച്ചു. 'സത്യത്തില്‍ ഇവള്‍ക്കെന്നോട് സ്‌നേഹമുണ്ടോ? ആ, ചിലപ്പോള്‍ സ്‌നേഹം ഉണ്ടാവാം. ഒരു പക്ഷെ ഇവള്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതി എനിക്ക് പിടി കിട്ടാത്തതാവാം കാരണം. പലരും സ്‌നേഹം പ്രകടിപ്പിക്കുന്നത് പല വിധത്തില്‍ ആണല്ലോ.' ജീവിതത്തില്‍ ആദ്യമായി ചെയ്യുന്ന പ്രവര്‍ത്തികളെ കുറിച്ചോര്‍ത്തു ചെറിയൊരു മനസ്സാക്ഷിക്കുത്ത് ശ്യാമിനപ്പോള്‍ തോന്നി.

എല്ലാം വിധ ചതി, തട്ടിപ്പ്, വഞ്ചന തുടങ്ങി സകലമാന കൊള്ളരുതായ്മകള്‍ക്കും മൂക സാക്ഷിയായി ആ റോസ് കളര്‍ കുട അപ്പഴും ആ ടിവിയുടെ മണ്ടയ്ക്ക് ഇരിപ്പുണ്ടായിരുന്നു. ജീവനുള്ള വസ്തു ആയിരുന്നേല്‍ ഈ ലോകത്ത് നടക്കുന്ന സകല നെറികേടുകളും കാണേണ്ടി വന്നല്ലോ എന്നോര്‍ത്ത് ആ കുട ഏറെ സങ്കടപ്പെടുമായിരുന്നു എന്നുറപ്പ്. നാളെ യാത്ര മദ്ധ്യേ ശ്യാം ഈ കുട മറ്റെവിടെങ്കിലും മറന്നു വെച്ച്, പുതിയ ചില വഞ്ചനകളുടെയും തട്ടിപ്പുകളുടെയും ഇടയില്‍ കൂടി സഞ്ചരിക്കാന്‍ ഈ പാവം കുടയെ ഇട വരുത്തല്ലേ എന്ന പ്രാര്‍ഥനയോടെ നമുക്കീ കഥ തല്‍ക്കാലം ഇവിടെ അവസാനിപ്പിക്കാം.

അവസാനിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക