Image

ഇനിയും മായാത്ത ചിലത്- ( കഥ: ജിന്‍സന്‍ ഇരിട്ടി)

ജിന്‍സന്‍ ഇരിട്ടി Published on 04 October, 2013
ഇനിയും മായാത്ത ചിലത്- ( കഥ: ജിന്‍സന്‍ ഇരിട്ടി)
ഭൂതകാലത്തോടുള്ള പ്രണയം എന്നാണ് തുടങ്ങിയതെന്നറിയില്ല. ഓര്‍മ്മ വച്ച കാലം മുതല്‍ ജീവിതത്തില്‍ നിന്ന് ഭൂതകാലത്തിന്റെ ഭാഗമാകുന്ന എല്ലാത്തിനോടും എനിക്ക് തീവ്രമായ പ്രണയമാണ്.

വസ്തുക്കളെപ്പോലെ ഭൂതകാലത്തിന്റെ ഭാഗമായ മനുഷ്യരെയും കാലഘട്ടത്തെയും ഷോക്കേഴ്‌സില്‍ വച്ച് ഇടയ്ക്കിടയ്ക്ക് എടുത്ത് നോക്കി പ്രണയിക്കാന്‍ കഴിയാത്തത് കൊണ്ട് അത് ഇന്നും പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമായി നിലനില്‍ക്കുന്നു. അല്ലെങ്കില്‍ ഞാന്‍ എന്നെ എന്റെ പഴയ ഓടു മേഞ്ഞ വീടിന്റെ ഉമ്മറ പടിയില്‍ ഇരുന്നു കൊണ്ട് മഴയെ നോക്കി സ്വപ്നം കണ്ട ദിവസങ്ങളെ ഷോക്കേഴ്‌സില്‍ വച്ച് പ്രണയിക്കുമായിരുന്നു.

ഇന്നാ പഴയ ഓടു മേഞ്ഞ വീടിന് പകരം പുതിയ കോണ്‍ക്രീറ്റ് സൗധം ഉയര്‍ന്നു. കോണ്‍ക്രീറ്റ് റൂമിന്റെ നിറം പിടിച്ച ഗ്ലാസ്സിലൂടെ മഴയെ നോക്കി തുടങ്ങിയപ്പോള്‍ മഴ എനിക്ക് അപരിചിതയായ ആരോ ആണെന്ന് തോന്നി തുടങ്ങി. പലപ്പോഴും മഴ വന്ന് പോകുന്നത് തന്നെ ഞാന്‍ അറിയാതായി. അങ്ങനെയാണ് അവസാനം എന്റെ ഉള്ളില്‍ നിന്ന് മഴ പതുക്കെ പടിയിറങ്ങി പോയത്.
പിന്നീട് കുറെ കാലത്തോളം എനിക്ക് പ്രിയപ്പെട്ടതായി ഓര്‍മ്മകളോട് ചേര്‍ത്ത് വച്ച ഒന്നായിരുന്നു നാലാം ക്ലാസ്സിലെ എന്റെ പഴയ നോട്ട് ബുക്ക്. അതിലെ എന്റെ പതറിയ കൈയ്യക്ഷരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വടിയുമായി രാമകൃഷ്ണന്‍ മാഷ് മുന്നില്‍ നിന്ന് തെറ്റുന്ന ഓരോ അക്ഷരത്തിനും കൈ തണ്ടയ്ക്കിട്ട് അടിക്കുന്നത് പോലെ തോന്നും.

ആ ഓര്‍മ്മകള്‍ അങ്ങനെ കുറെ നാള്‍ താലോലിച്ചതാണ്. പക്ഷെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരിക്കല്‍ സഹോദരിയുടെ കുട്ടികള്‍ അറിയാതെ ആ ബുക്ക് തീയില്‍ ഇട്ട് ചുട്ടപ്പോള്‍ രക്തം പൊടിഞ്ഞത് എന്റെ ഹൃദയത്തിലാണ്. ആ രാത്രി മുഴുവന്‍ ഞാന്‍ പ്രിയപ്പെട്ടത് എന്തോ നഷ്ടപ്പെട്ട ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞിരുന്നു.

അതിന് ശേഷം എനിക്കെന്നും ആശ്വാസം നല്‍കിയത് എനിക്ക് ഓര്‍മ്മ വച്ച കാലത്ത് ഞാന്‍ ആദ്യമായി ധരിച്ച ആ ഷൂവാണ്. അത് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മാവന്‍ മേടിച്ചു തന്നതാണ്. ആ ഷൂ കാണുമ്പോഴൊക്കെ ഞാന്‍ അമ്മാവനെയും ഓര്‍ക്കും.

അഞ്ചാം ക്ലാസ്സില്‍ ഞാന്‍ ആദ്യമായി സ്‌കൗട്ടിന് ചേര്‍ന്ന സമയം സ്‌കൗട്ടിന് ചേരുന്ന കുട്ടികള്‍ക്ക് ഷൂ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കും ഷൂ ഉണ്ട്. പക്ഷെ എനിക്ക് മാത്രം ഷൂ ഇല്ല. വീട്ടില്‍ ചെന്ന് അച്ഛന്റെയും അമ്മയുടെയും അടുത്ത് കുറെ കരഞ്ഞു, ഭക്ഷണം കഴിക്കാതെയിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. അമ്മയുടെ കൈയില്‍ നിന്ന് പുളിവാറിന് അടികിട്ടിയത് മാത്രം മിച്ചം.
അങ്ങനെ എന്റെ ഷൂ സമരം ദയനീയമായി പരാജയപ്പെട്ട് സ്‌കൗട്ടില്‍ നിന്ന് പുറത്താകുമല്ലോയെന്ന് ഓര്‍ത്ത് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഒരു വൈകീട്ട് അമ്മ കൂലി പണി കഴിഞ്ഞ് വന്ന് എന്നോട് പറഞ്ഞത്.

ചെറിയമ്മ പ്രസവിച്ചു പെണ്‍കുഞ്ഞാണ്. മട്ടന്നൂര്‍ ഹോസ്പിറ്റലിലാ ഉള്ളത്. നമുക്കിപ്പം പോയി കണ്ടിട്ട് വരാം.

ഞാന്‍ വളരെയധികം സന്തോഷിച്ചു. കുറെ നാളുകള്‍ക്ക് ശേഷം പട്ടണം ഒന്നു കാണാമല്ലോ കൂടെ ചെറിയമ്മയെയും കൊച്ചിനെയും കാണാം. പട്ടണം എനിക്ക് എപ്പോഴും ഇഷ്ടമായിരുന്നു. ഗ്രാമത്തില്‍ അന്യമായ നിരവധി കടകള്‍ വണ്ടികള്‍ മനുഷ്യര്‍ അങ്ങനെ എന്തെല്ലാം.

ഹോസ്പിറ്റലില്‍ എത്തി ചെറിയമ്മയുടെ അടുത്ത് പറ്റിചേര്‍ന്ന് കിടക്കുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. ഞാന്‍ കുറെ നേരം കുഞ്ഞിന്റെ ചുരുട്ടി പിടിച്ച മൃദുവായ വിരലുകളില്‍ തലോടി.

“വിരലിങ്ങനെ  മുറിക്കി പിടിക്കാതെ കൊച്ചിന് വേദനിക്കും. നീ അങ്ങോട്ട് മാറിനിക്ക്”
അശരീരി പോലെ മുറിയിലെ ഒരു മൂലയില്‍ നിന്ന് അമ്മയുടെ ശകാരം വന്നപ്പോള്‍ ഞാന്‍ ദേഷ്യത്തോടെ പിണങ്ങി റൂമില്‍ നിന്ന് ഇറങ്ങി പോയി.

തിരിച്ച് വന്നപ്പോള്‍ ഡോക്ടര്‍ ചെറിയമ്മയോട് എന്തോ സംസാരിച്ച് കൊണ്ട് നില്‍ക്കുകയാണ് അപ്പോഴാണ് ഞാന്‍ ഡോക്ടറുടെ കൂടെയുള്ള എന്റെ അതേ പ്രായം തോന്നിക്കുന്ന ആ കുട്ടിയുടെ കാലില്‍ ശ്രദ്ധിച്ചത്. നല്ല ഭംഗിയുള്ള കണ്ടാല്‍ ആരുമൊന്ന് നോക്കി പോകുന്ന കറുത്ത ഷൂ.
അത് കണ്ട് എന്റെ ഉള്ളില്‍ അടക്കിയ മോഹങ്ങളൊക്കെ വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് വന്നു.

“അമ്മേ എനിക്കും വേണം അത് പോലൊരു ഷൂ” 

അമ്മ ആദ്യം കേട്ടില്ലാന്ന് നടിച്ചു. പക്ഷെ ഞാന്‍ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അമ്മ ദേഷ്യത്തോടെ കണ്ണുരുട്ടി കാണിച്ചിട്ട് ആരും കാണാതെ കാലിലെ പരുക്കന്‍ പ്ലാസ്റ്റിക് ചെരുപ്പിട്ട് എന്റെ കാല്‍ വിരലുകളില്‍ അമര്‍ത്തി ചവിട്ടി ഞാന്‍ വേദന കൊണ്ട് കാറി പക്ഷെ എന്നിട്ടും ഞാന്‍ വിടാന്‍ ഭാവം ഉണ്ടായില്ല.

 “എനിക്കും വേണം ഷൂ”

ഞാന്‍ നിലത്ത് കിടന്ന് ഉരുണ്ട് കാലിട്ടടിച്ച് കാറാന്‍ തുടങ്ങിയപ്പോള്‍ അമ്മാവന്‍ കയറി ഇടപെട്ട് കൊണ്ട് പറഞ്ഞു.

“മോന്‍ കരയാതെ വാ നമുക്ക് പുറത്ത് പോയിട്ട് വരാം. അമ്മാവന്‍ മോനെ ഒരു സൂത്രം കാണിക്കാലോ”

 “ആ കാണുന്നത് എന്താണെന്ന് മോന്‍ നോക്കിക്കെ”

ഞാന്‍ നോക്കിയപ്പോള്‍ റോഡിന് അരികിലത്തെ വലിയ ആല്‍ മരത്തിന്റെ ചില്ലകളില്‍ കായ്കള്‍ പോലെ നൂറ് കണക്കിന് ഏതോ ജീവികള്‍ തൂങ്ങി കിടക്കുന്നു.

“അതെന്താ”

"അതാണ് കടവാവലുകള്‍"

കടവാവലുകള്‍ അങ്ങനെ തൂങ്ങി കിടക്കുന്നത് ഞാന്‍ ആദ്യമായിട്ടാണ് കാണുന്നതെങ്കിലും കടവാവലുകളെ ഞന്‍ വീടിന് അടുത്ത പുഴക്കരയില്‍ നിരവധി കാണാറുണ്ട്. സന്ധ്യയ്ക്ക് അമ്മയോടൊത്ത് കുളിക്കാന്‍ പോകുമ്പോള്‍ ഞാന്‍ കുളി കഴിഞ്ഞഅ അമ്മ തുണി അലക്കി തീരുന്നതും നോക്കി വെള്ളാരം കല്ലുകള്‍ക്ക് മുകളില്‍ കിടക്കുമ്പോള്‍ കാണാം ആകാശത്ത് കൂടി ക്രീ, ക്രീ ശബ്ദത്തോടെ കടവാവലുകള്‍ പറക്കുന്നത്.

"വല്ലാത്ത അതിശയം തന്നെ ഇങ്ങനെ തൂങ്ങിക്കിടക്കുന്നത്"

“രാത്രി മുഴുവന്‍ ഇവര്‍ ഭക്ഷണം തേടി പറന്ന് നടന്നിട്ട് പകല്‍ മരത്തിന്റെ ചില്ലകളില്‍ ഇങ്ങനെ തൂങ്ങി കിടന്നുറങ്ങും.”

മരത്തിന് ചുവട്ടിലെ കശുവണ്ടി കൂമ്പാരം ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മാവന്‍ പറഞ്ഞു.

“ഈ കശുവണ്ടികളൊക്കെ ഈ കടവാവലുകള്‍ ദൂരെ നിന്ന് പറക്കി കൊണ്ട് വന്നിട്ടിരിക്കുന്നതാ. ഇത് കുറെ ആകുമ്പോള്‍ ഇതിന്റെ മുതലാളി ഇത് വില്‍ക്കും. ഇതും നല്ല ഒരു വരുമാനമാ”

കൗതുകത്തോടെ കടവാവലുകളെ കുറിച്ചുള്ള പുതിയ അറിവുകള്‍ കേട്ട് കൊണ്ട് ഞാന്‍ അങ്ങനെ നടന്ന് അവസാനം ഒരു കടയുടെ മുന്‍പില്‍ എത്തിയപ്പോള്‍ അമ്മാവന്‍ പറഞ്ഞു.

"ഇവന് കണക്കായ ഒരു ഷൂ എടുത്തെ"

അത് കേട്ട് ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അമ്മാവന് എന്‌നോടുള്ള സ്‌നേഹവും കരുതലും എന്നെ അത്ഭുതപ്പെടുത്തി. പക്ഷെ അമ്മാവനെ കൊണ്ട് ഷൂ മേടിപ്പിക്കുന്നത് ശരിയല്ല. അമ്മാവന്‍ ഞങ്ങളെക്കാള്‍ ദരിദ്രരാണ് കൂടാതെ ചെറിയമ്മയുടെ പ്രസവത്തിന് ഹോസ്പിറ്റലില്‍ അഡ്മിറ്റായി പണമില്ലാതെ അമ്മാവന്‍ ബുദ്ധി മുട്ടുന്ന കാര്യം അമ്മ അച്ചനോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

"എനിക്ക് വേണ്ട ഷൂ"

"അത് പറ്റില്ല. നീ മേടിച്ചേ പറ്റൂ"

അമ്മാവന്റെ സ്‌നേഹത്തിന് മുന്‍പില്‍ ഞാന്‍ ആ ഷൂ മേടിക്കുക തന്നെ ചെയ്തു.
പിന്നീട് കുറെ നാളത്തേയ്ക്ക് എനിക്ക് ആ ഷൂ എനിക്ക് പ്രിയപ്പെട്ടതായിരുന്നു.
അമ്മാവനെ കാണാനില്ലെന്ന വാര്‍ത്ത കേട്ടാണ് ഞാന്‍ ഒരു ദിവസം രാവിലെ ഉണര്‍ന്നത്. അമ്മാവന്‍ പട്ടണത്തില്‍ പോയിട്ട് തിരിച്ച് വന്നിട്ട് അഞ്ച് ദിവസം ആയത്രേ.

പോലീസില്‍ അറിയിച്ചു നേര്‍ച്ചകള്‍ നേര്‍ന്നു ആഴ്ചകള്‍ കഴിഞ്ഞു. പക്ഷെ ഒരു വിവരവും ഇല്ല.
ഒരു ദിവസം അമ്മ വല്ല്യേച്ചിയോട് ചെവിയില്‍ എന്തോ പറയുന്നത് കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നത്.

“മോളെ അമ്മാവന്‍ മരിച്ചു”

“മരിച്ചോ”

“ഉം”

"എങ്ങനെ"

"കോഴിക്കോട്ടത്തെ ഏതോ ഹോട്ടല്‍ റൂമില്‍ തുങ്ങി മരിച്ചു"

"എന്തിന്"

കടം കൊണ്ടാണത്രേ. ആത്മഹത്യ കുറിപ്പില്‍ കടം മേടിച്ചയാളുകളുടെ വലിയ ലിസ്‌ററുണ്ടന്നാ കേട്ടത്
എനിക്ക് കേട്ടതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അമ്മാവന്‍ എന്തിനാണ് അങ്ങനെ ചെയ്തത്. ഇത്രയധികം വിദ്യാഭ്യാസം ഉള്ള, എല്ലാവരെയും നല്ല കാര്യങ്ങള്‍ ഉപദേശിക്കാറുള്ള അമ്മാവന്‍ ഇങ്ങനെ ചെയ്യുകയൊ.

അതിന് ശേഷം വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു. പ്രകാശത്തിന് ചുറ്റും പറക്കുന്ന ഇയാം പാറ്റകളെപ്പോലെ ഞാന്‍ വെളിച്ചങ്ങളില്‍ നിന്ന് വെളിച്ചങ്ങളിലേക്ക് സ്വന്തം അസ്ഥിത്വം തേടി കുറെ ഓടി, കഷ്ടപ്പെട്ടു, കുടുംബസ്ഥനായി പുതിയ തലമുറ വന്നു. എന്നിട്ടും ഹൃദയത്തിന്റെ നേര്‍ വെളിച്ചം വീണ ഭൂത കാലത്തിന്റെ വഴികളില്‍ ചിലത് ഇപ്പോഴും മായാതെ നില്‍ക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക