Image

ഉരുള്‍പൊട്ടല്‍: കാണാതായ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ ജഡം കിട്ടി

Published on 18 October, 2011
ഉരുള്‍പൊട്ടല്‍: കാണാതായ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ ജഡം കിട്ടി
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്‌ മലയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ ജഡം കിട്ടി. മുള്ളരിങ്ങാട്‌ തുരുത്തേല്‍ തോമസ്‌ വര്‍ഗീസിന്റെ (52) ജഡമാണ്‌ കണ്ടുകിട്ടയത്‌. ഭാര്യ അന്നമ്മ (46)യ്‌ക്കായി തെരച്ചില്‍ തുടരുന്നു.

കനത്ത മഴയെത്തുടര്‍ന്ന്‌ മുള്ളരിങ്ങാട്‌ പാലം സിറ്റിക്കു സമീപമുള്ള മലയില്‍ ഇന്നലെ മൂന്നരയോടെയാണ്‌ ഉരുള്‍പൊട്ടലുണ്ടായത്‌.വീടിനു മുന്നില്‍ ഈറ്റകൊണ്ട്‌ കൊട്ട നെയ്‌തുകൊണ്ടിരിക്കുകയായിരുന്നു തോമസും അന്നമ്മയും. ഇരച്ചെത്തിയ വെള്ളം തിരിച്ചുവിടാന്‍ ശ്രമിക്കവേ തോമസ്‌ ശക്‌തമായ ഉരുളില്‍പ്പെട്ടു. ഭാര്യ അന്നമ്മയെയും ഇതോടെ കാണാതായി. ഉരുളില്‍പ്പെട്ടു കാണാതായ തോമസിന്റെ മൃതദേഹം ഒന്നര മണിക്കൂറിനുശേഷം വീടിരുന്ന സ്‌ഥലത്തുനിന്ന്‌ 200 മീറ്റര്‍ താഴെ പാറമടയില്‍നിന്നു കണ്ടെടുത്തു.

അതേസമയം പ്രദേശത്ത്‌ തൊഴിലുറപ്പു പദ്ധതിപ്രകാരം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 15 സ്‌ത്രീത്തൊഴിലാളികള്‍ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ജില്ലാ കലക്‌ടര്‍ ഇ. ദേവദാസന്‍, തഹസില്‍ദാര്‍ സുരേഷ്‌ ജോസഫ്‌, ഡിസിസി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌ എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക