Image

നാറാണത്തുഭ്രാന്തന്‍ - (മിനികഥ: ജോസഫ് നമ്പിമഠം)

ജോസഫ് നമ്പിമഠം Published on 07 October, 2013
നാറാണത്തുഭ്രാന്തന്‍ - (മിനികഥ: ജോസഫ് നമ്പിമഠം)
പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തുഭ്രാന്തന്റെ ഗ്രാമത്തിലാണ് അയാള്‍ പിറന്നു വീണത്. ഉറക്കം കണ്‍പോളകളെ തഴുകിയടയ്ക്കുമ്പോഴും മുത്തശ്ശി നാറാണത്തുഭ്രാന്തന്റെ കഥ പറഞ്ഞുകൊണ്ടേയിരിക്കും. കഠിനമായി അദ്ധ്വാനിച്ച് മലമുകളില്‍ ഉരുട്ടിക്കയറ്റിയ കല്ല് താഴേക്ക് തള്ളിയിട്ടിട്ട് അതു കണ്ടു രസിക്കുന്ന നാറാണത്തു ഭ്രാന്തന്റെ കഥ… ചുടലക്കളത്തില്‍ ഭദ്രകാളിയുടെ താണ്ഡവം കണ്ടിട്ടും തരിമ്പും കൂസാതെ ചിരിച്ചു നില്‍ക്കുന്ന നാറാണത്തുഭ്രാന്തന്‍ … എന്തു വരം വേണമെന്ന് ഭദ്രകാളി ചോദിച്ചപ്പോള്‍ ഇടംകാലിലെ മന്ത് വലം കാലിലേക്ക് മാറിറിത്തരാന് ആവശ്യപ്പെടുന്ന സരസനായ നാറാണത്തുഭ്രാന്തന്‍… അയാള്‍ക്ക് നാറാണത്തുഭ്രാന്തനോട് ബഹുമാനമായിരുന്നു…. ആരാധനയായിരുന്നു.

നോക്കെത്താത്ത ഉയരത്തില്‍ മൂടല്‍മഞ്ഞണിഞ്ഞുകിടക്കുന്ന ആ ഗിരിശിഖരം മറ്റാരും ഇന്നേവരെ കയറിയിട്ടില്ല. അതു കീഴടക്കുക എന്നത് ഗ്രാമവാസികളുടെ അടങ്ങാത്ത അഭിലാഷമായിരുന്നു. മലയുടെ മുകളില്‍ വിലമതിക്കാനാവാത്ത രത്‌നങ്ങളും നിത്യയൗവനം നല്‍കുന്ന അപൂര്‍വ്വസസ്യങ്ങളും വളരുന്നുണ്ടെന്ന് ഗ്രാമീണര്‍ വിശ്വസിച്ചുപോന്നു. യുഗങ്ങള്‍ക്ക് മുമ്പ് മരിച്ചുവെന്ന് കരുതപ്പെടുന്ന നാറാണത്തുഭ്രാന്തന്‍ പോലും നിത്യയൗവനം വീണ്ടെടുത്ത് മലമുകളില്‍ വസിക്കുന്നുവെന്ന് കരുതുന്നവരും ഇല്ലാതില്ല. ഏതായാലും മല കീഴടക്കാന്‍ തലമുറതോറും പലരും ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ആരും ഇന്നേവരെ വിജയിച്ചിട്ടില്ല.

അയാള്‍ ഇതൊരു വെല്ലുവിളിയായി എടുത്തു. എങ്ങനെയെങ്കിലും മലകയറണം. രത്‌നങ്ങളും അപൂര്‍വ്വ സസ്യങ്ങളും സ്വന്തമാക്കണം. അയാള്‍ കുലദൈവങ്ങളെ ധ്യാനിച്ചു. പൂവിട്ടു പൂജിച്ചു. കുരുതിയും വഴിപാടും കഴിച്ചു. ഉഗ്രതപസ്സ് അനുഷ്ഠിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം തന്റെ ജീവിതലക്ഷ്യം നേടാന്‍ സമയമായി എന്ന് അയാളുടെ ഉള്ളു മന്ത്രിച്ചു. അത് ദൈവങ്ങളുടെ വിളിപോലെ അയാള്‍ കരുതി.

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അയാള്‍ മലയടിവാരത്തിലേക്ക് യാത്രയായി. കല്ലും മുള്ളും താണ്ടി മലകയറുവാന്‍ തുടങ്ങി. മൂന്നാം ദിവസം അസ്തമയത്തോടടുത്തപ്പോള്‍ മലയുടെ ഉച്ചിയുടെ ഏതാനും അടി താഴെ വരെ എത്തി. അയാള്‍ ദീര്‍ഘശ്വാസം വിട്ടു. ഇനി ഏതാനും അടികള്‍ മാത്രം! കൈയെത്തുന്ന അകലം മാത്രം!! ജീവിതാഭിലാഷം സാക്ഷാത്കരിക്കപ്പെടാന്‍ പോകുന്നു.അയാള്‍ കൈ എത്തിപ്പിടിക്കാനാഞ്ഞു. അയാള്‍ മുകളിലേക്കു നോക്കി. തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പ്രകാശ വലയങ്ങള്‍ക്കു നടുവില്‍ … മൂടല്‍മഞ്ഞിന്റെ ആവരണത്തിനുള്ളില്‍ … മുട്ടോളമെത്തുന്ന വെള്ളത്താടിയും മുടിയുമായി ഒരാള്‍ നില്ക്കുന്നു! പഞ്ഞിക്കെട്ടില്‍ കനല്‍ക്കട്ടപോലെ, കോപം കൊണ്ടു ചുവന്ന നേത്രങ്ങള്‍ … നാറാണത്തു ഭ്രാന്തന്‍ !!

വന്യമായ ഒരു ചിരി കേട്ടതും എത്തിപ്പിടിക്കാനാഞ്ഞ കയ്യില്‍ ഒരു തട്ടുകിട്ടിയതും ഒന്നിച്ചായിരുന്നു. അഗാധമായ മലയടിവാരത്തിലേക്ക് തലകുത്തനെ നിപതിക്കുമ്പോള്‍ മലമുകളില്‍ നിന്ന് നാറാണത്തുഭ്രാന്തന്റെ ചിരി ഇടിമുഴക്കം പോലെ ചെവികളില്‍ പ്രതിദ്ധ്വനിച്ചുകൊണ്ടേയിരുന്നു.


നാറാണത്തുഭ്രാന്തന്‍ - (മിനികഥ: ജോസഫ് നമ്പിമഠം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക