Image

തൃശ്ശൂര്‍ ജില്ലയില്‍ നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം

Published on 18 October, 2011
തൃശ്ശൂര്‍ ജില്ലയില്‍ നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം
തൃശ്ശൂര്‍: ബസ്സിന്റെ പിറകിലെ വാതില്‍ പ്രശ്‌നത്തില്‍ മോട്ടോര്‍വാഹനവകുപ്പും പോലീസ് ഉദ്യോഗസ്ഥരും നിരന്തരം പീഡിപ്പിക്കുന്നു എന്നാരോപിച്ച് ജില്ലയിലെ സ്വകാര്യബസ്സുകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചു. സമരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തിരുവനന്തപുരത്ത് മന്ത്രിതലത്തില്‍ ചര്‍ച്ച നടക്കും. വാതില്‍ ഘടിപ്പിക്കാത്ത സ്വകാര്യബസ്സുകളില്‍നിന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള യാത്രക്കാര്‍ വീണുപരിക്കേല്‍ക്കുന്നതും മരിക്കുന്നതും നിത്യസംഭവമായതോടെയാണ് വാഹനവകുപ്പും പോലീസും പരിശോധന കര്‍ശനമാക്കിയത്.

ഇതിനെതിരെ ബസ്സുടമകള്‍ അസോസിയേഷന്‍ തലത്തിലും കോ-ഓര്‍ഡിനേഷന്‍ തലത്തിലും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് ബസ്സുടമകള്‍ കളക്ടറേറ്റിനു മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു. എന്നാല്‍, പെര്‍മിറ്റില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിച്ചു മാത്രമേ റോഡില്‍ ബസ്സുകളോടാവൂ എന്ന തീരുമാനത്തില്‍ അധികാരികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ബസ്സിന്റെ വാതില്‍ തുറക്കുന്നതും അടയ്ക്കുന്നതുമാണ് കൂടുതല്‍ അപകടമെന്നാണ് ബസ്സുടമകളുടെ സംഘടന പറയുന്നത്.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സ്വകാര്യബസ്സുകളില്‍ ഡോറുകള്‍ ഘടിപ്പിക്കണമെന്ന് തിങ്കളാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ബസ്സുടമകളോട് അഭ്യര്‍ത്ഥിച്ചു. വാതില്‍ കെട്ടിവെച്ച് യാത്ര അനുവദിക്കില്ലെന്നും ഈയിടെ ബസ്സില്‍നിന്ന് തെറിച്ചുവീണ് രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ഡോറുകള്‍ ഘടിപ്പിക്കാതെയുള്ള യാത്ര അവസാനിപ്പിക്കണമെന്നും കമ്മീഷണര്‍ പി. വിജയന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സുടമ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഇന്‍ ചാര്‍ജ് ടി.വി. ശോഭന നിയമം നടപ്പാക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള മോട്ടോര്‍ വാഹനവകുപ്പ് നിയമപ്രകാരം ബസ്സുകളുടെ മുമ്പിലും പിന്നിലും ഡോര്‍ വേണമെന്ന് ആര്‍ടിഒ പി.സി. തോമസ് അറിയിച്ചു. റൂറല്‍ എസ്.പി. ദേബേഷ്‌കുറാര്‍ ബെഹ്‌റ, ഡെപ്യൂട്ടി കളക്ടര്‍ പി. മേരിക്കുട്ടി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബസ്സുടമ സംഘടനാ നേതാക്കളായ എം.എസ്. പ്രേംകുമാര്‍, കിഷോര്‍, പ്രൊഫ. ദേവസ്സി, ആന്‍േറാ ഫ്രാന്‍സിസ് തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക