Image

കൂടംകുളം: തമിഴ്‌നാടിനെ പഴിചാരുന്നുവെന്ന് ജയലളിത

Published on 18 October, 2011
കൂടംകുളം: തമിഴ്‌നാടിനെ പഴിചാരുന്നുവെന്ന് ജയലളിത
ചെന്നൈ: കൂടംകുളം ആണവനിലയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ കേന്ദ്രം തമിഴ്‌നാട് സര്‍ക്കാരിനെ പഴിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ജയലളിത ആരോപിച്ചു. കൂടംകുളത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭം തുടങ്ങിയതെന്നും ജയലളിത പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആണവ നിലയത്തിലേക്കുള്ള വഴി ഉപരോധിച്ചിരുന്നു. നിലയത്തിലെ 700 ഓളം ശാസ്ത്രജ്ഞരെയും 5000 ലേറെ തൊഴിലാളികളെയും ആണവകേന്ദ്രത്തിലേക്ക് കടക്കാന്‍ പ്രക്ഷോഭകര്‍ അനുവദിച്ചിരുന്നില്ല.

രണ്ടു ഘട്ടമായി രണ്ടായിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടംകുളത്ത് കേന്ദ്ര സര്‍ക്കാര്‍ ആണവനിലയത്തിന് തുടക്കമിട്ടത്. ആദ്യ പ്ലാന്റ് അടുത്ത മാസത്തോടെ പ്രവര്‍ത്തനക്ഷമമാകാനിരിക്കെയാണ് തദ്ദേശവാസികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. രണ്ട് പ്ലാന്റുകളില്‍ നിന്നായി തമിഴ്‌നാടിന് 925 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഈ ആണവനിലയത്തില്‍ വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. റഷ്യന്‍ സഹകരണത്തോടെ നിര്‍മിക്കുന്ന ആണവനിലയത്തിന് 13,500 കോടി രൂപയുടെ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക