Image

ഒരിക്കല്‍ കൂടി ലിവര്‍പൂളില്‍ നിന്നും വിദ്യാര്‍ത്ഥി സംഘം കല്ലറ സ്‌ക്കൂളിലേക്ക്

Published on 18 October, 2011
ഒരിക്കല്‍ കൂടി ലിവര്‍പൂളില്‍ നിന്നും വിദ്യാര്‍ത്ഥി സംഘം കല്ലറ സ്‌ക്കൂളിലേക്ക്

കല്ലറ: സംസ്‌കാര മൈത്രിയുടെയും, അറിവു പങ്കുവെയ്ക്കലിന്റേയും പര്യായമായി ഒരിക്കല്‍ കൂടി ലിവര്‍ പൂളില്‍ നിന്നും തദ്ദേശ്ശീയരായ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ , കുറെ വര്‍ഷങ്ങളായി അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചുകൊണ്ട് പേരെടുത്ത, ക്‌നാനായ സഭാ മാനേജ്‌മെന്റിന് അഭിമാനമായ കല്ലറ സെന്റ് തോമസ് സ്‌ക്കൂളിലേക്കെത്തുന്നു.

ബ്രോഡ്ഗ്രീന്‍ സ്‌ക്കൂളിലെ 20 കുട്ടികളും ചില അധ്യാപകരും സിറ്റി കൗണ്‍സിലിലെ പ്രതിനിധികളും അടങ്ങുന്ന 25 അംഗ സംഘം ഇന്ന് കേരളത്തിലേക്കുള്ള പഠനയാത്രയ്ക്ക് പുറപ്പെടും. കേരള സംസ്‌കാരവും പ്രകൃതി ഭംഗിയും നേരില്‍ കാണുന്നതിനും സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ രീതികള്‍ നേരില്‍ കണ്ടുപഠിയ്ക്കുന്നതിനുമാണ് ഈ വിദ്യാര്‍ത്ഥി സംഘം പുറപ്പെട്ടിരിയ്ക്കുന്നത്. നാളെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ഈ സംഘത്തെ കേരള വിദ്യാഭ്യാസ ടൂറിസം വകുപ്പിലെ ഉന്നത ഉദ്യേഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് തൃശൂര്‍ , എറണാകുളം, കോട്ടയം, തിരുവന്തപുരം, ജില്ലകളിലെ മികച്ച സ്‌ക്കൂളില്‍ പര്യടനം നടത്തുന്ന സംഘം വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന വിദ്യാഭ്യാസ സെമിനാറുകളിലും, സ്വീകരണ പരിപാടികളിലും പങ്കെടുക്കും. 10 ദിവസം നീണ്ട് നില്‍ക്കുന്ന കേരള സന്ദര്‍ശനത്തിന് ശേഷം 30ന് സംഘം ലിവര്‍പൂളില്‍ തിരച്ചെത്തും.

കഴിഞ്ഞ വര്‍ഷം സെന്റ് തോമസ് ഹൈസ്‌ക്കൂളിന്റെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചതെങ്കില്‍ , ഇത്തവണ കല്ലറ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വിദേശ വിദ്യാര്‍ത്ഥികളെ കല്ലറ സ്‌ക്കൂളിലേക്കും, തുടര്‍ന്ന് പാരിഷ് ഹാളിലെ സ്വീകരണസമ്മേളനത്തിലേക്കും സ്വീകരിച്ചാനയിക്കുന്നത്. മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി സ്വീകരണ സമ്മേളനത്തെ അദിസംബോധന ചെയ്യും. 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്വീകരണവും 24 തിങ്കളാഴ്ച്ച സ്‌ക്കൂളിലെ പ്രവര്‍ത്തനപരിചയവും എന്ന വിധത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്വീകരണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ സ്‌ക്കൂള്‍ മാനേജര്‍ റവ.ഫാ.ജോസഫ് കീഴങ്ങാട്ട്, പി.ടി.ഓ, അധ്യാപക വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നതായി ഹെഡ്മാസ്റ്ററും കോട്ടയം അതിരൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ ശ്രീ.എം.എല്‍ . ജോര്‍ജ്ജ് മറ്റത്തികുന്നേല്‍ അറിയിച്ചു.

കല്ലറ സ്‌ക്കൂളിന് പുറമേ കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹൈസ്‌ക്കൂളും സംഘം സന്ദര്‍ശിക്കുന്നുണ്ട്. 25 ചൊവ്വാഴ്ച്ചയാണ് കടുത്തുരുത്തി സ്‌ക്കൂളിലെ സന്ദര്‍ശനം. ബ്രോഡ്ഗ്രീന്‍ സ്‌ക്കൂള്‍ ഗവേണിങ് ബോഡി മെമ്പറും മലയാളിയുമായ തോമസ് ജോണ്‍ വാരിക്കാട്ട്, ന്യൂകാസില്‍ നിന്നുള്ള ക്‌നാനായ സമുദായാംഗമായ ജിജോ മാധവപള്ളി എന്നിവര്‍ ചേര്‍ന്നാണ് ഈ പഠനയാത്രയുടെ സംഘാടക ചുമതല നിര്‍വ്വഹിക്കുന്നത്.
ഒരിക്കല്‍ കൂടി ലിവര്‍പൂളില്‍ നിന്നും വിദ്യാര്‍ത്ഥി സംഘം കല്ലറ സ്‌ക്കൂളിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക