Image

അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ള മനോവേദന(ലേഖനം-ഇ.എം. സ്റ്റീഫന്‍).

Published on 10 October, 2013
അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ള മനോവേദന(ലേഖനം-ഇ.എം.  സ്റ്റീഫന്‍).
അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ള മനോവേദന
ശ്രീ അനില്‍ പെണ്ണുക്കരയുടെ ലേഖനങ്ങളാണ് ഇതെഴുതാന്‍ പ്രേരകമായത്.
അദ്ദേഹത്തിന്റെ ലേഖനത്തിന്‍ മലയാളികളെ ഒന്നടങ്കം കുത്തഴിഞ്ഞ ജീവിത ശൈലിയുടെ  ഉടമകളാണെന്ന് ആരോപിക്കുകയുണ്ടായി. മലയാളി സമൂഹം ഈ വിഷയത്തിന്റെ സത്യാവസ്ഥ അല്പം കൂടി മനസ്സിലാക്കേണ്ടതോ ചിന്തിക്കേണ്ടതോ ആണെന്ന് ശ്രീ അനിലിന്റെ ലേഖനം വായിച്ചപ്പോള്‍ തോന്നി.

കേരള നിയമസഭ ജൂലൈ 7, 2004-ല്‍ രേഖപ്പെടുത്തിയ രണ്ടു ചോദ്യങ്ങളും അതിന് മന്ത്രിമാര്‍ നല്‍കിയ മറുപടികളും വായനക്കാര്‍ അറിഞ്ഞിരിക്കേണ്ടതാണ്.
അന്നത്തെ ഭരണകക്ഷിയിലെ എം.എല്‍. എ, കെ.കെ. ഷാജി, ഭക്ഷ്യമന്ത്രി ജി.കാര്‍ത്തികേയനോടു ഒരു ചോദ്യം:- സംസ്ഥാനത്തെ ഭക്ഷ്യസ്വയംപര്യാപ്തതയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അിറയിക്കാമോ ?

മന്ത്രിയുടെ മറുപടി :- 2001 ലെ ജനസംഖ്യ അടിസ്ഥാനമാക്കി സംസ്ഥാനത്ത് 46.65 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ ആവശ്യമാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ 2002-2003 ലെ ഭക്ഷ്യോല്പാദനം 6.93 ലക്ഷം ടണ്‍ മാത്രമാണ് എന്നായിരുന്നു
അന്ന് തന്നെ യു.ഡി.എഫി - ലെ എം.എല്‍ എ ആയ കുട്ടി അഹമ്മദ്കുട്ടിയുടെ മറ്റൊരു ചോദ്യം കൃഷി മന്ത്രി ആയിരുന്ന കെ . ആര്‍ .ഗൗരിയമ്മയോട് :- കൃഷി സ്ഥലങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമൂലം നെല്‍കൃഷി നടത്തുന്ന സ്ഥലത്തിന്റെ വിസ്തൃതി കുറഞ്ഞു വരുന്നതായി ഗവര്‍മെന്റിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?  മന്ത്രിയുടെ മറുപടി :- സംസ്ഥാനത്ത് നെല്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി കുറഞ്ഞു വരികയാണെന്നും അനധികൃതമായി നെല്‍പാടം നികത്തുന്നതിനെതിരെ ഉദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കേണ്ടതാണെന്നും , സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷ കണക്കിലെടുത്ത് നിലം നികത്തലിനെതിരായി ജാഗ്രത പാലിക്കണമെന്നു ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു.

ഭരണകക്ഷി എം.എല്‍ .എ മാരുടെ ചോദ്യങ്ങളും അതിന് ഭരണകക്ഷിയായിട്ടുള്ള മന്ത്രിമാരുടെ മറുപടികളും ---ഞാനിവിടെ കുറിച്ചത്  വകതിരിവില്ലാതെ നെല്‍പാടങ്ങള്‍ നികത്തുന്നതിന്റെയും അതുവഴി സമൂഹത്തിലുണ്ടാകുന്ന അന്നത്തിന്റെ കുറവ് ദയനീയവും ഭയാനകവുമായ ചിത്രം നമ്മുടെ നാട്ടിലെ ഭരണ-പ്രതിപക്ഷ ജനപ്രധിനിധികള്‍ക്കും ജനങ്ങള്‍ക്കും നേരത്തെ തന്നെ അിറയാമായിരുന്നെന്ന് കാട്ടുന്നതിനാണ്.

കേരളത്തില്‍ ഭരണം നടത്തിയിട്ടുള്ള നേതാക്കന്മാരുടെ ചരിത്രവും അവരുടെ കണക്കുകളും നോക്കിയാല്‍ 1975 മുതല്‍ നെല്‍പാടങ്ങള്‍  കൃഷി ചെയ്യാതെ തരിശിടാന്‍ തുടങ്ങി. 1980 കളില്‍ നിലം നികത്താന്‍ പരിപാടി തുടങ്ങുകയും 90 കളില്‍ ഇടതു-വലതു ഭേദം കൂടാതെ റിയല്‍ എസ്റ്റേറ്റ് മാഫിയകളും ചേര്‍ന്നു വ്യാപകമായി നികത്തല്‍ പരിപാടി തുടര്‍ന്നു. കൂടാതെ ഒരു പറ്റം വന്‍കിട മാധ്യമങ്ങളും ഇതോടൊപ്പം കൂടിയെന്ന് പറയാതെ വയ്യ്.

1997 ആയപ്പോഴേക്കും ഒരു വക 'സ്ഥലം'  നിലം നികത്തലും , ഒപ്പം വ്യാപകമായ കച്ചവട സമ്പ്രദായവും തുടങ്ങിക്കഴിഞ്ഞിരുന്നു. ഇങ്ങനെ വന്‍ തണ്ണീര്‍ത്തടങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടു സംസ്ഥാനത്തിന്റെ ജലാവശ്യം  സാക്ഷാത്കരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന നെല്‍ പാടങ്ങള്‍ ഇല്ലാതായാല്‍ അത് കേരളത്തില്‍ കടുത്ത ജലക്ഷാമത്തിനും ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളും ഉണ്ടാകുമെന്നത്  ഉറപ്പാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 1997 - ല്‍ ആഗസ്റ്റ് മാസത്തില്‍ കുട്ടനാട്ടിലെ മങ്കൊമ്പില്‍ വെച്ച് അന്നത്തെ ഇടതുപക്ഷം അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ നെല്‍പ്പാടങ്ങള്‍ നികത്തുന്നതിനെതിരായി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുകയുണ്ടായി.

കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയും , പരിസ്ഥിതി സന്തുലനവും ഉറപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച ആ മഹത്തായ പ്രസ്ഥാനത്തെ കരിവാരിത്തേക്കുന്നതില്‍ ആരെല്ലാം പങ്ക് വഹിച്ചിട്ടുണ്ടെന്നത് ഇന്ന് ചരിത്രമാണ്. വയല്‍ നികത്തല്‍ സമരത്തിനെതിരെ ഈ കൂട്ടര്‍ നടത്തിയ ഹീനമായ കടന്നാക്രമണം , സമരത്തിനിറങ്ങിയ നേതാവിനെ ജനമധ്യത്തിന്‍ താഴ്ത്തിക്കെട്ടാന്‍ മാധ്യമങ്ങളും നേതാക്കന്‍മാരും കണ്ടുപിടിച്ച പദപ്രയോഗം 'വെട്ടിനിരത്തല്‍' എന്നായിരുന്നു എന്നത് ഓര്‍ത്തു പോകുന്നു. എത്ര എത്ര മുഖപ്രസംഗങ്ങളും , ലേഖനങ്ങളും , കാര്‍ട്ടൂണുകളുമാണ് യു.ഡി.എഫ് നേതാക്കളുടെ തിരികൊളുത്തിയ വെളിച്ചത്തിലൂടെ  മാധ്യമങ്ങള്‍ പ്രചാരണം നടത്തിയിട്ടുള്ളത് എന്ന് കൂടി ഓര്‍ക്കണം.

നെല്‍വയലുകള്‍ അപ്രത്യക്ഷമാകുന്നതിന്റെ ചില കണക്കുകള്‍ കൂടി  ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. 1994-95 ല്‍ കേരളത്തിലെ നെല്‍ വയലുകളുടെ വിസ്തീര്‍ണ്ണം 1207896 ഏക്കര്‍ ആയിരുന്നത് 2010-11 ആയപ്പോള്‍ 3.5 ലക്ഷം ഏക്കര്‍ മാത്രമെന്നാണ് വിദഗ്ധസമിതിയുടെ കണ്ടെത്തല്‍ . സ്ഥിതി എത്രമാത്രം ഗൗരവമുള്ളതാണെന്ന് ചിന്തിക്കുക. ഇതിനെ കുത്തഴിഞ്ഞ ജീവിതശൈലി എന്നു പുച്ഛിച്ചു തള്ളാനുള്ളതാണോ?

സത്യത്തിന്റെ മുഖം ക്രൂരമാണ്, എങ്കിലും ആതിനെ നേരിട്ടേ മതിയാവൂ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക