Image

റവ. ഫാ. മാത്യൂസ്‌ ഇടത്തറയ്‌ക്ക്‌ കോര്‍എപ്പിസ്‌കോപ്പ സ്ഥാനം നല്‍കുന്നു

Published on 18 October, 2011
റവ. ഫാ. മാത്യൂസ്‌ ഇടത്തറയ്‌ക്ക്‌ കോര്‍എപ്പിസ്‌കോപ്പ സ്ഥാനം നല്‍കുന്നു
ജോര്‍ജിയ: സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ക്ലെര്‍ജി സെക്രട്ടറിയും, അഗസ്റ്റ സെന്റ്‌ മേരീസ്‌ പള്ളി വികാരിയുമായ റവ.ഫാ. മാത്യൂസ്‌ ഇടത്തറയ്‌ക്ക്‌ സഭാ തലവനായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുടെ കല്‍പ്പന പ്രകാരം ഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ ഒക്‌ടോബര്‍ മാസം 22-ന്‌ ശനിയാഴ്‌ച അഗസ്റ്റ പള്ളിയില്‍ നടക്കുന്ന പ്രത്യേക ശുശ്രൂഷയില്‍ വെച്ച്‌ കോര്‍എപ്പിസ്‌കോപ്പ സ്ഥാനം നല്‍കുന്നു.

മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ സഭയിലെ വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീക ശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍, ഭദ്രാസന ഭാരവാഹികള്‍, ഭക്തസംഘടനാ നേതാക്കള്‍, അത്മായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കുചേരും. അഗസ്റ്റയില്‍ ഇദംപ്രഥമമായി നടക്കുന്ന പട്ടംകൊട ശുശ്രൂഷയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ ഇടവക ഭാരവാഹികളായ ജോണ്‍ മണലൂര്‍ (സെക്രട്ടറി), പി.സി. ഏബ്രഹാം (ട്രഷറര്‍) തോമസ്‌ ജോഷ്വാ എന്നിവര്‍ അറിയിച്ചു.

കോട്ടയം ഭദ്രാസനത്തിലെ നാലുന്നാക്കല്‍ സെന്റ്‌ ആദായീസ്‌ യാക്കോബായ സുറിയാനി ഇടവകയില്‍ വൈദീക പാരമ്പര്യമുള്ള ഇടത്തറ കുടുംബത്തില്‍ ഇ.സി. തോമസ്‌ - അന്നമ്മ ദമ്പതികളുടെ പുത്രനായ റവ.ഫാ. മാത്യൂസ്‌ ഇടത്തറ 1974-ലാണ്‌ വൈദീക ശുശ്രൂഷയിലേക്ക്‌ പ്രവേശിക്കുന്നത്‌. മലങ്കര സഭയുടെ ഗര്‍ജ്ജന ശബ്‌ദമായിരുന്ന പെരുമ്പള്ളി തിരുമേനിയില്‍ നിന്ന്‌ 1974-ല്‍ ശെമ്മാശ പട്ടവും, 1978 സെപ്‌റ്റംബര്‍ 14-ന്‌ കശ്ശീശ സ്ഥാനവും സ്വീകരിച്ച അദ്ദേഹം 1984-ലാണ്‌ അമേരിക്കയിലേക്ക്‌ കുടിയേറിയത്‌. ഡാലസിലെ സെന്റ്‌ ഇഗ്‌നേഷ്യസ്‌ പള്ളിയില്‍ വികാരിയായി സേവനം അനുഷ്‌ഠിച്ചശേഷം ജോര്‍ജിയയില്‍ എത്തിയ ഇടത്തറ അച്ചന്‍ അഗസ്റ്റയില്‍ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ കീഴില്‍ 1985-ല്‍ സെന്റ്‌ മേരീസ്‌ ദേവാലയം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. നോര്‍ത്ത്‌ കരോലിനയിലെ ഷാര്‍ലറ്റില്‍ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തിന്റെ ആരംഭത്തിനും പ്രഥമ ശുശ്രൂഷയ്‌ക്കും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്‌. 2010 ജൂലൈ മുതല്‍ മലങ്കര ആര്‍ച്ച്‌ ഡയോസിലെ ക്ലെര്‍ജി കൗണ്‍സില്‍ സെക്രട്ടറിയായി സേവനം അനുഷ്‌ഠിക്കുന്നു. ഭദ്രാസന കൗണ്‍സില്‍ അംഗം കൂടിയാണ്‌. ഇക്കഴിഞ്ഞ വര്‍ഷം സിറിയയിലെ ഡമാസ്‌കസില്‍ നടന്ന പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുടെ മുപ്പതാമത്‌ സ്ഥാനാരോഹണ വാര്‍ഷികാഘോഷങ്ങളില്‍ അഭിവന്ദ്യ തിരുമേനിയോടൊപ്പം ഭദ്രാസനത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തിരുന്നു.

കോട്ടയത്തെ പ്രശസ്‌തമായ സി.എം.എസ്‌ കോളജില്‍ നിന്ന്‌ ചരിത്രത്തില്‍ പ്രശസ്‌ത വിജയം കരസ്ഥമാക്കിയ ശേഷം പെരുമ്പള്ളി സെമിനാരി, തൃക്കോതമംഗലം ഗര്‍ബീല്‍ ദയറ എന്നിവിടങ്ങളില്‍ വൈദീക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. താപസ ശ്രേഷ്‌ഠനായിരുന്ന യാക്കൂബ്‌ മോര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത മല്‍പ്പാനായിരുന്നു. സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയിലെ പ്രമുഖ വൈദീകനായിരുന്ന ഇടത്തറ യേശു കത്തനാര്‍ പിതാമഹ സഹോദരനും, ഇടത്തറ യുക്കൂബ്‌ കശ്ശീശ പിതൃസഹോദരനുമാണ്‌. കോട്ടയം ഭദ്രാസനത്തിലെ കുറിച്ചി സെന്റ്‌ മേരീസ്‌, പാക്കില്‍ സെന്റ്‌ തോമസ്‌, നിരണം ഭദ്രാസനത്തിലെ കാവുംഭാഗം സെന്റ്‌ ജോര്‍ജ്‌, മേപ്രാല്‍ സെന്റ്‌ ജോണ്‍സ്‌, കുന്നന്താനം സെന്റ്‌ പീറ്റേഴ്‌സ്‌ എന്നിവിടങ്ങളില്‍ വികാരിയായും, യൂത്ത്‌ അസോസിയേഷന്‍ റീജിയണല്‍ ജനറല്‍ സെക്രട്ടറി, നിരണം ഭദ്രാസന കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

പൊന്നമ്മ മാത്യു സഹധര്‍മ്മിണിയും, ജോയല്‍ (ബാങ്ക്‌ ലോണ്‍ ഓഫീസര്‍), ജാനറ്റ്‌ (ഹൈസ്‌കൂള്‍ അധ്യാപിക) എന്നിവര്‍ മക്കളുമാണ്‌. അനു (രജിസ്‌ട്രേഡ്‌ നഴ്‌സ്‌) ജാമാതാവും, ഹാനാ, ഈവാ എന്നിവര്‍ കൊച്ചുമക്കളുമാണ്‌.

സ്ഥാനാരോഹണ ശുശ്രൂഷയ്‌ക്കുശേഷം ചേരുന്ന അനുമോദന സമ്മേളനത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ അധ്യക്ഷതവഹിക്കും. ജോര്‍ജിയയിലെ പ്രമുഖ സാമൂഹ്യ നേതാക്കള്‍, ഇതര സഭാധ്യക്ഷന്മാര്‍, വൈദീക ശ്രേഷ്‌ഠര്‍, ഭദ്രാസന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. വിശുദ്ധ ശുശ്രൂഷകളിലും ഇതര ചടങ്ങുകളിലും പങ്കുചേരുവാന്‍ ഏവരേയും ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിലാസം: St. Marys Syrian Orthodox Church, 928 Murphy St, Augusta, G.A 30904.

സമ്മേളന നഗരി:

Holy Trinity Greek Orthodox Church Parish Hall, 953 Telfaur ST (and 10st) , Augusta, G.A 30901.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പി.സി. ഏബ്രഹാം (ട്രഷറര്‍) 706 868 5185, ജോണ്‍ മണലൂര്‍ (706 993 3200), തോമസ്‌ ജോഷ്വാ (സണ്‍ഡേ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍) 706 691 9085.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
റവ. ഫാ. മാത്യൂസ്‌ ഇടത്തറയ്‌ക്ക്‌ കോര്‍എപ്പിസ്‌കോപ്പ സ്ഥാനം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക