Image

ക്‌നാനായ കണ്‍വന്‍ഷന്‍ മക്കോര്‍മിക്ക്‌ സെന്ററില്‍

സൈമണ്‍ മുട്ടത്തില്‍ Published on 12 October, 2013
ക്‌നാനായ കണ്‍വന്‍ഷന്‍ മക്കോര്‍മിക്ക്‌ സെന്ററില്‍
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററായ ചിക്കാഗോയിലെ മക്കോര്‍മിക്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച്‌, അടുത്തവര്‍ഷം ജൂലൈ ആദ്യവാരം ക്‌നാനായ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. കെ.സി.സി.എന്‍.എ.കണ്‍വന്‍ഷനു മുന്നോടിയായി, ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള കെ.സി.എസ്‌.അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മക്കോര്‍മിക്‌ സെന്ററിലേയ്‌ക്ക്‌ നടത്തിയ മക്കോര്‍മിക്‌ ദര്‍ശന്‍ യാത്ര ആവേശഭരിതമായി മാറി.
ഒക്‌ടോബര്‍ 6-ാം തീയതി ഞായറാഴ്‌ച നടത്തിയ ഈ മക്കോര്‍മിക്‌ ദര്‍ശന്‍ യാത്രയില്‍ 250 ല്‍ പരം കെ.സി.എസ്‌. അംഗങ്ങള്‍ പങ്കെടുത്തു. ആകാരഭംഗികൊണ്ടും കണ്‍വന്‍ഷന്‍ സെന്ററിന്റെ വലിപ്പംകൊണ്ടും ഒരു വിസ്‌മയമായ, ചിക്കാഗോ നഗരത്തിന്റെ തിലകക്കുറിയായി വിലസുന്ന മക്കോര്‍മിക്‌ കണ്‍വന്‍ഷന്‍ സെന്റര്‍ കണ്ടവര്‍ അടുത്തവര്‍ഷം നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ തീരുമാനിക്കുകയും ചിക്കാഗോയിലും അന്യസംസ്ഥാനങ്ങളിലുമുള്ള തങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കണ്‍വന്‍ഷന്‍ സെന്ററിന്റെ മഹത്വവും പ്രത്യേകതയും വൈവിധ്യങ്ങളും അറിയിക്കുകയും എല്ലാവരേയും ഈ കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുമെന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി.

2.6 മില്യണ്‍ ചതുരശ്രഅടിവിസ്‌താരത്തില്‍ ചിക്കാഗോ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ വിരാചിച്ചുനില്‍ക്കുന്ന മക്കോര്‍മിക്ക ്‌സെന്ററില്‍ വിസ്‌തൃതമായ എക്‌സിബിഷന്‍ സെന്ററിനുപുറമേ അറുപതിനായിരം ചതുരശ്രഅടി വിസ്‌താരത്തില്‍ 173 മീറ്റിംഗ്‌ ഹാളുകളും ഉണ്ട്‌. അന്‍പത്‌ അടി ഉയരത്തില്‍ ഇരുപതിനായിരത്തില്‍ പരംപേര്‍ക്ക്‌ ഇരിക്കാവുന്ന ഓഡിറ്റോറിയം മാക്കോര്‍മിക്കിന്റെ അനേകം ആകര്‍ഷണങ്ങളില്‍ ഒന്നുമാത്രമാണ്‌. കണ്‍വന്‍ഷനോടുനുബന്ധിച്ച്‌ നടക്കുന്ന കലാകായിക മത്സരങ്ങളെല്ലാം ഒരു കുടക്കീഴില്‍ മക്കോര്‍മിക്‌ സെന്ററില്‍ വച്ചുതന്നെ നടത്തുവാനുള്ള സൗകര്യം ഇവിടെയുണ്ട്‌.

മക്കോര്‍മിക്ക്‌ സെന്ററിനോടു ചേര്‍ന്ന്‌ തന്നെ 1500 മുറികളുള്ള രാജ്യത്തെ ഏറ്റവും നല്ല ഹോട്ടല്‍ സമുച്ചയം ഈ കണ്‍വന്‍ഷന്‍ സെന്ററിന്റെ മാറ്റ്‌ പതിന്‍മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു. ഒരു വശത്ത്‌ അംബരചുംബികളായ കെട്ടിടങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ചിക്കാഗോ നഗരവും മറുവശത്ത്‌ മന്ദമാരുതനാല്‍ തലോടി ഉല്ലസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തടാകമായ മിച്ചിഗണ്‍ തടാകവും മക്കോര്‍മിക്‌ കണ്‍വന്‍ഷന്‍ സെന്ററിനെ ഒരു വര്‍ണ്ണ വിസ്‌മയമാക്കിതീര്‍ക്കുന്നു.
എല്ലാവര്‍ഷവും 3 മില്യണിലധികം ആളുകള്‍ സന്ദര്‍ശനത്തിനായി എത്തുന്ന ഈ കണ്‍വന്‍ഷന്‍ സെന്ററില്‍വെച്ച്‌ അടുത്ത ക്‌നാനായ കണ്‍വന്‍ഷന്‍ നടത്തുവാന്‍ സാധിക്കുന്നതും അതില്‍ പങ്കെടുക്കുകയും ചെയ്യുന്നത്‌ ഒരു ജീവിതാനുഭവംതന്നെയായിരിക്കുമെന്ന്‌ മക്കോര്‍മിക്‌ ദര്‍ശന്‌ നേതൃത്വം നല്‌കിയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മാത്യു തിരുനെല്ലിപ്പറമ്പില്‍ പറഞ്ഞു. കെ.സി.എസിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ ടൂര്‍ പ്രോഗ്രാമിന്‌ കെ.സി.എസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം, വൈസ്‌പ്രസിഡന്റ്‌ ജെസ്‌മോന്‍ പുറമഠത്തില്‍, സെക്രട്ടറി ജൂബി വെന്നലശ്ശേരി, ജോയിന്റ്‌ സെക്രട്ടറി ബാബു തൈപ്പറമ്പില്‍, ട്രഷറര്‍ ജെസ്റ്റിന്‍ തെങ്ങനാട്ട്‌ എന്നിവര്‍ നേതൃത്വം നല്‌കി.
കണ്‍വന്‍ഷന്‍ സെന്ററിന്റെ പ്രത്യേകതയും സൗകര്യങ്ങളും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സിറിയക്ക്‌ കൂവക്കാട്ടില്‍ പ്രോഗ്രാമിന്‌ പങ്കെടുത്തവര്‍ക്ക്‌ വിശദീകരിച്ചു. കണ്‍വന്‍ഷന്‍ ഒരു ചരിത്രവിജയമാക്കുവാന്‍ മുഴുവന്‍ സമുദായാംഗങ്ങളും ഉടന്‍തന്നെ കണ്‍വന്‍ഷന്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറവും കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സണ്ണി മുണ്ടപ്ലാക്കലും അഭ്യര്‍ത്ഥിച്ചു.
ക്‌നാനായ കണ്‍വന്‍ഷന്‍ മക്കോര്‍മിക്ക്‌ സെന്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക