Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (4) - സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌

Published on 13 October, 2013
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (4) - സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌
വിവാഹത്തിന്റെ ആദ്യനാളുകളെ പുതുമോടി കാലം എന്ന്‌ പറയുന്നത്‌ ശരിയല്ലെന്നാണു ജോ പറയാറ്‌. പുതിയതൊക്കെ ഒന്നുകില്‍ മുഷിയും അല്ലെങ്കില്‍ പഴയതാകും. എന്നാല്‍ ദിവ്യമായ വിവാഹജീവിതം ഒരു പുണ്യമാണ്‌്‌. അത്‌പഴയതാകുന്നില്ല, മുഷിയുന്നില്ല. ഈ യൗവ്വനവും ചെറുപ്പവുമൊക്കെ പഴയാതികില്ലേ എന്ന എന്റെ ചോദ്യം പ്രതീക്ഷിക്കുന്ന പോലെ ജോ തന്റെ തത്വശാസ്ര്‌തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. വിവാഹജീവിതത്തില്‍ സ്‌നേഹം കുറയുമ്പോഴാണ്‌്‌ അത്‌ മുഷിയുന്നതും പഴതാകുന്നതും. ഓരോ ദിവസം പിന്നിടുമ്പോഴും നമ്മളിലെ സ്‌നേഹത്തിന്റെ ആഴം കൂടികൊണ്ടിരിക്കേണ്ടതാണ്‌. ജീവിതത്തില്‍ എന്നും പുതുമകള്‍ കണ്ടെത്തണം. അതാണു ഒരു ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിനു സഹായി.എന്നിട്ട്‌ എന്നെ അമ്പരപ്പിച്ചുകൊണ്ട്‌ ജോ പാടി. `മാണിക്യവീണയുമായ്‌'.നല്ല ഇമ്പമുള്ള സ്വരത്തില്‍.ജോക്ക്‌ പാടാന്‍ കഴിയുമെന്ന്‌ അപ്പോഴാണു ഞാന്‍ അറിയുന്നത്‌. പാട്ടിനോടിഷ്‌ടമുള്ള എനിക്ക്‌ അത്‌ വളരെസന്തോഷമുണ്ടാക്കി. എന്റെ അമ്പരപ്പ്‌ മാറാതെ നിന്നപ്പോള്‍ ജോ പറഞ്ഞു.പെണ്ണു കാണാന്‍ വന്നപ്പോള്‍ ഇതൊക്കെ ചോദിച്ചറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെവണ്ടറടിക്കേണ്ടിയിരുന്നില്ല.കല്യാണം കഴിക്കുന്ന ചെക്കന്‍ കള്ളു കുടിക്കുമോ, പുക വലിക്കുമോവേറെ എന്തെങ്കിലും ദുശ്ശീലമുണ്ടോ ഇതൊക്കെയാണു സാധാരണ അക്കാലത്ത്‌ പെണ്‍കുട്ടികള്‍ക്കറിയേണ്ടതുള്ളു. കലാപരമായ കഴിവുകള്‍ക്ക്‌ വലിയപ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ ജോയിലെ പാട്ടുകാരനെ എനിക്ക്‌വളരെ ഇഷ്‌ടമായി.അന്ന്‌ ഞങ്ങള്‍ ഇഷ്‌ടമുള്ളപാട്ടുകളുടെ റെക്കാര്‍ഡുകള്‍ വാങ്ങി വിശ്രമവേളകള്‍ക്ക്‌ ഒരു റൊമാന്റിക്ക്‌ പരിവേഷം നല്‍കി. ഇന്നിപ്പോള്‍ അന്ന്‌ കേട്ടപാട്ടുകള്‍, ജോ പാടിയിരുന്ന പാട്ടുകള്‍ എല്ലാം ഞാന്‍ മനസ്സില്‍ കേള്‍ക്കുന്നു. കണ്ണടച്ച്‌ നിശ്ശബ്‌ദയായിരുന്ന്‌ ജോ എനിക്കരികില്‍ ഇരുന്ന്‌ പാടുന്നതായി സങ്കല്‍പ്പിക്കുന്നു.

വ്യോമസേനയിലെ ഉദ്യാഗം രാജി വച്ച ഞാന്‍ നാട്ടില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ആരംഭിച്ചെങ്കിലും പഴയ ജോലിയുടെ സുഖവും, അധികാരവുമില്ലാത്തതിനാല്‍ മനസ്സിനുവലിയ തൃപ്‌തിയുണ്ടായിരുന്നില്ല. അത്‌കൊണ്ട്‌ ജോലി കഴിഞ്ഞ്‌ വീട്ടിലേക്കോടാന്‍ മനസ്സ്‌ വെമ്പികൊണ്ടിരുന്നു. ഞാന്‍ തിരിച്ചെത്തുന്നസമയത്ത്‌ തന്നെ ജോയും എത്തും.ജോപറയും അമ്മയുണ്ടായിരുന്നെങ്കിലും കല്യാണത്തിനുമുമ്പ്‌ ജോലി കഴിഞ്ഞ്‌ വന്നാല്‍ ചിലപ്പോള്‍ ബോറടിക്കും. ഞാന്‍ ഏകനാണെന്ന്‌ കണ്ട്‌ദൈവം ഒരു താമരപൂവിനെ സൃഷ്‌ടിച്ചു പിന്നെ അതിനെ ഒരു സുന്ദരിയായ സ്‌ത്രീയാക്കി. അതാണു നീ. ജോ, ഇതൊക്കെ മധുവിധുകാലത്ത്‌ ആണുങ്ങള്‍ പറയുന്ന പൈങ്കിളി ഡയലോഗ്‌. ജീവിതകാലം മുഴുവന്‍ ഇങ്ങനെ പറഞ്ഞ്‌ കൊണ്ടിരിക്കണം. എങ്കില്‍ അത്‌ വിശ്വസ്‌നീയമാകും. ഞാന്‍ ജോയെ ദ്വേഷ്യം പിടിപ്പിക്കും. സരോ, നമ്മള്‍ ജീവിതമാരംഭിച്ചല്ലേയുള്ളു, നീ നോക്കിക്കോ ജോ എത്ര നല്ല ഭര്‍ത്താവും, പിന്നെ ഒരു കള്ളചിരിയോടെ `ആദ്യത്തെ കണമണി പെണ്ണായിരിക്കണം' എന്ന്‌ പാടി, ഒരു കുഞ്ഞ്‌ പിറന്നാല്‍ എത്രനല്ല പിതാവുമാകുമെന്ന്‌. മനസ്സില്‍ ഇങ്ങനെ ഓര്‍മ്മകള്‍ തള്ളിവരുമ്പോള്‍ ഒരു സുഖമുള്ളനൊമ്പരമാണ്‌. ജോ വാക്ക്‌ പാലിച്ചു. ദൈവം തിരിച്ച്‌ വിളിക്കുന്നവരെ എന്നെ, കുട്ടികളെ, കുടുംബത്തെ സ്‌നേഹിച്ചു.

ഞങ്ങളുടെ മധുവിധു നാളുകള്‍ അവസാനിക്കാത്തതായിരുന്നു. അതേസമയം കുടുംബ്‌ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ഞങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു. എന്റെ അഭീഷ്‌ടങ്ങള്‍ക്കൊന്നിനും ഒരിക്കലും ജോ എതിരുപറഞ്ഞിരുന്നില്ല. പ്രാര്‍ഥനാനിര്‍ഭരമായ ഒരു നല്ല കാലമായിരുന്നു അത്‌. എന്റെ ജോലിയിലെ അതൃപ്‌തി ജോക്ക്‌ അറിയാമായിരുന്നു. സരൊ, ജോലി ഇഷ്‌ടമല്ലെങ്കില്‍ രാജി വച്ചോളൂ എന്ന്‌ പറയും. ഇത്രയും കഷ്‌ടപ്പെട്ട്‌ പഠിച്ചിട്ട്‌ ജോലിക്ക്‌ പോകാതെവീട്ടില്‍ ഇരിക്കാനും ഞാനിഷ്‌ടപ്പെട്ടില്ല.

അങ്ങനെ ദിവസങ്ങള്‍ നീളവെ ഒരു ദിവസം ഞാന്‍ ജോയോട്‌ പറഞ്ഞ്‌ നമുക്ക്‌ ഒരുമിച്ച്‌ പാടാന്‍ ഒരു ഡ്യുവെറ്റുണ്ട്‌. മറ്റ്‌ പാട്ടുകളെപോലെയല്ല. ഏതാണെന്ന്‌ പറയാമോ? ജോ എന്റെമുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി.എനിക്ക്‌ ജോയുടെ മുഖത്ത്‌ നോക്കി ഒന്നും മറച്ച്‌വെച്ച്‌ സംസാരിക്കാന്‍ കഴിയില്ല.എന്റെ മുഖം ലജ്‌ജ കൊണ്ട്‌ ചുവന്നുതുടങ്ങി. ഞാന്‍ തല താഴ്‌തിയിരുന്നു.ബുദ്ധിമാനായ ജോ ഉടനെപാടി:`ആദ്യത്തെ കണ്മണിപെണ്ണായിരിക്കണം..'. ഞാന്‍ പറഞ്ഞു ആണായിരിക്കണം...അനുഗ്രഹത്തിന്റേയും സന്തോഷത്തിന്റേയും ആ വാര്‍ത്ത ഞങ്ങളുടെ ഇരുവരുടെയും കുടുംബങ്ങള്‍ക്ക്‌ ആനന്ദംപകര്‍ന്നു. പിന്നെ ജോലി തുടരാന്‍ ജോ എന്നെ അനുവദിച്ചില്ല,.ഞാന്‍ ജോലി രാജി വച്ചുവരാന്‍പോകുന്ന അതിഥിക്ക്‌വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്ക്‌ തയ്യാറായി.

ജോ ജോലി കഴിഞ്ഞ്‌ വരുന്നസമയത്തിനുവേണ്ടി കാത്തിരിക്കുന്നത്‌ കൊണ്ട്‌ ഇടവേളകള്‍ക്ക്‌ വളരെ ദൈര്‍ഘ്യം തോന്നി. ഇത്രമണിയാകുമ്പോള്‍ ജോ തിരിച്ചെത്തുമെന്നറിഞ്ഞിട്ടും എനിക്ക്‌ ക്ഷമയുണ്ടായിരുന്നില്ല. ഇപ്പോള്‍ ജോ ഒരിക്കലും മടങ്ങിവരാത്ത ഒരിടത്ത്‌ എത്തിയിരിക്കയാണ്‌. ഇനിയും പരസ്‌പരം ഞങ്ങള്‍ കണ്ടുമുട്ടുന്നവരെ ഇങ്ങനെ കഴിയേണ്ടിവരുന്നത്‌ വിധിയുടെ കല്‍പ്പന. അന്ന്‌ ജോലി കഴിഞ്ഞ്‌ ജോ വരുന്നത്‌ നോക്കിയിരിക്കുമ്പോഴെല്ലാം ജോയോടൊത്ത്‌ ഒന്നിച്ച്‌ കഴിയുന്ന ഓരോ നല്ലനിമിഷത്തിന്റെ ഓര്‍മ്മകള്‍ എന്റെ ബോറടിക്ക്‌ ശമനം നല്‍കി..ഇപ്പോഴത്തെ ഈ അനിശ്‌ചിതമായ കാത്തിരിപ്പിലും ഓര്‍മ്മകള്‍ മാത്രം സാന്ത്വനവുമായെത്തുന്നു.

എന്നില്‍വളരുന്ന ജീവനെക്കുറിച്ചുള്ള ഒത്തിരി സ്വപ്‌നങ്ങള്‍ ഞങ്ങള്‍ നെയ്‌തുകൂട്ടി. ജോ വളരെ സന്തോഷവാനായിരുന്നു. ആണ്‍കുഞ്ഞായിരിക്കുമോ, പെണ്‍കുഞ്ഞായിരിക്കുമോ എന്ന്‌ ഞങ്ങള്‍ വെറുതെ തമ്മില്‍തമ്മില്‍ ചോദിച്ചുകൊണ്ടിരുന്നു. ജോക്ക്‌ ആണായാലും പെണ്ണായാലും വിരോധമില്ലെന്ന്‌ പറഞ്ഞു. എനിക്കറിയാം ജോ എന്താണു അങ്ങനെപറയുന്നതെന്ന്‌. ഒരു പക്ഷെ പെണ്ണായാല്‍ ജോ പറഞ്ഞപോലെ എന്ന്‌ ഞാന്‍ പറയുമല്ലോ എന്നോര്‍ത്തായിരിക്കും. ജോക്ക്‌ എപ്പോഴും എന്റെ സന്തോഷം മാത്രമായിരുന്നുലക്ഷ്യം. മാസങ്ങള്‍ എണ്ണി അന്ന്‌ ഞങ്ങള്‍ കാത്തിരുന്നു.1967 ജൂണ്‍ 13നു പുഷ്‌പഗിരി ആസ്‌പത്രിയില്‍ ഒരു പെണ്‍കുഞ്ഞിനു ഞാന്‍ ജന്മം നല്‍കി. ആസ്‌പത്രിയിലെ നേഴ്‌സുമാരെല്ലാം പറഞ്ഞു. മാലാഖ പോലെ സുന്ദരിയായ ഒരു കുഞ്ഞ്‌. ഞാനൊരമ്മയായി എന്ന അളവറ്റസന്തോഷമായിരുന്നു എനിക്ക്‌. ജോ വന്ന്‌ കുഞ്ഞിനെ കാണുന്നവരെ ജോ വന്നോവന്നോ എന്ന്‌ ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നു.വന്നു കണ്ടപ്പോള്‍ ജോയുടെ മുഖത്തെ ഭാവം ഞാന്‍ ഇപ്പോഴും നല്ല പോലെ ഓര്‍ക്കുന്നു.എന്റെ അച്ചാച്‌ഛന്‍ ആദ്യമായി കുഞ്ഞിനെ കണ്ട നിമിഷത്തെപ്പറ്റി അഭിമാനത്തോടെ, നിറഞ്ഞ സംതൃപ്‌തിയോടെ പറയുമായിരുന്നു. `ലേബര്‍റൂമില്‍നിന്നും ആദ്യമായിനേഴ്‌സ്‌ കുഞ്ഞിനെപുറത്ത്‌ കൊണ്ടുവന്നു കാണിച്ചപ്പോള്‍ എന്റെ സുന്ദരിക്കുട്ടി എന്നെനോക്കിപുഞ്ചിരിച്ചു എന്ന്‌. ഒരു വല്ല്യപ്പച്ചന്റെ ആഹ്‌ളാദം നിറഞ്ഞ നിമിഷങ്ങള്‍. അന്ന്‌ ദൈവം ഞങ്ങള്‍ക്ക്‌ തന്ന ആ അമൂല്യനിധിക്ക്‌ ഇന്നു യുവതികളായ രണ്ടു മക്കള്‍.

അങ്ങനെഞങ്ങളുടെ ദാമ്പത്യത്തിനു ഒരു പൂര്‍ണ്ണതകൈവന്നു. സ്‌നേഹനിധിയായ ഭര്‍ത്താവ്‌, വാത്സല്യനിധിയായ പിതാവ്‌, മാതാവിനെ ആദരിക്കുന്ന മകന്‍, ചുമതലാബോധമുള്ള കുടുംബനാഥന്‍ എന്നീവ്യത്യസ്‌ത പദവികളുടെ ഉത്തരവാദിത്വം ജോ കൃത്യമായിനിര്‍വ്വഹിച്ചു. തമാശകളുടെയും പൊട്ടിച്ചിരിയുടെയുമിടയില്‍ വല്ലപ്പോഴും അല്‍പ്പാല്‍പ്പം പരാതികളും പിണക്കങ്ങളുംക്ഷണിക നേരത്തേക്ക്‌ വന്നുപോയികൊണ്ടിരുന്നു,. വളരെദുര്‍ലഭമായേ ജോ പിണങ്ങാറുള്ളു. ജോക്ക്‌ കുറേനേരം പിണങ്ങിയിരിക്കാന്‍ സാധിക്കുമായിരുന്നില്ല. പ്രത്യേകിച്ച മകള്‍ പിറന്നപ്പോള്‍ ജോ കൂടുതല്‍ ഉത്തരവാദിത്വബോധം കാണിച്ചുതുടങ്ങി. താഴത്തും തലയിലും വക്കാതെ എന്ന്‌ പറയുന്നത്‌ അക്ഷരാര്‍ഥത്തില്‍ ജോ പ്രവര്‍ത്തിച്ചുകാണിച്ചു. ജോയുടെ നല്ലശബ്‌ദത്തില്‍ പാട്ടുകള്‍ പാടുന്നത്‌കേട്ട്‌ മകള്‍ ഉറങ്ങുമ്പോള്‍ ആ കുഞ്ഞ്‌ മുഖത്ത്‌ ഒരു സുസ്‌മിതം പരന്നിരുന്നു. ജോ പറയും കുഞ്ഞ്‌ പാട്ട്‌ ആസ്വദിച്ച്‌ ഉറങ്ങുന്നത്‌ കണ്ടോ എന്നേക്കാള്‍ ജോയുടെ മടിയിലിരുന്ന്‌ പാട്ട്‌കേള്‍ക്കുന്നത്‌ മകള്‍ക്ക്‌ കൂടുതല്‍ ആനന്ദം നല്‍കുന്നു എന്ന്‌ ഞാന്‍ മനസിലാക്കി. കുഞ്ഞിനു ഒരു വയസ്സായപ്പോള്‍ എനിക്ക്‌ ജോലിക്ക്‌ പോകണമെന്ന ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു. കുഞ്ഞിനെനോക്കാന്‍ അമ്മച്ചിയുണ്ടായിരുന്നത്‌ കൊണ്ടും, ജോലിക്ക്‌ പോകാതെവീട്ടിലിരിക്കുന്നത്‌ ശരിയല്ലെന്ന്‌ തോന്നിയത്‌കൊണ്ടും ഞാന്‍ അക്കാര്യം പറഞ്ഞപ്പോള്‍ ജോ സമ്മതിച്ചു. കുഞ്ഞിനെ അമ്മച്ചിയെ ഏല്‍പ്പിച്ച്‌്‌ ഞങ്ങള്‍ രണ്ടുപേരും ജോലിക്ക്‌ ഒരുങ്ങിപോകുമ്പോള്‍ വല്ലാത്ത ഒരു മാനസികാവസ്‌ഥയായിരുന്നു. ഒരു പകല്‍ മുഴുവന്‍ കുഞ്ഞിനെ പിരിഞ്ഞിരിക്കുക പ്രയാസമായിരുന്നു. യാത്രക്കിടയില്‍ ഞങ്ങള്‍ നിശ്ശബ്‌ദ്രായിരുന്നു. രണ്ടുപേരുടേയും മനസ്സില്‍നിറയെ കുഞ്ഞെന്ന ചിന്ത. എന്നേക്കാള്‍ വിഷമമുണ്ടെങ്കിലും ജോ പറയും- സരോ ജീവിതമല്ലേ, നമ്മള്‍ക്ക്‌ എന്തെല്ലാം പഠിക്കേണ്ടിയിരിക്കുന്നു, മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു വയസ്സായ ആ കുഞ്ഞ്‌പോലും മാതാപിതാക്കളെ കുറച്ചുനേരം കാണാതെ കഴിയാന്‍സ്വയം പരിശീലിച്ച്‌ കഴിഞ്ഞു. ജോക്ക്‌ എപ്പോഴും ഓരോ തത്വങ്ങള്‍ പറയാനുണ്ടാകും. എന്നാല്‍ ഉള്ളുകൊണ്ട്‌ വിങ്ങുകയായിുരിക്കും. ജീവിതത്തിലെ പരീക്ഷണങ്ങളില്‍ നമ്മള്‍ പതറരുത്‌ എന്ന്‌ എന്നെ ഓര്‍മ്മിപ്പീക്കും. അത്തരം ഉപദേശങ്ങള്‍ ഇപ്പോള്‍ എനിക്ക്‌ വളരെ സഹായകമാകുന്നു.

ഞങ്ങളുടെ പ്രിയപ്പെട്ട മകളുമായി ജീവിതം സ്വച്‌ഛന്ദം നീങ്ങികൊണ്ടിരുന്നു. അവള്‍ക്ക്‌ അഞ്ച്‌ വയസ്സാകാറായപ്പോള്‍ എനിക്ക്‌ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ജോലി ശരിയായി. ഉദ്യോഗനിയമനത്തോടൊപ്പമുള്ള വിസ. അവസരങ്ങളൂടെ നാടായ അമേരിക്കയിലേക്ക്‌ വിസ ലഭിക്കുന്നത്‌്‌ അന്ന്‌ കാലത്ത്‌ വളരെ അഭിമാനകരവും ഭാഗ്യവുമായി കരുതിയിരുന്നു. ജോ യാതൊരു തടസ്സവും പറഞ്ഞില്ല. എനിക്ക്‌ പുറകെ മകളുമായി അനുഗമിക്കാമെന്ന്‌ അറിയാമായിരുന്നത്‌ കൊണ്ട്‌ അവരെ പിരിഞ്ഞ ്‌പോകുന്നതില്‍ എനിക്ക്‌ വലിയവിഷമമുണ്ടായിരുന്നില്ല.വിവാഹത്തിനുശേഷം ജോയെ പിരിഞ്ഞ്‌ അന്യദേശത്തേക്ക്‌ ്‌ പോകുന്നു എന്ന ചിന്ത എന്നിട്ടും എന്നെ അലട്ടി. ഒരമ്മയെന്ന നിലയില്‍ മകളെപിരിയുന്നതും വേദനാജനകമായിരുന്നു. ജോക്കും മകള്‍ക്കും വിസ കിട്ടാന്‍ എത്ര സമയം പിടിക്കുമെന്നൊന്നുമറിയാന്‍നിവര്‍ത്തിയിക്ല. എങ്കിലും ഒരാറുമാസം സമയമെടുക്കും. ഒരു പരിചയവുമില്ലാത്തസ്‌ഥലത്ത്‌ സ്വന്തക്കാരേയും ഭര്‍ത്താവിനേയും മകളേയും ;പിരിഞ്ഞ്‌ കഴിയുക. എന്റെവിഷമം മനസ്സിലാക്കി ജോ എന്നെസമാധാനിപ്പിച്ചു.എപ്പോഴും എനിക്ക്‌ താങ്ങും തണലുമായിനില്‍ക്കാനാണു ജോ ജീവിതാവസാനം വരെശ്രമിച്ചത്‌. അദ്ദേഹത്തെപോലൊരാളുടെ ഭാര്യയാകാന്‍ കഴിഞ്ഞത്‌ എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു.വെള്ളിമേഘങ്ങളെ തൊട്ടുരുമ്മികൊണ്ട്‌ പറക്കുന്നവിമാനത്തിലിരുന്ന്‌ ഞാന്‍ ചിന്തിച്ചു. മനുഷ്യ ജീവിതം എത്ര അത്ഭുതകരം.പ്രത്യേകിച്ച്‌ ഒരു പെണ്ണിന്റെ. യൗവ്വനാരംഭത്തില്‍ വിവാഹമെന്ന കൂദാശയിലൂടെ ഒരു പങ്കാളി അവളുടെ ജീവിതത്തില്‍ കടന്നുവരുന്നു. അവനിലൂടെ പിന്നെ ജീവിത ചക്രം തിരിയുകയായി. ഞാനപ്പോള്‍ വിമാനത്തിലിരുന്നു ദൈവത്തെ സ്‌തുതിച്ചു.എനിക്കായ്‌ നല്ല ഒരു ജീവിതസഖാവിനെ കണ്ടെത്തി എന്നിലേക്കെത്തിച്ചതിനുഞാന്‍ എന്റെയേശുദേവനെമനസ്സില്‍ ധ്യാനിച്ചിരുന്നു.എല്ലാവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

(തുടരും...)


http://www.emalayalee.com/varthaFull.php?newsId=60559

http://www.emalayalee.com/varthaFull.php?newsId=61304

http://www.emalayalee.com/varthaFull.php?newsId=62007
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (4) - സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക