Image

ആള്‍ദൈവങ്ങളുടെ ഫാഷിസ്റ്റ് ബാന്ധവം

സദ്റുദ്ദീന്‍ വാഴക്കാട് Published on 16 October, 2013
ആള്‍ദൈവങ്ങളുടെ ഫാഷിസ്റ്റ് ബാന്ധവം
(Madhyamam)
ആത്മീയ ചൂഷണവും വര്‍ഗീയ ഫാഷിസവും പൊതുവായി പങ്കുവെക്കുന്ന അടിസ്ഥാനങ്ങളിലൊന്ന് മനുഷ്യവിരുദ്ധതയാണ്. വിശ്വമാനവികതയോട് യുദ്ധംപ്രഖ്യാപിക്കുന്ന ഹിംസാത്മക വംശവെറിയാണ് ഫാഷിസത്തിന്‍െറ മുഖമുദ്രയെങ്കില്‍, മാനസികവും സാമ്പത്തികവും ശാരീരികവുമായി മനുഷ്യനെ അടിമപ്പെടുത്തുകയാണ് ആത്മീയ ചൂഷകര്‍ ചെയ്യുന്നത്. ദൈവത്തെയും മതത്തെയും ഇരുപക്ഷവും സമര്‍ഥമായി ഉപയോഗിക്കുന്നു.
അവതാര പുരുഷന്മാരും മതചിഹ്നങ്ങളും മതചടങ്ങുകളുമെല്ലാം ഫാഷിസത്തിന്‍െറ പ്രധാന ഉപകരണങ്ങളാണ്. ആഗോളവത്കരണം വഴി തുറന്നുകിട്ടിയ കമ്പോള സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി ആത്മീയതയെ മാര്‍ക്കറ്റ് ചെയ്യുകയും സാമ്പത്തിക ചൂഷണങ്ങള്‍ കൊഴുപ്പിക്കുകയും സ്വയംതന്നെ സാമ്പത്തിക സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുകയുമാണ് ആള്‍ദൈവങ്ങളുടെ രീതി. വന്‍കിട കോര്‍പറേറ്റുകളുമായി കൂട്ടുചേര്‍ന്നും അവരുടെ സാമ്പത്തിക സാമ്രാജ്യങ്ങള്‍ക്ക് കാവല്‍നിന്നും ചൂഷണാധിഷ്ഠിത മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരായുമാണ് വര്‍ഗീയ ഫാഷിസം ഊര്‍ജം സംഭരിക്കുന്നത്.
സ്നേഹം, സാഹോദര്യം, ശാന്തി, സമാധാനം തുടങ്ങിയവയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ചില ‘ആത്മീയ ആചാര്യന്‍’മാര്‍ക്ക്, രക്തപങ്കിലമായ കലാപങ്ങള്‍ അലങ്കാരമാക്കിയ ഫാഷിസ്റ്റ് ദുര്‍ഭൂതങ്ങളെ ആലിംഗനം ചെയ്യാന്‍ കഴിയുന്നതെങ്ങനെയെന്ന് ചിന്തിക്കേണ്ടതുണ്ട്. ശ്രീശ്രീ രവിശങ്കര്‍, ബാബാ രാംദേവ്, യോഗി ആദിത്യനാഥ്, ആശാറാം ബാപ്പു, സ്വാമി അസിമാനന്ദ, ദയാനന്ദ സരസ്വതി തുടങ്ങിയ ‘ആത്മീയ ആചാര്യന്മാര്‍’ക്ക് സംഘ്പരിവാറുമായുള്ള അടുപ്പം നേരത്തേ പുറത്തുവന്നതാണ്. ആ സംഘ് ഗ്രൂപ്പിലേക്ക് അമൃതാനന്ദമയീ മഠവും കൂടി ചേരുന്നതിന്‍െറ പ്രഖ്യാപനം മാത്രമായിരുന്നു നരേന്ദ്ര മോഡിയെ അമൃതവര്‍ഷം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച നടപടി. വെറുപ്പിന്‍െറ പ്രത്യയശാസ്ത്രം അകത്തും പുറത്തും അലങ്കാരമാക്കിയ ഒരാള്‍ ‘സ്നേഹത്തിന്‍െറ ആഘോഷം’ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടത്, മോഡിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയത്തേക്കാള്‍, അമൃതാനന്ദമയീ മഠത്തിനകത്ത് കുടികൊള്ളുന്ന രാഷ്ട്രീയത്തെയാണ് വിളംബരം ചെയ്യുന്നത്.
ഗുജറാത്തില്‍ മോഡിപൊലീസിന്‍െറ വ്യാജ ഏറ്റുമുട്ടലില്‍ നിഷ്ഠുരമായി വധിക്കപ്പെട്ട ഇശ്റത്ത് ജഹാനും അമൃതാനന്ദമയീ മഠത്തില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ശേഷം ദുരൂഹ സാഹചര്യത്തില്‍ മരിച്ച സത്നം സിങ്ങും പ്രതീകാത്മകമായി സന്ധിക്കുമ്പോള്‍ ഇത്തരം ബന്ധങ്ങളുടെ രാഷ്ട്രീയം വ്യക്തമാകുന്നുണ്ട്.
‘God Market: How globalization is making India More Hindu’ എന്ന കൃതിയില്‍ പ്രമുഖ ഇന്തോ-അമേരിക്കന്‍ എഴുത്തുകാരി മീരാ നന്ദ ഇന്ന് നിലവിലുള്ള ഹിന്ദു ആത്മീയ ആചാര്യന്മാരെ മൂന്ന് വിഭാഗമായി തിരിച്ചശേഷം പറയുന്നു: ‘മൂന്ന് വിഭാഗം ആചാര്യന്മാര്‍ക്കും പൊതുവായ ഒരു മുഖമുണ്ട്; അവരുടെ മൃദുഹിന്ദുത്വ നിലപാടാണത്. സാര്‍വ ലൗകികത, സഹിഷ്ണുത, ശാന്തി തുടങ്ങിയവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുയിസമാണ് ഇവിടത്തെ മേധാവിത്ത മതമെന്നും വളരെ വ്യക്തമായി ഈ ആത്മീയ ഗുരുക്കന്മാര്‍ ലോകത്തെ ഉദ്ബോധിപ്പിക്കുന്നു. ഇന്ത്യയെ-ലോകത്തെ തന്നെ-കൂടുതല്‍ ഹിന്ദുവത്കരിക്കാനും അവര്‍ ശ്രമിക്കുന്നു. ഇത്തരമൊരു ഹിന്ദു രാഷ്ട്രീയവാദത്തെ ഈ ആത്മീയ ഗുരുക്കന്മാര്‍ പ്രതിനിധാനം ചെയ്യുന്നതിനാല്‍, അവരുടെ വ്യക്തിപ്രഭാവം ഉപയോഗിച്ച് ഹിന്ദുത്വ ക്യാമ്പിലേക്ക് സംഘ്പരിവാര്‍ ആളെ കൂട്ടുന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.’
‘മതാതീതമായ സ്നേഹമാണ് ഞങ്ങള്‍ ഉദ്ഘോഷിക്കുന്നത്, ഒരു വിഭാഗീയതയുമില്ലാതെയാണ് ഞങ്ങള്‍ മനുഷ്യരെ കാണുന്നത്, തീര്‍ത്തും രാഷ്ട്രീയ മുക്തമാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍’ എന്നൊക്കെ അവകാശപ്പെടുന്ന ആള്‍ദൈവങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയ അജണ്ടയും മതമുഖവുമുണ്ടെന്ന് വ്യക്തം. സ്നേഹത്തിന്‍െറയും സേവനത്തിന്‍െറയും പേരില്‍ ആള്‍ദൈവങ്ങളെ ആഘോഷമാക്കുന്ന മാധ്യമങ്ങളും സാഹിത്യ, സാംസ്കാരിക നായകരും വിഷയത്തിന്‍െറ ഈ വശത്തെക്കുറിച്ച് മൗനികളാണ്.
സംഘ്പരിവാറിനോടും നരേന്ദ്ര മോഡിയോടും മാനിഷാദ പാടേണ്ടവരാണ് യഥാര്‍ഥ ആത്മീയ ആചാര്യന്മാര്‍. ഭൗതിക മോഹങ്ങള്‍ ഉപേക്ഷിച്ച്, സര്‍വസംഗപരിത്യാഗികളായി മാറിയ സന്യാസിമാരുടെ പാരമ്പര്യമുള്‍ക്കൊള്ളുന്ന അത്തരം മുനിമാരും സ്വാമിമാരും ഇന്ത്യയിലുണ്ട്. അവര്‍ ആര്‍ഷഭാരതത്തിന്‍െറ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ്. ‘സര്‍വെ ഭവന്തു സുഖിന...’ പാടുന്നവരാണ്. പുരി ശങ്കരാചാര്യരായ സ്വാമി അധോക്ഷജാനന്ദ തീര്‍ഥ സംഘ്പരിവാറിനെ നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയാണ്. ‘ആര്‍.എസ്.എസും വിശ്വഹിന്ദുപരിഷത്തും ബജ്റംഗ്ദളും മതത്തിന്‍െറ പേരില്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും യഥാര്‍ഥ സന്യാസിമാരുടെ പാരമ്പര്യം അവര്‍ നശിപ്പിക്കുകയാണെന്നും’ അദ്ദേഹം പറയുകയുണ്ടായി. രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ആത്മീയ ആചാര്യന്മാരെ ഉപയോഗപ്പെടുത്തുന്ന രീതിക്ക് തുടക്കമിട്ടത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസായിരുന്നു. ഇവരില്‍ ഒന്നാമന്‍ വിവാദ ദിവ്യന്‍ ചന്ദ്രസ്വാമിയാണ്. കോണ്‍ഗ്രസുമായി അവിശുദ്ധ ബാന്ധവം പുലര്‍ത്തിയിരുന്ന ചന്ദ്രസ്വാമിയെ പാര്‍ട്ടി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചു. ഇതുപയോഗപ്പെടുത്തി വലിയൊരു സാമ്പത്തിക സാമ്രാജ്യം സ്വാമി കെട്ടിപ്പടുത്തു.
എന്നാല്‍, അദ്ദേഹത്തിന്‍െറ ആത്മീയ ലോകത്തിനകത്തെ ദുരൂഹതകള്‍ വൈകാതെ പുറത്തുവരാന്‍ തുടങ്ങി. കോടികളുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ സ്വാമി നിയമ നടപടിക്ക് വിധേയനായി. ഒടുവില്‍, ജയിന്‍ കമീഷന്‍ രാജീവ്ഗാന്ധി വധത്തില്‍ ചന്ദ്രസ്വാമിക്ക് പങ്കുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വരെ നടത്തി. കൊലയാളികളുടെ സാമ്പത്തിക പിന്തുണ ചന്ദ്രസ്വാമിയായിരുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടത്തെല്‍. കോണ്‍ഗ്രസിന്‍െറ ആത്മീയഗുരു കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആള്‍ ദൈവങ്ങളുടെ ‘ആത്മീയ സാമ്രാജ്യ’ങ്ങളുടെ അകവും മാഫിയ പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്നുണ്ട്.
പ്രച്ഛന്നതയാണ് ഫാഷിസത്തിന്‍െറ പ്രത്യേകതകളിലൊന്ന്. എവിടെയും അത് ഒളിഞ്ഞിരിക്കും. മതം, ദേശീയത, ബ്യൂറോക്രസി, മീഡിയ, ജുഡീഷ്യറി തുടങ്ങി എന്തും ഫാഷിസത്തിന്‍െറ വാഹനമാകും. എത്ര പ്രച്ഛന്നമാക്കി വെച്ചാലും ചില ഘട്ടങ്ങളില്‍ പുറംതോട് പൊട്ടിച്ച് ഫാഷിസത്തിന്‍െറ അടയാളങ്ങള്‍ പുറത്തുവരും. ഇന്ത്യയിലെ പ്രമുഖ ആള്‍ദൈവങ്ങളുടെ കാര്യത്തില്‍ ഇത് പലകുറി സംഭവിച്ചിട്ടുള്ളതാണ്. മതാതീതമായ സ്നേഹവും സേവനവും പ്രസംഗിക്കുന്ന ഇത്തരം ആള്‍ദൈവങ്ങള്‍ സംഘ്പരിവാറിന്‍െറ റിക്രൂട്ടിങ് ഏജന്‍സികളായാണ് പ്രവര്‍ത്തിക്കുന്നതെന്നു പറയാം. ചിലര്‍ തുടക്കം മുതലേ സംഘ്പരിവാര്‍ പക്ഷത്ത് പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍, മറ്റു ചിലരെ ക്രമേണ തങ്ങളിലേക്ക് അടുപ്പിക്കുന്നതില്‍ ഫാഷിസ്റ്റ് സംഘടനകള്‍ വിജയിക്കുന്നു. ട്രസ്റ്റുകള്‍ കൈപ്പിടിയിലൊതുക്കിയും ആഘോഷങ്ങള്‍ ഹൈജാക്കു ചെയ്തുമാണ് ഇത് സാധിക്കുന്നത്.
ജീവനകലയുടെ ആചാരന്‍ ശ്രീശ്രീ രവിശങ്കറിന് ബി.ജെ.പിയെയും നരേന്ദ്ര മോഡിയെയും പിന്തുണക്കാന്‍ ഒരു മടിയുമില്ല. സ്നേഹം, ആനന്ദം, അതിജീവനം തുടങ്ങിയ ഇമേജുകള്‍ക്ക് പിറകില്‍ ഒരു ‘ഹിന്ദുത്വ ദേശീയ വികാരം’ ശ്രീശ്രീ രവിശങ്കര്‍ സൂക്ഷിക്കുന്നുണ്ട്. ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്നത്തില്‍ ഹിന്ദുത്വ അജണ്ട അദ്ദേഹം‘ദ ഇക്കണോമിസ്റ്റി’ല്‍ വ്യക്തമാക്കുന്നുണ്ട്. ആര്‍ട്ട് ഓഫ് ലിവിങ് എല്ലാ വിശ്വാസക്കാര്‍ക്കുമുള്ളതാണ്. എന്നാല്‍, രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഒരു രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കുന്നു. മുസ്ലിംകള്‍ക്ക് മക്കയിലേക്ക് തീര്‍ഥാടനത്തിനു പോകാന്‍ അന്യായമായി നല്‍കുന്ന സബ്സിഡി ഉള്‍പ്പെടെ, ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന ‘ന്യൂനപക്ഷ പ്രീണന’ത്തെക്കുറിച്ചും അദ്ദേഹം സംഘ്വാദങ്ങളില്‍ നിലയുറപ്പിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐ.ടി-അനുബന്ധ മേഖലകളില്‍ കാവിവത്കരണം വളരെയേറെ ശക്തിപ്പെട്ടിട്ടുണ്ട്. ഐ.ടി നഗരമായ ബംഗളൂരു കേന്ദ്രീകരിച്ച് ‘ഐ.ടി മില്യനുകള്‍’ സംഘടിപ്പിച്ചാണ് കാവിവത്കരണം ത്വരിതപ്പെടുത്താന്‍ തുടങ്ങിയത്. ‘ആര്‍ട്ട് ഓഫ് ലിവിങ്ങിന്’ ഏറ്റവും സ്വാധീനമുള്ള ഇടങ്ങളിലൊന്നാണല്ളോ ബംഗളൂരുവിലെ ഐ.ടി മേഖല!
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പരസ്യമായി പിന്തുണക്കാനും ശ്രീശ്രീ രവിശങ്കര്‍ തയാറായി. 2002ലെ ഗുജറാത്ത് കലാപത്തിന്‍െറ പേരില്‍ നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവനകലയുടെ ആചാര്യന്‍ രംഗത്തുവന്നത്. ‘2002ല്‍ നടന്ന കാര്യങ്ങള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നത് ബുദ്ധിമാന്മാര്‍ക്ക് ചേര്‍ന്നതാണെന്ന് ഞാന്‍ കരുതുന്നില്ല. നരേന്ദ്ര മോഡി ആ സന്ദര്‍ഭത്തില്‍ അനുഭവ സമ്പത്തില്ലാത്ത പുതിയ മുഖ്യമന്ത്രിയായിരുന്നു’ (Sri Sri Ravi Shankar Backs Modi IBN Live, June 20, 2013).
ബാബാ രാംദേവാണ് വ്യക്തമായി സംഘ്പരിവാര്‍ പക്ഷത്തു നിലയുറപ്പിച്ച മറ്റൊരു ‘ആത്മീയ ആചാര്യന്‍’. ‘യോഗഗുരു’വായി അറിയപ്പെടുന്ന രാംദേവ് മരുന്നുകള്‍ക്കൊപ്പം ഹിന്ദു പാരമ്പര്യത്തെയും അതിലുള്ള ആത്മാഭിമാനത്തെയും സംബന്ധിച്ച ഉപദേശങ്ങളും ‘ആരാധകര്‍’ക്ക് നല്‍കുന്നു. പൗരാണിക ഭാരതീയ പാരമ്പര്യത്തെ കുറിച്ച ‘ഹിന്ദുത്വ’ ഭാഷ്യം തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സംഘ്പരിവാറുമായുള്ള ബാന്ധവം അദ്ദേഹം മറച്ചുവെച്ചിട്ടില്ല. ആര്‍.എസ്.എസ് വനിതാ വിഭാഗത്തിന്‍െറ ഒരു സംഗമത്തെ അഭിവാദ്യം ചെയ്യുന്നത് ആര്‍.എസ്.എസ് വാരികയായ ‘ഓര്‍ഗനൈസറി’ല്‍ പ്രസിദ്ധീകരിച്ചിരുന്നു.
പലഘട്ടങ്ങളിലും രാംദേവിനെ പിന്തുണച്ച് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പരിവാറിനെ രാംദേവ് തിരിച്ചും സഹായിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായിരുന്നു ദല്‍ഹി കേന്ദ്രീകരിച്ച് നടന്ന ‘അഴിമതി വിരുദ്ധ സമര ബഹളങ്ങള്‍!’ ഇന്ത്യയെ നടുക്കിയ ഭീകര സ്ഫോടന കേസുകളില്‍ ചിലതിന്‍െറ പേരില്‍ സ്വാമി അസിമാനന്ദയും പ്രജ്ഞാസിങ്ങും മറ്റും പിടിക്കപ്പെടുകയും സംഘ്പരിവാര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്ത ഘട്ടത്തിലായിരുന്നു ‘അഴിമതി വിരുദ്ധ ബഹളങ്ങളു’മായി രാംദേവ് രംഗത്തുവന്നത്. യഥാര്‍ഥത്തില്‍, സ്ഫോടന കേസുകളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ സംഘ്പരിവാര്‍ നടത്തിയ നാടകമായിരുന്നു അതെന്ന് പലരും സൂചിപ്പിച്ചിരുന്നതാണ്. ഈ സമരത്തെ ശ്രീശ്രീയും പിന്തുണച്ചിരുന്നു. അന്ന് അവര്‍ക്കുവേണ്ടി പ്രതിരോധം തീര്‍ത്തത് ബി.ജെ.പി നേതാക്കളായിരുന്നു.
ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ, ‘ആത്മീയ ആചാര്യന്‍’ ആശാറാം ബാപ്പുവിനെ ബലാത്സംഗക്കേസില്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത് സംഘ്പരിവാര്‍ സംഘടനകളാണ്. അറസ്റ്റിനെതിരെ വി.എച്ച്.പിയും ബജ്റംഗ്ദളും ജില്ലാ ഭരണ കേന്ദ്രത്തില്‍ ധര്‍ണ നടത്തുകയുണ്ടായി.
ശ്രീശ്രീ രവിശങ്കര്‍, ബാബാ രാംദേവ്, മൊറാറി ബാപ്പു, ആസാറാം ബാപ്പു, ഗായത്രി പരിവാറിലെ പ്രണവ് പാണ്ഡ്യ തുടങ്ങിയവരെ ഉള്‍പ്പെടുത്തി, 2009ലെ ഇലക്ഷന്‍ പ്രചാരണത്തിനുവേണ്ടി ഒരു മുന്നണി രൂപവത്കരിക്കാന്‍ വി.എച്ച്.പി ശ്രമിച്ചതായി മീരാ നന്ദ സൂചിപ്പിക്കുന്നുണ്ട്. ഈ ഗുരുക്കന്മാരില്‍ ശ്രീശ്രീ രവിശങ്കര്‍ ഒഴികെയുള്ളവര്‍, 2009ല്‍ വി.എച്ച്.പി നടത്തിയ ‘ധര്‍മരക്ഷാമഞ്ചി’ല്‍ അംഗങ്ങളായിരുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി ഹിന്ദു വോട്ടുബാങ്ക് രൂപപ്പെടുത്താനുള്ള രാഷ്ട്രീയ തന്ത്രമായിരുന്നു ധര്‍മരക്ഷാ മഞ്ച്. ഒട്ടേറെ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി മതവികാരം ഇളക്കിവിട്ട് വോട്ട് നേടാനുള്ള പുതിയ പദ്ധതികള്‍ 2014 ലെ തെരഞ്ഞെടുപ്പിനുവേണ്ടിയും സംഘ്പരിവാര്‍ ആവിഷ്കരിച്ചിട്ടുണ്ടാകണം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡി തന്നെ അതിനു മുന്നിട്ടിറങ്ങുന്നതിന്‍െറ തുടക്കമായി വേണം അമൃതാനന്ദമയീ മഠത്തിലെ സന്ദര്‍ശനത്തെ മനസ്സിലാക്കാന്‍. തുടര്‍നാളുകളില്‍ നടേ സൂചിപ്പിച്ച ‘ആത്മീയാചാര്യന്മാരെല്ലാം’ ഈ പടയണിയില്‍ മോഡിക്ക് പിന്നില്‍ ജയ് വിളിച്ച് ആശീര്‍വദിക്കുന്നതു കാണാം. ഇന്ന് ഹിന്ദുത്വത്തിന്‍െറ പ്രചാരകരാകേണ്ടത് ഇത്തരം ആത്മീയ ആചാര്യന്മാരാണെന്നും അവരെ ക്ഷണിച്ച് രംഗത്തിറക്കണമെന്നും സംഘ്പരിവാറിനെ ഉപദേശിക്കാന്‍ പ്രമുഖ ചരിത്രകാരനും പത്രപ്രവര്‍ത്തകനുമൊക്കെയായ സ്വപന്‍ദാസ് ഗുപ്തയെ പോലുള്ള ബുദ്ധിജീവികള്‍ ഉണ്ടാകുമ്പോള്‍ വിശേഷിച്ചും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക