Image

ശ്രേഷ്‌ഠ ബാവാ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ നിന്ന്‌ പിന്മാറണം: ഫിലിപ്പോസ്‌ ഫിലിപ്പ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 20 October, 2013
ശ്രേഷ്‌ഠ ബാവാ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ നിന്ന്‌ പിന്മാറണം: ഫിലിപ്പോസ്‌ ഫിലിപ്പ്‌
കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളിക്കു മുന്‍പില്‍ യാക്കോബായ സഭയുടെ ശ്രേഷ്‌ഠ ബാവാ നടത്തുന്ന പ്രാര്‍ത്ഥനാ യജ്ഞത്തില്‍ നിന്നും കോടതിവിധികളെ മാനിച്ച്‌ പിന്മാറണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. വിധി എതിരാവുമ്പോള്‍ അതിനെതിരെ സമരം നടത്തുന്നത്‌ പ്രബുദ്ധ കേരളത്തിന്‌ അപമാനമാണ്‌.

കോടതി വിധികള്‍ ഒന്നിനു പിറകെ ഒന്നായി മലങ്കര സഭയ്‌ക്ക്‌ അനുകൂലമായി വരുമ്പോള്‍ ആ വിധിയെ അംഗീകരിക്കാതെ സ്വാര്‍ത്ഥതാത്‌പര്യങ്ങള്‍ക്കായി നടത്തുന്ന ഇത്തരം യജ്ഞങ്ങള്‍ പൊതുജനങ്ങള്‍ തിരസ്‌ക്കരിക്കുക എന്നതിനു തെളിവാണ്‌ മാധ്യമങ്ങള്‍ ഇത്തവണ സ്വീകരിച്ച നിലപാട്‌.

മദ്ധ്യസ്ഥ സാധ്യത ഉണ്ടായിരുന്ന അനുകൂല സന്ദര്‍ഭങ്ങളിലെല്ലാം അത്‌ ബുദ്ധിപൂര്‍വ്വം വിനിയോഗിക്കാതെ കോടതി വിധിയിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്ന്‌ വാശി പിടിക്കുകയും, കോടതി വിധി എതിരായി ഭവിച്ചപ്പോള്‍ അതിനെതിരെ സംഘടിതമായി കുപ്രചരണം നടത്തി ജനവികാരത്തെ വഴിതിരിച്ചുവിടാനുള്ള കുത്സിതശ്രമം അഭ്യസ്‌ത കേരളത്തില്‍ ഇനിയും വിലപ്പോവില്ല.

കോലഞ്ചേരി പള്ളി 1934-ലെ ഭരണഘടനയനുസരിച്ച്‌ ഭരിക്കണമെന്ന്‌ കോടതി പറയുമ്പോള്‍ ഒരു വിശ്വാസിയുടേയും ആരാധനാ സ്വാതന്ത്ര്യം അതുമൂലം നഷ്ടപ്പെടുന്നില്ല. ഓര്‍ത്തഡോക്‌സ്‌ മെത്രാപ്പോലീത്താ നിയമിക്കുന്ന വൈദികന്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ സംബന്ധിക്കാന്‍ തന്റെ ആളുകളെ പറഞ്ഞുവിടുന്നതാണ്‌ ഒരു ഉത്തമ ഇടയന്‌ അനുയോജ്യം. ഇതുമൂലം എല്ലാവര്‍ക്കും വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതിനും തങ്ങളുടെ പൂര്‍വ്വികരുടെ കല്ലറകളില്‍ പ്രാര്‍ത്ഥിക്കുന്നതിനും അവസരം ഉണ്ടാക്കുകയും ചെയ്യും. മറ്റു സഭകളുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള യാക്കോബായ സഭയ്‌ക്ക്‌ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഒരു പ്രധാന സഭയായ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ? വി. കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതിന്‌ എന്താണ്‌ തടസ്സം?

1934-ലെ സഭാ ഭരണഘടനയ്‌ക്ക്‌ വിധേയമായിട്ടുള്ള എല്ലാ ബഹുമാനവും പരി. പാത്രിയര്‍ക്കീസ്‌ ബാവായ്‌ക്ക്‌്‌ മലങ്കര സഭ നല്‍കുന്നുണ്ട്‌ എന്നുള്ള കാര്യവും വിസ്‌മരിക്കരുത്‌. ഉത്‌കണ്‌ഠാകുലരായ ജനങ്ങളെ പ്രകോപനങ്ങള്‍ സൃഷ്ടിച്ച്‌ അവരുടെ ക്ഷമയെ വീണ്ടും പരീക്ഷിക്കന്നത്‌.

1958-ലെ സുപ്രീം കോടതി വിധിയോടെ പരസ്‌പരം സ്വീകരിച്ച്‌ ഒന്നായ സഭ, ഒന്നായിത്തന്നെ മുന്നോട്ടു പോകണം. ഒരുമയോടെ പ്രവര്‍ത്തിക്കുമ്പോള്‍ ചിലരുടെ സ്ഥാനമാനങ്ങള്‍ക്ക്‌ കോട്ടം തട്ടുമെന്നല്ലാതെ വിശ്വാസികള്‍ക്ക്‌ അതൊരു നഷ്ടമാകുകയില്ല, മറിച്ച്‌ നേട്ടവുമായിരിക്കും. അതുവഴി ക്രിസ്‌തുവിന്റെ വലിയ ഒരു സാക്ഷ്യത്തിലേക്ക്‌ കൈപിടിച്ച്‌ നമുക്ക്‌ ഒരുമിച്ചു നീങ്ങാം.

ഫിലിപ്പോസ്‌ ഫിലിപ്പ്‌ (നോര്‍ത്ത്‌-ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ മെംബര്‍, മുന്‍ സഭാ മാനേജിംഗ്‌ കമ്മിറ്റി മെംബര്‍)
ശ്രേഷ്‌ഠ ബാവാ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ നിന്ന്‌ പിന്മാറണം: ഫിലിപ്പോസ്‌ ഫിലിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക