Image

സിക്‌സ് പാക്കല്ല സൗന്ദര്യത്തിന്റെ അളവുകോല്‍

Published on 19 October, 2013
സിക്‌സ് പാക്കല്ല സൗന്ദര്യത്തിന്റെ അളവുകോല്‍
കുഞ്ഞിക്കണ്ണ് ചിമ്മാതെ അച്ഛനെത്തന്നെ നോക്കി കിടക്കുകയാണ് അമൃത്. അവന്റെ കുസൃതിച്ചിരിയും കരച്ചിലു കാണുമ്പോള്‍ മനോജ് കെ.ജയന്റെ മുഖത്ത് നിറഞ്ഞ വാത്സല്യം. മകന്‍ ജനിച്ച സന്തോഷത്തിനിടയിലേക്കാണ് സംസ്ഥാന അവാര്‍ഡിന്റെ തിളക്കവുമെത്തിയത്. ഓരോ വാക്കിലും ആ സന്തോഷം തുളുമ്പി നില്‍ക്കുന്നു. കുവൈറ്റ് മലയാളികള്‍ നല്‍കുന്ന സ്വീകരണത്തിന് പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു കൊച്ചിയിലെ വില്ലയില്‍ മനോജ്. എന്നോ ഉണ്ട് അവിടെ വിശേഷങ്ങള്‍? എന്ന തനി കോട്ടയംകാരന്റെ ഉള്ളം തുറന്നുള്ള കുശലാന്വേണത്തോടെ സംസാരത്തിന് തുടക്കമിടുമ്പോള്‍ മനോജിന് മലയാളത്തിലെ ന്യൂജനറേഷന്‍ നായകന്മാരുടെ അതേ ചുറുചുറുക്ക്.
മുമ്പ് ഞാന്‍ ഇങ്ങനെയൊന്നുമായിരുന്നില്ല. ഇപ്പോള്‍ പൂര്‍ണ സന്തോഷവാനാണ്. ജീവിതത്തില്‍ സംതൃപ്തിയും സന്തോഷവുമുണ്ട്. അതായിരിക്കാം എല്ലാത്തിനും പിന്നില്‍. അല്ലാതെ മറ്റൊരു കുറുക്കു വഴിയുമില്ല. നോക്കിലും വാക്കിലും നിറയുന്ന യുവത്വത്തിന്റെ രഹസ്യം തിരക്കിയപ്പോള്‍ ആത്മവിശ്വാസം തുളുമ്പുന്ന ചിരിയോടെ മനോജ് പറഞ്ഞു.

മനസിനും വേണം വ്യായാമം
പലരും പറയാറുണ്ട് ശാരീര വ്യായാമം കൊണ്ടു മാത്രമാണ് മുഖത്ത് പ്രസരിപ്പ് നിറയുന്നതെന്ന്. അതിനോടു ഞാന്‍ യോജിക്കുന്നില്ല. മനസിനു വേണ്ട ചില വ്യായാമങ്ങളുണ്ട്. മാനസികമായും ശാരീരികമായും നമ്മള്‍ ആരോഗ്യത്തോടെയിരുന്നാല്‍ മാത്രമേ ശരിയായ സൗന്ദര്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. കഠിനമായി വ്യായാമം ചെയ്യുന്ന ശീലം ഇല്ല. സിക്‌സ് പായ്ക്കിനുള്ള സ്റ്റാമിനയൊന്നും എനിക്കില്ല. മലയാളികള്‍ക്കിടയില്‍ സിക്‌സ് പായ്ക്ക് കാണാനുള്ളത് പാടത്തു പണിയെടുക്കുന്നവര്‍ക്കിടയില്‍ മാത്രമാണ്.

ഇടയ്ക്ക് സിക്‌സ്പായ്ക്കിന്റെ ഒരു കാറ്റ് കേരളത്തിലും വീശിയിരുന്നു. ചെറുപ്പക്കാര്‍ മുഴുവന്‍ ഹെല്‍ത്ത് ക്ലബ്ബുകള്‍ കയറിയിറങ്ങുകയായിരുന്നു. എന്നാല്‍ അതൊന്നും അടര്‍ന്നു പോയില്ല. മലയാളിക്ക് പൊതുവേ ഒരു ശാരീരിക സംസ്‌കാരമുണ്ട്. അതുകൊണ്ടാണ് മുപ്പതു വര്‍ഷമായി സിനിമയിലുള്ള മമ്മൂട്ടിക്കും മോഹന്‍ലാലിനും സിക്‌സ് പായ്ക്ക് ഇല്ലാത്തത്.

മസില്‍മാനാവണ്ട
ഒരിക്കലും ഒരു മസില്‍മാനാകണമെന്ന് എനിക്ക് ആഗ്രഹമില്ല. അതുകൊണ്ട് ഫിറ്റ്‌നസ് നിലനിര്‍ത്താനവശ്യമായ വ്യായാമങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂ. 12 വര്‍ഷമായി നടത്തം മുടക്കാറില്ല. വണ്ണം എളുപ്പത്തില്‍ കുറയ്ക്കാമെന്ന ആവേശത്തില്‍ മിക്കവരും ട്രെഡ്മില്‍ വാങ്ങി വയ്ക്കും. ഞാനും പല തവണ വാങ്ങാന്‍ തുനിഞ്ഞതാണ്. എന്നാല്‍ വസ്ത്രം അലക്കിയിടാനുള്ള മാര്‍ഗമായാണ് പല വീടുകളിലും ഞാന്‍ ട്രെഡ്മില്‍ കണ്ടത്. അതോടെ ആ മോഹം ഉപേക്ഷിച്ചു. ഞാങ്ങള്‍ താമസിക്കുന്ന ഈ വില്ല മൂന്ന് ഏക്കറാണ്. ഇവിടെ നടക്കാന്‍ ഇഷ്ടംപോലെ സ്ഥലമുണ്ട്. പ്രകൃതിയോടിണങ്ങി നടക്കുന്നതിന്റെ സുഖം കിട്ടില്ലല്ലോ ട്രെഡ്മില്ലില്‍ നടക്കുമ്പോള്‍.

ഞാനും ഭാര്യയും കൂടിയാണ് നടക്കാന്‍ പോകുന്നത്. അപ്പോള്‍ വ്യായാമത്തിന്റെ അലസത തോന്നുകയുമില്ല. കാലത്തും വൈകീട്ടും മുക്കാല്‍ മണിക്കൂര്‍ നട്കും. ലൊക്കേഷനിലായാലും സ്വകാര്യതയുള്ള സ്ഥലമാണെങ്കില്‍ നടക്കാന് പോകാറുണ്ട്. അല്ലെങ്കില്‍ താമസിക്കുന്ന മുറിക്കുള്ളില്‍ത്തന്നെ കുറച്ചു നേരം നടക്കും. വ്യായാമത്തേക്കാള്‍ പ്രധാനമാണഅ ഭക്ഷണ നിയന്ത്രണം.

മൈ സ്റ്റൈല്‍ മൈ പാഷന്‍
കൈയില്‍ കാശില്ലെങ്കിലും വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുന്ന കാര്യത്തില്‍ ഞാന്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ചെറുപ്പം മുതലുള്ള ശീലമാണത്. വസ്ത്രങ്ങളോട് വലിയ കമ്പമാണ്. ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് എന്തെങ്കിലും പുതുമ ഉണ്ടായിരിക്കും. അതിനായി പരീക്ഷണങ്ങള്‍ പലതും നടത്താറുണ്ട്. ഇപ്പോള്‍ വസ്ത്രങ്ങള്‍ ഞാന്‍ തന്നെയാണ് ഡിസൈന്‍ ചെയ്യുന്നത്. ഷര്‍ട്ട് വാങ്ങാന്‍ ഷോപ്പില്‍ പോയാല്‍ 15 ഷര്‍ട്ടെങ്കിലും ഒരേ ഡിസൈനില്‍ കാണും. വസ്ത്രധാരണത്തില്‍ പുതുമ വേണം. അനുയോജ്യമായ വസ്ത്രങ്ങള്‍ നമ്മുടെ വ്യക്തിത്വത്തിന് മാറ്റു കൂട്ടും. ആത്മവിശ്വാസം വര്‍ധിപ്പിക്കും. നമ്മള്‍ എങ്ങനെയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്.  അതുകൊണ്ട് നമുക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍വേണം തെരഞ്ഞെടുക്കാന്‍.

ഐ ലൗ മി
ഞാനൊരു തനി കോട്ടയംക്കാരനാണ്. കോട്ടയത്തിന്റെ സ്‌പെഷല്‍ വിഭവങ്ങളായ ബീഫ് ഉലര്‍ത്തിയതും കരിമീന്‍ ഫ്രൈയും പൊടിമീന്‍ വറുത്തതുമൊക്കെ ഇഷ്ടമാണെങ്കിലും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മനസ്സില്ലാ മനസോടെ പരമാവധി ഒഴിവാക്കും. എന്റെ സമകാലികരായ പലനടന്മാരും ഇപ്പോള്‍ അച്ഛന്‍ വേഷങ്ങള്‍ ചെയ്യുന്നവരാണ്. എന്നെ അച്ഛന്‍വേഷം ചെയ്യാന്‍ വിളിക്കാത്തതിന്റെ കുശുമ്പും അവര്‍ക്കുണ്ട്.

ചിലര്‍ പറയാറുണ്ട്. അത് അവന്റെ ശരീരപ്രകൃതികൊണ്ടാണ് എന്ന്. ഇപ്പോഴും അധികം വണ്ണമില്ലാതെ ചെറുപ്പമായിരിക്കുന്നു. ഈ ശരീരം എനിക്ക് പാരമ്പര്യമായി കിട്ടിയതാണെന്നും ചിലര്‍ പറയും. അതു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ഞാന്‍ ചിരിക്കാറുണ്ട്.

എന്റെ അച്ഛന് നല്ല കുടവയറും വണ്ണവുമുണ്ട്. കുടുംബാംഗങ്ങള്‍ മുഴുവന്‍ അങ്ങനെയാണെന്ന് പറയാം. ഞാന്‍ മാത്രം എന്താണ് ഇങ്ങനെയെന്നു ചോദിച്ചാല്‍, വ്യക്തിപരമായി ഞാന്‍ ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കുന്നുണ്ട്. അതെനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. അസൂയക്കാര്‍ക്കു എന്തും പറയാം. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുന്നത് ശരീരത്തെ ഞാന്‍ അത്രമേല്‍ സ്‌നേഹിക്കുന്നതുകൊണ്ടു കൂടിയാണ്.

ദുശീലങ്ങളില്ല
ദുശീലങ്ങളില്ലാത്തതാണ് എന്റെ ആരോഗ്യരഹസ്യം എന്നു പറയാം. എട്ടുവര്‍ഷം മുമ്പുവരെ മിതമായി സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുമായിരുന്നു. ഇടയ്ക്ക് ഒരു സാഹചര്യത്തില്‍ രണ്ടും പൂര്‍ണ്ണമായി നിര്‍ത്തേണ്ടി വന്നു. സ്വയമെടുത്ത തീരുമാനമാണ്. എന്നുകരുതി മറ്റുള്ളവരെ ഉപദേശിച്ച് നന്നാക്കാനൊന്നും ശ്രമിക്കാറില്ല. അവരവര്‍ക്ക് തോന്നണം. എങ്കിലേ ഇത്തരം ദുശീലങ്ങള്‍ ഉപേക്ഷിക്കാനാവുകയുള്ളൂ.

ചോറും നല്ല കോട്ടയം സ്റ്റൈലില്‍ ചുവന്ന മീന്‍ കറിയും ഉച്ചയ്ക്കു നിര്‍ബന്ധമാണ്. ഒപ്പം ചെറുപയറും വേണം. രണ്ടു സ്പൂണ്‍ കഴിച്ചാലും അത് ഇഷ്ടപ്പെട്ടു കഴിക്കണമെന്ന പക്ഷക്കാരനാണു ഞാന്‍. അതുകൊണ്ടു ഭക്ഷണകാര്യത്തില്‍ യാതൊരു കോംപ്രമൈസിനും തയ്യാറല്ല. എനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണമാണെങ്കില്‍ ആ ഭാഗത്തേക്കേ തിരിഞ്ഞു നോക്കില്ല. അതുകൊണ്ട് വീട്ടില്‍ എന്റെ ടേസ്റ്റ് അനുസരിച്ചുണ്ടാക്കിത്തരും.

വീട്ടിലെ കുസൃതിക്കുട്ടി
പിള്ളാരുടെ അടുത്ത പെരുമാറുന്ന അതേ കുസൃതിയോടെയാണ് ഞാന്‍ വീട്ടില്‍ എല്ലാവരുടെ അടുത്തും പെരുമാറുന്നത്. ഞാന്‍ ഒപ്പിക്കുന്ന കുസൃതിപോലെ കുട്ടികള്‍പോലും ചെയ്യില്ലെന്ന് ഭാര്യ തമാശയായി പറയാറുണ്ട്. പുറമേ കാണുന്ന പരുക്കന്‍ ഇമേജല്ല എനിക്ക് വീട്ടില്‍. കുട്ടി സ്വഭാവം കൊണ്ട് ചില പ്രയോജനങ്ങളുമുണ്ട്. അങ്ങനെയൊരു കുട്ടിത്തം മനസ്സില്‍ കൊണ്ടു നടക്കുന്നതു കൊണ്ടാവാം പ്രതിസന്ധികളെ ധൈര്യമായി മറികടക്കാന്‍ എനിക്കു കഴിഞ്ഞത്.

പറയുമ്പോള്‍ അല്‍പം ഫിലോസഫിക്കലാണെന്ന് തോന്നും. എങ്കിലും എനിക്ക് എല്ലാകാര്യത്തിലും എന്റേതായ ന്യായങ്ങളുണ്ട്. നിര്‍ണായകമായ ഓരോ സന്ദര്‍ഭങ്ങളിലും അപ്പോള്‍ മനസില്‍ തോന്നുന്ന തീരുമാനമെടുക്കും. ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും. അതില്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റായി പോയെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

ആഘോഷങ്ങളുടെ കുട്ടിക്കാലം
യാതൊരു ടെന്‍ഷനുമില്ലാതെ പറന്നു നടന്നകാലം. വീട്ടില്‍ അടങ്ങി ഒതുങ്ങിയിരിക്കുന്ന സ്വഭാവമില്ല. വള്ളം തുഴയില്‍, നീന്തല്‍, ഫുട്‌ബോള്‍ അങ്ങനെ ശരീരത്തിന് വ്യായാമം ലഭിക്കുന്ന കളികളിലാണ് അന്ന് ഏര്‍പ്പെട്ടിരുന്നത്. ദിവസവും സ്‌ക്കൂള്‍ വിട്ടുവന്നാല്‍ വീടിനടുത്തുള്ള മൈതാനത്തില്‍ രണ്ടു മണിക്കൂറോളം ഫുട്‌ബോള്‍ കളിക്കും. അതുകൊണ്ട് ശരീരം അന്നേ നന്നായി ഉറച്ചു.

സൈക്കിള്‍ സവാരിയും അന്ന് പ്രിയപ്പെട്ട വിനോദമായിരുന്നു. സൈക്കിള്‍ വാടയ്ക്ക് എടുത്ത് കോട്ടയം ടൗണ്‍ ചുറ്റും. ചുങ്കം വഴി 5-6 കിലോമീറ്റര്‍ കറങ്ങിയാണ് വീട്ടിലെത്തുന്നത്. ആ കായികക്ഷമത ശരീരത്തില്‍ ഇപ്പോഴുമുണ്ട്. അത് മെയിന്റയിന്‍ ചെയ്തു പോയാല്‍ മാത്രം മതി. എന്റെ ശരീര പ്രകൃതിക്ക് ഭക്ഷണം നിയന്ത്രിച്ചില്ലെങ്കില്‍ പെട്ടെന്ന് വണ്ണം വയ്ക്കും.

ആരോഗ്യഭക്ഷണം
ഞാന്‍ ഇപ്പോഴും അത്താഴത്തിന് കഞ്ഞികുടിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. ഓര്‍മവച്ച നാള്‍ മുതല്‍ കഴിക്കുന്നതുകൊണ്ട് ശീലമായി. ചൂടു കഞ്ഞിക്കൊപ്പം ചെറുപയര്‍ കൂടിയുണ്ടെങ്കില്‍ മറ്റൊന്നും വേണ്ട. പപ്ടം ഒപ്പം കഴിക്കാന്‍ ഇഷ്ടമാണെങ്കിലും എണ്ണ കൂടുതലുള്ളതുകൊണ്ട് ഭാര്യ അനുവദിക്കില്ല. കഞ്ഞിക്കൊപ്പം ഉണക്കമീന്‍ വറുത്തത് ഇഷ്ടമാണ്. മുമ്പൊക്കെ  നാലും അഞ്ചും കഷ്ണമൊക്കെ കഴിക്കുമായിരുന്നു. ഇപ്പോള്‍ ഒരു കഷ്ണത്തില്‍ ഒതുക്കി. ഉണക്കമീനില്‍ സ്രാവിനോടാണ് കൂടുതല്‍ താല്‍പര്യം.

ബ്രേക്ക്ഫാസ്റ്റിന് ചെറിയ വട്ടത്തിലുള്ള ചൂടോടെ ചുട്ടെടുത്ത ദോശയും തേങ്ങാ ചമ്മന്തിയും ഇഷ്ടമാണ്. അതുണ്ടെങ്കില്‍ പ്രഭാത ഭക്ഷണം ഗംഭീരമായി. ഭക്ഷണം കഴിഞ്ഞാല്‍ ചെറിയ മധുരം കഴിക്കുന്നത് എന്റെ ശീലമാണ്. കടലമിഠായിയോ പോപ്പിന്‍സോ ആയിരുന്നു പതിവ്. ഇപ്പോള്‍ ആ ശീലത്തില്‍നിന്ന് കടലമിഠായി ഒഴിവാക്കിയിരിക്കുകയാണ്. അത് ശരീരത്തില്‍ കൊഴുപ്പുണ്ടാക്കുന്നതാണെന്ന് മനസിലാക്കിയപ്പോള്‍ ഫ്രൂട്ട്‌സിലേക്ക് മാറി.

അഭിനയ മുഹൂര്‍ത്തങ്ങള്‍
 അനന്തഭദ്രത്തിലെ ദിഗംബരന്‍ ആളുകളെ പിടിച്ചിരുത്തുന്ന കഥാപാത്രമാണ്. ശരിക്കും വെല്ലുവിളി നിറഞ്ഞ കഥാപാത്രം. അത്തരം കഥാപാത്രങ്ങള്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ ചെറിയ ചലനങ്ങളില്‍ പോലും ഏറെ ശ്രദ്ധിക്കണം. അര്‍ധനാരിയിലെ സ്‌ത്രൈണ സ്വഭാവമുള്ള കഥാപാത്രവും വളരെ സ്‌ട്രെയിനെടുത്താണ് അഭിനയിച്ചത്. ഞാന്‍ പൗരുഷമുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളാണ്. സ്‌ത്രൈണ ഭാവവും പുരുഷഭാവവും മാറി മാറി വരുന്ന സ്ത്രീപുരുഷ സമന്വയം എന്നാണ് സ്‌ക്രിപ്റ്റില്‍ എഴുതിയിരുന്നത്. ആ കഥാപാത്രത്തിലേക്ക് എത്തിച്ചേരാന്‍ മനസിനെ നന്നായി പരുവപ്പെടുത്തിയിരുന്നു.

ചില കഥാപാത്രങ്ങള്‍ക്കു വേണ്ടി മേയ്ക്കപ്പിട്ട് കണ്ണാടിയില്‍ നോക്കുമ്പോള്‍ അറിയാതെ ആ കഥാപാത്രത്തിലേക്ക് എത്തിപ്പെടും. കണ്ണെഴുത്തും പുരികമെഴുത്തും കറുത്ത ഡ്രസുമിട്ട എന്നെ കണ്ണാടിയില്‍ കണ്ടപ്പോള്‍ എവിടുന്നോ എന്നില്‍ ഒരു ദിഗംബരന്‍ കയറിക്കൂടി. ചില കഥാപാത്രങ്ങള്‍ ദേഹത്തേക്ക് കയറിക്കൂടാറുണ്ട്. അതിനിടയില്‍ മറ്റൊരു കഥാപാത്രമാകാന്‍ എനിക്കു കഴിയില്ല. മനസ് ഇടയ്ക്ക് വഴിതിരിച്ചുവിടാതെ ഏകാഗ്രമായി നിര്‍ത്തുന്നതിനു വേണ്ടിയാണിത്. ആ സിനിമ കഴിയുന്നതോടെ ആ കഥാപാത്രവും എന്നില്‍ നിന്ന് ഇറങ്ങിപ്പോകും.

വെറുതെ അല്ല ഭാര്യ
പണ്ടൊക്കെ ടെന്‍ഷന്‍ കൂടെ കൊണ്ടു നടക്കുമായിരുന്നു. ഇപ്പോള്‍ ഭാര്യ ആശയോട് എല്ലാ കാര്യങ്ങളും തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറിയ കാര്യങ്ങള്‍ക്കുപോലും അവളുടെ സപ്പോര്‍ട്ട് ഉള്ളതാണ് എന്റെ ധൈര്യം ആവശ്യമില്ലാത്ത ഒരു കാര്യത്തിനും തലവെച്ചുകൊടുക്കുന്ന ആളല്ല ഞാന്‍. വീട്, ലൊക്കേഷന്‍ ഇതൊഴിച്ച് മറ്റൊരു എന്റര്‍ടെയ്ന്‍മെന്‍സും എനിക്കില്ല. സെറ്റിലായാലും എത്ര ടെന്‍ഷനുണ്ടെങ്കിലും ഭാര്യയെ വിളിച്ചു കഴിയുമ്പോഴേക്കും ഞാന്‍ റിലാക്‌സ്ഡാകും.

ഭാര്യ കൂടുതല്‍ ചെയ്യുമ്പോള്‍ ഏതൊരു പുരുഷനും സൗന്ദര്യം വര്‍ധിക്കും. ആശ എന്റെ ചെറിയ കാര്യങ്ങള്‍ പോലും അങ്ങേയറ്റം ശ്രദ്ധിക്കുന്നയാളാണ്. അതുകൊണ്ട് മനസില്‍ ഒരു ടെന്‍ഷനും കൊണ്ടു നടക്കേണ്ടി വരാറില്ല. സ്വസ്ഥമായി ജോലി ചെയ്യാനും സാധിക്കുന്നുണ്ട്.

മമ്മുക്കയുടെ ടിപ്‌സ്
10 വര്‍ഷം മുമ്പുവരെ എനിക്ക് കട്ടന്‍ കാപ്പി ഉപേക്ഷിക്കാനേ പറ്റില്ലായിരുന്നു. അത്രയും എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. ചെറുപ്പം മുതലുള്ള ശീലമല്ലേ, ഉപേക്ഷിക്കാന്‍ വിഷമം. അത് മാറ്റിമറിച്ചത് മമ്മുക്കയുടെ ഉപദേശമാണ്. കട്ടന്‍ കാപ്പി ആരോഗ്യത്തിന് നല്ലതല്ലെന്ന് മമ്മൂക്ക തെളിവുകള്‍ സഹിതം പറഞ്ഞപ്പോള്‍ ആ ശീലം നിര്‍ത്താന്‍ തന്നെ തീരുമാനിച്ചു. അതോടെ  കട്ടന്‍ ചായയായി ശീലം. ലോകത്ത് എവിടെ പോയാലും അത് കിട്ടുമെന്നു മാത്രമല്ല വയറിനു സുഖകരവുമാണ്.

സന്തുഷ്ട ജീവിതം
ഏത് പുരുഷനും ആഗ്രഹിക്കുന്നതാണ് ഒരാണ്‍ കുട്ടിയെ. പെണ്‍കുട്ടി മോശമാണെന്നല്ല. ഞാന്‍ എന്റെ മകള്‍ കുഞ്ഞാറ്റയെ അങ്ങേയറ്റം സ്‌നേഹിക്കുന്നുണ്ട്. ആണ്‍കുട്ടി എന്നത് മറഞ്ഞു കിടന്ന ഒരു ആഗ്രഹമായിരുന്നു. ആശ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരിക്കലും ഞങ്ങള്‍ ആണ്‍കുട്ടിയെ ആഗ്രഹിച്ചിട്ടില്ല. ആരോഗ്യമുള്ള കുഞ്ഞിനായേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ.

മകള്‍ വലുതായിട്ടും ഇപ്പോഴും ഞാന്‍ അവളോട് കൊഞ്ചിയേ സംസാരിക്കാറുള്ളൂ. അവളുടെ കണ്ണൊന്നു നിറഞ്ഞാല്‍ അതിന്റെ കാരണം അറിയാവുന്നത്രേ അടുപ്പം എനിക്കുണ്ട്. കുട്ടികള്‍ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന പ്രകാശം പറഞ്ഞറിയിക്കാനാവില്ല. സന്തുഷ്ടമായ ജീവിതം അതു നമ്മളെ കൂടുതല്‍ ചെറുപ്പമാക്കുമെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.

മുറ്റത്ത് കാര്‍ തയ്യാറായി. ഒരു മണിക്കൂറിനുള്ളില്‍ എയര്‍പോര്‍ട്ടിലെത്തണം. ഭാര്യയോട് യാത്ര പറഞ്ഞ് മകന്‍ അമൃതിന്റെ കവിളില്‍ ഉമ്മകൊടുത്ത് മനോജ് കാറിലേക്ക്.


സിക്‌സ് പാക്കല്ല സൗന്ദര്യത്തിന്റെ അളവുകോല്‍സിക്‌സ് പാക്കല്ല സൗന്ദര്യത്തിന്റെ അളവുകോല്‍സിക്‌സ് പാക്കല്ല സൗന്ദര്യത്തിന്റെ അളവുകോല്‍സിക്‌സ് പാക്കല്ല സൗന്ദര്യത്തിന്റെ അളവുകോല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക