Image

ബ്രെസ്റ്റ് കാന്‍സര്‍ അവയര്‍നെസ്‌ മാസത്തില്‍ എല്ലാ സ്ത്രീകളും വായിക്കാന്‍

മീനു എലിസബത്ത്‌ Published on 22 October, 2013
ബ്രെസ്റ്റ് കാന്‍സര്‍ അവയര്‍നെസ്‌  മാസത്തില്‍ എല്ലാ സ്ത്രീകളും വായിക്കാന്‍
ഒക്‌ടോബര്‍ അമേരിക്കയില്‍ 'ബ്രെസ്റ്റ് കാന്‍സര്‍ അവയര്‍നെസ്‌ മാസമായാണ് അറിയപ്പെടുന്നത്. ബ്രെസ്റ്റ് കാന്‍സറിനെക്കുറിച്ചും, അത് തടയുന്നതെങ്ങിനെയെന്നുമെല്ലാം സ്ത്രീകളെ ബോധവതികളാക്കുന്നത്തിനുവേണ്ടി ഈ മാസത്തിലാണ് പ്രധാന കാന്‍സര്‍ സംഘടനകള്‍ വാര്‍ഷിക മീറ്റിങുകള്‍ സങ്കടിപ്പിക്കുന്നത്. ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം എവിടെ നോക്കിയാലും പിങ്ക് റിബനുകളുടെ ഒരു മേള തന്നെ. എവിടെയും മീറ്റിങുകളുടെയും സെമിനാറുകളുടെയും നോട്ടിസുകള്‍. മാരത്തോണ്‍ ഓട്ടങ്ങള്‍, ഫണ്ട് പിരിവുകള്‍ അങ്ങിനെ പലതും. അമേരിക്കക്കാരുടെ മിക്ക സംഘടനകളും ഇതിനൊക്കെ വളരെ പ്രാധാന്യം കൊടുക്കുകയും, നാല്‍പ്പത് വയസു കഴിഞ്ഞ അമേരിക്കക്കാരി സ്ത്രീകളില്‍ നല്ലൊരു ശതമാനം തന്നെ മമോഗ്രം സ്‌ക്രീനിങിനു വര്‍ഷത്തിലൊരിക്കലെങ്കിലും പോവുകയും ചെയ്തു കാണാറുണ്ട്.

എന്നാല്‍ നമ്മുടെ ഇന്ത്യന്‍ സ്ത്രീകളില്‍ നാല്‍പ്പത് വയസു കഴിഞ്ഞ എത്ര പേര്‍ കണിശമായി എല്ലാ വര്‍ഷവും മാമോഗ്രാമിന് പോകാറുണ്ട്? നമ്മള്‍ സ്ത്രീകള്‍ വളരെ പ്രാധാന്യത്തോടെ ചിന്തിക്കേണ്ട വിഷയമാണ്. അമേരിക്കയിലെ മലയാളി സ്ത്രീകളില്‍ നല്ല ഒരു ശതമാനം പേര് ആതുര സേവന രംഗത്ത് തൊഴില്‍ ചെയ്യുന്നവരാണെങ്കിലും, മിക്കപേരും കൃത്യമായി ടെസ്റ്റുകള്‍ നടത്താറില്ല എന്നതാണ് വാസ്തവം.

അമേരിക്കയിലെ ചുരുക്കം ചില മലയാളി സംഘടനകള്‍ വര്‍ഷത്തിലൊരു പ്രാവശ്യമെങ്കിലും, ഇത്തരം ടെസ്റ്റുകള്‍ ഫ്രീ ആയോ, ചുരുങ്ങിയ ചിലവിലോ ഇന്‍ഷുറന്‍സില്ലാത്ത സ്ത്രീകള്‍ക്ക് വേണ്ടി
സംഘടിപ്പിക്കാറുണ്ട്. തീര്‍ച്ചയായും, എല്ലാ മലയാളി സംഘടനനകളും ഇത്തരം ആരോഗ്യ ക്യാമ്പുകള്‍ സങ്കടിപ്പിക്കുവാന്‍ മുന്നോട്ടു വരിക തന്നെ വേണം. വിലപ്പെട്ട എത്രയോ ജീവനുകളാവും ഇത്തരം ടെസ്റ്റുകള്‍ കൊണ്ട് രക്ഷപ്പെട്ട് പോകുന്നത്. എത്രയും നേരത്തെ കാന്‍സര്‍ കണ്ടു പിടിക്കുവാന്‍ കഴിഞ്ഞാല്‍ അത്രയും എളുപ്പമായി.

നമ്മള്‍ സ്ത്രീകള്‍ എപ്പോഴും നമ്മുടെ കാര്യങ്ങള്‍ മാറ്റിവെയ്ക്കാറാണ് പതിവ്. അതിനു ധാരാളം കാരണങ്ങളും നാം കണ്ടെത്തും. ആ പിന്നെ കുറച്ചു പ്രായം ആവട്ടെ. ഇപ്പോ എനിക്ക് കുഴപ്പമൊന്നുമില്ലല്ലോ..... ഞങ്ങളുടെ കുടുംബത്തിലെ അങ്ങിനെ കാന്‍സര്‍ ഒന്നും ആര്‍ക്കും കേട്ടിട്ടില്ല, അതിനാല്‍ എനിക്കും വരില്ല. ഈ വക ചിന്തകളാലും, പിന്നെ ഈ ടെസ്റ്റുകള്‍ നടത്താന്‍ പോയി, അവര്‍ വല്ലതും കണ്ടു പിടിച്ചാലോ എന്നൊക്കെയുള്ള പേടിയാലും ആണ് മിക്ക പേരും മാമോഗ്രാമോ പാപസ്മിയറോ പോലെയുള്ള ടെസ്റ്റുകള്‍ക്ക് മിനക്കെടാത്തത്. മക്കളെ ആശ്രയിച്ചു കഴിയുന്ന അമ്മമാരേ, ഒരു ഡോക്‌ടേഴ്‌സ് അപ്പോയിന്റമെന്റിന് പോലും കൊണ്ട് പോകാന്‍ സമയം കണ്ടെത്താത്ത മക്കളും ചുരുക്കമായെങ്കിലും നമുക്ക് ചുറ്റിനും ഉണ്ട്.

എന്തായാലും പള്ളികള്‍ക്കും മറ്റു മതസ്ഥാപനങ്ങള്‍ക്കും ഇന്ന് ഓണവും, എഴുത്തിനിരുത്തും, ഹാലോവീ
ന്‍ പാര്‍ട്ടികളും നടത്താമെങ്കില്‍ അവര്‍ക്ക് ഇത് പോലെയുള്ള അവശ്യ ആരോഗ്യകാര്യങ്ങള്‍ക്കും ഇടവകക്കാരെ ബോധാവന്മാരാക്കാവുന്നതെയുള്ളൂ. കാരണം അമേരിക്കാന്‍ മലയാളികള്‍ക്ക് സംഘടനകള്‍ക്കോ കൂടുതല്‍ പള്ളികളുളളതിനാലും, ഇടവകക്കാരെ, ആറു ദിവസം കൂടി കാണാന്‍ അവസരം ഉള്ളതിനാലും, ഇത്തരം നല്ല സന്ദേശങ്ങള്‍ ആള്‍ക്കാരിലെക്കെത്തിക്കുവാന്‍ പെട്ടെന്ന് കഴിയും. ഇത്തരം വിഷയങ്ങളില്‍ പാണ്ഡിത്യമുളളവര്‍, ഈ സംരംഭങ്ങളില്‍ നിസ്വാര്‍ഥരായി സഹകരിക്കേണ്ടതും ആവശ്യമാണ്. മലയാളികളായ ധാരാളം കാന്‍സര്‍ സ്‌പെഷ്യലിസ്റ്റുകള്‍, അമേരിക്കയോട്ടാകെ, ഉള്ളപ്പോള്‍ തീര്‍ച്ചയായും അവരുടെ സമയവും സൗകര്യവും നോക്കി സേവനം ആവശ്യപ്പെടാവുന്നതാണ്.

അമേരിക്കയിലെ മലയാളി സ്ത്രീകളുടെ ഇടയില്‍ കാന്‍സര്‍ നിരക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ വളരെ കൂടുതലായിട്ടുണ്ടെന്നാണു ഫിലാഡല്‍ഫിയയിലെ ജെഫ് ഫെര്‍സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ, ഓണ്‍കോളജി വിഭാഗത്തിന്റെ തലവനായ ഡോക്ടര്‍ എം. വി. പിള്ളയുടെ അഭിപ്രായം. അതിനു കാരണവും ഡോക്ടര്‍ അക്കമിട്ടു പറയുന്നു.

അമേരിക്കയില്‍ വന്നിട്ടുള്ള മലയാളി സ്ത്രീകളുടെ ഭക്ഷണ രീതിയിലുള്ള മാറ്റവും, വര്‍ഷങ്ങളോളം രാത്രി ജോലി ചെയ്യുന്നത് വഴി, ഉറക്കത്തെ സഹായിക്കുന്ന ഹോര്‍മോണായ മേലടോണിന്റെ താളം തെറ്റലും, വ്യായാമത്തിന്റെ അഭാവവും, അമിതമായ ടെന്‍ഷനും സ്‌ട്രെസും നിറഞ്ഞ ജീവിത ശൈലിയും മലയാളി സ്ത്രീയെ കാന്‍സറിലേക്ക് കൈ പിടിച്ചു നയിക്കുന്നു എന്നാണു അദ്ദേഹം മനസിലാക്കുന്നത്.

അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ സുസന്‍ ജി. കോമെന്‍ ഫങ്ക്ഷന്റെ പഠനങ്ങള്‍ അനുസരിച്ച് ഏഷ്യയില്‍ നിന്നും (നമ്മള്‍) കുടിയേറിയിട്ടുള്ള സ്ത്രീകള്‍ക്ക്, വെള്ളക്കാരികളെയും, ആഫ്രിക്കന്‍അമേരിക്കക്കാരികളെയും തുലനം ചെയ്യുമ്പോള്‍ ബ്രെസ്റ്റ് കാന്‍സര്‍ നിരക്ക് കുറവാണ്. എന്നാല്‍ അമേരിക്കയില്‍ വര്‍ഷങ്ങളായി സ്ഥിര താമസമാക്കിയിരിക്കുന്ന ഏഷ്യാക്കാരികള്‍ക്ക്, പുതുതായി കുടിയേറിയ ഏഷ്യാക്കാരി സ്ത്രീകളെക്കാള്‍ ബ്രെസ്റ്റ് കാന്‍സര്‍ സാധ്യത കൂടുതല്‍ കണ്ടു വരുന്നു പോലും. ഇത് തീര്‍ച്ചയായും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. പഠനങ്ങള്‍ ഇനിയുമുണ്ട്, ഇവിടെ ജനിച്ചു വളര്‍ന്ന, ഏഷ്യാക്കാരി സ്ത്രീകള്‍ക്ക്, ബ്രെസ്റ്റ് കാന്‍സര്‍ വരാനുള്ള സാധ്യത വെള്ളക്കാരികള്‍ക്ക് തുല്ല്യമായി തന്നെ കാണുന്നു എന്നതും വസ്തുതയാണ്. ലളിതമായി പറഞ്ഞാല്‍ ഇവിടെ ജനിച്ചു വളര്‍ന്ന നമ്മുടെ പെണ്‍മക്കള്‍ക്കും ഇവിടുത്തെ, വെള്ളക്കാരിക്കും ബ്രെസ്റ്റ് കാന്‍സര്‍ വാരാനുള്ള സാധ്യത ഒരു പോലെയാണ് എന്ന് ചുരുക്കം. അടുത്തിട പുറത്തു വന്ന ഒരു കാന്‍സര്‍ പഠനത്തില്‍ ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കുന്ന സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സര്‍ കുറവാണ് എന്ന് കണ്ടെത്തിയിരുന്നു. തണുപ്പ് കാലങ്ങളില്‍ വെളിയില്‍ നടക്കാന്‍ പ്രയാസമുള്ളവര്‍ ട്രെഡ് മില്ലില്‍ നടന്നാലും മതിയല്ലോ.

ന്യുജഴ്‌സിയിലെ
ഓഷന്‍ ഹീമറ്റോളജി &  ഓങ്കോളജി ഹോസ്പിറ്റലിലെ, കാന്‍സര്‍ സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ സാറാ ഈശോയുടെ പഠനങ്ങളില്‍ പുതിയ തലമുറയിലെ മലയാളി പെണ്‍കുട്ടികള്‍ക്ക് ആദ്യാര്‍ത്തവം വളരെ നേരത്തെ തുടങ്ങുന്നതും, മുതിര്‍ന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമം താമസിച്ചു വരുന്നതും, കാന്‍സര്‍ റിസ്‌ക്ക് കൂട്ടുന്നതിനു കാരണമായി ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക മലയാളി സ്ത്രീകള്‍ക്കും, ആഗ്രഹം ഉണ്ടെങ്കിലും പ്രസവം കഴിഞ്ഞു ദീര്‍ഘനാള്‍ കുഞ്ഞുങ്ങളെ മുലയുട്ടാന്‍ സാധിക്കാതെ വരുന്നതും, പൊണ്ണത്തടി കൂടുന്നതും, വര്‍ഷത്തില്‍ ഒന്നെങ്കിലും പരിശോധനകള്‍ക്ക് വിധേയമാകാത്തതും, കാന്‍സര്‍ കൂടുന്നതിന് കാരണമായി അവരുടെ പഠനങ്ങള്‍ പറയുന്നു.

ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം. പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങിക്കഴിഞ്ഞു ഞങ്ങളുടെ ക്ലാസിലേക്ക് ഒരു പുതിയ കുട്ടി വന്നു. പേര് മെറിന്‍. അവളുടെ അച്ഛന്‍, ഇലക്ട്രിസിറ്റി ബോര്‍ഡിലെ എഞ്ചിനീയറാണ്. കുട്ടിക്ക് താഴെ ഒരനുജനും അനുജത്തിയും. ഇടയ്‌ക്കൊക്കെ, മെറിന്‍ ക്ലാസില്‍ വരാതെയാകും. തിരകെ വരുമ്പോള്‍ ഞങ്ങളില്‍ ചിലരുടെ ബുക്ക് വാങ്ങി നോട്ടുകള്‍ പകര്‍ത്തും. ഇത് സ്ഥിരമായപ്പോള്‍ടീച്ചര്‍മാര്‍ കാരണം അനേഷിക്കാന്‍ തുടങ്ങി. അവളുടെ അമ്മക്ക് ബ്രെസ്റ്റ് കാന്‍സര്‍ ആണെന്നും, കീമോ ചെയ്യുന്ന ദിവസങ്ങളിലാണ് അവര്‍ അമ്മക്ക് കൂട്ട് പോയിരുന്നതെന്നും, കഴിഞ്ഞ ആഴ്ച ഓപ്പറേഷന്‍ചെയ്തു ഒരു ബ്രെസ്റ്റ് എടുത്തു മാറ്റിയതുമായ വിവരങ്ങള്‍ വളരെ സങ്കടത്തോടെ, അന്നവര്‍ പറഞ്ഞു.

ആദ്യമായി ബ്രെസ്റ്റ് കാന്‍സറിനെക്കുറിച്ചു കേള്‍ക്കുന്നത് അന്നാണ്. സ്‌കൂള്‍ വിട്ടു പോകുമ്പോള്‍ ഇടയ്‌ക്കൊക്കെ, മെറിന്റെ അമ്മ തിണ്ണയില്‍ ഉണ്ടെങ്കില്‍ ഞങ്ങളോട് കുശാല പ്രശനങ്ങള്‍ നടത്തിയിരുന്നു. വളരെ പ്രസന്നതയുള്ള, ചിരിച്ച മുഖമുള്ള അവര്‍ക്ക് കാന്‍സറാണെന്നു വിശ്വസിക്കുവാന്‍ പ്രയാസം. അവരെ തിണ്ണയില്‍ കാണാത്തപ്പോള്‍ ഞങ്ങള്‍ക്ക് ദുഃഖം തോന്നിയിരുന്നു. പിന്നെ പിന്നെ, മെറിന്‍ ക്ലാസില്‍ വരാതെയായി. ഒരു ദിവസം സ്‌കൂളിലേക്ക് ഒരാള്‍ വന്നു, മെറിന്റെ അമ്മയുടെ മരണവാര്‍ത്ത പറഞ്ഞു. ടീച്ചര്‍മാര്‍ക്കൊപ്പം കുട്ടികളെല്ലാം വരിവരിയായി അവിടെ പോയതു ഓര്‍മ്മിക്കുന്നു. പറക്കമുറ്റാത്ത തന്റെ സഹോദരങ്ങളുമായി വാവിട്ടു കരയുന്ന മെറിന്‍, ഇത്ര വര്‍ഷം കഴിഞ്ഞിട്ടും.. മായാത്ത ആ ചിത്രം.

അത് കഴിഞ്ഞു, എത്രയോ ബ്രെസ്റ്റ് കാന്‍സര്‍ രോഗികളെ കണ്ടിരിക്കുന്നു, എത്രയോ പേര്‍ മരിച്ചു കേട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, മലയാളം പത്രത്തില്‍ കോളം എഴുതിയിരുന്ന, പ്രശസ്ത എഴുത്തുകാരി റോസ്‌മേരി, അവരുടെ സഹോദരി ബ്രെസ്റ്റ് കാന്‍സര്‍ പിടിപെട്ട്, മരണത്തിനു കീഴടങ്ങിയതു, വായിച്ചു ഞാന്‍ കരഞ്ഞത് ഓര്‍മ്മ വരുന്നു.

ജോന്‍സേ ബോരോയില്‍ ഞങ്ങള്‍ താമസം തുടങ്ങി, ഒരു മാസം കഴിഞ്ഞു കാണും. ഒരു ദിവസം ഡോര്‍ ബെല്ല് കേട്ട് ഞാന്‍ വാതില്‍ തുറന്നപ്പോള്‍, വളരെ സന്തോഷത്തോടെ, ചിരിക്കുന്ന കണ്ണുകളോടെ, അതി സുന്ദരിയായ ഒരു മധ്യവയസ്‌ക്ക എനിക്ക് നേരെ, ഒരു ഫോയില്‍ പപ്പെരിന്‍ പൊതിഞ്ഞ ഒരു പൊതി വെച്ച് നീട്ടി.
ഞാന്‍ ലിണ്ടാ, നിങ്ങളുടെ അയല്‍ക്കാരി...ജോനെസ്‌ബോറോയിലേക്ക് സ്വാഗതം. നിങ്ങള്‍ വന്ന സമയത്ത് ഞാന്‍ ഇവിടെ ഇല്ലായിരുന്നു. ഇന്നലെ വന്നപ്പോളാറിഞ്ഞത്, നിങ്ങളാണ് എന്റെ പുതിയ അയല്‍വക്കംമെന്ന്. ഇത് ഞാന്‍ ഇപ്പോള്‍ ഓവനില്‍ നിന്നും എടുത്തതെയുളളൂ, നിങ്ങളുടെ മക്കള്‍ക്ക് തീര്‍ച്ചയായ്യും ഈ ചോക്ക്‌ലറ്റുചിപ്പ് കുക്കികള്‍ ഇഷ്ട്ടമാകും. സമയം പോലെ നിങ്ങള്‍ വീട്ടിലേക്കു വരണം.....

അവര്‍ എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. ഞാന്‍ സന്തോഷത്തോടെ അവര്‍ തന്ന പായ്ക്കറ്റു വാങ്ങി, അവര്‍ എവിടെയാണ് വെക്കേഷന്‍ പോയിരുന്നത് എന്ന് ചോദിച്ചു.

അവര്‍ തന്ന മറുപടി, കേട്ട് ഞാന്‍ ഞെട്ടി പോയി...
തനിക്കു ബ്രെസ്റ്റ് കാന്‍സര്‍ ആയിരുന്നുവെന്നും, ഹുസ്റ്റണി്‌ലെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ ആയിരുന്നു എന്നും, തല്‍ക്കാലം കാന്‍സര്‍ ഒരു വെക്കേഷന്‍ പോയിരിക്കുകയാണ് എന്നും , ചിരിച്ചു കൊണ്ട് വളരെ ലാഘവത്തോടെയുള്ള അവരുടെ മറുപടി. അതെ, അമേരിക്കക്കാര്‍ നമ്മള്‍ ഇന്ത്യാക്കാരെ പോലെ, ഇത്തരം കാര്യങ്ങളൊന്നും പൊതിഞ്ഞു വെയ്ക്കാറില്ലല്ലോ. പക്ഷെ, അവരാ അസുഖത്തെ, ഒരു വെല്ലു വിളിയോടെ നേരിടുന്ന രീതിയായിരുന്നു എന്നെ അമ്പരപ്പിച്ചത്.

ഞാന്‍ കണ്ട മിക്ക കാന്‍സര്‍ ബാധിതരായ സ്ത്രീകളും, അതീവ ധൈര്യശാലികളും, ജീവിതത്തെയും അസുഖത്തെയും വളരെ ധൈര്യത്തോടെ നേരിട്ടവരും ആയിരുന്നു. ഞങ്ങള്‍ പോന്നിടത്തോളം ലിന്റക്ക് പിന്നെ കാന്‍സര്‍ വന്നില്ല. റെമിഷനിലായിരുന്നു. ആറു മാസം കൂടി ഹുസ്റ്റണില്‍ പോയി ചെക്ക് അപ്പ് നടത്തും. എന്നാല്‍ കഴിഞ്ഞ വര്‍ഷം വീണ്ടും അവര്‍ക്ക് രോഗം വന്നു വെന്നും ചികിത്സയിലാണെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അടുത്തിട തനിക്കു ഒരു കൊച്ചുമോന്‍ ഉണ്ടായ സന്തോഷ വര്‍ത്തമാനം  പറയാന്‍ വിളിച്ചപ്പോള്‍ ഇക്കാര്യം ഒന്നും ചോദിക്കാന്‍ എനിക്ക് തോന്നിയുമില്ല.

കഥയൊക്കെ എല്ലാ ചേച്ചിമാരും അനിയത്തിമാരും അമ്മച്ചിമാരും, കേട്ടല്ലോ. ഇനി ഇത് വായിക്കാന്‍ നേരമില്ലാത്ത ചേച്ചിമാരോട് വായിച്ച ചെട്ടന്മാര്‍ ഓര്‍മ്മിപ്പിച്ചാലും മതി. നാല്‍പ്പത് വയസു കഴിഞ്ഞ എല്ലാ സ്ത്രീകളും, ഇന്ന് തന്നെ, നിങ്ങളുടെ സ്ത്രീരോഗവിദഗ്ദനെ കാണാന്‍ അപ്പോയിന്‍മെന്റ് എടുക്കുക. ഒരു മാമോഗ്രാമും തീര്‍ച്ചയായും. കൂെട പാപ്‌സ്മിയറും. ഇന്നിപ്പോള്‍ നൂതന ചികിത്സാ രീതികളും, രോഗം നേരത്തെ കണ്ടു പിടിക്കുവാന്‍ സാധിക്കുന്നതും, ബ്രെസ്റ്റ് കാന്‍സര്‍ നിരക്കിനെ കുറച്ചിരിക്കുന്നു. പക്ഷെ, കണ്ടു പിടിക്കണമെങ്കില്‍ നാം വര്‍ഷാവര്‍ഷം പരിശോധനകള്‍ക്ക് വിധേയരാവണം.

നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പറയുന്നത്...മാമ്മോഗ്രാം എടുക്കുക വഴി, കാന്‍സര്‍ മൂലമുണ്ടാകുന്ന മരണ നിരക്ക് നാല്‍പ്പത് മുതല്‍ എഴുപതു ശതമാനം വരെ തടയാന്‍ സാധിക്കുന്നു. തത്സമയം വായിക്കുന്ന എല്ലാ സ്ത്രീകളും ഇനി മുതല്‍ എല്ലാ വര്‍ഷവും മാമോഗ്രം നടത്തും എന്നാ പ്രതീക്ഷയോടെ, .......
ബ്രെസ്റ്റ് കാന്‍സര്‍ അവയര്‍നെസ്‌  മാസത്തില്‍ എല്ലാ സ്ത്രീകളും വായിക്കാന്‍ബ്രെസ്റ്റ് കാന്‍സര്‍ അവയര്‍നെസ്‌  മാസത്തില്‍ എല്ലാ സ്ത്രീകളും വായിക്കാന്‍ബ്രെസ്റ്റ് കാന്‍സര്‍ അവയര്‍നെസ്‌  മാസത്തില്‍ എല്ലാ സ്ത്രീകളും വായിക്കാന്‍ബ്രെസ്റ്റ് കാന്‍സര്‍ അവയര്‍നെസ്‌  മാസത്തില്‍ എല്ലാ സ്ത്രീകളും വായിക്കാന്‍
Join WhatsApp News
Bgeorge 2013-10-23 09:00:29
Very good article.Malayalee diaspora should encourage the community members to go for routine medical tests like mamogram, papsmear ,colonoscopy etc etc.Let this article be an eye opener to community.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക