Image

യൂണിയന്‍ നിലപാട് എയര്‍ ഇന്ത്യയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം: വയലാര്‍ രവി

ബി. അരവിന്ദാക്ഷന്‍ Published on 01 June, 2011
യൂണിയന്‍ നിലപാട് എയര്‍ ഇന്ത്യയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം: വയലാര്‍ രവി
ന്യൂയോര്‍ക്ക്: എയര്‍ ഇന്ത്യയുടെ ഇന്നത്തെ ദു:സ്ഥിതിയ്ക്ക് കാരണം പൈലറ്റ് അസോസിയേഷനും, മെക്കാനിക്കല്‍ സ്റ്റാഫ് യൂണിയനും കൈക്കൊള്ളുന്ന നിലപാടുകള്‍ ആണെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി വയലാര്‍ രവി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിനിധികളോട് പറഞ്ഞു. മന്‍ഹാട്ടനിലെ വാട്ടര്‍ക്ലബ് റെസ്റ്റോറന്റില്‍ വെച്ച് ഐ.എന്‍.ഒ.സി നല്‍കിയ ലഞ്ചില്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് പ്രകാശ് സിംഗ്, കേരള ഘടകം പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ്, ഇന്ത്യന്‍ എബസി ഫോറിന്‍ മിനിസ്റ്റര്‍ ആരതി കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

അമേരിക്കയില്‍ നിന്ന് നേരിട്ട് കേരളത്തിലേക്ക് വിമാന സര്‍വീസ് നടത്തണമെങ്കില്‍ കുറഞ്ഞത് 60 സീറ്റ് ഓരോ ഫ്‌ളൈറ്റിലും ബുക്കിംഗ് ലഭിക്കണമെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കി. എന്നാല്‍ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തിനും കൊച്ചിയ്ക്കും എയര്‍ ഇന്ത്യയുടെ തുടര്‍യാത്രാ സൗകര്യം പുനസ്ഥാപിക്കുന്നത് വിമാനത്തിന്റെ ലഭ്യതയെ അടിസ്ഥാനമാക്കി ആകുമെന്ന് അദ്ദേഹം കളത്തില്‍ വര്‍ഗീസിനോട് പറഞ്ഞു. രാജ്യാന്തര സര്‍വീസിനുള്ള വിമാനങ്ങളുടെ കുറവ് എയര്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധിയാണ്.

പ്രവാസികാര്യ മന്ത്രി എന്ന നിലയ്ക്ക് രാജ്യത്തിന്റേയും വിദേശ ഇന്ത്യക്കാരുടേയും പൊതു താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സേവനമാണ് നല്‍കിവരുന്നത് എന്നദ്ദേഹം വ്യക്തമാക്കി. ലിബിയയില്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആറ് മണിക്കൂറിനുള്ളില്‍ അവിടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തുടക്കമിട്ടു. ഇത് പ്രവാസി-വ്യോമ -വിദേശ വകുപ്പുകളുടെ കൂട്ടായ്മയിലൂടെയാണെന്ന് വയലാര്‍ രവി ന്യൂയോര്‍ക്കിലെ കോണ്‍ഗ്രസ് പ്രതിനിധികളോട് പറഞ്ഞു.

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് വയലാര്‍ രവി പറഞ്ഞു. ഗള്‍ഫില്‍ ജോലിക്കുപോകുന്ന സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ അവര്‍ക്ക് സെല്‍ഫോണ്‍ നല്‍കുകയും, റിക്രൂട്ട്‌മെന്റ് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ പ്രാബല്യത്തിലാക്കുകയും ചെയ്തതായി അദ്ദേഹം വിവരിച്ചു.

വിദേശ ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയാന്‍ വിദേശ മന്ത്രാലയത്തിലെ സെക്രട്ടറിമാരുടെ ഒരു സംഘം വിവിധ എംബസികള്‍ സന്ദര്‍ശിച്ച് നടത്തിയ പഠനത്തിലെ വസ്തുകള്‍ പരിഗണിച്ചുവരുന്നതായും വയലാര്‍ രവി പറഞ്ഞു.

60 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കേണ്ടിവരുന്ന വിദേശ ഇന്ത്യക്കാരുടെ മേല്‍ ചുമത്തുന്ന നികുതി ഭാരം 90 ദിവസമാക്കി മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് കളത്തില്‍ വര്‍ഗീസ്, ജോര്‍ജ് ഏബ്രഹാം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വയലാര്‍ രവി പറഞ്ഞു.

അനുദിനം വര്‍ധിച്ചുവരുന്ന പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനു പകരം പ്രതിക്ഷേധപരമായ നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ ജോര്‍ജ് ഏബ്രഹാം വയലാര്‍ രവിയോട് പറഞ്ഞു. ദുരന്തനിവാരണ തുല്യ സന്ദര്‍ഭങ്ങള്‍ ഒഴികെയുള്ള തീരുമാനങ്ങള്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട പ്രവാസി പ്രതിനിധികളുടെ കമ്മിറ്റിയുടെ അഭിപ്രായംകൂടി പരിഗണിച്ചശേഷം നടപ്പിലാക്കണമെന്ന് ഏബ്രഹാം ആവശ്യപ്പെട്ടു. ഒ.സി.എ കാര്‍ഡ്, പാസ്‌പോര്‍ട്ട് സറണ്ടര്‍ കാര്യത്തിലും വിദേശകാര്യ വകുപ്പ് നേരിട്ട പ്രതിസന്ധികള്‍ ഇതിന് ഉദാഹരണമാണ്.

സ്വദേശത്തും വിദേശത്തും ദീര്‍ഘകാലം ഭാരതീയരുടെ ക്ഷേമത്തിനായി വയലാര്‍ രവി നല്‍കിയ ഭരണ-സാമൂഹ്യ-രാഷ്ട്രീയ സേവനത്തെ ഐ.എന്‍.ഒ.സി പ്രതിനിധികള്‍ അഭിനന്ദിച്ചു.

ജനസംഖ്യയില്‍ 15 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ വസിക്കുന്ന കരീബിയന്‍ ഐലന്റിലെ ഗ്വാ ഡെലൗപ് ഐലന്റിലെ പ്രവാസി ഇന്ത്യക്കാരെ സന്ദര്‍ശിക്കാനുള്ള യാത്രാമധ്യേയാണ് വയലാര്‍ രവി ന്യൂയോര്‍ക്കില്‍ എത്തിയത്. ജൂണ്‍ 9 മുതല്‍ കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന മിനി പ്രവാസി ഭാരതീയ ദിനത്തില്‍ കനേഡിയന്‍ ഗവര്‍ണ്ണര്‍ ജനറല്‍ ഡേവിഡ് ജോണ്‍സണോടൊപ്പം പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി നേതൃത്വം നല്‍കും. പ്രവാസി കരീബിയന്‍ -കനേഡിയന്‍ കൂട്ടായ്മയാണ് മിനി പ്രവാസി ഭാരതീയദിനത്തിലെ ലക്ഷ്യങ്ങളില്‍ ഒന്ന്.

ശ്രീ കളത്തില്‍ വര്‍ഗീസ് നേതൃത്വം നല്കുന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളെ വയലാര്‍ രവി അഭിനന്ദിച്ചു.
യൂണിയന്‍ നിലപാട് എയര്‍ ഇന്ത്യയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം: വയലാര്‍ രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക