Image

ശങ്കറിന്റെയും അബുവിന്റെയും പദസ്വനത്തിനു കാതോര്‍ക്കുന്ന ജോണ്‍... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 26 October, 2013
ശങ്കറിന്റെയും അബുവിന്റെയും പദസ്വനത്തിനു കാതോര്‍ക്കുന്ന ജോണ്‍... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
മാവേലിയുടെ നാടെന്ന പേരുകേട്ട മാവേലിക്കരയുടെ നടുമുറ്റത്ത്‌ ഓണാട്ടുകരക്കാര്‍ ഈയടുത്ത നാളില്‍ ഒത്തുകൂടി - ചെറുമഠം ഓഡിറ്റോറിയത്തില്‍. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും എഴുത്തുകാരും കലാകാരന്മാരും ഗായകരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു; കാര്‍ട്ടൂണിംഗില്‍ അര നൂറ്റാണ്ടു പൂര്‍ത്തിയാക്കിയ ഒരു സുഹൃത്തിന്‌ നമോവാകം അര്‍പ്പിക്കാന്‍.

പ്രൊഫസ്സര്‍ വി.സി. ജോണിന്റെ അന്‍പത്തിമൂന്നു വര്‍ഷത്തെ കലാസപര്യ വിളിച്ചറിയിക്കുന്ന കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റ്‌ രാജുനായര്‍ ഉദ്‌ഘാടനം ചെയ്‌തു. രംഗമൊരുക്കിയതാകട്ടെ അഞ്ചു വര്‍ഷമായി സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ `വായന' എന്ന സമിതിയും. `വായന' യുടെ അഞ്ചാമതു വാര്‍ഷികം പ്രമാണിച്ച്‌ 60- ാമതു പുസ്‌തകചര്‍ച്ചയായിരുന്നു മുഖ്യ ഇനങ്ങളിലൊന്ന്‌. പുസ്‌തകം പ്രഭാ വര്‍മയുടെ വയലാര്‍ അവാര്‍ഡ്‌ നേടിയ `ശ്യാമമാധവം'.

മാവേലിയെയും ഓണാട്ടുകരയെയും എക്കാലവും ഓര്‍മിപ്പിക്കുംവിധം വിഭവസമൃദ്ധമായ ഓണസദ്യയുടെ അകമ്പടിയുണ്ടായിരുന്നു, ഒരു ദിവസം നീണ്ടുനിന്ന `വായന'ക്കളരിയുടെ വാര്‍ഷികത്തിന്‌. ``മാവേലി നാടുവാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ, ആമോദത്തോടെ വസിക്കും കാലം...'' ഓഡിറ്റോറിയത്തിന്‌ തൊട്ടെതിര്‍വശത്തുള്ള കോട്ടയ്‌ക്കകം ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍നിന്ന്‌ മലയാളി തലമുറകളെ രോമാഞ്ചമണിയിക്കുന്ന പാട്ടുണര്‍ന്നു.

ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കര്‍ എന്ന കെ. ശങ്കരപ്പിള്ളയുടെ നാടാണല്ലോ ഓണാട്ടുകരയെന്ന്‌ കാര്‍ട്ടൂണ്‍ അക്കാദമിയുടെ ഭാരവാഹികൂടിയായ രാജുനായര്‍ പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു പറഞ്ഞു. കായംകുളത്തു ജനിച്ച ശങ്കര്‍ (1932-89) നെഹ്‌റുവിന്റെ ചങ്ങാതിയായിരുന്നു. ``ഇന്നെന്താ, എന്നെപ്പറ്റി വരയ്‌ക്കുന്നില്ലേ?'' എന്ന്‌ നെഹ്‌റു ശങ്കറോടു ചോദിക്കുമായിരുന്നത്രേ.

ഹിറ്റ്‌ലറെയും മുസ്സോളിനിയെയും സ്റ്റാലിനെയും ഒരുപോലെ പരിഹസിച്ച ബ്രിട്ടനിലെ ഡേവിഡ്‌ ലോയെപ്പോലെ ശക്തരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഇന്ത്യയില്‍ ഇല്ലെന്നു പറഞ്ഞുകൂടാ. ഒരു നൂറ്റാണ്ടടുത്തിട്ടും ജീവസ്സുറ്റുനില്‍ക്കുന്ന ആര്‍.കെ. ലക്ഷ്‌മണ്‍ നമ്മുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടല്ലോ. മരിച്ചിട്ടും മറക്കാനാവാത്ത മരിയാ മിറാന്‍ഡ, ബാല്‍ താക്കറെ, സുധീര്‍ ധര്‍ തുടങ്ങിയവരെല്ലാം ആ വഴിക്കു സഞ്ചരിച്ചവരാണ്‌. തന്മൂലം നമുക്ക്‌ തീരെ നര്‍മബോധമില്ലെന്നു പറയാനാവില്ല.

ഓണാട്ടുകരയെന്നല്ല, കേരളംതന്നെ കാര്‍ട്ടൂണിസ്റ്റുകളുടെ നല്ല വിളഭൂമിയാണ്‌. അബു ഏബ്രഹാം, കുട്ടി, ഒ.വി. വിജയന്‍, അജിത്‌ നൈനാന്‍, ഇ.പി. ഉണ്ണി, രാജു നായര്‍, പി.കെ. മന്ത്രി, കെ.എസ്‌. പിള്ള, ജി. അരവിന്ദന്‍, മലയാറ്റൂര്‍ രാമകൃഷ്‌ണന്‍, ടോംസ്‌, യേശുദാസന്‍, ബി.എം. ഗഫൂര്‍, ഗോപീകൃഷ്‌ണന്‍.... പട്ടിക നീണ്ടുപോകുന്നു. ഇവരില്‍ പലരും കേരളത്തിനു പുറത്തു പേരെടുത്തവരാണ്‌. അബു ആകട്ടെ, ലണ്ടന്‍ ഒബ്‌സര്‍വറിലും ഗാര്‍ഡിയനിലും കൂടി ഇംഗ്ലീഷ്‌ ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി.

അബുവും മാവേലിക്കരക്കാരനായിരുന്നു - ആറ്റുപുറത്ത്‌ മാത്യു ഏബ്രഹാം. പ്രൊഫ. വി.സി. ജോണും അവിടത്തുകാരന്‍ തന്നെയെന്നത്‌ ആഹ്ലാദകരമായ ഒരദ്‌ഭുതംതന്നെ. അബു ജീവിതസായാഹ്നത്തില്‍ ഇംഗ്ലീഷുകാരിയായ ഭാര്യ വലേറി ആനു (സൈക്കെ എന്ന്‌ ഓമനപ്പേര്‍)മൊത്ത്‌ തിരുവനന്തപുരത്ത്‌ ജവഹര്‍ നഗറില്‍ ലാറി ബേക്കര്‍ രൂപകല്‌പന ചെയ്‌ത `ശരണ' ത്തില്‍ ദീര്‍ഘകാലം താമസിച്ചു.

അടിയന്തരാവസ്ഥക്കാലത്ത്‌ കുളിമുറിയില്‍നിന്നു വരെ ഇന്ദിരാഗാന്ധിയുടെ ഓര്‍ഡിനന്‍സുകള്‍ ഒപ്പിടുന്ന രാഷ്‌ട്രപതി ഫക്രുദീന്‍ അലി അഹമ്മദിനെ പരിഹസിച്ച്‌ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ വരച്ച ഒരൊറ്റ കാര്‍ട്ടൂണ്‍ കൊണ്ട്‌ അബു പ്രസിദ്ധനായി. അദ്ദേഹം 78-ാം വയസ്സില്‍ 2002ലും, സൈക്കെ 78-ാം വയസില്‍ ഇക്കഴിഞ്ഞ ജൂലൈ 15ന്‌ ഗോവയിലും അന്തരിച്ചു. അബു എഡിറ്റ്‌ ചെയ്‌ത `പെന്‍ഗ്വിന്‍ ബുക്ക്‌ ഓഫ്‌ ഇന്ത്യന്‍ കാര്‍ട്ടൂണ്‍സ്‌' ഒന്നു മാത്രം മതി അദ്ദേഹത്തിന്റെ പേര്‌ ശാശ്വതീകരിക്കാന്‍. രാജ്യസഭയിലെ നോമിനേറ്റഡ്‌ അംഗംകൂടിയായിരുന്നു അദ്ദേഹം.

``മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം'' - അബുവിന്റെ മണ്ണില്‍ ജനിച്ച വി.സി. ജോണിന്‌ സ്വയം അങ്ങനെ വിശേഷിപ്പിക്കാന്‍ മടിയില്ല. പക്ഷേ, അബുവിനെപ്പോലെ കടുത്ത യുക്തിവാദിയും നിരീശ്വരവാദിയും ആകാന്‍ പ്രൊഫസര്‍ക്കു കഴിയില്ല. എന്നാല്‍, അബുവിനെപ്പോലെ ശക്തനായ ഒരു സെക്കുലറിസ്റ്റാണ്‌ ജോണ്‍. അബുവിന്റെ കുട്ടികള്‍ ഐഷയും ജാനകിയുമാണെങ്കില്‍, ജോണ്‍-മേരി ദമ്പതികള്‍ക്ക്‌ മാലിനിയും നിര്‍മലുമുണ്ട്‌, മരുമകനായി പ്രിന്‍സും.

സമൂഹത്തിലെ അപചയങ്ങളെ പരിഹസിക്കാനും അപഹസിക്കാനും കടന്നാക്രമിക്കാനും ജോണ്‍ തന്റെ പേനയും മഷിയും ഉപയോഗിക്കുന്നു. പലപ്പോഴും എഴുത്തുകാരന്റെ തൂലികയേക്കാള്‍ മൂര്‍ച്ചയുണ്ട്‌ ആ പടവാളിന്‌.

തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ എം.എ.യ്‌ക്കു ഒന്നാം ക്ലാസില്‍ ഒന്നാം റാങ്കോടെ ഗോള്‍ഡ്‌ മെഡല്‍ നേടിയ വി.സി. ചാക്കോയുടെ മകനാണ്‌ വി.സി. ജോണ്‍. പതിനെട്ടാം വയസില്‍ കെ. ബാലകൃഷ്‌ണന്റെ കൗമുദി ദിനപത്രത്തില്‍ കാര്‍ട്ടൂണ്‍ വരച്ചുകൊണ്ടായിരുന്നു തുടക്കം. 33 വര്‍ഷം മാവേലിക്കര ബിഷപ്‌ മൂര്‍ കോളേജില്‍ ഇംഗ്ലീഷ്‌ പഠിപ്പിച്ചു. അതിനിടയിലും കാര്‍ട്ടൂണുകള്‍ വരച്ചു, പുസ്‌തകങ്ങളുടെ കവറുകള്‍ ഡിസൈന്‍ ചെയ്‌തു, ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളെഴുതി. മിക്കവാറും എല്ലാ മലയാള പത്രങ്ങളിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ `പീപ്പിള്‍സ്‌ റിപ്പോര്‍ട്ടര്‍' എന്ന ഇംഗ്ലീഷ്‌ പാക്ഷികത്തില്‍ സ്ഥിരമായി വരയ്‌ക്കുന്നു. മലയാളത്തില്‍ `ഓറ' എന്ന പ്രസിദ്ധീകരണത്തിലും. ഏറ്റവുമൊടുവിലായി നാട്ടിലെ `ചാലകം' എന്ന മാസികയില്‍ ഒരു കാര്‍ട്ടൂണ്‍ പംക്തി തുടങ്ങിയിട്ടുണ്ട്‌ - വരതിരിവ്‌.

മകന്‍ നിര്‍മല്‍ പ്രൊഫ. ജോണിന്‌ അഭിമാനം നല്‍കുന്നു. ന്യൂഡല്‍ഹിയില്‍ `ഫോര്‍ച്യൂണ്‍ ഇന്ത്യ' യില്‍ ജേര്‍ണലിസ്റ്റായ നിര്‍മല്‍ 1996ലെ അറ്റ്‌ലാന്റാ ഒളിമ്പിക്‌സിനുവേണ്ടി വരച്ച ഒരു പോസ്റ്റര്‍ `വിസ ഇന്റര്‍നാഷണല്‍' വക അന്താരാഷ്‌ട്ര ബഹുമതി നേടി. അച്ഛനോടൊത്ത്‌ മകനും അറ്റ്‌ലാന്റയ്‌ക്കു പോയി.

പ്രൊഫ. ജോണിന്റെ നര്‍മബോധത്തിന്‌ ഒരേയൊരു തെളിവു മതി - vcjohnsentosa@gmail.com എന്നു മെയില്‍ ഐഡി. എന്താണ്‌ സിംഗപ്പൂരിലെ ടൂറിസ്റ്റ്‌ പറുദീസയായ സെന്റോസയെ മെയിലില്‍ പരിരംഭണം ചെയ്‌തതെന്ന ചോദ്യത്ത്‌ മറുപടി ഇങ്ങനെ: ``എന്റെ ഒറിജിനല്‍ വീട്ടുപേര്‌ `വട്ടുകളത്തില്‍' എന്നാണ്‌. കൂട്ടുകാരിലും നാട്ടുകാരിലും ഞാനൊരു വട്ടനാണെന്നു പറയുന്ന ചിലരുണ്ട്‌. അവരെ സമാധാനിപ്പിക്കാന്‍ `സമാധാനവും സന്തുഷ്‌ടിയും' എന്നര്‍ത്ഥമുള്ള, കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു ഐഡി സ്വീകരിച്ചു.'' `സെന്റോസ' യുടെ ഉത്ഭവം സംസ്‌കൃതത്തിലെ `സന്തോഷ' ത്തില്‍നിന്നാണെന്നത്‌ മറ്റൊരു കാര്യം. എന്തൊക്കെ പറഞ്ഞാലും കാര്‍ട്ടൂണിസ്റ്റ്‌ വി.സി. ജോണ്‍ എല്ലായ്‌പോഴും സന്തോഷവനാണ്‌.
ശങ്കറിന്റെയും അബുവിന്റെയും പദസ്വനത്തിനു കാതോര്‍ക്കുന്ന ജോണ്‍... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ശങ്കറിന്റെയും അബുവിന്റെയും പദസ്വനത്തിനു കാതോര്‍ക്കുന്ന ജോണ്‍... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ശങ്കറിന്റെയും അബുവിന്റെയും പദസ്വനത്തിനു കാതോര്‍ക്കുന്ന ജോണ്‍... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ശങ്കറിന്റെയും അബുവിന്റെയും പദസ്വനത്തിനു കാതോര്‍ക്കുന്ന ജോണ്‍... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ശങ്കറിന്റെയും അബുവിന്റെയും പദസ്വനത്തിനു കാതോര്‍ക്കുന്ന ജോണ്‍... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ശങ്കറിന്റെയും അബുവിന്റെയും പദസ്വനത്തിനു കാതോര്‍ക്കുന്ന ജോണ്‍... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ശങ്കറിന്റെയും അബുവിന്റെയും പദസ്വനത്തിനു കാതോര്‍ക്കുന്ന ജോണ്‍... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ശങ്കറിന്റെയും അബുവിന്റെയും പദസ്വനത്തിനു കാതോര്‍ക്കുന്ന ജോണ്‍... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ശങ്കറിന്റെയും അബുവിന്റെയും പദസ്വനത്തിനു കാതോര്‍ക്കുന്ന ജോണ്‍... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ശങ്കറിന്റെയും അബുവിന്റെയും പദസ്വനത്തിനു കാതോര്‍ക്കുന്ന ജോണ്‍... (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക