Image

വേറിട്ടൊരു പ്രണയവും, വ്യത്യസ്‌തമായ വിവാഹവും

Published on 26 October, 2013
വേറിട്ടൊരു പ്രണയവും, വ്യത്യസ്‌തമായ വിവാഹവും
വേറിട്ടൊരു പ്രണയത്തിന്റെയും ഏറെ വ്യത്യസ്‌തമായ ഒരു വിവാഹത്തിന്റെയും വാര്‍ത്തകളാണണ്‌ ഇപ്പോള്‍ മലയാള ചലച്ചിത്ര ലോകത്തെ പ്രധാന ചര്‍ച്ചകള്‍. നര്‍ത്തകിയായ മേതില്‍ ദേവികയുടെയും നടന്‍ മുകേഷിന്റെയും വിവാഹ വാര്‍ത്ത തെല്ലൊരു അത്ഭുതത്തോടെയാണ്‌ എല്ലാവരും കേട്ടത്‌. ഒരു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു എന്നതാണ്‌ വിവാഹ വാര്‍ത്തയെക്കാള്‍ അത്ഭുതപ്പെടുത്തിയത്‌. സിനിമക്കാരുടെ ബന്ധങ്ങളും പ്രണയങ്ങളും പ്രണയ പരാജയങ്ങളും ചൂടോടെ ഗോസിപ്പുകളാകുന്ന സൈബര്‍ കാലഘട്ടത്തിലും മുകേഷും ദേവികയും തങ്ങളുടെ പ്രണയം ആരോരുമറിയാതെ സൂക്ഷിച്ചു. ഇരുവരും മലയാളികളെ സംബന്ധിച്ചിടത്തോളും ഏറെ പ്രശസ്‌തരായിരുന്നുവെങ്കിലും അടുത്ത സുഹൃത്തുക്കളൊഴികെ ആരും ഈ പ്രണയത്തെക്കുറിച്ച്‌ അറിഞ്ഞിരുന്നില്ല.

മരടിലെ മുകേഷിന്റെ വീട്ടില്‍ ദേവികയും മുകേഷും വിവാഹിതരായപ്പോഴാണ്‌ മാധ്യമങ്ങള്‍ വിവരം അറിയുന്നത്‌ തന്നെ. മരടിലെ മുകേഷിന്റെ വീട്ടില്‍ വെച്ച്‌ ലളിതമായ വിവാഹ ചടങ്ങുകള്‍ നടത്തുകയും തുടര്‍ന്ന്‌ വിവാഹം നിയമ പ്രകാരം രജസ്‌ട്രര്‍ ചെയ്യുകയുമാണ്‌ ഉണ്ടായിട്ടുള്ളത്‌. ജ്യോതിഷ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇങ്ങനെയൊരു ചടങ്ങത്രേ. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും മറ്റും വരുന്ന മാര്‍ച്ചില്‍ ഔദ്യോഗികമായി തന്നെ നടത്തുമെന്നാണ്‌ മുകേഷിന്റെ ബന്ധുക്കള്‍ പറയുന്നത്‌.

മുകേഷിന്റെ ആദ്യ ഭാര്യ സരിത മുകേഷ്‌ താനുമായിട്ടുള്ള വിവാഹബന്ധം നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല എന്ന ആരോപണവുമായി രംഗത്ത്‌ വന്നിട്ടുണ്ടെങ്കിലും അതില്‍ കഴമ്പില്ല എന്നു തന്നെയാണ്‌ മുകേഷിന്റെ സുഹൃത്തുക്കളും വീട്ടുകാരും പറയുന്നത്‌. സിനിമയില്‍ ഒരുമിച്ച്‌ അഭിനയിച്ച കാലത്ത്‌ തുടങ്ങിയ മുകേഷ്‌ സരിതാ പ്രണയം പിന്നീട്‌ വഴിപിരഞ്ഞതും ഇരുവരും ഒരുമിച്ച്‌ വിവാഹമോചനത്തിന്‌ കോടതിയെ സമീപിച്ചതും എല്ലാവര്‍ക്കുമറിയാം. 2009ല്‍ ഇരുവര്‍ക്കും കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്‌തിരുന്നു.

ഇന്‍ ഹരിഹര്‍ നഗറിന്റെ പുതിയ പതിപ്പുകളില്‍ ഇപ്പോഴും രസിപ്പിക്കുന്ന പ്രകടനവുമായി എത്തുന്ന മഹാദേവനെ പ്രേക്ഷകര്‍ക്ക്‌ ഏറെ ഇഷ്‌ടമാണ്‌. കാരണം മുകേഷിലെ ചെറുപ്പം തന്നെ. പ്രായം കടന്നു പോകുമ്പോഴും സൂപ്പര്‍താരങ്ങളെപ്പോലെ ഗിമ്മിക്കുകളൊന്നുമില്ലാതെ തന്നെ തന്റെ ചെറുപ്പം സൂക്ഷിക്കുകയാണ്‌ മുകേഷ്‌. 2003ല്‍ ക്രോണിക്ക്‌ ബാച്ചിലര്‍ എന്ന സിനിമയിലെ പ്രണയകാമുകനായി അഭിനയിച്ചപ്പോള്‍ മുകേഷിന്‌ പ്രായം 43. ഒരു നാല്‍പ്പത്തി മൂന്നുകാരന്റെ വേഷമായിരുന്നു ക്രോണിക്ക്‌ ബാച്ചിലറിലെ ശ്രീകുമാറിന്റേതെന്ന്‌ ആരും പറയില്ല. പെണ്‍കുട്ടികള്‍ക്ക്‌ പിന്നാലെ പ്രണയാഭ്യര്‍ഥനയുമായി നടക്കുന്ന കാമുകനെ നാല്‍പ്പത്‌ പിന്നിട്ട മുകേഷ്‌ അവതരിപ്പിച്ചപ്പോള്‍ `അയ്യേ' എന്ന്‌ ആരും പറഞ്ഞതുമില്ല. അതാണ്‌ മുകേഷിന്റെ ചെറുപ്പം സൃഷ്‌ടിക്കുന്ന ഇമേജ്‌.

ഇപ്പോള്‍ മുകേഷിന്റെ പ്രായം അമ്പത്തി മൂന്ന്‌ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും മുകേഷ്‌ ഇപ്പോഴും മലയാളിക്ക്‌ പഴയ തമാശപ്പയ്യന്‍ തന്നെയായി നില്‍ക്കുന്നു. ജീവിതത്തിലും മുകേഷ്‌ വീണ്ടുമൊന്ന്‌ പ്രണയിക്കുമ്പോള്‍ അതിന്‌ വേറിട്ട മാനങ്ങളുമുണ്ടാകുന്നത്‌ ഇവിടെയാണ്‌. പ്രണയം ഏത്‌ പ്രായത്തിലും ആര്‍ക്കുമാകാമെന്ന്‌ മുകേഷ്‌ ധൈര്യ പൂര്‍വ്വം പറയുകയാണ്‌. വെറുതെ പ്രണയിക്കുക മാത്രമല്ലല്ലോ. വിവാഹവും ചെയ്‌തിരിക്കുന്നു മുകേഷ്‌. പ്രണയത്തിനും വിവാഹത്തിനും പ്രായമല്ല മാനദണ്‌ഡമെന്ന്‌ മുകേഷ്‌ ഇവിടെ അടയാളപ്പെടുത്തുന്നു. സമൂഹം എന്തു പറയുമെന്ന സംശയവും വൈക്ലബ്യവുമായി പലപ്പോഴും നല്ല ബന്ധങ്ങള്‍ മറച്ചു പിടിക്കുന്ന, വേണ്ടെന്നു വെക്കുന്ന മലയാളിക്ക്‌ മുമ്പില്‍ മുകേഷ്‌ നല്ലൊരു മാതൃക തന്നെയാണെന്നതാണ്‌ വാസ്‌തവം.

കലാരംഗത്ത്‌ ഏറെ പ്രതിഭ തെളിയിച്ച മേതില്‍ ദേവികയുടെ പാരമ്പര്യവും കലയുമായി ഏറെ അടുത്ത്‌ നില്‍ക്കുന്നത്‌ തന്നെ. പ്രശസ്‌ത എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്‌ണന്‍ ദേവികയുടെ അമ്മാവനാണ്‌. ദേവികയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവാണ്‌ മലയാളത്തിലെ എക്കാലത്തെയും വലിയ സാഹിത്യകാരന്‍ വി.കെ.എന്‍. ചെറുപ്പം മുതല്‍ നൃത്തത്തില്‍ പഠനം ആരംഭിച്ച മേതില്‍ ദേവിക കല്‍ക്കട്ടയിലെ രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്നും നൃത്തത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. അറിയപ്പെടുന്ന മോഹിനിയാട്ട നര്‍ത്തകിയായ ദേവിക കലാമണ്‌ഡലത്തിലെ അധ്യാപികയുമാണ്‌. മുകേഷ്‌ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കെയാണ്‌ ദേവികയുമായി പരിചയത്തിലാകുന്നത്‌. അക്കാദമയിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു ദേവിക. അങ്ങനെ കലയുടെ പരിസരങ്ങളിലൂടെ തന്നെ മുകേഷ്‌ ദേവിക പ്രണയം തുടങ്ങുകയും അത്‌ വിവാഹത്തിലെത്തി നില്‍ക്കുകയും ചെയ്‌തിരിക്കുന്നു. സിനിമയില്‍ കാണുന്നതിനേക്കാള്‍ മനോഹരമാണ്‌ പ്രണയമെന്ന്‌ അമ്പത്‌ പിന്നിട്ടപ്പോഴും മുകേഷ്‌ കാട്ടിത്തന്നത്‌ പുരോഗമനം പറയുമ്പോഴും റിവേഴ്‌സ്‌ ഗീയറിലോടുന്ന മലയാളി ഏറെ പോസിറ്റീവായി കാണേണ്ട കാര്യം തന്നെ.

മുകേഷ്‌ ദേവിക പ്രണയം പോലെ തന്നെ കൗതുകം നല്‍കുന്നതാണ്‌ റീമാ കല്ലുങ്കല്‍ ആഷിക്‌ അബു വിവാഹവും. പതിവുകള്‍ എല്ലാം തെറ്റിച്ചു കൊണ്ട്‌ വേറിട്ട രീതിയില്‍ ഒരു വിവാഹത്തിനാണ്‌ ഈ സെലിബ്രിറ്റികള്‍ ഒരുങ്ങിയിരിക്കുന്നത്‌. ആഷിക്‌ അബുവിന്റെ മൂന്നാമത്തെ ചിത്രമായ 22 ഫീമെയില്‍ കോട്ടയത്തില്‍ റീമാ കല്ലുങ്കലായിരുന്നു നായികയായി അഭിനയിച്ചത്‌. സിനിമയുടെ ഇടവേളയില്‍ തുടങ്ങിയ പ്രണയമാണ്‌ ഇരുവരുടെയും. മറിച്ചുവെക്കാതെ ഇരുവരും അത്‌ എല്ലാവരോടുമായി തുറന്നു പറയുകയും ചെയ്‌തു.

വരുന്ന നവംബര്‍ ഒന്നിന്‌ ഇരുവരുടെയും വിവാഹമാണ്‌. എന്നാല്‍ ആഷിക്‌ അബുവിന്റെ തന്നെ ഭാഷയില്‍ പതിവ്‌ നാട്ടുനടപ്പുകള്‍ എല്ലാം ഉപേക്ഷിക്കുകയാണ്‌ ഇരുവരും. മതാചാര പ്രകാരമുള്ള വിവാഹം ഇല്ല. മാധ്യമങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ആരാധകരെയും വിളിച്ചു വരുത്തിയുള്ള ആഘോഷങ്ങളും വിരുന്നുമില്ല. സ്റ്റാല്‍ ഹോട്ടലില്‍ പാര്‍ട്ടി സത്‌കാരങ്ങളുമില്ല. രജസ്‌ട്രര്‍ ഓഫീസില്‍ ലളിതമായ ചടങ്ങില്‍ തീരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനായി ചെലവാകുമായിരുന്ന പണം എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ സാധാരണക്കാരായ ക്യാന്‍സര്‍ രോഗികള്‍ക്ക്‌ നല്‍കാനാണ്‌ ഇരുവരുടെയും തീരുമാനം.

വിവാഹത്തിനായി ലക്ഷങ്ങള്‍ ധൂര്‍ത്ത്‌ നടത്തുന്ന സ്ഥലമാണ്‌ കേരളം. ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചില്ലെങ്കില്‍ വിവാഹമൊരു വിവാഹമാകില്ല എന്നാണ്‌ നമ്മുടെ സ്വര്‍ണ്ണക്കടക്കാര്‍ നമ്മളെ പരസ്യങ്ങളിലൂടെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്‌. മാത്രമല്ല വിവാഹം ഒരു ആഘോഷമാണെന്ന്‌ പറഞ്ഞു പഠിപ്പിക്കാന്‍ സൂപ്പര്‍താര ഡയലോഗുകളും സ്വര്‍ണ്ണക്കടക്കാരുടെ വക വേറെയുമുണ്ട്‌. സ്വര്‍ണ്ണക്കടക്കാരും വസ്‌ത്രവ്യാപാരികളും ചേര്‍ന്ന്‌ സൃഷ്‌ടിച്ച ഈ ഇമേജുകള്‍ ഇല്ലെങ്കില്‍ തന്നെയും മലയാളിക്ക്‌ വിവാഹം എന്നുമൊരു ധൂര്‍ത്ത്‌ തന്നെയായിരുന്നു. എന്നാല്‍ പുതുതലമുറ ഇതില്‍ നിന്ന്‌ വഴിമാറി നടന്നു തുടങ്ങുന്നത്‌ നല്ല സൂചനകള്‍ തന്നെ. വിവാഹ ചിലവ്‌ പണം ആവിശ്യമുള്ളവര്‍ക്ക്‌ നല്‍കാനുള്ള ആഷിക്കിന്റെയും റീമയുടെയും തീരുമാനമില്ലായിരുന്നെങ്കില്‍ കൂടി ലളിതവിവാഹത്തിന്‌ അവര്‍ തീരുമാനിച്ചത്‌ അഭിനന്ദനാര്‍ഹം തന്നെ. അതിലുപരി ഒരു സാമൂഹിക സേവനമെന്ന നിലയില്‍ രോഗികളെ സഹായിക്കാനുള്ള തീരുമാനം ഏവര്‍ക്കും മാതൃകയുമാണ്‌.

എന്തായാലും ചലച്ചിത്ര ലോകത്ത്‌ നിന്നും എന്നും വിവാഹമോചനങ്ങളുടെയും പ്രണയ പരാജയങ്ങളുടെയും വാര്‍ത്തകള്‍ മാത്രം ആഘോഷിക്കപ്പെട്ടിരുന്നയിടത്ത്‌ ഇത്തരം ശുഭ വാര്‍ത്തകളും ശ്രദ്ധിക്കപ്പെടേണ്ടത്‌ തന്നെ. എന്തായാലും ആശംസകള്‍ മുകേഷ്‌ - മേതില്‍ ദേവിക.

ആശംസകള്‍ ആഷിക്‌ അബു - റീമാ കല്ലുങ്കല്‍.
വേറിട്ടൊരു പ്രണയവും, വ്യത്യസ്‌തമായ വിവാഹവും വേറിട്ടൊരു പ്രണയവും, വ്യത്യസ്‌തമായ വിവാഹവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക