Image

ശാസ്ത്രവും ആത്മീയതയും കൈക്കോര്‍ത്തപ്പോള്‍ - ജോസ് പിന്റോ സ്റ്റീഫന്‍

ഈമലയാളി എക്‌സ്‌ക്യൂസീവ്‌ Published on 27 October, 2013
ശാസ്ത്രവും ആത്മീയതയും കൈക്കോര്‍ത്തപ്പോള്‍ - ജോസ് പിന്റോ സ്റ്റീഫന്‍
ശാസ്ത്രവും ആത്മീയതയും കൈകോര്‍ത്തു പിടിച്ചാല്‍ ഒരു രാഷ്ട്രത്തിന്റെ പുരോഗതിയ്ക്ക് വേഗതകൂട്ടാന്‍ അതെങ്ങനെ സഹായകമാകും? ഇതിനുത്തരം നല്‍കുന്ന ഒരു സംഭവകഥ ഈയിടെ തന്റെ ഒരു പ്രസംഗത്തിനിടെ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍കലാം വിവരിക്കുകയുണ്ടായി. തിരുവനന്തപുരത്തെ സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗോള്‍ഡണ്‍ ജൂബിലി ആഘോഷവേളയിലെ മുഖ്യപ്രഭാഷത്തിനിടയിലാണ് അദ്ദേഹം ഈ സംഭവം വിവരിച്ചത്. ആത്മീയതയും ശാസ്ത്രവും ശത്രുതയിലാണെന്നും ഇവ തമ്മില്‍ ഒരു കൂട്ടുകെട്ടും ഉണ്ടാവില്ലെന്നുമാണ് പലരുടെയും ധാരണ. എന്നാല്‍ ഈ ധാരണ തെറ്റാണെന്ന് മനസ്സിലാക്കാന്‍ ഈ ഉദാഹരണം നമ്മെ സഹായിക്കും.

ഒരു യുവശാസ്ത്രജ്ഞനായി ഔദ്യോഗികജീവിതമാരംഭിച്ച കാലത്തേക്കാണദ്ദേഹം നമ്മെ കൂട്ടികൊണ്ടുപോകുന്നത്. അദ്ദേഹം ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും ഈ സംഭവകഥ മാത്രം അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുകയാണ്. പദാനുപദ തര്‍ജ്ജമ അല്ലെന്നും പ്രസക്തഭാഗങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നും പറഞ്ഞുകൊള്ളട്ടെ.

ആയിരത്തിതൊള്ളായിരിത്തി അറുപതുകളുടെ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണവിഭാഗം മേധാവി പ്രൊഫസര്‍ വിക്രം സാരാഭായിയും ടീമംഗങ്ങളും അവരുടെ ഗവേഷണത്തിന് ഏറ്റവും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തി. അനേക സ്ഥലങ്ങളില്‍ തിരഞ്ഞതിനുശേഷമാണ് ഈ സ്ഥലം അവര്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് തുമ്പ എന്ന പ്രദേശമായിരുന്നു അത്. എന്നാല്‍ ഈ സ്ഥലം എങ്ങനെ നേടിയെടുക്കാം എന്നത് അവരുടെ മുമ്പില്‍ ഒരു വെല്ലുവിളിയായിരുന്നു.

സാരാഭായിയും ടീമും കേരളാ ഗവണ്‍മെന്റ് അധികൃതരും സമീപിച്ചു. ആയിരക്കണക്കിന് മല്‍സ്യതൊഴിലാളികള്‍ അധിവസിക്കുന്ന, സെന്റ് മഗ്ദലേനാ പള്ളിയും അതിനോടനുബന്ധിച്ചുള്ള സ്‌ക്കൂളും പള്ളിമേടയും അടങ്ങുന്ന പ്രദേശമാണിതെന്നും ഒരു കാരണത്താലും ലഭിക്കുകയില്ലെന്നും ഗവണ്‍മെന്റധികൃതര്‍ അഭിപ്രായപ്പെട്ടു. ഗവേഷണത്തിനനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താന്‍ സഹായിക്കാമെന്നവര്‍ അറിയിച്ചു.

എന്തായാലും ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന ഒരാള്‍ ഉണ്ടെന്നും അദ്ദേഹത്തെ സഹായിക്കുന്നത് നല്ലതായിരിക്കുമെന്നും ആരോ അവരെ ഉപദേശിച്ചു. തിരുവനന്തപുരം ലത്തീന്‍ രൂപതാ മെത്രാന്‍ ഡോ.ബര്‍ണാര്‍ഡ് പെരേരായാണ് ആ മഹനീയ വ്യക്തി. ഒരു ശനിയാഴ്ച രാവിലെ സാരാഭായിയും ടീമും ബിഷപ്പിനെ സന്ദര്‍ശിച്ചു.ആ കൂടികാഴ്ച ഒരു ചരിത്രസംഭവമായി മാറി. ഞങ്ങളെല്ലാം അതിന് സാക്ഷികളാണ്.

ബിഷപ്പ് ഇങ്ങനെ പറഞ്ഞു, മി.വിക്രം, നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്റെ മക്കളുടെ ഭവനം, അല്ല എന്റെ ഭവനം, അതല്ല ദൈവത്തിന്റെ തന്നെ ഭവനമാണ്. അത് വിട്ടുതരാന്‍ ഞങ്ങള്‍ക്കെങ്ങനെ സാധിക്കും?

അവരിരുവര്‍ക്കും ഒരു സവിശേഷത ഉണ്ടായിരുന്നു. ഏതു പ്രതിസന്ധിയുടെ മധ്യത്തിലും പുഞ്ചിരിക്കാനുള്ള കഴിവ്. എന്തായാലും പിറ്റേന്ന് രാവിലെ 9ന് സെന്റ് മഗ്ദലേന പള്ളിയില്‍ വച്ച് വീണ്ടും കാണാമെന്ന് പറഞ്ഞ് പിതാവ് ഞങ്ങളെ യാത്രയാക്കി.

സാരാഭായിയും സംഘവും പിറ്റേന്നു രാവിലെ തന്നെ പള്ളിയിലെത്തി. സുവിശേഷ വായനാസമയമായിരുന്നത്. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ശേഷം സാരാഭായിയെ മൈക്കിനടുത്തേക്ക് പിതാവ് ക്ഷണിച്ചു. സാരാഭായിലെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തികൊണ്ട് ഇങ്ങനെ പറഞ്ഞു.
പ്രിയമക്കളെ, ഈ നില്‍ക്കുന്നത് ഒരു പ്രമുഖ ശാസ്ത്രജ്ഞനാണ്. വിക്രം സാരാഭായി എന്നാണദ്ദേഹത്തിന്റെ പേര്. ശാസ്ത്രം യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യുന്നത്? നമുക്കറിയാം, വിദ്യുഛക്തിയില്‍ നിന്നാണ് ബള്‍ബുകള്‍ പ്രകാശിക്കുന്നത്. എനിക്ക് മൈക്കിലൂടെ സംസാരിക്കാന്‍ പറ്റുന്നത് ആ സാങ്കേതികവിദ്യ ഇന്നിപ്പോള്‍ ലഭ്യമായതുകൊണ്ടണ്. വൈദ്യശാസ്ത്രം വളര്‍ച്ച നേടിയതുകൊണ്ട് രോഗികള്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നത്.

ശാസ്ത്രത്തിന്റെ വളര്‍ച്ച മനുഷ്യജീവിതം സുഗമമാക്കുന്നു. ഒരു ആത്മീയനേതാവ് എന്ന നിലയില്‍ ഞാന്‍ എന്താണ് ചെയ്യുന്നത്? നിങ്ങള്‍ക്കു വേണ്ടി, നിങ്ങള്‍ക്ക് സമാധാനം കിട്ടാന് പ്രാര്‍ത്ഥിക്കുകയാണ് ഞാന്‍ ചെയ്യുന്നത്.

ചുരുക്കി പറഞ്ഞാല്‍ വിക്രം സാരാഭായി ചെയ്യുന്നതും ഞാന്‍ ചെയ്യുന്നതും ഒന്നുതന്നെയാണ്. മനുഷ്യന്‍രെ ശാരീരികവും, മാനസികവുമായുള്ള അനുഗ്രഹങ്ങള്‍ക്കായി ദൈവത്തിന്റെ അനുഗ്രഹം നേടിയെടുക്കുവാന് ശ്രമിക്കുകയാണ് ശാസ്ത്രവും ആത്മീയതയും ചെയ്യുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ, കടലോര പ്രദേശത്തുതന്നെ, നിങ്ങള്‍ക്കിപ്പോള്‍ ലഭ്യമായിരിക്കുന്ന സൗകര്യങ്ങളെക്കാള്‍ മെച്ചമായ നിലവാരത്തിലുള്ള പുരധിവാസസൗകര്യങ്ങള്‍ നിര്‍മ്മിച്ചുതരാമെന്നാണഅ ശ്രീ. വിക്രം സാരാഭായി വാഗ്ദാനം ചെയ്യുന്നത്. പ്രിയ മക്കളെ, നമ്മുടെ രാജ്യത്തിന്റെ മഹത്തായ നേട്ടത്തിനുവേണ്ടി നിങ്ങളുടെ ഭവനം, എന്റെ ഭവനം, ദൈവത്തിന്റെ ഭവനം വിട്ടു കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ?

സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത പള്ളിയാകെ പരന്നു. തൊട്ടടുത്ത നിമിഷത്തില്‍ അതു സംഭവിച്ചു.  എല്ലാവരും ചാടി എണീറ്റു. അവരുടെ കണ്ഠങ്ങളില്‍ നിന്ന് ഒരു സ്വരം മാത്രം… ആമേന്‍… ആ ശബ്ദം കൊണ്ട് പള്ളിയാകെ മുഖരിതമായി.”
പള്ളിത്തുറയെന്ന തീരദേശഗ്രാമത്തെക്കുറിച്ചാണ് ശ്രീ. അബ്ദുള്‍ കലാം സംസാരിച്ചത്. വി.എസ്.എസ്.സി എന്ന ബൃഹത് സ്ഥാപനത്തെക്കുറിച്ചും ആ സ്ഥാപനം പള്ളിത്തുറ നിവാസികളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും വളരെ നന്നായി അറിയാവുന്ന വ്യക്തിയാണദ്ദേഹം.

സാരാഭായി വാഗ്ദാനം ചെയ്തതു പോലെ ഭവനം നഷ്ടപ്പെട്ടവര്‍ക്ക് തൊട്ടടുത്ത പ്രദേശത്തുതന്നെ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. വേറെ ചിലര്‍ അവര്‍ക്കു ലഭിച്ച ആനുകൂല്യങ്ങളും കൊണ്ട് മറ്റ് പ്രദേശങ്ങളിലേക്ക് താമസം മാറ്റി. വീടു നഷ്ടപ്പെട്ടവരില്‍ പലര്‍ക്കും വി.എസ്.എസി.സിയിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ലഭിച്ചു. ഈ ലേഖകന്റെ പിതാവ് പള്ളിത്തുറയില്‍ ജനിക്കുകയും ഈ കാലഘട്ടത്തില്‍ മറ്റൊരു സ്ഥലത്തേക്ക് മാറി പോകേണ്ടിയും വന്ന വ്യക്തികളിലൊരാളാണ്.

എന്തായാലും ഇന്ത്യയെ ശാസ്ത്രസാങ്കേതികമേഖലയിലെ ഒരുവന്‍ ശക്തിയാക്കി മാറ്റാന്‍ വി.എസ്.എസ്.സിയും അനുബന്ധ സ്ഥാപനങ്ങളും സഹായിച്ചിട്ടുണ്ട്. ഈ വര്‍ഷം അമ്പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സ്ഥാപനത്തിന് ഇനിയുമേറെ വളരാന്‍ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതൊടൊപ്പം ഈ സ്ഥാപത്തിന്റെ വളര്‍ച്ചയ്ക്കായി ആത്മത്യാഗം ചെയ്ത പള്ളിത്തുറയിലെ രാജ്യസ്‌നേഹികളെ നമുക്ക് സ്മരിക്കാം. ആ പ്രദേശത്തും പരിസരപ്രദേശങ്ങളിലും വികസനത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ വി.എസ്.എസ്.സി. അധികൃതരും കേന്ദ്രഗവണ്‍മെന്റും തയ്യാറാകുവാനും നമുക്ക് ആവശ്യപ്പെടാം.


ശാസ്ത്രവും ആത്മീയതയും കൈക്കോര്‍ത്തപ്പോള്‍ - ജോസ് പിന്റോ സ്റ്റീഫന്‍
Join WhatsApp News
Milton 2013-10-28 12:26:38
Really an enriching article. God bless u brother
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക