Image

റീജിയണല്‍ കാന്‍സര്‍ സെന്ററും കിമ്മല്‍ സെന്ററും സഹകരണത്തിന്‌ വഴിയൊരുങ്ങുന്നു

വിന്‍സെന്റ്‌ ഇമ്മാനുവേല്‍ Published on 26 October, 2013
റീജിയണല്‍ കാന്‍സര്‍ സെന്ററും കിമ്മല്‍ സെന്ററും സഹകരണത്തിന്‌ വഴിയൊരുങ്ങുന്നു
ഫിലാഡല്‍ഫിയ: തോമസ്‌ ജഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ കിമ്മല്‍ കാന്‍സര്‍ സെന്ററും തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററും തമ്മില്‍ അക്കാഡമിക്‌ തലത്തിലുള്ള സഹകരണത്തിന്‌ വഴിയൊരുങ്ങുന്നു. കിമ്മലുമായി സഹകരണത്തിനുള്ള മെമ്മോറാണ്ടം ഓഫ്‌ അണ്ടര്‍സ്റ്റാന്‍ഡിംഗ്‌, ആര്‍.സി.സിയുടെ ഗവേണിംഗ്‌ ബോഡി ചര്‍ച്ച ചെയ്‌ത ശേഷം ഒപ്പിടുന്നകാര്യം തീരുമാനിക്കുമെന്ന്‌ ആര്‍.സി.സി ഡയറക്‌ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ അറിയിച്ചു.

കേരളത്തിലെ കാന്‍സര്‍ വിദഗ്‌ധര്‍ക്ക്‌ കിമ്മലില്‍ ഹ്രസ്വകാല പരിശീലനം നല്‍കുക, സംയുക്ത ഗവേഷണം നടത്തുക, വിദ്യാഭ്യാസ പരിഷ്‌കരണത്തിന്‌ വഴിയൊരുക്കുക തുടങ്ങിയവയാണ്‌ സഹകരണം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ സജീവമായ താത്‌പര്യം പ്രകടിപ്പിക്കുന്നുണ്ട്‌. ആര്‍.സി.സിയെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടാക്കാന്‍ നേരത്തെ ശ്രമിച്ചതാണ്‌. എന്നാല്‍ രണ്ടായിരം കോടി രൂപ ചെലവു വരുന്ന പദ്ധതിക്ക്‌ പ്ലാനിംഗ്‌ കമ്മീഷന്റെ അനുമതി കിട്ടിയില്ല. അതിനാല്‍ ഈ പദ്ധതിയെങ്കിലും നടപ്പാക്കണമെന്ന്‌ മുഖ്യമന്ത്രിക്ക്‌ അതിയായ താത്‌പര്യമുണ്ട്‌.

മേരിലാന്റിലെ ബത്തഡ്‌സയിലുള്ള നാഷണല്‍ കാന്‍സര്‍ സെന്ററുമായും സഹകരണത്തിനുള്ള സാധ്യത തേടുന്നുണ്ട്‌. അവിടെയും നല്ല പ്രതികരണമാണ്‌ ലഭിച്ചത്‌.

അനുദിനം വര്‍ദ്ധിച്ചുവരുന്ന കാന്‍സറിനെതിരേ പോരാടുവാന്‍ മതിയായ സംവിധാനം കേരളത്തിലിപ്പോള്‍ ഇല്ലെന്ന്‌ കുറവിലങ്ങാട്‌ സ്വദേശിയായ ഡോ. പോള്‍ സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ കാന്‍സറുള്ളത്‌ കേരളത്തിലാണ്‌. ഒരു ലക്ഷത്തിന്‌ 135 പേര്‍ക്ക്‌. പ്രതിവര്‍ഷം അരലക്ഷത്തോളം പേര്‍ രോഗബധിതരാകുന്നു. എന്നാല്‍ അമേരിക്കയിലെ സ്ഥിതി ഇതിലും വഷളാണ്‌.

ആവശ്യത്തിനു കാന്‍സര്‍ വിദഗ്‌ധര്‍ നമുക്കില്ല. ഇപ്പോഴാണ്‌ മെഡിക്കല്‍ പഠന രംഗത്ത്‌
കാന്‍സര്‍ പ്രാമുഖ്യം നേടുന്നത്‌. സ്വകാര്യ ആശുപത്രികളുണ്ടെങ്കിലും പൊതുമേഖലയില്‍ മെച്ചപ്പെട്ട ചികിത്സ ലഭിച്ചാലേ സാധാരണ രോഗികള്‍ക്ക്‌ പ്രയോജനം ലഭിക്കൂ.

ചികിത്സയ്‌ക്കുള്ള അത്യാധുനിക സംവിധാനങ്ങളെല്ലാം കേരളത്തിലുണ്ട്‌. കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങളും വിദഗ്‌ധരുമുണ്ടാകണം.

കേരളത്തിലെ കാന്‍സറില്‍ നാല്‍പ്പത്‌ ശതമാനവും പുകവലിയും മുറുക്കും കൊണ്ട്‌ ഉണ്ടാകുന്നതാണ്‌. അലസമായ ജീവിത രീതി, ആഹാര രീതിയില്‍ വന്ന മാറ്റം, പൊണ്ണത്തടി തുടങ്ങിയവയൊക്കെ കാന്‍സറിന്‌ കാരണമാകുന്നു.

ആരംഭദശയിലെ കാന്‍സര്‍ കണ്ടുപിടിച്ചാല്‍ ഭേദമാക്കാവുന്നതേയുള്ളൂ. പക്ഷെ പലപ്പോഴും ഗുരുതരാവസ്ഥയിലാണ്‌ കണ്ടെത്തുന്നത്‌. തുടക്കത്തിലേ കണ്ടുപടിക്കാനുള്ള സൗകര്യം ജില്ലാ ആശുപത്രികളില്‍ ഏര്‍പ്പെടുത്താനുള്ള ഒരു പദ്ധതി സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.

കേരളത്തില്‍ പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ കൂടാന്‍ ഒരു കാരണം പ്രായമായവര്‍ കൂടുതലായി കേരളത്തിലുണ്ടെന്നതാണ്‌. മറ്റ്‌ സ്റ്റേറ്റുകളില്‍ യുവജനതയുടെ ശതമാനം കൂടുതലാണ്‌.

കിമ്മല്‍ സെന്ററില്‍ പ്രൊഫസറായ ഡോ. എം.വി. പിള്ളയാണ്‌ ഇത്തരമൊരു സഹകരണത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോ. സെബാസ്റ്റ്യന്റെ അദ്ധ്യാപകനുമായിരുന്നു അദ്ദേഹം.

ലേഖകന്‍ കിമ്മല്‍ സെന്റര്‍ സന്ദര്‍ശിക്കുകയും അവിടുത്തെ വിദഗ്‌ധരുമായി ചര്‍ച്ച നടത്തുകയും ചെയ്‌തതാണ്‌. ഇന്ത്യക്കാരുടെ ഭക്ഷണക്രമം പൊതുവില്‍ കാന്‍സറിനെ തടയാന്‍ കെല്‍പ്പുള്ളതാണെന്നു കിമ്മല്‍ ഡയറക്‌ടര്‍ ഡോ. റിച്ചാര്‍ഡ്‌ ജി പെസ്റ്റല്‍ പറഞ്ഞു. പ്രത്യേകിച്ച്‌ മഞ്ഞള്‍ ചേര്‍ക്കുന്നത്‌. അതുപോലെ വെജിറ്റേറിയന്‍ ഫുഡും ഏറെ ഗുണകരമാണ്‌.

വിവിധ രാജ്യക്കാര്‍ക്ക്‌ വിവിധ തരം കാന്‍സറാണ്‌ കൂടുതലായി വരുന്നതെന്ന്‌ പ്രൊഫസറും ആര്‍മിയില്‍ ടുസ്റ്റാര്‍ ജനറലുമായ ഡോ. എഡിത്ത്‌ പി.
മിഷല്‍ പറഞ്ഞു. യൂറോപ്പില്‍ വയറിലാണ്‌ കാന്‍സര്‍ കൂടുതല്‍ . സൗത്ത്‌ വെസ്റ്റ്‌ ഏഷ്യക്കാര്‍ക്കും, ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കും ട്യൂമറുകള്‍, വെള്ളക്കാര്‍ക്ക്‌ ബ്രെസ്റ്റ്‌ കാന്‍സര്‍ എന്നിങ്ങനെ. പ്രോസ്റ്റേറ്റ്‌ കാന്‍സറും അമേരിക്കയില്‍ കൂടുതലായി ഉണ്ടാകുന്നു.

നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനികളായ ടീന കല്ലറയ്‌ക്കല്‍, റെനി രാജന്‍ എന്നിവരേയും അവിടെ പരിചയപ്പെട്ടു. ഫിലാഡല്‍ഫിയയിലെ പൊതുപ്രവര്‍ത്തകന്‍ അലക്‌സ്‌ തോമസും ലേഖനൊപ്പമുണ്ടായിരുന്നു.

അമേരിക്കയിലെ ചികിത്സാരീതി കേരളത്തിലെ സാധാരണ ജനത്തിനും ലഭ്യമാക്കാനുള്ള ഈ സംരംഭം എന്തുകൊണ്ടും പിന്തുണ അര്‍ഹിക്കുന്നു. രാഷ്‌ട്രീയക്കാരും മറ്റും അതിനു വിലങ്ങുതടിയാകില്ല
എന്നു കരുതാം
റീജിയണല്‍ കാന്‍സര്‍ സെന്ററും കിമ്മല്‍ സെന്ററും സഹകരണത്തിന്‌ വഴിയൊരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക