Image

സാന്‍ ആന്റോണിയോ സീറോ മലബാര്‍ ദേവാലയ കൂദാശ നവംബര്‍ 9ന്

ജോണ്‍ ജോര്‍ജ്, ലാസ് വേഗസ് Published on 27 October, 2013
സാന്‍ ആന്റോണിയോ സീറോ മലബാര്‍ ദേവാലയ കൂദാശ നവംബര്‍ 9ന്
സാന് ആന്റോണിയോ:  ടെക്‌സാസിലെ സാന്‍ ആന്റോണിയോ സീറോ മലബാര്‍ ദേവാലയം നവംബര്‍ 9ന് കൂദാശ ചെയ്യപ്പെടുമ്പോള്‍ വിശ്വാസി സമൂഹത്തിനു പുണ്യമായി ചരിത്ര നിമിഷത്തിനു നാന്ദി കുറിക്കുന്നു. സാന്‍ ആന്റോണിയോ, ടെക്‌സാസിലെ 8333 ബ്രവുണ്‍ റോഡില്‍ നിര്‍മ്മിച്ചിരിക്കുന്ന പുതിയ ദേവാലയം സീറോ-മലബാര്‍ ചിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പ്രധാന കാര്‍മ്മികത്വത്തിലും ചിക്കാഗോ ചാന്‍സലര്‍ ഫാ.സെബാസ്റ്റ്യന്‍ വേത്താനത്ത്, മിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് സി. ജോര്‍ജ്, വൈദീക ശ്രേഷ്ഠര്‍, കന്യാസ്ത്രീകള്‍, എന്നിവരുടെ സാന്നിധ്യത്തിലുമായി നവംബര്‍ 9, ശനിയാഴ്ച വൈകുന്നേരം 3.30ന് കൂദാശ ചെയ്തു ഇടവകയായി സീറോ മലബാര്‍ സഭയ്ക്ക് സമര്‍പ്പണം ചെയ്യുകയാണ്.

സാന് ആന്റോണിയോ സീറോ മലബാര്‍ സഭാംഗങ്ങളുടെ ചിരകാലാഭിലാക്ഷമാണ് ദേവാലയ കൂദാശയിലൂടെ പൂവണിയുന്നത്. 2004 ല്‍ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയിലൂടെ ആരംഭിച്ച് വിശ്വാസികളുടെ ഒത്തൊരുമയും സമര്‍പ്പണ പ്രാര്‍ത്ഥയും കഠിനാദ്ധ്വാനവും വിശ്വാസ തീക്ഷതയും അര്‍പ്പണമനോഭാവവും കൈമുതലായിരുന്നു ഈ കൂട്ടായമയുടെ മുഖമുദ്ര.

2006 ഫെബ്രുവരിയില്‍ ഡാളസ് ഫോറോനാ മേഖലയിലെ സാന്‍ ആന്റോണിയോയിലുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്കായി വിശുദ്ധ തോമസ് ശ്ലീഹായുടെ നാമധേയത്തില്‍ ബിഷപ് മാര്‍ അങ്ങാടിയത്ത് പുതിയ മിഷന് അനുമതി നല്‍കി. ഫാ. പ്രിന്‍സ് കുരുവിള ആയിരുന്നു മിഷന്റെ ആദ്യ ഡയറക്ടര്‍. സമര്‍പ്പിത ശുശ്രൂഷയിലൂടെ സെയിന്റ് തോമസ് സീറോ മലബാര്‍ മിഷനെ ശൈശവത്തില്‍ സേവിച്ച ഫാ. അഗസ്റ്റിന്‍ കിഴക്കേടം, ഫാ.ജെയിംസ് പുത്തന്‍ പറമ്പില്‍ എന്നീ വൈദീകരുടെ സേവനം മിഷന്റെ ത്വരിത വളര്‍ച്ചക്ക് സഹായകമായി.

പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ നിന്ന് സാന്‍ ആന്റോണിയോ ആര്‍ച്ച് ഡയോസിന്റെ കീഴിലുള്ള സെയിന്റ് ലുക്ക് ദേവാലയത്തിലേക്ക് താല്‍ക്കാലിക ആരാധനാ അവസരം ലഭിച്ചത് മിഷനെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ പുതിയ കാല്‍വെയ്പ്പായിരുന്നു. സ്വന്തമായി സ്ഥലം വാങ്ങി മനോഹരമായ ഒരു ദേവാലയം നിര്‍മ്മിക്കുവാന്‍ പാരിഷ് കമ്മിറ്റി 2010-ല്‍ തീരുമാനിക്കുകയുണ്ടായി. 2011 ല്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ദേവാലയത്തിന്റെ തറക്കല്ലിട്ടതോടുകൂടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മിഷന്റെ പുതിയ ഡയറക്ടര്‍ ഫാ.ജോര്‍ജ് സി. ജോര്‍ജിന്റെ പ്രശംസനീയമായ നേതൃപാടവവും ദീര്‍ഘവീക്ഷണവും അര്‍പ്പണമനോഭാവവും ഒന്നുകൊണ്ടുമാത്രമാണ് പുതിയ ദേവാലയം പടുത്തുയര്‍ത്താന്‍ സാധിച്ചത്.

പതിനേഴ് കുടുംബങ്ങള്‍ മാത്രം ഉള്ള ഈ ചെറിയ സീറോ മലബാര്‍ മിഷന്‍ ദേവാലയ നിര്‍മ്മാണത്തിനായി പണം കണ്ടെത്തുന്നതിനു ഫാ.ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ രൂപതയുടെ കീഴിലുള്ള മറ്റു സീറോ മലബാര്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു കാര്‍ റാഫിളിലൂടെ റിക്കാര്‍ഡ് കളക്ഷനായ രണ്ടു ലക്ഷം ഡോളര്‍ സ്വരൂപിക്കാനായത് ദേവാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയും പുത്തന്‍ ഉണര്‍വും പകര്‍ന്നു.

സീറോ മലബാര്‍ സഭയ്ക്ക് അഭിമാനകരമാം വിധം സാന്‍ ആന്റോണിയോയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഹാളും, ഗസ്റ്റ് റൂമും, ഓഫിസ്, സ്റ്റോറേജ്, കിച്ചന്‍, ഓഡിയോ-വിഷന്‍ കണ്‍ട്രോള്‍ റൂം എന്നീ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. അന്‍പതില്‍പരം ഹെരിറ്റേജ് മരങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ ദേവാലയത്തിനു അതിവിശാലവമായ കാര്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത് ദേവാലയത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.

നവംബര്‍ 9ന് വൈകീട്ട് 3.30ന് മാര്‍ ജേക്കബ് അങ്ങാടിയത്തിനും, വൈദീക ശ്രേഷ്ഠര്‍ക്കും കന്യാസ്ത്രീകള്‍ക്കും മറ്റു വിശിഷ്ഠ അതിഥികള്‍ക്കും ഹൃദ്യമായ സ്വീകരണമാണ് ഇടവകാംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ന്നു നടക്കുന്ന ദേവാലയ കൂദാശയിലും ആഘോഷമായ പാട്ടു കുര്‍ബ്ബാനയിലും ദേവാലയ തിരുനാള്‍ പ്രദക്ഷണത്തിലും, സ്‌നേഹവിരുന്നിലും പങ്കെടുത്തു വിശുദ്ധ തോമസ് ശ്ലീഹായുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ജാതിമത സമുദായ ഭേദമെന്യേ എല്ലാവരേയും ക്ഷണിക്കുന്നു. കൂദാശയുടേയും മറ്റു ആഘോഷങ്ങളുടെയും കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍ ഫാ.ജോര്‍ജ് സി ജോര്‍ജ് :210-749-7076, ട്രസ്റ്റി ബിനു ജോര്‍ജ്: 954-558- 6952, സെക്രട്ടറി മെസ്മിന്‍ സേവ്യര്‍ :210-464- 3193 എന്നീ  നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. കമ്മിറ്റി അംഗം സാബു കളപ്പുരയ്ക്കല്‍ ആണ് കൂദാശാ ശുശ്രൂഷയുടെ വിശദമായ വിവരങ്ങള്‍ നല്‍കിയത്.



സാന്‍ ആന്റോണിയോ സീറോ മലബാര്‍ ദേവാലയ കൂദാശ നവംബര്‍ 9ന്
സാന്‍ ആന്റോണിയോ സീറോ മലബാര്‍ ദേവാലയ കൂദാശ നവംബര്‍ 9ന്
Bishop Mar Jacob Angadiath
സാന്‍ ആന്റോണിയോ സീറോ മലബാര്‍ ദേവാലയ കൂദാശ നവംബര്‍ 9ന്
Rev.Fr.George C George
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക