Image

മരിക്കുന്നതിന്‌ മുമ്പ്‌ ജാക്‌സന്‍ മരുന്നു കുത്തിവച്ചിട്ടില്ലെന്ന്‌ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 21 October, 2011
മരിക്കുന്നതിന്‌ മുമ്പ്‌ ജാക്‌സന്‍ മരുന്നു കുത്തിവച്ചിട്ടില്ലെന്ന്‌ (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌: പോപ്പ്‌ ഇതിഹാസം മൈക്കല്‍ ജാക്‌സന്‍ മരിക്കുന്നതിനു മുന്‍പു സ്വയം മയക്കുമരുന്നു കുത്തിവച്ചിട്ടില്ലെന്നു മെഡിക്കല്‍ വിദഗ്‌ധന്‍. കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോക്‌റ്റര്‍ സ്റ്റീവന്‍ ഷാഫെര്‍ ആണ്‌ വിചാരണ കോടതിയില്‍ ഇക്കാര്യമറിയിച്ചത്‌. ജാക്‌സന്റെ പഴ്‌സണല്‍ ഡോക്‌ടര്‍ കൊണാര്‍ഡ്‌ മുറെ വിചാരണ വേളയില്‍ നല്‍കിയ മൊഴി ഡോക്‌ടര്‍ ഷാഫെര്‍ തള്ളി. ഇതു സംബന്ധിച്ച രേഖാമൂലമുള്ള അഭിപ്രായങ്ങള്‍ ഡോക്‌ടര്‍ ഷെഫര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഐവി പ്രൊപൊഫോള്‍ ഡ്രിപ്പ്‌ അമിതാമിയി കുത്തിവെച്ചതാണ്‌ ജാക്‌സന്റെ മരണത്തിന്‌ ഇടയാക്കിയത്‌. ഈ സമയം ഡോക്‌ടര്‍ മുറെ മുറിക്കു പുറത്തായിരുന്നു. 100 മില്ലി ലിറ്റര്‍ പ്രൊപൊഫോള്‍ ജാക്‌സനു നല്‍കി. എന്നാല്‍ 25 മില്ലി ലിറ്റര്‍ ആയിരുന്നു നല്‍കേണ്‌ടത്‌. ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ വരവു പ്രൊപൊഫോള്‍ തടയുകയും തുടര്‍ന്നു മരണം സംഭവിക്കുകയും ചെയ്‌തിരിക്കാമെന്നു ഡോക്‌ടര്‍ ഷെഫര്‍ കോടതിയില്‍ ചൂണ്‌ടിക്കാട്ടി.

കൂടാതെ പ്രൊപൊഫോള്‍ ഡ്രിപ്പ്‌ കോടതിയിലെത്തിച്ചു തന്റെ വാദം ഡോക്‌ടര്‍ ഷാഫെര്‍ സമര്‍ഥിച്ചു. എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ഡോക്‌റ്റര്‍ മുറെ കോടതിയില്‍ നിഷേധിച്ചു. ജാക്‌സന്‍ ഉയര്‍ന്ന അളവില്‍ മയക്കുമരുന്നു കുത്തിവച്ചിരിക്കാമെന്നു മുറെ അന്വേഷണ വേളയില്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

ഇന്ത്യന്‍ വംശജക്ക്‌ മരണാനന്തരം യു.എസ്‌ സിറ്റിസണ്‍സ്‌ മെഡല്‍

വാഷിംഗ്‌ടണ്‍: ഇന്ത്യന്‍ വംശജയായ പൗരാവകാശ പ്രവര്‍ത്തക വിജയ എമണിയ്‌ക്ക്‌ മരണാനന്തര ബഹുമതിയായി യുഎസിലെ ഉന്നത സിവിലയന്‍ പുരസ്‌കാരമായ പ്രസിഡന്റിന്റെ സിറ്റസണ്‍സ്‌ മെഡല്‍ നല്‍കി വൈറ്റ്‌ ഹൗസ്‌ ആദരിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനുവേണ്‌ടി വിജയ നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌ വിജയയെ മരണാനന്തരം മെഡലിന്‌ അര്‍ഹനാക്കിയത്‌.

ഇന്ത്യന്‍ അമേരിക്കന്‍ സ്‌ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ്‌ വിജയയെ ശ്രദ്ധേയയാക്കിയത്‌. 2009 ജനുവരി 15നാണ്‌ ഒരു റോഡപകടത്തിലാണ്‌ വിജയ മരിച്ചത്‌. മറ്റുള്ളവരെ സഹായിക്കാന്‍ മെഡലിന്‌ അര്‍ഹരായ 13 പേരും കാണിച്ച ധീരതയെ ഒബാമ അഭിനന്ദിച്ചു. അയല്‍ക്കാരനെ സഹായിക്കാന്‍ ഇവര്‍ കാട്ടിയ ധീരതയും മഹാമനസ്‌കതയും മറ്റുളവര്‍ക്കും പാഠമാകേണ്‌ടതാണെന്ന്‌ ഒബാമ പറഞ്ഞു.

പാക്കിസ്‌ഥാനിലെ തീവ്രവാദ താവളങ്ങള്‍ പൊറുക്കില്ലെന്ന്‌ യുഎസ്‌

വാഷിംഗ്‌ടണ്‍ പാക്കിസ്‌ഥാനില്‍ തീവ്രവാദികള്‍ക്കു സുരക്ഷിത താവളങ്ങള്‍ ഉണ്‌ടാകുന്നതു യുഎസ്‌ പൊറുക്കില്ലെന്നു യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍. തീവ്രവാദികളെ ഇന്ത്യക്കെതിരെ ആയുധമാക്കുന്നതിനു പാക്കിസ്‌ഥാന്റെ ഒരു ന്യായീകരണവും സ്വീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിനോടു സംസാരിക്കുകയായിരുന്നു ഹിലരി. വിഷപാമ്പുകളെ പിന്നില്‍ നിര്‍ത്തി അയല്‍ രാജ്യങ്ങള്‍ക്കെതിരെ പോരാടുമ്പോള്‍ പാമ്പുകള്‍ അയല്‍ക്കാരെ മാത്രമല്ല കടിക്കുകയെന്ന്‌ പാക്കിസ്ഥാന്‍ ഓര്‍ക്കണമെന്നും ഹിലരി പറഞ്ഞു.

കാബൂളിലെ യുഎസ്‌ എംബസിക്കു നേരെ ഹഖാനി ഗ്രൂപ്പ്‌ നടത്തിയ ആക്രമണം യുഎസ്‌ അടക്കമുള്ള വിദേശ ശക്‌തികള്‍ക്കു നേരെ യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണ്‌. പാക്കിസ്‌ഥാനിലെ സുരക്ഷിത താവളങ്ങളിലിരുന്നാണ്‌ ഇവര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്‌. ഇതു നോക്കിനില്‍ക്കാന്‍ യുഎസിനാവില്ലെന്നും ഹിലരി പറഞ്ഞു. ഇക്കാര്യത്തില്‍ പാക്കിസ്‌ഥാന്റെ ഭാഗത്തു നിന്നു കൂടുതല്‍ സഹകരണമാണു യുഎസ്‌ പ്രതീക്ഷിക്കുന്നതെന്നും ഹിലരി കൂട്ടിച്ചേര്‍ത്തു.

ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിന്റെ വിഡിയോ പുറത്ത്‌

ഷിക്കാഗോ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ എഫ്‌ബിഐ ചോദ്യം ചെയ്യുന്നതിന്റെ വിഡിയോ ടേപ്പുകള്‍ മാധ്യമങ്ങള്‍ക്കു നല്‍കി. കോടതിയില്‍ പ്രദര്‍ശിപ്പിച്ച ഭാഗം മാത്രമാണ്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌. മാധ്യമങ്ങള്‍ കോടതിക്കു നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ്‌ വിഡിയോ പരിശോധിക്കാന്‍ അനുമതി നല്‍കിയത്‌. അതേസമയം ചോദ്യം ചെയ്യലിന്റെ നിര്‍ണായക ടേപ്പുകള്‍ എവിടെയന്നത്‌ ഇപ്പോഴും അജ്ഞാതമാണ്‌.

ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിന്റെ രണ്‌ടു ലഘു ചേപ്പുകള്‍ മാത്രമാണ്‌ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്‌. ഇവയാണ്‌ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌. ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിന്റെ മുഴുവന്‍ വീഡിയോയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ `ഫ്രണ്‌ട്‌ലൈന്‍' എന്ന സംഘടന കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ എഫ്‌ബിഐ ഇതിനെ കോടതിയില്‍ എതിര്‍ക്കുകയായിരുന്നു.

ഗദ്ദാഫിയുടെ മരണം: ഹിലരിക്ക്‌ ആശ്ചര്യം

ന്യൂയോര്‍ക്ക്‌: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫി വധിക്കപ്പെട്ടു എന്ന്‌ അറിഞ്ഞപ്പോള്‍ യുഎസ്‌ വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം `വൗ' എന്ന ഒറ്റവാക്കില്‍ ഒതുങ്ങി. തന്റെ ബ്ലാക്‌ബെറി ഫോണിലൂടെയാണ്‌ ഗദ്ദാഫിയുടെ മരണവാര്‍ത്ത ഹിലരി ആദ്യം അറിഞ്ഞത്‌. മരണവാര്‍ത്ത ആറിയുമ്പോള്‍ ഹിലാരി കാബൂളിലായിരുന്നു. ഇന്നലെയാണ്‌ വിമതസൈന്യം ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയെ വധിച്ചത്‌. അതേസമയം പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ യുഎസിനെ അസംതൃപ്‌തയായ അമ്മായി അമ്മയോട്‌ ഉപമിച്ചത്‌ സദസ്യരിലും ഹിലരിയിലും ചിരിപൊട്ടാന്‍ ഇടയാക്കി. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ്‌ പാക്‌-അമേരിക്ക ബന്ധത്തില്‍ ഇപ്പോഴുണ്‌ടായ ഉലച്ചിലെ പരാമര്‍ശിച്ച്‌ ഒരു യുവതി യുഎസിനെ അസംതൃപ്‌തയായ അമ്മായി അമ്മയായി ഉപമിച്ചത്‌.

ജോര്‍ജ്‌ ബുഷിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ കാനഡയില്‍ പ്രതിഷേധം

ഒട്ടാവ: യുദ്ധക്കുറ്റങ്ങളുടെ പേരില്‍ മുന്‍ യുഎസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ കാനഡിയില്‍ പ്രതിഷേധം. സറേ റീജിയണല്‍ എക്കോണമിക്‌ സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്താനായി ജോര്‍ജ്‌ ബുഷും അദ്ദേഹത്തിന്റെ മുന്‍ഗാമി ബില്‍ ക്ലിന്റണും വ്യാഴാഴ്‌ചയാണ്‌ കാനഡിയിലെത്തിയത്‌. ബുഷിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ നൂറു കണക്കിനാളുകളാണ്‌ അദ്ദേഹം താമസിക്കുന്ന ഷെറട്ടണ്‍ ഗില്‍ഡ്‌ഫോര്‍ഡ്‌ ഹോട്ടലിന്‌ മുന്നലില്‍ പ്രതിഷേധ പ്രകടനം നടത്തിയത്‌.

ബുഷിനെ അറസ്റ്റു ചെയ്യണമെന്ന്‌ പ്രമുഖ മുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റെര്‍നാഷണലും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം കനേഡിയന്‍ ഭരണകൂടം തള്ളുകയായിരുന്നു. ഇറാഖിനെതിരായ അനധികൃത യുദ്ധം, യുദ്ധക്കുറ്റവാളികളെ ഗ്വാണ്‌ടനോമോ ജയില്‍ പീഡിപ്പിച്ചത്‌ തുടങ്ങിയ സംഭവങ്ങളുടെ പേരിലാണ്‌ ബുഷിനെ അറസ്റ്റു ചെയ്യണമെന്ന്‌ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്‌. ഇരുന്നൂറോളം പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക