Image

ആ കല്ലേറ്‌ മുഖ്യന്‌ മാത്രമല്ല പിണറായിക്ക്‌ കൂടിയുള്ളതാണ്‌...

ജയമോഹനന്‍. എം Published on 27 October, 2013
ആ കല്ലേറ്‌ മുഖ്യന്‌ മാത്രമല്ല പിണറായിക്ക്‌ കൂടിയുള്ളതാണ്‌...
ഒറ്റ ദിവസം കൊണ്ട്‌ കേരളത്തിലെമ്പാടുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ ഒരു ധീര രക്ഷസാക്ഷി പരിവേഷം കിട്ടിയിരിക്കുകയാണ്‌. ഇത്രയും നാള്‍ സോളാര്‍ ചാണ്ടി, സരിതാ ചാണ്ടി, ഗണ്‍മോന്‍ചാണ്ടി എന്നൊക്കെ വിളിച്ച്‌ കളിയാക്കിയിരുന്നവര്‍ പോലും ഉമ്മന്‍ചാണ്ടിയോട്‌ അനുതാപം പ്രകടിപ്പിച്ചിട്ടുണ്ടാകണം. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത വിധം ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ്‌ പരുക്കേല്‍പ്പിച്ചുവെന്നത്‌ മലയാളിയുടെ പൊതുബോധത്തിന്‌ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അതൊരു യഥാര്‍ഥ്യം തന്നെയാണെന്ന്‌ വരും ദിവസങ്ങള്‍ ബോധ്യപ്പെടുത്തുക തന്നെ ചെയ്യും. ഉമ്മന്‍ചാണ്ടിക്കെതിരെ കരിങ്കൊടി പ്രകടനവുമായി നടക്കുന്ന ഇടതുപക്ഷത്തോടുള്ള ജനങ്ങളുടെ അനുഭാവം ഇടതുപക്ഷ ശക്തികേന്ദ്രങ്ങളില്‍പ്പോലും ഇനി ഉമ്മന്‍ചാണ്ടിയോടുള്ള അനുകമ്പയായി മാറുമെന്ന്‌ ഉറപ്പ്‌.

സംഭവത്തെ സിപിഎം, സിപിഐ കക്ഷികള്‍ അടക്കം , എന്തിന്‌ പിണറായിയും വി.എസുമടക്കം തള്ളിപ്പറയുകയും കണ്ണൂരിലെ ജയരാജന്‍മാര്‍പോലും ഇത്‌ തങ്ങളല്ല ചെയ്‌തത്‌ എന്ന്‌ പറയുകയും ചെയ്യുന്നതിന്‌ കാരണവും മറ്റൊന്നല്ല. ഉന്നം പഴിക്കാതെ നെറുകയില്‍ കൊണ്ട ആ കല്ല്‌ ഉമ്മന്‍ചാണ്ടിക്ക്‌ വലിയൊരു പിടിവള്ളിയായിരിക്കുന്നുവെന്ന്‌ ഇടതുപക്ഷം തീര്‍ച്ചയായും മനസിലാക്കുന്നുണ്ടാവും. അതുകൊണ്ടു തന്നെ ഇടതുപക്ഷം കല്ലേറിനെ അപലപിക്കുകയും ചെയ്‌തു. അങ്ങനെ കോണ്‍ഗ്രസ്‌ നേതാക്കളും ഇടതുകാരും സകല മലയാളികളും കല്ലേറിനെ അപലപിക്കുമ്പോഴും ചാനല്‍ ചര്‍ച്ചയിലെ സ്ഥിരം ക്ഷണിതാവായ രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീ. അഡ്വക്കേറ്റ്‌ ജയശങ്കര്‍ കല്ലെറിഞ്ഞ സഖാവിനെ അഭിനന്ദിക്കുകയാണ്‌. ഉന്നം പിഴയ്‌ക്കാതെ എറിഞ്ഞ സഖാവിന്‌ നമോവാകം, മിടുക്കന്‍, ആണ്‍കുട്ടി എന്നിങ്ങനെ പോകുന്നു മാതൃഭൂമി ചാനലില്‍ ചര്‍ച്ചെക്കെത്തിയ ജയശങ്കറിന്റെ കല്ലേറുകാരനോടുള്ള പുകഴ്‌ത്തല്‍. വെറുമൊരു തമാശക്ക്‌ ഇത്‌ പറയുകയായിരുന്നില്ല ജയശങ്കര്‍. മറിച്ച്‌ ഉമ്മന്‍ചാണ്ടി കല്ലേറ്‌ കൊള്ളേണ്ടവന്‍ തന്നെയാണെന്നും, ഇനിയും ഇതുപോലെ നല്ല വലിയ ഉരുളന്‍ കല്ലുകള്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ തലയില്‍ എറിഞ്ഞു കൊള്ളിക്കണമെന്നും രാഷ്‌ട്രീയനിരീക്ഷന്‍ ജയശങ്കര്‍ പരസ്യമായി ആഹ്വാനം ചെയ്‌തു. അങ്ങനെ പറയുന്നതില്‍ അദ്ദേഹത്തിന്‌ ഒരു കുറ്റബോധമോ, പശ്ചാത്തപമോ ഇല്ല.

എന്നാല്‍ ഇവിടെ ജയശങ്കറിന്റെ നിരീക്ഷണത്തെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തിയാല്‍ വരാന്‍ പോകുന്ന ദിവസങ്ങളില്‍ സംഭവിക്കാന്‍ പോകുന്നത്‌ ഇത്തരം കല്ലേറുകള്‍ തന്നെയാണെന്ന്‌ മനസിലാക്കാം. കണ്ണൂരില്‍ നടന്ന സംഭവം തന്നെ ശ്രദ്ധിച്ചു നോക്കിയാല്‍ ഈ കല്ലേറിന്‌ പിന്നിലെ വികാരം മനസിലാക്കാവുന്നതേയുള്ളു. കല്ലെറിഞ്ഞത്‌ ഏതോ വികാരം മൂത്തു നിന്ന സഖാവായിരിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. അയാളുടെ വികാരം എന്തായാരുന്നു അല്ലെങ്കില്‍ ലക്ഷ്യമെന്തായിരുന്നു എന്നു മാത്രമേ നാം മനസിലാക്കേണ്ടതുള്ളു.

സിപിഎം ആരോപിക്കുന്നത്‌ പോലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ്‌ വഴക്കോ, സുധാകരന്‍ എം.പിയുടെ ഗുണ്ടകളോ സിപിഎം കരിങ്കൊടി പ്രകടനത്തിനുള്ളില്‍ നുഴഞ്ഞു കയറി കല്ലെറിഞ്ഞതാണ്‌ എന്നതൊന്നും ഒരു രീതിയിലും വിശ്വസത്തിലെടുക്കാന്‍ കഴിയുന്നതല്ല. കണ്ണൂരിലെ സിപിഎമ്മിനെ അറിയുന്ന എല്ലാവരും അവിടെ സിപിഎം തീരുമാനിക്കുന്നതിനപ്പുറം ഒന്നും നടക്കാന്‍ പോകുന്നില്ല എന്ന്‌ വ്യക്തമായി അറിയുന്നവരാണ്‌. അവരുടെ ഒരു പ്രകടനത്തിനിടയില്‍ നുഴഞ്ഞു കയറാന്‍ പോയിട്ട്‌ സിപിഎം പ്രകടനം നടത്തുന്നതിന്റെ നൂറുവാരെ അകലെ വന്നു നിന്ന്‌ നോക്കാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടാകില്ല. സുധാകരന്റെ ഗുണ്ടകള്‍ക്കല്ല ഇനി സുധാകരന്‍ തന്നെ വിചാരിച്ചാലും അത്‌ കഴിയുകയുമില്ല. ഇനി കല്ലേറ്‌ എന്നത്‌ സിപിഎം പ്ലാന്‍ ചെയ്‌ത്‌ നടപ്പാക്കിയതാവാനും വഴിയില്ല. ഉമ്മന്‍ചാണ്ടിയുടെ നെറ്റിയില്‍ ചോരപൊടിച്ചുകൊണ്ട്‌ അദ്ദേഹത്തിന്‌ ഒരു രക്ഷസാക്ഷി പരിവേഷം നല്‍കാന്‍ സിപിഎമ്മിന്‌ താത്‌പര്യമുണ്ടാവില്ലല്ലോ. കല്ലേറ്‌ സത്യത്തില്‍ സിപിഎം നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കാനാണ്‌ വഴി.

ഇവിടെ സംഭവിച്ചത്‌ നാളുകളായി കരിങ്കൊടി പ്രകടനം നടത്തി വരുന്ന ഏതോ ഒരു പാവം തൊഴിലാളി സഖാവ്‌ മനസു മടുത്ത്‌ കല്ലുവലിച്ച്‌ എറിഞ്ഞതാവാനേ വഴിയുള്ളു. അയാള്‍ പാര്‍ട്ടിയുടെ ഒരു ബ്രാഞ്ച്‌ സെക്രട്ടറി പോലുമാവാന്‍ യാതൊരു സാധ്യതയുമില്ല. ഒരു പാവം അണി മാത്രമാകും എന്നതും തീര്‍ച്ച. എന്താവും അയാളുടെ കല്ലേറിന്‌ പിന്നിലെ ഉന്നം അല്ലെങ്കില്‍ ലക്ഷ്യം.

നാല്‌ അഞ്ച്‌ മാസമായി കണ്ടുവരുന്ന ശുദ്ധ തെമ്മാടിത്തരങ്ങള്‍ കണ്ട്‌ മനസ്‌ മടുത്തപ്പോഴുണ്ടായതാണ്‌ ആ ലക്ഷ്യം എന്ന്‌ മനസിലാക്കേണ്ടിയിരിക്കുന്നു. അയാളുടെ ഒരു വശത്ത്‌ ഉമ്മന്‍ചാണ്ടി എന്ന രാഷ്‌ട്രീയ എതിരാളി നാനാവിധ ആരോപണങ്ങളും കോടതി വിമര്‍ശനങ്ങളും വരെ ഏറ്റുവാങ്ങിയിട്ടും രാജിവെക്കാതെ നില്‍ക്കുന്നു. അയാളുടെ മറുവശത്ത്‌ ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിക്കാന്‍ ഒരു ഉദ്ദേശവുമില്ലാതെ സ്വന്തം പാര്‍ട്ടിയും പാര്‍ട്ടി ഉള്‍പ്പെടുന്ന ഇടതുമുന്നണിയും നടത്തുന്ന വഴിപാട്‌ സമരങ്ങള്‍ ഒരു നിത്യചടങ്ങ്‌ പോലെ ദിവസവും തുടരുന്നു. ഈ കരിങ്കൊടി പ്രകടനം തന്നെ നാലുമാസമായി തുടരുകയാണിപ്പോള്‍. അതായത്‌ കഴിഞ്ഞ 120ല്‍ അധികം ദിവസങ്ങളായി അണികളായ സഖാക്കള്‍ കരിങ്കൊടി കാണിച്ച്‌ തല്ലുമേടിക്കുകയാണ്‌. ഇതിനിടയില്‍ സെക്രട്ടറിയേറ്റ്‌ ഉപരോധമെന്ന ഒരു വലിയ നാടകം കൂടി കളിച്ച്‌ നാണം കെട്ടു. നാടായ നാടുമുഴുവനുമുള്ള സഖാക്കളെ തിരുവന്തപുരത്തേക്ക്‌ വിളിച്ചു വരുത്തി ഒരു ദിവസം കഴിഞ്ഞപ്പോള്‍ പറഞ്ഞ്‌ വീട്ടില്‍ വീട്ടു.

അതില്‍ പിന്നെ എന്നും മുഖ്യമന്ത്രി എവിടെപ്പോയാലും എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം കുറച്ച്‌ സഖാക്കള്‍ കരിങ്കൊടിയുമെടുത്ത്‌ ഇറങ്ങേണ്ടി വരുന്നു. പോലീസിന്റെ കൈയ്യില്‍ നിന്നും ന്യായമായി തല്ലുവാങ്ങേണ്ടി വരുന്നു. ഇതൊരു തുടര്‍ പ്രക്രിയയായി നാലു മാസമായി കേരളത്തിലങ്ങോളമിങ്ങോളം നടന്നു കൊണ്ടേയിരിക്കുന്നു. ഇതില്‍ ഭാഗഭാക്കാവേണ്ടി വരുന്ന ഒരാള്‍, ഇനി അയാള്‍ സാക്ഷാല്‍ മാലാഖയാണെങ്കില്‍പ്പോലും കല്ലുവലിച്ചെറിഞ്ഞു പോകും. ശരിക്കും ഉമ്മന്‍ചാണ്ടിയുടെ മുഖത്തേക്ക്‌ മാത്രമല്ല ആ കല്ല്‌ കൊണ്ടിരിക്കുന്നത്‌, അത്‌ പിണറായി വിജയന്റെയും വി.എസ്‌ അച്യുതാനന്ദന്റെയും പന്ന്യന്‍ രവീന്ദ്രന്റെയും മുഖത്തേക്ക്‌ കൂടിയാണ്‌. അടുത്ത ലോക്‌സഭാ ഇലക്ഷന്‍ വരേക്കും സോളാര്‍ വിഷയവും അനുബന്ധ സമര പരിപാടികളും ലൈവായി നിലനിര്‍ത്തി തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ്‌ ഇടതുപക്ഷം പ്രത്യേകിച്ചും സിപിഎം ശ്രമിക്കുന്നത്‌ എന്നതില്‍ ഇനി സംശയിക്കേണ്ടതില്ല. ലോക്‌സഭാ ഇലക്ഷന്‌ മുമ്പായി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നോ, ചിലപ്പോള്‍ അതു കഴിഞ്ഞും രാജിവെക്കണമെന്നോ അവര്‍ക്ക്‌ യാതൊരു നിര്‍ബന്ധവുമില്ല. അടുത്ത ലോക്‌സഭയില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടാനോ, ഒത്താല്‍ ഒരു മൂന്നാം മുന്നണിയുടെ ബദല്‍ സാധ്യത ആരായാനോ കാത്തിരിക്കുന്ന സിപിഎമ്മിന്‌ കേരളത്തില്‍ നിന്നും ആവശ്യം പരമാവധി എം.പിമാരെ നേടുക എന്നത്‌ മാത്രമാണ്‌. അതിന്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും വീണ്ടും കള്ളക്കേസുകളിലും അഴിമതികളിലും മുങ്ങി താഴണം. അതിനെയെല്ലാം സിപിഎം പ്രതിരോധിക്കുന്നു എന്ന ഇമേജ്‌ സൃഷ്‌ടിക്കുകയും വേണം. അതിനുള്ള നാടകമാണ്‌ എന്നും ഏതെങ്കിലും ജംഗ്‌ഷനില്‍ ഉമ്മന്‍ചാണ്ടിയെ കാത്ത്‌ കറുത്ത തുണിയുമായി നില്‍ക്കുന്ന സഖാക്കളുടെ സംഘം.

ഇപ്പോഴും കെടാതെ നില്‍ക്കുന്ന സോളാര്‍ കേസ്‌, സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ സലിംരാജിന്റെ പങ്ക്‌, ഇപ്പോള്‍ പുതുതായി അയാള്‍ ഭൂമിതട്ടിപ്പ്‌ നടത്തിയതിന്റെ തെളിവുകള്‍ ഇങ്ങനെ ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങള്‍ ദിനംപ്രതിയെന്നോണം ഉയര്‍ന്ന്‌ വരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓഫീസ്‌ നടത്തിയ മാഫിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന്‌ പകല്‍ പോലെ വെളിച്ചത്താണ്‌. സലിംരാജിനെ ഡി.ജി.പി പോലും ഭയപ്പെടുന്നോ എന്ന കോടതിയുടെ ചോദ്യം ഉമ്മന്‍ചാണ്ടിയോടുള്ള ചോദ്യമാണ്‌ എന്ന്‌ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാകും. ഏറ്റവുമൊടുവില്‍ എനിക്ക്‌ എന്റെ ഓഫീസുമായി യാതൊരു ബന്ധവുമില്ല എന്ന്‌ പറയേണ്ട വരുന്ന ഇന്ത്യ ചരിത്രത്തിലെ ആദ്യത്ത മുഖ്യമന്ത്രിയാവുന്നു ഉമ്മന്‍ചാണ്ടി. ഇനിയുമിങ്ങനെ കസേരിയില്‍ കടിച്ചുതൂങ്ങാതെ രാജിവെക്കുന്നത്‌ തന്നെയാണ്‌ ഉമ്മന്‍ചാണ്ടിക്ക്‌ നല്ലത്‌. അല്ലെങ്കില്‍ സിപിഎം ഉന്നത നേതാക്കളൊന്നും പ്ലാന്‍ ചെയ്‌തില്ലെങ്കിലും കരിങ്കൊടി കാണിച്ച്‌ മടുത്ത പാവം അണികള്‍ കല്ലെറിയും.

കരിങ്കൊടി പ്രകടനം കൂടി നിര്‍ത്തിയാല്‍ ഇനിയെന്ത്‌ സമരം ചെയ്യുമെന്ന്‌ സിപിഎമ്മിന്‌ അറിയാനും പാടില്ല. പക്ഷെ ഈ വഴിപാട്‌ സമരം തുടര്‍ന്നാല്‍ സിപിഎം അണികളെ നിയന്ത്രിക്കാന്‍ പിണറായി വിജയനും കഴിഞ്ഞെന്ന്‌ വരില്ല. അതിന്റെ സൂചനയാണ്‌ ആ കല്ലേറ്‌. യഥാര്‍ഥത്തില്‍ ആ കല്ലേറ്‌ ഉമ്മന്‍ചാണ്ടിക്ക്‌ മാത്രമല്ല പിണറായി വിജയനും കൂടിയാണ്‌.
ആ കല്ലേറ്‌ മുഖ്യന്‌ മാത്രമല്ല പിണറായിക്ക്‌ കൂടിയുള്ളതാണ്‌...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക