Image

സര്‍വ്വ പ്രേതങ്ങളുടെയും ഓര്‍മ്മ (ജോണ്‍ മാത്യു)

Published on 29 October, 2013
സര്‍വ്വ പ്രേതങ്ങളുടെയും ഓര്‍മ്മ (ജോണ്‍ മാത്യു)
ശരത്‌ക്കാലം മനോഹരമാണ്‌. അപ്പോള്‍ വേനലിന്റെ തീവ്രത കുറയുകയും പകല്‍ നമ്മുടെ പക്കല്‍നിന്നും വഴുതിവീണുകൊണ്ടിരിക്കുകയും ചെയ്യുന്നു. നേര്‍ത്ത മഴയുടെ സംഗീതത്തിന്റെയും അതിന്റെ താളത്തിന്റെയും അകമ്പടിയോടെ കുളിര്‍ക്കാറ്റില്‍ കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന സുവര്‍ണ്ണയിലകള്‍ കാതുകളില്‍ മരണമണി മുഴക്കുന്നു.

നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ പശ്ചാത്യ ക്രൈസ്‌തവസഭകള്‍ ആചരിക്കുന്ന ഒരു പെരുന്നാളുണ്ട്‌. എല്ലാ വിശുദ്ധന്മാരുടെയും ഓര്‍മ്മദിനം. അജ്ഞാതപടയാളികളുടെ സ്‌മരണദിനം എന്നു പറയുന്നതുപോലെ സുകൃത ജീവിതം നയിച്ച്‌ പൊതുവായി അറിയപ്പെടാത്തവരെയും കൂടെ ഒപ്പം ചേര്‍ത്തുകൊണ്ടുള്ള ഒരു നാള്‍. അതിനുശേഷം എല്ലാ ആത്മാക്കളുടെ ഓര്‍മ്മ വേറെയും. എന്നാല്‍ പാശ്ചാത്യദേശംമുഴുവന്‍ വിശ്വാസങ്ങള്‍ക്ക്‌ അതീതമായി ആചരിക്കുന്ന ഉത്സവമാണ്‌ `സുകൃതദിന'ത്തിന്‌ തലേന്നാള്‍. അതായത്‌ `സര്‍വ്വപ്രേത'ങ്ങളുടെയും എന്ന്‌ കണക്കാക്കപ്പെടുന്ന ദിനം. ശരത്‌ക്കാലത്തിന്‌ ഒത്തനടുക്കുതന്നെ പ്രേതങ്ങള്‍ക്ക്‌ ഒരു സായാഹ്നം വേര്‍തിരിച്ചിരിക്കുന്നത്‌ എന്തുകൊണ്ടും ഉചിതമായി. ആ ദിവസത്തിന്‌ കൊടുത്തിരിക്കുന്നത്‌ വെള്ള, കറുപ്പ്‌, ചെമ്മണ്ണ്‌ മുതലായ നിറങ്ങളും.

മലയാളത്തിനും വേണ്ടുന്നത്ര പ്രേതകഥകളുണ്ട്‌. വിജനവും നിബിഡവനങ്ങള്‍ ഇരുവശങ്ങളിലുമുള്ള ഊടുവഴികള്‍ ആത്മാക്കളോടനുബന്ധിച്ചുള്ള കഥകള്‍ക്കും ദുര്‍ഭൂതങ്ങള്‍ക്കും ഏറെ വാക്കുകള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌. ഓരോ സന്ദര്‍ഭത്തിലും ഉപയോഗിക്കേണ്ട പ്രാദേശിക വാക്കുകള്‍ പിന്നെയും. പിശാച്‌, ചെകുത്താന്‍ എന്നിവയ്‌ക്ക്‌ രൂപമില്ല, അത്‌ എവിടെയും ചേര്‍ക്കാം, സൗകര്യമനുസരിച്ച്‌! പക്ഷേ ഭൂതം, പ്രേതം തുടങ്ങിയവയ്‌ക്ക്‌ രൂപമില്ലെങ്കിലും ആധുനിക ചിത്രങ്ങളിലേതു പോലെ നേര്‍ത്ത എന്തോ ഒന്ന്‌ കല്‌പിച്ചുകൊടുക്കാന്‍ കഴിയും. തുടര്‍ന്ന്‌ താഴേക്കിടയിലേക്ക്‌ മനുഷ്യരോട്‌ കൂടുതല്‍ അടുത്ത യക്ഷി, മാടന്‍, മറുത, ഒടിയന്‍ മുതലായവയും, രാത്രി മീന്‍പിടുത്തക്കാരുടെ പ്രിയങ്കരനായ ഈനാംപീച്ചി വരെയുമുണ്ട്‌. ഈ വാക്കുകളുടെ ആന്തരാര്‍ത്ഥത്തിലേക്കൊന്നും ചര്‍ച്ചകൊണ്ടുപോകുന്നില്ല. നന്മയുടെ പ്രതീകം ദൈവം, തിന്മയുടെ പ്രതീകം പിശാച്‌ അതും മറ്റൊരു വിഷയം. `പ്രേതം' എന്ന വാക്കുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ മരണത്തിന്‌ ശേഷം ശരീരത്തില്‍നിന്നിറങ്ങി കറങ്ങിനടക്കുന്ന ഒരു രൂപമെന്നാണ്‌. ശുഭപ്രതീക്ഷ നല്‌കുന്ന പാവനമായ മരണാനന്തരമോക്ഷവും ഇവിടെ വിഷയമല്ല. എന്നാല്‍ അങ്ങനെയൊരു ചിന്തയുടെ ചുവടുപിടിച്ച്‌ ദുരാത്മക്കളുടെ കഥകള്‍ മനുഷ്യന്റെ പ്രകൃത്യാ ഉള്ള ഭയവുമായിക്കലര്‍ത്തി സൃഷ്‌ടിക്കപ്പെടുന്ന പ്രേതലോകത്തെപ്പറ്റി മാത്രമാണിവിടെ പറയുന്നത്‌. ജീവിതത്തിലെ നിര്‍ഭാഗ്യങ്ങളുമായി കൂട്ടിക്കെട്ടാന്‍ ഇതുപോലെ ചില കഥകള്‍ ആവശ്യവുമാണ്‌. ശവക്കോട്ടകളുമായി ബന്ധപ്പെടുത്തി ഈ അരൂപികള്‍ വിവിധ രൂപങ്ങള്‍ സ്വീകരിക്കുന്നുവെന്നാണ്‌ വെയ്‌പ്‌. ഭാവനയിലുള്ള ഈ ജീവികളുടെ പാശ്ചാത്യലോക ഇതിഹാസമാണ്‌ ബ്രാംസ്റ്റോക്കറുടെ `ഹൊറര്‍ ഒഫ്‌ ഡ്രാക്കുള.'

എന്നും മനുഷ്യനെ ഭയപ്പെടുത്തിയിരുന്നു മരണം, ഇന്നും അങ്ങനെതന്നെ. വിവിധ മതങ്ങളും തത്വശാസ്‌ത്രങ്ങളും ആ ഭയം ലഘൂകരിക്കുന്നതിനോ നിത്യപ്രതീക്ഷനല്‌കുന്നതിനോ ഉള്ള മാര്‍ഗ്ഗങ്ങളുമാണ്‌. എന്നാല്‍ ഈ പ്രേതകഥകള്‍ സാമാന്യജനത്തിന്‌ ഒരുപ്രതിവിഷം പോലെയാണ്‌, സത്യമല്ലെന്ന്‌ അറിയാമെങ്കിലും ആ അസത്യം കണ്ടിട്ട്‌ ഭയപ്പെടുക, എന്നിട്ട്‌ പേടിയകറ്റുക. ആനയുടെ കീഴെകൂടി നടത്തി കുട്ടികളുടെ പേടിമാറ്റുന്നതുപോലെ. പാശ്ചാത്യ ക്രൈസ്‌തവ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും സംഭാവനയാണ്‌ ഇന്നത്തെ പ്രേതകഥകള്‍ ഏറെയും, കുഴികുഴിച്ച്‌ ശവംമൂടിയിട്ട്‌ അതിനുമുകളില്‍ കല്ല്‌ കെട്ടിപ്പൊക്കുന്നത്‌ ഈ കഥകള്‍ക്ക്‌ ഊര്‍ജ്ജം നല്‍കി. ഭാരതത്തിലും മറ്റും മൃതദേഹം ദഹിപ്പിക്കുകയല്ലേ പതിവ്‌, അതുകൊണ്ട്‌ `ഓര്‍മ്മ' അത്രയൊന്നും നിലനില്‌ക്കുന്നില്ല. അഥവാ കുഴിച്ചുമൂടിയാലും അവിടെ കല്‌ക്കെട്ടുകള്‍ ഉയരുന്നുമില്ല. പൊതുവായ ശ്‌മശാനസ്‌മാരകങ്ങള്‍ പ്രേതകഥകള്‍ക്ക്‌ ആക്കം കൂട്ടുമെന്നാണ്‌ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്‌. മൃതദേഹം എങ്ങനെ സംസ്‌കരിക്കുന്നതാണ്‌ ഉത്തമമെന്ന ചോദ്യത്തിന്‌ ശ്രീനാരായണ ഗുരുവിന്റെ മറുപടി ഇവിടെ പ്രസക്തമാണ്‌, `അത്‌ ചക്കിലാട്ടി വാഴയ്‌ക്ക്‌ വളമാക്കിയേര്‌.'

പ്രേത സങ്കല്‌പങ്ങളില്‍ വെള്ള നിറത്തിന്‌ പ്രാധാന്യം ഏറെ. ഏതായാലും മരണശേഷം നിറങ്ങള്‍ക്ക്‌ കാര്യമൊന്നുമില്ലല്ലോ അമേരിക്കയിലെ പ്രേതകഥകളുടെ കേന്ദ്രം ലൂസിയാനാ സംസ്ഥാനമാണ്‌. വിശാലമായ തടാകങ്ങളും ചതുപ്പുനിലങ്ങളും, അവയുടെ തീരങ്ങളിലുള്ള പ്രൗഢഗംഭീരങ്ങളായ പ്ലാന്റേഷന്‍ വീടുകളും അതിന്റെ ഇരുടളഞ്ഞ ഇടനാഴികളും ആത്മാക്കള്‍ക്ക്‌ സൈ്വര്യവിഹാരം നടത്താന്‍ സഹായിക്കും. വീട്ടുമുറ്റത്തെ പടര്‍ന്ന്‌ പന്തലിച്ച, ആല്‍മരങ്ങളും. ജലപ്പരപ്പിലെ നിലാവും അതിനപ്പുറത്തുള്ള മൂടല്‍മഞ്ഞും ആത്മാക്കള്‍ക്ക്‌ പ്രിയപ്പെട്ടതാണുതാനും. ഒരു വിശ്വാസവും തെറ്റല്ല, കാരണം അത്‌ വിശ്വാസം മാത്രമാണ്‌ തെരഞ്ഞുപിടിച്ച ചില വിശ്വാസങ്ങള്‍മാത്രവും അന്ധമല്ല, കാരണം വിശ്വാസമായാല്‍ അത്‌ അന്ധമായരിക്കതന്നെവേണംതാനും. പ്രേതങ്ങളെ വകവരുത്തിയ ഒരു വ്യക്തിയെപ്പറ്റിക്കൂടി ഇവിടെ എഴുതിയേ തീരൂ. പ്രേതങ്ങള്‍ ഏറ്റവുമധികം ഭയപ്പെടുന്നത്‌ വെളിച്ചമാണ്‌. ആ വെളിച്ചം നമുക്ക്‌ വാരിക്കോരി കിട്ടുന്നതിന്‌ തുടക്കമിട്ട തോമസ്‌ അല്‍വ എഡിസന്റെ പേരാണ്‌ ഇവിടെ ഓര്‍മ്മിക്കുന്നത്‌. പക്ഷേ അദ്ദേഹത്തിന്റെ കര്‍മ്മമണ്‌ഡലമായിരുന്ന ഡിട്രോയ്‌റ്റിലാണ്‌ ഇന്ന്‌ പ്രേതങ്ങളുടെ ഉത്സവം രണ്ടുദിനങ്ങളിലേക്ക്‌ വ്യാപിച്ചിരിക്കുന്നത്‌.

ഈ കാലത്ത്‌ ലോകമെല്ലാം വൈദ്യുതി വിളക്കുകള്‍ നിറഞ്ഞുനില്‌ക്കുന്നതുകൊണ്ട്‌ പ്രേതങ്ങള്‍ ഒളിവിലാണ്‌. പുറത്തിറങ്ങാന്‍ ധൈര്യമെവിടെ? എങ്കിലും ഒക്‌ടോബര്‍ മുപ്പത്തിയൊന്നിന്‌ സന്ധ്യമയങ്ങിക്കഴിയുമ്പോള്‍, വിവിധ വേഷത്തിലും രൂപത്തിലുമുള്ള മുഖം മൂടിക്കാര്‍ നമ്മുടെ വാതില്‌ക്കല്‍ വന്ന്‌ മുട്ടുമ്പോള്‍ അവരെ നിരാശപ്പെടുത്താതിരിക്കുക. വേണ്ടുന്നത്ര ചോക്ലേറ്റ്‌ മിഠായികള്‍ കരുതിവെയ്‌ക്കുക, വാതില്‌ക്കല്‍ ഒരു മത്തങ്ങ `ജാക്ക്‌ ഒ ലാന്റേണ്‍' മുഖമായി തുരന്ന്‌ മെഴുകുതിരിയും കൊളുത്തിവെച്ചാല്‍ ഏറെ നന്ന്‌. ശ്‌മശാനങ്ങളുടെ മുദ്രാവാക്യംതന്നെ `ആറൈപി' എന്നാണ്‌ - റെസ്റ്റ്‌ ഇന്‌ പീസ്‌, പ്രേതങ്ങളേ സമാധാനമായി വിശ്രമിക്കൂ. എന്തായാലും `ഹാലോവിന്‍' രാത്രിയിലെ ആത്മാക്കള്‍ക്ക്‌ നന്മകള്‍ നേരുന്നു.
സര്‍വ്വ പ്രേതങ്ങളുടെയും ഓര്‍മ്മ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക