Image

ക്രൈസ്തവ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍: അല്മായ കമ്മീഷന്‍ നിവേദനം സമര്‍പ്പിച്ചു

Published on 31 October, 2013
ക്രൈസ്തവ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍: അല്മായ കമ്മീഷന്‍ നിവേദനം സമര്‍പ്പിച്ചു
യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ക്രൈസ്തവ സമൂഹം
വിലയിരുത്തണം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ക്രൈസ്തവ സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ ഒത്തുചേര്‍ന്നു വിലയിരുത്തണമെന്നും കൂട്ടായ ശ്രമങ്ങളുടെ അഭാവമാണ് അര്‍ഹതപ്പെട്ട പലതും നേടിയെടുക്കുവാന്‍ ഇന്ത്യയിലെ ക്രൈസ്തവ സമുദായത്തിന് സാധിക്കാത്തതെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഡല്‍ഹിയില്‍ സൂചിപ്പിച്ചു.  കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി കെ.റഹിമാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു വി.സി.സെബാസ്റ്റ്യന്‍.   

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചുവെന്നതിന്റെ പേരില്‍ ദളിത് ക്രൈസ്ത വര്‍ക്ക്  കാലങ്ങളായി നീതി നിഷേധിക്കുന്ന രീതി തുടരുകയാണ്.  ഇതിന് അന്ത്യമുണ്ടാകണം.  ദളിത് സമൂഹത്തിനുള്ള എല്ലാ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവര്‍ക്കും ലഭിക്കണമെന്നും ക്രൈസ്തവരുടെ പ്രത്യേകിച്ച് ദളിത് ക്രൈസ്തവരുടെ ജീവിത സാഹചര്യത്തെക്കുറിച്ച് പഠിക്കുവാന്‍ കമ്മിഷനെ നിയമിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

    ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവരുള്‍പ്പെടെ വിവിധ ന്യൂനപക്ഷവിഭാഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ജനസംഖ്യാനുപാധികമായ പ്രാതിനിധ്യം ലഭിക്കണമെന്നും നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു.  അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി പോലെ ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയും, ഹജ്ജ് സബ്‌സിഡി പോലെ ക്രൈസ്തവര്‍ക്ക് വിശുദ്ധസ്ഥല സന്ദര്‍ശനത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതുപോലെ സബ്‌സിഡി നല്‍കണമെന്നുമുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നിവേദനത്തില്‍ പരാമര്‍ശിച്ചു. റബറുള്‍പ്പെടെ കാര്‍ഷിക മേഖല വന്‍ തകര്‍ച്ച നേരിടുമ്പോഴും ക്രിയാത്മക അടിയന്തിര നടപടികള്‍ സ്വീകരിക്കാത്ത യുപിഎ സര്‍ക്കാര്‍ നിലപാട് ജനവഞ്ചനയാണെന്നും വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതികരണമുണ്ടാകുമെന്നും വി.സി.സെബാസ്റ്റ്യന്‍ ഡല്‍ഹിയില്‍ പറഞ്ഞു.


ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി

ക്രൈസ്തവ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍: അല്മായ കമ്മീഷന്‍ നിവേദനം സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക