Image

വിശ്വാസ്യത ഇന്നും പത്രങ്ങള്‍ക്ക്‌: ജോസ്‌ പനച്ചിപ്പുറം

Published on 02 November, 2013
വിശ്വാസ്യത ഇന്നും പത്രങ്ങള്‍ക്ക്‌: ജോസ്‌ പനച്ചിപ്പുറം
സോമര്‍സെറ്റ്‌, ന്യൂജേഴ്‌സി: ടിവിയും ഇന്റര്‍നെറ്റുമൊക്കെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും പത്രങ്ങള്‍ വിശ്വാസ്യതയുടെ കാര്യത്തില്‍ ഇന്നും ഒന്നാം സ്ഥാനത്ത്‌ തന്നെയാണെന്ന്‌ മലയാള മനോരമ അസോസിയേറ്റ്‌ എഡിറ്റര്‍ ജോസ്‌ പനച്ചിപ്പുറം. വിശ്വാസ്യതയും ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങളുമെല്ലാം പത്രങ്ങളുടെ പ്രചാരണത്തെ അനുദിനം വര്‍ദ്ധിപ്പിക്കുന്ന സ്ഥിതിയാണ്‌ ഇന്ത്യയില്‍ ഇപ്പോഴുള്ളത്‌.- ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക കോണ്‍ഫറന്‍സില്‍ `തൂലിക ചലിക്കുമ്പോള്‍' എന്ന വിഷയത്തെപ്പറ്റി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പത്രങ്ങളുടെ കാര്യത്തില്‍ അടിസ്ഥാന മാറ്റങ്ങളൊന്നുമില്ല. പലതരം മാധ്യമങ്ങള്‍ ഒരേ കുടക്കീഴില്‍ ഒന്നാകുന്ന രീതിയാണ്‌ ഇപ്പോള്‍ കണ്ടുവരുന്നത്‌. പത്രം, ടിവി, ഇന്റര്‍നെറ്റ്‌ എല്ലാം ഒരേ സംവിധാനത്തില്‍ വരുന്ന അവസ്ഥ.

അതുപോലെ തന്നെ പത്രങ്ങള്‍ `ഓഗ്‌മെന്റ
ഡ് റിയാലിറ്റി' എന്ന നൂതന വിദ്യയിലേക്ക്‌ കടക്കുന്നു. ഒരേ കാര്യത്തെപ്പറ്റി വിവിധ തരം മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങള്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഉപഭോക്താവിന്‌ ലഭ്യമാക്കുന്ന സംവിധാനമാണിത്‌. ഒരു `ഐക്കണ്‍' ക്ലിക്കുചെയ്‌താല്‍ വാര്‍ത്തയും വിവരങ്ങളും മള്‍ട്ടിമീഡിയ ഫയലുകളുമെല്ലാം ഒരുമിച്ചുതന്നെ ലഭ്യമാകുന്ന വിദ്യയാണിത്‌.

പ്രിന്റ്‌ മീഡിയ ലെഗസി മീഡിയ ആയി കരുതപ്പെടുന്നു. നൂറ്റാണ്ടുകളുടെ പൈതൃകം അവകാശപ്പെടാനുള്ള മാധ്യമം. ന്യൂയോര്‍ക്ക്‌
ടൈംസ്‌ പരസ്യം പറയുന്നത്‌, നിങ്ങള്‍ പത്രം വാങ്ങുകയല്ല മറിച്ച്‌ വിലയിരുത്തലും വിശകലനവും വിധിതീര്‍പ്പും വാങ്ങുകയാണെന്നാണ്‌.

തൊഴിലില്ലായ്‌മ വേതനത്തിനായി സാദാനന്ദന്‍ എന്ന സാധാരണക്കാരന്‍ നടത്തിയ പോരാട്ടം വിജയിക്കാന്‍ 30 വര്‍ഷമെടുത്ത കഥ അദ്ദേഹം പറഞ്ഞു. ആദ്യം മുതല്‍ അത്‌ സംബന്ധിച്ച വാര്‍ത്ത മനോരമ കൊടുത്തുകൊണ്ടിരുന്നെങ്കിലും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്‌ പ്രകാരം 25000 രൂപ എന്ന നിസാര സംഖ്യ 30 വര്‍ഷത്തിനുശേഷം നല്‍കാനാണ്‌ തീര്‍പ്പുണ്ടായത്‌. അതുതന്നെ തടസ്സപ്പെടുത്താന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. എസ്റ്റാബ്ലിഷ്‌മെന്റിനെതിരെ നടത്തിയ ഒരു ഒറ്റയാള്‍ സമരമായിരുന്നു സദാനന്ദന്റേത്‌. ഇത്തരം പോരാട്ടങ്ങളില്‍ സാധാരണക്കാരന്റെ പക്ഷത്ത്‌ നില്‍ക്കുകയാണ്‌ മാധ്യമങ്ങളുടെ കടമ. അതില്‍ നിന്നു മിക്ക മാധ്യമങ്ങളും പിന്‍തിരിഞ്ഞു നില്‍ക്കുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ എന്തും എഴുതാം. വിശ്വാസ്യത പ്രശ്‌നമല്ല. തിരുവനന്തപുരത്ത്‌ മഹാത്മാഗാന്ധി പ്രതിമയുടെ താഴെ അദ്ദേഹത്തിന്റെ പേര്‌ കൊത്തിവെച്ച അക്ഷരങ്ങളില്‍ ചിലത്‌ തകര്‍ന്നു എന്നൊരാള്‍ എഴുതിവിട്ടു. അന്വേഷിച്ചപ്പോള്‍ `നിശാഗന്ധി'യുമായി ബന്ധപ്പെട്ടതാണ്‌ വിഷയം. നിശാഗന്ധിയും ഇംഗ്ലീഷില്‍ എഴുതിയാല്‍ നിശ കഴിഞ്ഞാല്‍ ഗാന്ധി ആയി. അന്വേഷിച്ചില്ലെങ്കില്‍ അബദ്ധം പിണയും.

പരിചയമില്ലാത്തവര്‍ ഒരു ചരമ വാര്‍ത്ത തന്നാല്‍പോലും അതു ചെക്കുചെയ്‌തശേഷമേ കൊടുക്കാറുള്ളൂ. എങ്കിലും അബദ്ധങ്ങള്‍ പറ്റാറുണ്ട്‌. പക്ഷെ പത്രങ്ങളെ കബളിപ്പിക്കുക എളുപ്പമല്ല.

കാവ്യാമാധവന്റേയോ, മഞ്‌ജു വാര്യരുടേയോ വിവാഹമോചനമൊക്കെ ടിവിയിലും ഇന്റര്‍നെറ്റിലുമൊക്കെ ചൂടന്‍ ചര്‍ച്ചാവിഷയമായിരുന്നപ്പോഴും പത്രങ്ങള്‍ അനങ്ങിയില്ല. വ്യക്തിജീവിതത്തില്‍ കടന്നുകയറാന്‍ പത്രങ്ങള്‍ മടിക്കുന്നു. അല്ലെങ്കില്‍ മതിയായ കാരണങ്ങള്‍ വേണം.

പുതുതായി സ്വാതന്ത്ര്യം കിട്ടിയവര്‍ അതു ദുരുപയോഗം ചെയ്യുന്നതു പോലെയാണ്‌ ഇന്ത്യയില്‍ ഇപ്പോള്‍ ടിവിക്കാരുടെ സ്ഥിതി. സ്വകാര്യതയിലേക്ക്‌ കടന്നുകയറുകയും നിര്‍ബന്ധിച്ച്‌ ജനത്തെക്കൊണ്ട്‌ സംസാരിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവസ്ഥ ഇപ്പോഴും ടിവി രംഗത്തുണ്ട്‌.

മഞ്‌ജുവാര്യരേയും ദിലീപിനേയും കാത്ത്‌ ചാനലുകള്‍ കോടതി പരിസരത്ത്‌ കാത്തുനിന്നപ്പോള്‍ അവര്‍ കോയമ്പത്തൂരില്‍ ചികിത്സയിലാണെന്ന കാര്യം ശ്രീകണ്‌ഠന്‍ നായര്‍ അനുസ്‌മരിച്ചു. വിവാഹമോചനം
നന്നല്ലെന്നും പേരിനൊരു ഭര്‍ത്താവ്‌ ഉള്ളത്‌ നല്ലതാണെന്നും താന്‍ ഉപദേശിക്കുകയും ചെയ്‌തു. അതിനാല്‍ കുറെ കാലംകൂടി ഇങ്ങനെ പോകും.

പേരിനൊരു ഭര്‍ത്താവ്‌ എന്നു പറയുമ്പോള്‍ തന്നെ അതില്‍ മാനനഷ്‌ടകേസിനു അമേരിക്കയിലാണെങ്കില്‍ വകുപ്പുണ്ടെന്ന്‌ മോഡറേറ്ററായിരുന്ന ജോര്‍ജ്‌ ജോസഫ്‌ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ്‌ ന്യൂസ്‌ ഇന്ന്‌ പത്രങ്ങളില്‍ നിന്ന്‌ എടുത്തു മാറ്റപ്പെട്ടതായി ജോസ്‌ പനച്ചിപ്പുറം ചൂണ്ടിക്കാട്ടി. വാര്‍ത്ത സംഭവിക്കുമ്പോള്‍ തന്നെ ടിവി വഴിയും ഇന്റര്‍നെറ്റ്‌ വഴിയും ജനം അറിഞ്ഞിരിക്കും. അപ്പോള്‍ പിന്നെ അതിനപ്പുറത്തേക്കുള്ള വിവരങ്ങളാണ്‌ പത്രങ്ങള്‍ ഉറ്റുനോക്കുന്നത്‌. ഉദാഹരണത്തിന്‌ ബക്കിംഗ്‌ഹാം കൊട്ടാരത്തില്‍ നടന്ന തീപിടുത്തത്തിന്റെ കാര്യം അദ്ദേഹം വിവരിച്ചു. തീപിടിച്ചപ്പോള്‍ വിലപിടിച്ച ചിത്രങ്ങളും കത്തി. അതു പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കെല്‍പുള്ളയാള്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിലെ ക്യൂറേറ്ററാണ്‌. കയ്യോടെ അദ്ദേഹത്തെ കൊണ്ടുവന്നതു കാണിച്ച്‌ ഒരു പത്രം എക്‌സ്‌ക്ലൂസീവ്‌ റിപ്പോര്‍ട്ടാക്കി. അതിന്റെ അന്വേഷണത്തില്‍ 1930-ല്‍ ഇതേപോലെ ഒരു തീപിടുത്തം നടന്ന കാര്യം പുറത്തുവന്നു. അന്നത്തെ അധികൃതര്‍ ഇനിയൊരിക്കലും അവിടെ തീപിടിക്കില്ലെന്ന്‌ പറഞ്ഞു രാജ്യത്തെ വഞ്ചിക്കുകയായിരുന്നു എന്ന വിവരവും അവിടെ വെളിപ്പെട്ടു. ബ്രേക്കിംഗ്‌ ന്യൂസിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലില്‍ നടത്തുന്ന മീഡിയ ഇന്നു കാണാനില്ല.

പണ്ടൊക്കെ പത്രങ്ങളില്‍ വാര്‍ത്തയും ഫീച്ചറും മാത്രമായിരുന്നു. ഇന്ന്‌ ന്യൂസ്‌ പ്ലസ്‌ സ്റ്റോറികള്‍ എന്നായി- പനച്ചിപ്പുറം പറഞ്ഞു.

ബന്ദിനേയും ഹര്‍ത്താലിനേയുമൊക്കെ വാര്‍ത്താ മാധ്യമങ്ങളില്‍ കൊടുക്കാതിരുന്നാല്‍ അതു താനെ ഇല്ലാതാകുമെന്ന്‌ തമ്പി ആന്റണി പറഞ്ഞതിനോട്‌
ഏഷ്യാനെറ്റ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ വിനു ജോണ്‍ അനുകൂലിച്ചില്ല. മാധ്യമങ്ങളുടെ സഹായമില്ലാതെ തന്നെ ബന്ദ്‌ നടത്താന്‍ കെല്‍പ്പുള്ള സംഘടനകള്‍ കേരളത്തിലുണ്ട്‌. അതിനു പുറമെ വാര്‍ത്ത കൊടുത്തില്ലെങ്കില്‍ വിവരം അറിയാതെ എത്രയോ പേര്‍ അവിടെ വന്ന്‌ വലയും? വാര്‍ത്ത നേരത്തെ അറിഞ്ഞാല്‍ അതനുസരിച്ച്‌ അവര്‍ക്ക്‌ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം.

ഏതു മുതലാളി വിചാരിച്ചാലും വാര്‍ത്ത പൂഴ്‌ത്താനാവാത്ത സ്ഥിതിയാണ്‌ ഇപ്പോഴുള്ളതെന്നും വിനു ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയകളുടെ ശക്തിയാണ്‌ ചന്ദ്രലേഖ എന്ന വീട്ടമ്മയെ അംഗീകൃത ഗായികയാക്കിയതെന്ന്‌ ശങ്കരന്‍കുട്ടി ചൂണ്ടിക്കാട്ടി.

കഥയും നോവലും ഒക്കെ എഴുതുമ്പോഴാണ്‌ ഏറ്റവും സന്തോഷമെന്ന്‌ ജോസ്‌ പനച്ചിപ്പുറം പറഞ്ഞു. പത്രപ്രവര്‍ത്തനം ജോലിയാണ്‌. പത്രരംഗത്തു നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടതുകൊണ്ട്‌ ക്രീയേറ്റീവ്‌ റൈറ്റിംഗിന്‌ സമയം കുറയുന്നു എന്ന ദോഷമുണ്ട്‌.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ മനോരമ മുന്‍തൂക്കം നല്‍കുന്നുണ്ട്‌. അവയവങ്ങള്‍ മാറ്റിവെച്ചവരെപ്പറ്റിയുള്ള ഫീച്ചര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്‌.

മനു തുരുത്തിക്കാടന്‍, ഷാജി ജോര്‍ജ്‌, ശങ്കരന്‍കുട്ടി എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.
വിശ്വാസ്യത ഇന്നും പത്രങ്ങള്‍ക്ക്‌: ജോസ്‌ പനച്ചിപ്പുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക