Image

ഒരു വര്‍ഷത്തിനിടെ നാലു ലക്ഷത്തോളം പേരെ യുഎസ് നാടുകടത്തി. (അങ്കിള്‍സാം)

Published on 22 October, 2011
ഒരു വര്‍ഷത്തിനിടെ നാലു ലക്ഷത്തോളം പേരെ യുഎസ് നാടുകടത്തി. (അങ്കിള്‍സാം)
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലു ലക്ഷത്തോളം പേരെ യുഎസ് നാടുകടത്തി.
ന്യൂയോര്‍ക്ക് : നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ് സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ യുഎസ് നാടുകടത്തിയത് 3, 96, 906 വിദേശികളെ എട്ടു വര്‍ഷം മുമ്പ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിനു രൂപം നല്‍കിയശേഷമുള്ള റെക്കോര്‍ഡാണിത്.

ഇതില്‍ 2,16, 698 പേര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. 2008നെ അപേക്ഷിച്ച് ഇത് 89 ശതമാനം വര്‍ധനയാണ് ഇക്കുറി നാടുകടത്തപ്പെട്ടവരില്‍ 1, 1119 പേര്‍ കൊലപാതക കേസിലും 5,848 പേര്‍ ലൈംഗിക കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരാണ്.

ഈ വര്‍ഷം അവസാനം യുഎസ് സൈന്യം ഇറാഖ് വിടും: ഒബാമ
വാഷിംഗ്ടണ്‍ : ഈ വര്‍ഷം അവസാനത്തോടെ ഇറാഖില്‍ നിന്നു മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഒന്‍പതു വര്‍ഷം നീണ്ട അധിനിവേശത്തിനൊടുവിലാണ് യുഎസ് സൈന്യം ഇറാഖ് ദൗത്യം അവസാനിപ്പിക്കുന്നത്. ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലികിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഒബാമ ഇക്കാര്യം പ്രഖ്യാപിച്ചത്. ജോര്‍ജ് ബുഷ് യുഎസ് പ്രസിഡന്റായിരിക്കേയാണ് അമേരിക്കന്‍ സൈന്യം ഇറാഖില്‍ അധിനിവേശം നടത്തിയത്. നിലവില്‍ 39,000 യുഎസ് സൈനികരാണ് ഇറാഖിലുള്ളത്. സ്വതന്ത്ര രാഷ്ട്രമെന്ന നിലയ്ക്കു സുരക്ഷ നടപടികള്‍ നിയന്ത്രിക്കാന്‍ ഇറാഖി സൈന്യം സുസജ്ജമാണെന്ന് ഒബാമ പറഞ്ഞു.

വിജയകരമായ ഇറാഖ് ദൗത്യത്തിനു ശേഷം പൂര്‍ണ സംതൃപ്തിയോടെയാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാഖ് സര്‍ക്കാരിനു പൂര്‍ണ സഹായസഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ഒബാമ വാഗ്ദാനം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇറാഖില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് 165,000 യുഎസ് സൈനികരില്‍ നിന്നു ഇറാഖിലെ അമേരിക്കന്‍ സേനയുടെ എണ്ണം 39,000മായി കുറച്ചിരുന്നു. ഇറാഖ് ദൗത്യത്തില്‍ 4408 സൈനികരെയാണ് യുഎസിനു നഷ്ടമായത്.

ആന്‍ഡ്രോയിഡിനെ തകര്‍ക്കുമെന്ന് സ്റ്റീവ് ജോബ്‌സ് ശപഥം ചെയ്തിരുന്നു

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെ തകര്‍ക്കുമെന്ന്, അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ശപഥമെടുത്തിരുന്നതായി വെളിപ്പെടുത്തല്‍. സ്റ്റീവിന്റെ പുതിയ ജീവചരിത്രത്തിലാണ് ഈ വിവരമുള്ളതെന്ന് അസോസിയേറ്റ് പ്രസ്സ് (എ.പി) റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവചരിത്ര രചയിതാവായ വാള്‍ട്ടര്‍ ഐസക്‌സണോട് ആണ് സ്റ്റീവ് ഇക്കാര്യം പറഞ്ഞത്. ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റവുമായുള്ള ആന്‍ഡ്രോയിഡിന്റെ സാമ്യത്തെ 'വന്‍ കവര്‍ച്ച' എന്നാണത്രേ സ്റ്റീവ് വിശേഷിപ്പിച്ചത്. ആപ്പിളിന്റെ മുഴുവന്‍ പണവും ഉപയോഗിച്ചാണെങ്കിലും ആന്‍ഡ്രോയിഡിനെ തകര്‍ക്കാന്‍ താനാഗ്രഹിക്കുന്നതായി സ്റ്റീവ് പറഞ്ഞു.

ആന്‍ഡ്രോയിഡ് ഒഎസ് രംഗത്തെത്തുന്നതുവരെ ഗൂഗിളും ആപ്പിളും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനിന്നത്. അന്നത്തെ ഗൂഗിള്‍ മേധാവി എറിക് ഷിമിഡ്ത് 2006 മുതല്‍ 2009 വരെ ആപ്പിളിന്റെ ബോര്‍ഡില്‍ അംഗമായിരുന്നു. ആന്‍ഡ്രോയിഡ് രംഗത്തെത്തിയതിന് ശേഷം സ്റ്റീവും എറികും തമ്മില്‍ അകന്നു.

ആന്‍ഡ്രോയിഡിനെ തകര്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു. കാരണം അത് മോഷ്ടിച്ചുണ്ടാക്കിയ ഉത്പന്നമാണ്. അതിനെതിരെ ഞാനൊരു തെര്‍മോന്യൂക്ലിയര്‍ യുദ്ധത്തിന് പോലും ഒരുക്കമാണെന്നും ഐസക്‌സണോട് സ്റ്റീവ് പറഞ്ഞു. ആവശ്യമെങ്കില്‍ തന്റെ അവസാനശ്വാസം വരെയും അതിനായി ചെലവിടുമെന്നും സ്റ്റീവ് വ്യക്തമാക്കി. ആപ്പിളിന് ബാങ്കിലുള്ള 40 ബില്യണ്‍ ഡോളറിലെ അവസാന ചില്ലിയും താന്‍ ചെലവിടുമെന്നും സ്റ്റീവ് പറഞ്ഞു. ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ച് പത്തുമാസം കഴിഞ്ഞ് 2007
നവംബറിലാണ് ഗൂഗിള്‍ അതിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് പുറത്തിറക്കുന്നത്.

അതെ തുടര്‍ന്ന് ഗൂഗിളും ആപ്പിളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. ഗൂഗിളിന്റെ ചില പ്രോഗ്രാമുകളെ ആപ്പിള്‍ അതിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് തിരസ്‌ക്കരിച്ചു. പക്ഷേ, ആപ്പിളിന്റെ എതിര്‍പ്പിനിടയിലും ആന്‍ഡ്രോയിഡ് വളര്‍ന്നു. സാംസംഗും മോട്ടറോളയും സോണിയും ഉള്‍പ്പെടെ ഒട്ടേറെ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഫോണുകളിറക്കാന്‍ തുടങ്ങി. നിലവില്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് 48 ശതമാനമാണ് ആന്‍ഡ്രോയിഡിന്റെ വിഹിതം ഐഫോണിന്റേത് 19 ശതമാനവും.

വീഡിയോ ഗെയിമിനിടെ കരഞ്ഞ മകനെ കൊന്നു; യുവാവിന് 27 വര്‍ഷം തടവ്
വാഷിംഗ്ടണ്‍ : വീഡിയോ ഗെയിം കളിയുടെ ലഹരിയ്ക്കിടെ കരഞ്ഞുശല്യമുണ്ടാക്കിയ മകനെ നിഷ്ഠൂരം കൊലപ്പെടുത്തിയ 19കാരനായ പിതാവിനു 27 വര്‍ഷം തടവ്ശിക്ഷ. വീഡിയോ ഗെയിം കളിക്കുന്നതിനിടെ കരഞ്ഞു ശല്യമുണ്ടാക്കിയ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കുറ്റത്തിനാണ് യുഎസ് വംശജനായ ആന്‍ഡ്രൂ കെയ്ത്ത് ജോണ്‍സ്റ്റണ്‍ എന്ന യുവാവിനെയാണ് ടെന്നസി കോടതി ശിക്ഷിച്ചത്. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകമാണ് ജോണ്‍സ്റ്റണ്‍ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

വീഡിയോ ഗെയിം തടസപ്പെടുത്താന്‍ ശ്രമിച്ച മകനെ അപ്പോഴത്തെ ദേഷ്യത്തില്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോണ്‍സ്റ്റണ്‍ കോടതിയില്‍ സമ്മതിച്ചതായി ടെന്നസി ജില്ലാ സഹഅറ്റോര്‍ണി മൈക്ക് റാന്‍ഡില്‍സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ ഇതിനു സമാനമായ സംഭവത്തില്‍ 15 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവിനു കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചിരുന്നു. അമേരിക്കയില്‍ കുഞ്ഞിന്റെ മരണത്തിനു കാരണക്കാരനായതു സ്വന്തം പിതാവായപ്പോള്‍ ലണ്ടനില്‍ അമ്മയുടെ കാമുകനാണ് വീഡിയോ ഗെയിം തടസപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ അന്തകനായത്.


പ്രതിഷേധത്തിനിടയിലും മര്‍ഡോക് ന്യൂസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തി.

ന്യൂയോര്‍ക്ക് : ഓഹരി ഉടമകളുടെ പ്രതിഷേധത്തിനിടയിലും റൂപ്പര്‍ട്ട് മര്‍ഡോക് ന്യൂസ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തി. ന്യൂസ് കോര്‍പ്പറേഷനിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരി ഉടമകളായ സൗദി രാജകുടുംബത്തിന്റെ അല്‍വാലീദ് ബിന്‍ തലാലിന്റെ പിന്തുണയോടെയാണ് മര്‍ഡോക് ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തിയത്. മക്കളായ ജെയിംസ് മാര്‍ഡോക്കിനെയും ലക്ലാന്‍ മര്‍ഡോകിനെയും ഡയറക്ടര്‍മാരായി നിലനിര്‍ത്തുന്നതിലും റൂപ്പര്‍ട് മര്‍ഡോക് വിജയിച്ചു.

വെള്ളിയാഴ്ച ചേര്‍ന്ന ന്യൂസ് കോര്‍പ്പറേഷന്‍ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തലാണ് റൂപ്പര്‍ട് മര്‍ഡോക്കിന് രൂക്ഷ വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മര്‍ഡോക്കിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ഓഹരി ഉടമകള്‍ ആവശ്യപ്പെട്ടു. ബ്രിട്ടണിലെ ന്യൂസ് ഓഫ് ദ് വേള്‍ഡ് ഉള്‍പ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ നഷ്ടപരിഹാരമായി 4.8 മില്യണ്‍ ഡോളര്‍ നല്‍കേണ്ടിവന്നതാണ് ഓഹരി ഉടമകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ന്യൂസ് കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരമാണ് ന്യൂസ് ഓഫ് ദ് വേള്‍ഡ് ഫോണ്‍ വിവാദത്തില്‍ കമ്പനിക്ക് നല്‍കേണ്ടി വന്നത്.

യുഎസിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ട് സംഘടനയായ കാലിഫോര്‍ണിയ എംപ്ലോയീസ് റിട്ടയര്‍മെന്റ് സിസ്റ്റമാണ് മര്‍ഡോക്കിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഓഹരി ഉടമകളുടെ യോഗത്തില്‍ പ്രധാനമായും രംഗത്തുവന്നത്. മറ്റൊരു പ്രധാന ഓഹരി ഉടമകളായ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഇന്‍വന്‍സ്‌റ്‌മെന്റ് സര്‍വീസും മര്‍ഡോക്കിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഓഹരി ഉടമകളുടെ ആവശ്യം നിരസിച്ച മര്‍ഡോക്ക് പിഴവുകള്‍ തിരുത്തുമെന്ന് ഓഹരി ഉടമകള്‍ക്ക് ഉറപ്പു നല്‍കി.

ഒടുവില്‍ മിഷേല്‍ ഒബാമയും ട്വീറ്റ് ചെയ്തു.

ന്യൂയോര്‍ക്ക് : സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ വലയിലേക്ക് ഒരു സെലിബ്രറ്റി അതിഥി കൂടി. മറ്റാരുമല്ല യുഎസിന്റെ പ്രഥമ വനിത മിഷേല്‍ ഒബാമയാണ് ട്വിറ്ററില്‍ തന്റെ ആദ്യ ട്വീറ്റ് അടയാളപ്പെടുത്തിയത്. സൈനിക കുടുംബങ്ങളോട് അനുഭാവം പ്രകടിപ്പിക്കണമെന്നാവശ്യപ്പെട്ട് 'ജോയിനിംഗ് ഫോഴ്‌സസ്' എന്ന സംഘടനയ്ക്കുവേണ്ടിയാണ് മിഷേല്‍ ഒബാമ ട്വീറ്റ് ടെയ്തത്. സൈനിക കുടുംബങ്ങള്‍ നമ്മുടെ രാജ്യത്തെ കൂടി സേവിക്കുന്നവരാണ്. ജോയിനിംഗ് ഫോഴ്‌സസില്‍ ചേര്‍ന്നുകൊണ്ട് നമുക്ക് അവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം. ജോയിനിംഗ് ഫോഴ്‌സസില്‍ നിങ്ങളും ചേരൂ എന്നതായിരുന്നു മിഷേല്‍ ഒബാമയുടെ ആദ്യ ട്വീറ്റ്. ആദ്യ ട്വീറ്റ് ചെയ്ത ശേഷം കൈകള്‍ ഉയര്‍ത്തി ഞാനത് ചെയ്തു എന്നായിരുന്നു മിഷേലിന്‍രെ ആദ്യ പ്രതികരണം. മിഷേലിന്റെ ട്വീറ്റിന് സൈബര്‍ ലോകത്തു നിന്നും വന്‍വരവേല്‍പ്പാണ് ലഭിച്ചത്.

ഫേസ്ബുക്കിന്റെ പുതിയ മുഖത്തോട് ഉപയോക്താക്കള്‍ക്ക് മതിപ്പില്ല.

ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത ഫീച്ചേഴ്‌സുകളില്‍ ഉപയോക്താക്കള്‍ക്ക് വലിയ മതിപ്പില്ലെന്ന് സര്‍വ്വേ. പുതിയ ഫേസ്ബുക്ക് ഫീച്ചേഴ്‌സുകളോട് സോഡാഹെഡ്.കോം നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 86 ശതമാനം ഉപയോക്താക്കളും വിയോജിച്ചുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്ക് അതിന്റെ പഴയ രൂപം വീണ്ടെടുക്കണമെന്നായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരുടെയും അഭിപ്രായം കൗമാരക്കാരാണ് ഫേസ്ബുക്കിന്റെ പുതിയ മുഖത്തോട് ഏറ്റവും കൂടുതല്‍ വിയോജിച്ചത്. 91 ശതമാനം കൗമാരക്കാരും ഫേസ്ബുക്കിന്റെ പുതിയ മുഖത്തോട് മുഖം തിരിച്ചു.

സുഹൃത്തുക്കളോട് ലൈവ് അപഡേറ്റ്‌സ് അടക്കമുള്ള മാറ്റങ്ങളാണ് ഫേസ്ബുക്ക് കഴിഞ്ഞമാസം അവതരിപ്പിച്ചത്. ഇതില്‍ ന്യൂസ് ടിക്കറിനോടാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും വിയോജിച്ചത്.

മാതാപിതാക്കള്‍ ക്യൂബ വിട്ടത് കാസ്‌ട്രോ അധികാരമേറ്റശേഷമെന്ന് മാര്‍കൊ റുബിയോ

ഫ്‌ളോറിഡ: തന്റെ ക്യൂബന്‍ വംശജരായ മാതാപിതാക്കള്‍ ആ രാജ്യം വിട്ടത് ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ പ്രസിഡന്റായി അധികാരമേറ്റശേഷമാണെന്ന് അടുത്തവര്‍ഷം നടക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാനൊരുങ്ങുന്ന സെനറ്റര്‍ മാര്‍കൊ റൂബിയോ. ഇതു സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ താന്‍ രാഷ്ട്രീയ മുതലെടുപ്പിനെ ശ്രമിച്ചിട്ടില്ലെന്നും റൂബിയോ വ്യക്തമാക്കി.

കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റായി അധികാരമേറ്റെടുക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് 1959 ലാണ് റൂബിയോയുടെ മാതാപിതാക്കള്‍ ആ രാജ്യം വിട്ട് യുഎസിലെത്തിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒഫീഷ്യല്‍ സെനറ്റ് വെബസൈറ്റില്‍ പറയുന്നത് കാസ്‌ട്രോ അധികാരമേറ്റ ശേഷമാണ് റൂബിയോയുടെ മാതാപിതാക്കള്‍ യുഎസിലെത്തിയതെന്നാണ്. ഡേറ്റ് സംബന്ധിച്ചുയര്‍ന്ന തെറ്റിദ്ധാരണങ്ങള്‍ തന്റെ വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്നും റൂബിയോ പറയുന്നു.

മകന്റെ നേരെ നിറയൊഴിച്ച് മാതാവ് ആത്മഹത്യ ചെയ്തു
പി.പി.ചെറിയാന്‍
സാക്‌സി (ഡാലസ് കൗണ്ടി): ദാമ്പത്യബന്ധങ്ങളില്‍ ഉണ്ടായ തകര്‍ച്ചയ്ക്ക് ഏഴു വയസുകാരന്‍ രക്തസാക്ഷിയായി.

വെള്ളിയാഴ്ച രാവിലെ ഡാലസ് കൗണ്ടിയിലെ സാക്‌സിയിലാണ് സംഭവം. വിവാഹബന്ധം വേര്‍പെടുത്തി മാതാവിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന മകനെ പിതാവിന് വിട്ടുകൊടുക്കുന്നതിന് ഒക്‌ടോബര്‍ 21 വെള്ളിയാഴ്ച രാവിലെ കോടതി ഉത്തരവിട്ടിരുന്നു. കോടതിവിധി നടപ്പാക്കുന്നതിനും പിതാവിന് മകനെ ഏല്‍പ്പിച്ചുകൊടുക്കുന്നതിനും പൊലീസ് വീട്ടില്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് വീടിന്റെ മുകളിലെ നിലയില്‍ ഏഴുവയസ്സുള്ള മകന്റെ മാറിലേക്ക് നിറയൊഴിച്ച് മാതാവ് ആത്മഹത്യ ചെയ്തത്.

വിദ്യാസമ്പന്നരായ മാതാപിതാക്കളുടെ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് 2010 മാര്‍ച്ചിലാണ് കേസ് ഫയല്‍ ചെയ്തത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഈ കുട്ടിയുടെ പിതാവ് ഒരു സ്‌കൂള്‍ അധ്യാപകനും മാതാവ് ക്രിമിനോളജി പ്രഫസറുമായിരുന്നു.

വീട്ടില്‍ ബലം പ്രയോഗിച്ച് കടന്നപ്പോള്‍ മാതാവും മകനും മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് സാക്‌സി പൊലീസ് ചീഫ് ഡെന്നിസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക