Image

നിറവേറ്റിയ പ്രതിജ്ഞ- പി.പി.ചെറിയാന്‍

പി.പി.ചെറിയാന്‍ Published on 31 October, 2013
നിറവേറ്റിയ പ്രതിജ്ഞ- പി.പി.ചെറിയാന്‍
ആശുപത്രി ഡ്യൂട്ടി റൂമില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കില്‍ നോക്കി സമയം രാവിലെ 6.30 ക്ലോക്ക് ഔട്ട് ചെയ്യണമെങ്കില്‍ ഇനിയും അര മണിക്കൂര്‍ കഴിയണം. തല നേരെ നില്ക്കുന്നില്ല. നല്ല ക്ഷീണം രാത്രിയില്‍ ഒന്ന് ഇരിക്കുവാന്‍ പോലും കഴിഞ്ഞില്ല. ഇപ്പോഴും പുറത്തു മഴ കോരി ചൊരിയുകയാണ്. തലേദിവസം രാത്രി തുടങ്ങിയതാണ് മഴ. മഴയെ തുടര്‍ന്നുണ്ടായ റോഡപകടങ്ങളില്‍ പരിക്കേറ്റവരേയും വഹിച്ചു കൊണ്ടുളള ആംബുലന്‍സുകള്‍ ഇടമുറിയാതെ എമര്‍ജന്‍സിക്കു മുമ്പില്‍ വന്നു കൊണ്ടിരുന്നു.

അരമണിക്കൂര്‍ കഴിയുമ്പോള്‍ മഴക്ക് ഒരു ശമനം ഉണ്ടാകുമോ ? ഏഴര മണിക്ക് വീട്ടില്‍ എത്തണം. പതിനഞ്ച് മൈല്‍ ദൂരമേ വീട്ടിലേക്കുളളൂ. ഇരുപതു മിനിട്ടു കൊണ്ടു വീട്ടില്‍ എത്താം. ഡ്യൂട്ടി ഹാന്റ് ഓവര്‍ ചെയ്യുന്നതിനിടെ മനസ് മുഴുവന്‍  വീട്ടിലായിരുന്നു. മോന്‍ ഉണര്‍ന്നു കാണുമോ ? ബാലു എഴുന്നേറ്റു ജോലിക്കു പോകുവാന്‍ തയ്യാറായി കാണുമോ ? ക്ലോക്കില്‍ സമയം 6.55 വേഗം ലോക്കറില്‍ നിന്നും ബാഗ് എടുത്തു.

ക്ലോക്ക് ഔട്ട് ചെയ്ത് പാര്‍ക്കിങ്ങ് ലോട്ടിലേക്ക് നടന്നു കാറില്‍ കയറി, മഴയെ  ഗണ്യമാക്കാതെ കാര്‍ മുന്നോട്ടു പാഞ്ഞു. ഭാഗ്യം കാര്‍ വീടുമുറ്റത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ സമയം 7.25 ബാഗില്‍ നിന്നും താക്കോലെടുത്തു പുറകുവശത്തെ വാതില്‍ തുറന്നു അകത്ത് പ്രവേശിച്ചു. ബഡ് റൂമില്‍ നോക്കിയപ്പോള്‍ മോന്‍ ക്രിമ്പില്‍ സുഖമായി ഉറങ്ങുന്നു. ബാത്ത് റൂമില്‍ നിന്നും ഷവറിന്റെ ശബ്ദം കേള്‍ക്കാം ബാലു കുളിക്കുകയാണ്. ബാഗ് ഡൈനിങ് ടേബിള്‍ വെച്ച് ഫ്രിഡ്ജ് തുറന്ന് ഒരു ഗ്ലാസ് പാലെടുത്ത് മൈക്രോ വേവില്‍ വെച്ചു. ബാലു ഓഫീസിലേക്കു പോകുന്നതിനുമുമ്പേ ഒരു ഗ്ലാസ് പാല്‍ കുടിക്കുക പതിവാണ്. ഓഫീസില്‍ പോയിട്ട് വേണം വസ്ത്രം മാറാന്‍ ബാത്ത് റൂമില്‍ ഷവറിന്റെ ശബ്ദം നിലയ്ക്കുന്നില്ല. എന്താണ് ബാലുവിന് ഇത്ര താമസം. ലൈറ്റ് കത്തികിടക്കുന്നു. ബാലു നീ എന്താണ് ചെയ്യുന്നത്. കുളി കഴിഞ്ഞില്ലേ ? ഉളളില്‍ നിന്നും ഒരു പ്രതികരണവും ഇല്ല. ബാത്ത് റൂമിന്റെ വാതില്‍ പെട്ടെന്ന് വലിച്ചു തുറന്നു. ഷവര്‍ ഓഫ് ചെയ്തു നോക്കിയപ്പോള്‍ ബാലു നിലത്ത് വീണു കിടക്കുകയാണ്. ഷവറിനു താഴെ നിലത്തു രക്തം തളം കെട്ടി കിടക്കുന്നു. ശരീരം ശിരസു മുതല്‍ പാദം വരെ  വിറയ്ക്കുവനാരംഭിച്ചു. ഇനി എന്താണ് ചെയ്യേണത് ? കമഴ്ന്നാണ് ബാലു കിടക്കുന്നത്. സര്‍വ്വ ശക്തിയും സമാഹരിച്ചു ബാലുവിനെ തിരിച്ചു കിടത്തി. ശ്വാസോച്ഛാസം മുഴുവനായും നിലച്ചിട്ടില്ല. വായില്‍ നിന്നും ഇപ്പോഴും കുറേശെ രക്തം പുറത്തേക്കു വരുന്നു.  വീട്ടില്‍ വേറെ ആരു ഇല്ല. ഓടി ചെന്ന് ഫോണ്‍ എടുത്ത്. 911 ഡയല്‍ ചെയ്തു. ഇതിനിടെ മോന്‍ ക്രിമ്പില്‍ എഴുന്നേറ്റിരുന്നു കരയുവാന്‍ തുടങ്ങി. ഒരു വയസു തികഞ്ഞിട്ടില്ല. ബാലുവിന്റെ കിടപ്പും. കുഞ്ഞിന്റെ കരച്ചിലും സര്‍വ്വ ദൈവങ്ങളേയും ഉളളില്‍ ധ്യാനിച്ചു. നിമിഷങ്ങള്‍ തളളി നീക്കി. പത്തുമിനിട്ടുകള്‍ക്കകം മെഡിക്കല്‍ സംഘം വീട്ടിലെത്തി. പ്രഥമ ചികിത്സ നല്‍കിയതിനുശേഷം ബാലുവിനെ ആംബുലന്‍സിലേക്ക് മാറ്റി. ക്രിമ്പില്‍ നിന്നും കുഞ്ഞിനേയും എടുത്ത് ബാലുവിനു സമീപമുളള സീറ്റില്‍ ഇരുന്നു ഹോണ്‍ മുഴക്കിയും ഫïാഷ് ലൈറ്റിട്ടും ആശുപത്രിയെ ലക്ഷ്യമാക്കി ആംബുലന്‍സ് കുതിച്ചു. എമര്‍ജന്‍സി റൂമില്‍ ബാലുവിനെ  പ്രവേശിപ്പിച്ചപ്പോള്‍ കുഞ്ഞിനേയും കൂട്ടി പുറത്തു ഇട്ടിരുന്ന കസേരയില്‍ വന്നിരുന്നു. ഓരോ നിമിഷവും ഒരുയുഗം  പോലെയാണ് തോന്നുന്നത്.  മടിയിലിരുന്ന് കുഞ്ഞ് സുഖമായി ഉറങ്ങുന്നു. ഡാഡിയുടെ അവസ്ഥയെ കുറിച്ചൊന്നും അവന്‍ അറിയേണ്ടതില്ലല്ലോ ! ഡ്യൂട്ടി ഡോക്ടര്‍ പുറത്തുവന്ന് പറഞ്ഞു. പരിശോധനയെല്ലാം പൂര്‍ത്തിയായി. ലിവര്‍ സിറോസിസാണ്. ഇനി പ്രത്യേകിച്ചൊന്നും  ചെയ്യാനില്ല. ലിവറൊക്കെ ഡാമേജായിരിക്കുന്നു.

വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞതേയുളളൂ. വിവാഹത്തിനുശേഷമാണ്  ബാലുവിന്റെ മദ്യാപന ദുശ്ശീലത്തെക്കുറിച്ച് മനസിലായത്. ധനാഢ്യരായ മാതാപിതാക്കളുടെ ഏക സന്താനമായിരുന്നു. കോളേജ് വിദ്യാഭ്യസത്തിനായി ഹോസ്റ്റലില്‍ എത്തിയതോടെയാണത്രേ മദ്യപാനം ആരംഭിച്ചത്. എന്താണ് ആവശ്യം എന്നു പോലും ചോദിക്കാതെ മാതാപിതാക്കള്‍ മകന് ആവശ്യത്തിലധികം പണം അയച്ചു കൊടുത്തിരുന്നു. മാതാപിതാക്കളില്‍ നിന്ന് അകന്നതും, കൂട്ടുകാരുടെ നിര്‍ബ്ബന്ധവുമാണ് ബാലുവിനെ മദ്യപാനിയാക്കിയത്. വിവാഹത്തിനുശേഷം ഈ ദുശ്ശീലത്തില്‍ നിന്നും പിന്തിരിയണമെന്ന് പലതവണ അപേക്ഷിച്ചതാണ്.

ഡോക്ടറോടൊപ്പം റൂമിലേക്ക് പ്രവേശിച്ചു. ബാലു ബെഡില്‍ ഒരു വശത്തേക്ക് തിരിഞ്ഞു കിടക്കുകയാണ്. കുട്ടിയുടെ ശബ്ദം കേട്ട ഉടനെ ഭാര്യുടേയും മകന്റേയും മുഖത്തേക്കു ദയനീയമായി ഒന്ന് നോക്കി. കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. ശ്വാസം പെട്ടെന്നു നിലച്ചു.  ഭാര്യയേയും മകനേയും തനിച്ചാക്കി ബാലുവിന്റെ ശരീരത്തില്‍ നിന്നും പറന്നകന്ന് ആത്മീയ അന്തരീക്ഷത്തില്‍ വലയം പ്രാപിച്ചു.

മാറത്തടിച്ചു നിലവിളിക്കാനാണ് തോന്നിയത്. ഇല്ല ഇവിടെ ഞാന്‍ പരാജയപ്പെടുകയില്ല. മരണം ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ ഇതിനെ അഭിമുഖീകരിച്ചേ പറ്റൂ. എന്റെ മകനെ ഞാന്‍ വളര്‍ത്തും. കുഞ്ഞു ജനിച്ചപ്പോള്‍ ബാലു പറഞ്ഞതാണ്. മകനെ ഒരു ഡോക്ടര്‍ ആക്കണമെന്ന് അതൊരു വെല്ലുവിളിയായി ഞാന്‍ ഏറ്റെടുക്കുന്നു.

23 വര്‍ഷം അതിവേഗമാണ് കടന്നു പോയത്. അപ്പന്റെ ദുശ്ശീലങ്ങള്‍ ഒന്നും ഇല്ലാതെ മകന്‍ വളര്‍ന്നു പഠിച്ചു ഡോക്ടറായിരിക്കുന്നു. യൗവനത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടപ്പോള്‍  പ്രലോഭനങ്ങള്‍ ഏറെയായിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചു. ഏകയായി കഠിനാദ്ധ്വാനം ചെയ്തു മകനെ ഈ നിലയില്‍ എത്തിച്ചു. ബാലുവിന്റെ ആഗ്രഹം നിറവേറുമെന്ന് ഞാന്‍ എടുത്ത പ്രതിജ്ഞ നിറവേറ്റി. രണ്ടരവര്‍ഷം ബാലുവുമൊത്ത് ജീവിച്ച മധുരിക്കുന്ന സ്മരണകള്‍ മനസിനെ ത്രസിപ്പിച്ചുകൊണ്ടിരുന്നു.

അമ്മേ, അമ്മ ഇവിടെ എന്തു ചെയ്യുകയാണ്. ശബ്ദം കേട്ടു പെട്ടെന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു. അമ്മ ഇതുവരേയും തയ്യാറായില്ല. ഗ്രാജുവേഷന് പോകേണ്ട സമയമായി. വേഗം പോയി റെഡിയായി വരൂ രണ്ടു പേരും ഓഡിറ്റോറിയത്തില്‍ പോകുവാന്‍ കാറില്‍ കയറി. സീറ്റില്‍ ചാരിയിരുന്നു അമ്മയുടെ കണ്ണില്‍ നിന്നു അടര്‍ന്നു വീണ സന്തോഷാശ്രുക്കള്‍ മകന്‍ കര്‍ച്ചീഫ് കൊണ്ട് ഒപ്പിയെടുത്തു. നെറ്റിയില്‍ ചിതറി കിടന്നിരുന്ന വെളുത്ത തലമുടികള്‍ വകഞ്ഞുമാറ്റി നല്‍കിയ ചുടുചുംബനം അമ്മയെ കൂടുതല്‍ വികാരാധീനയാക്കി. കാറില്‍ നിന്നിറങ്ങി ഹാളിലേക്കു പ്രേവേശിക്കുമ്പോള്‍ അങ്ങകലെ എവിടേയോ വിശ്രമിച്ചിരുന്ന ബാലുവിന്റെ ആത്മാവ് പ്രിയതമയേയും മകനേയും അനധാവനം ചെയ്യുന്നുണ്ടായിരുന്നവോ?.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക