Image

ലാനാ കണ്‍വന്‍ഷനില്‍ `കഥകളുടെ മാന്ത്രികലോകം' -ചെറുകഥാ ശില്‌പശാല

ജോയിച്ചന്‍ പുതുക്കുളം Published on 05 November, 2013
ലാനാ കണ്‍വന്‍ഷനില്‍ `കഥകളുടെ മാന്ത്രികലോകം' -ചെറുകഥാ ശില്‌പശാല
ചിക്കാഗോ: ഈമാസം അവസാനം ചിക്കാഗോയിലെ ഹോട്ടല്‍ ഷെറാട്ടണില്‍ വെച്ച്‌ നടക്കുന്ന ഒമ്പതാമത്‌ ലാന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ചെറുകഥാ ശില്‍പശാല സംഘടിപ്പിക്കുന്നു. `കഥകളുടെ മാന്ത്രിക ലോകം- എന്തെഴുതണം, എങ്ങനെയെഴുതണം?' പേരിട്ടിരിക്കുന്ന ഈ ശില്‍പശാലയില്‍ ചെറുകഥാ വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷത്തെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ജേതാവ്‌ സതീഷ്‌ ബാബു പയ്യന്നൂര്‍, അമേരിക്കയിലെ ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനായ ജോണ്‍ മാത്യു (ഹൂസ്റ്റണ്‍) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മനോഹര്‍ തോമസ്‌ (ന്യൂയോര്‍ക്ക്‌), ജേക്കബ്‌ തോമസ്‌ (കണക്‌ടിക്കട്ട്‌), അബ്‌ദുള്‍ പുന്നയൂര്‍ക്കുളം (ഡിട്രോയിറ്റ്‌), ജെയിന്‍ ജോസഫ്‌ (ഓസ്റ്റിന്‍) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത്‌ പ്രസംഗിക്കുന്നതാണ്‌. സാംസി കൊടുമണ്‍ (ന്യൂയോര്‍ക്ക്‌) ആയിരിക്കും മോഡറേറ്റര്‍.

ഭൂമിയുടെ മറുപുറത്ത്‌ ഇരുളും വെളിച്ചവും മാറിമാറി വീഴുന്ന ജീവിതവൃത്തങ്ങളില്‍ അകപ്പെട്ട മനുഷ്യ കഥകള്‍ ശക്തമായി അടയാളപ്പെടുത്തുന്ന കഥാകാരനാണ്‌ ജോണ്‍ മാത്യു. അമേരിക്കന്‍ വന്‍കരയില്‍ കുടിയേറിയ മലയാളി മനസിന്റെ ഗൃഹാതുരകള്‍ക്കപ്പുറം അവര്‍ ജീവിക്കുന്ന കാലത്തിന്റെ അവസ്ഥകള്‍, നേട്ടങ്ങള്‍, നഷ്‌ടപ്പെടലുകള്‍ എല്ലാം കാലാത്മകമായി അവതരിപ്പിക്കുന്ന വ്യത്യസ്‌ത വായനാനുഭവം സൃഷ്‌ടിക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ കഥകള്‍. അഞ്ച്‌ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ `നിറംപിടിച്ച ലോകം' 1994-ല്‍ അമേരിക്കയിലെ മികച്ച സാഹിത്യകൃതിക്കുള്ള `മലയാളം പത്രം' അവാര്‍ഡ്‌ നേടി. വിവിധ ആനുകാലികങ്ങളില്‍ കോളമെഴുതുന്ന അദ്ദേഹം ഹൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ പ്രസിഡന്റുകൂടിയാണ്‌.

ന്യൂയോര്‍ക്ക്‌ സര്‍ഗ്ഗവേദിയുടെ സ്ഥാപകനും കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി അതിന്റെ നടത്തിപ്പുകാരനുമായ മനോഹര്‍ തോമസ്‌ വിവിധ മാധ്യമങ്ങളില്‍ സാഹിത്യ സപര്യ നടത്തുന്നു. അമേരിക്കയിലേക്ക്‌ കുടിയേറുന്നതിനു മുമ്പ്‌ വിവിധ കലാ-സാംസ്‌കാരിക -സിനിമാ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്‌. കവിതയും കഥയും ലേഖനങ്ങളുമുള്‍പ്പടെ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്‌.

സൗമ്യനായ സാഹിത്യകാരനായ ജേക്കബ്‌ തോമസ്‌ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അമേരിക്കയിലേയും കേരളത്തിലേയും പ്രസിദ്ധീകരണങ്ങളില്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ചുവരുന്നു. കാല്‌പനിക സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന മികച്ച കവിതകള്‍ രചിച്ചിട്ടുള്ള ജേക്കബ്‌ തോമസ്‌ നല്ലൊരു സംഘാടകന്‍ കൂടിയാണ്‌.

കഥകളുടെ ലോകത്തേക്ക്‌ ഫലപ്രദമായി അന്വേഷണം നടത്തുന്ന കാവ്യഭാവനയുള്ള സര്‍ഗ്ഗസഞ്ചാരിയാണ്‌ അബ്‌ദുള്‍ പുന്നയൂര്‍ക്കുളം. ഇംഗ്ലീഷിലും മലയാളത്തിലും കഥകളും കവിതകളുമെഴുതുന്ന അദ്ദേഹം `എളാപ്പ', `സ്‌നേഹസൂചി', `അമേരിക്ക യുവേര്‍ എ സ്‌കാര്‍ലറ്റ്‌ റോസ്‌' എന്നിങ്ങനെ മൂന്ന്‌ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

അമേരിക്കയിലെ വളര്‍ന്നുവരുന്ന പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയയാണ്‌ ടെക്‌സാസിലെ ഓസ്റ്റിനില്‍ നിന്നുള്ള ജെയിന്‍ ജോസഫ്‌. കോതമംഗലം എം.എ കോളജില്‍ നിന്നും ബി.ടെക്‌ ബിരുദം നേടിയ ജെയിന്‍ സ്‌കൂള്‍, കോളജ്‌ തലങ്ങളില്‍ പ്രസംഗവേദികളിലും, കലോത്സവങ്ങളിലും അനവധി സമ്മാനങ്ങളും, കലാതിലകപ്പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്‌. വിവിധ മാധ്യമങ്ങളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന ജെയിനിന്റെ ചെറുകഥ നാഷണല്‍ ബുക്‌സ്‌ പ്രസിദ്ധീകരിച്ച `പുഴ പറഞ്ഞ കഥ' സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

കാഴ്‌ചകളുടെ ഉപരിതലത്തില്‍ പുതച്ചുകിടാക്കാതെ അതിന്റെ ആഴങ്ങളിലേക്ക്‌ സഞ്ചരിച്ച്‌ സഹൃദയന്റെ മനസിനെ ഉലയ്‌ക്കുന്ന നിരീക്ഷണങ്ങള്‍ നടത്തുന്ന കഥാകാരനാണ്‌ സാംസി കൊടുമണ്‍. വ്യത്യസ്ഥമായി ചിന്തിക്കുന്ന ഒരു മനസിന്റെ മുഴക്കം അദ്ദേഹത്തിന്റെ കഥകളില്‍ പ്രതിഫലിക്കുന്നു. രണ്ട്‌ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ലാനാ കണ്‍വന്‍ഷനില്‍ `കഥകളുടെ മാന്ത്രികലോകം' -ചെറുകഥാ ശില്‌പശാല
Join WhatsApp News
Peter Neendoor 2013-11-06 08:23:03
ALL THE BEST.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക